sections
MORE

എന്റെ ജീവിതത്തിന്റെ നിലാവ് കെട്ടുപോയ ആ രാത്രി; അന്നെനിക്ക് 35 വയസ്സ്...

എന്റെ ഉമ്മ (ഓർമ്മ)
പ്രതീകാത്മക ചിത്രം
SHARE

എന്റെ ഉമ്മ (ഓർമ്മ)

ഒരു മാതാവിന്റെ സ്നേഹവും കരുതലും ഈ ലോകത്ത് പകരംവെക്കാനില്ലാത്ത ഒന്നാണ്. അത് കിട്ടിക്കൊണ്ടിരിക്കുന്നിടത്തോളം  അതിന് വിലയുണ്ടാവില്ല. ഒരു ദിവസം മരണം അവരെ വന്ന് കൂട്ടിക്കൊണ്ടുപോകും. അപ്പോഴാണു  നാമറിയുക അതിന്റെ വിലയെന്താണെന്ന്‌, അനാഥത്വത്തിന്റെ കയ്പ്പ് എന്താണെന്നും. പ്രകൃതിയുടെ കരുതലാണ് ആ സ്നേഹം. ദൈവത്തിന്റെ നിയോഗമാണ് ആ വാത്സല്യം.  

ആറു വർഷം മുമ്പുള്ള തണുപ്പുള്ള  ഒരു ഫെബ്രുവരി രാത്രിയിൽ  എന്റെ ഉമ്മയും അങ്ങ് പോയി. അന്ന് നിലാവുള്ള രാത്രിയായിരുന്നു. അന്ന് ഞാൻ ഉറങ്ങാതെ കാത്തിരുന്നു  നേരം വെളുക്കാൻ. എന്റെ ജീവിതത്തിന്റെ നിലാവ് കെട്ടുപോയ ആരാത്രി.   അന്ന് 35 വയസ്സുണ്ടായിരുന്ന ഞാനോർത്തു, നേരത്തെ എന്നെയവർ  അനാഥനാക്കിയെന്ന് അല്ലെങ്കിൽ ഞാൻ അനാഥനായെന്ന്. എന്നിരുന്നാലും അത്രയും കാലം മാതൃസ്നേഹം അനുഭവിക്കാൻ കഴിഞ്ഞുവല്ലോ എന്ന ചിന്ത ആശ്വാസവും നൽകി. മാതൃസ്നേഹത്തിന്റെ രുചി നുണയാൻ  ഭാഗ്യം ലഭിക്കാതെ പോയ ആയിരങ്ങൾക്കിടയിൽ ഞാൻ ഭാഗ്യവാൻ തന്നെയാണല്ലോ. എല്ലാ വേദനകളുടെയും തീവ്രത കാലാനുഗമത്തിൽ കുറഞ്ഞു വരും,  അമ്മയുടെ വേർപാടിന്റെ വേദന ഒഴികെ. ചിലതൊക്കെ കാണുമ്പോൾ ആ ഓർമ്മകൾ മനസ്സിലേക്ക് നൃത്തം ചവിട്ടി വരും.

ധനാഢ്യ ആയിരുന്നെങ്കിലും സാധാരണക്കാരിയായിരുന്നു എന്നെ അനാഥനാക്കി മുൻപേ നടന്നുപോയ എന്റെ ഉമ്മയും. അവരുടെ ശൈശവവും യൗവനവും വാർദ്ധക്യവുമെല്ലാം വിശപ്പറിയാതെ കഴിച്ചു കൂട്ടാവുന്ന കുടുംബപശ്ചാത്തലത്തിലായിരുന്നു.പക്ഷേ വിശപ്പറിയുന്ന ഒരാളിനെ പോലെയോ വിശപ്പറിഞ്ഞ് വളർന്നപോലെയോ ആയിരുന്നു അവരുടെ ജീവിതത്തിലുടനീളമുള്ള  വേഷവും രീതിയും പെരുമാറ്റവും നടപടിക്രമങ്ങളുമെല്ലാം. ഉടുത്തൊരുങ്ങാനും  അണിഞ്ഞൊരുങ്ങാനും കഴിയുമായിരുന്നെങ്കിലും  ഇഷ്ടമില്ലാത്തതുകൊണ്ടാണോ നാലു മക്കളെ പ്രസവിച്ചു വളർത്തുന്നതിനിടയിൽ  മറന്നുപോയതാണോ എന്നറിയില്ല, മരിക്കുവോളം അങ്ങനെയൊന്നും ഒരുങ്ങികണ്ടതുമില്ല. എന്തിന് നാലു ആൺമക്കളുടെ കല്യാണത്തിന് പോലും അവരെ അണിഞ്ഞൊരുങ്ങി കണ്ടില്ല. 

നെൽകൃഷിയും പറമ്പിലെ ജോലിക്കാരും പശുവും റബ്ബറും തേങ്ങയും ഓലയും കോഴിയും ഒക്കെ ഉള്ള വലിയൊരു ലോകത്തിലൂടെയുള്ള സഞ്ചാരത്തിനിടയിൽ ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് വിചാരിച്ചിട്ടുണ്ടാകണം.

ലോലഹൃദത്തിനുടമയായിരുന്നു അവർ. ഒരുപക്ഷേ,  സാധാരണക്കാർക്കിടയിലുള്ള ജീവിതം അവരെ പഠിപ്പിച്ച ശീലമാകാമത്.  ഒന്നും അനാവശ്യമായി നഷ്ടപ്പെടുത്താത്ത പരമാവധി കരുതലോടെയുള്ള ജീവിതം. ആഹാരമായാലും മറ്റെന്തു വസ്തുവാണെങ്കിലും ശരി. തുണികഴുകിയ വെള്ളം പോലും വെറുതെ തറയിൽ ഒഴിക്കാൻ സമ്മതിക്കില്ലായിരുന്നു.  ഏതെങ്കിലും വാഴയുടെയോ ചെടിയുടെയോ ചുവട്ടിൽ ഒഴിക്കാൻ നിർബന്ധിക്കുമായിരുന്നു. 

സുലഭമായുള്ള കാലത്തും സൂക്ഷിച്ചുവെക്കാനും സ്വരുക്കൂട്ടി വയ്ക്കാനുള്ള ഒരു കൈമുതൽ. അകലെനിന്ന് നോക്കുമ്പോൾ അതൊരു പിശുക്കിന്റെ  അടയാളമല്ലേ  എന്ന് തോന്നിയേക്കാം. പക്ഷേ ഇങ്ങനെ സ്വരുക്കൂട്ടി വയ്ക്കുന്നതിലധികവും നിശ്ചിത ഇടവേളകളിൽ വിധവകൾ,  വൃദ്ധർ, അയൽവാസികൾ തുടങ്ങിയവർ ക്കിടയിൽ  തേങ്ങയുടെയും അരിയുടെയും പണത്തിന്റെയും രൂപത്തിൽ   സഹായഹസ്തമായി മാറുന്നത് കാണാമായിരുന്നു.

ധാരാളം പ്ലാവുകളും ചക്കയും ഉണ്ടായിരുന്നതുകൊണ്ടുതന്നെ അയൽവാസികൾ ചക്ക വാങ്ങാൻ വരുമായിരുന്നു. അതും പണം കൊടുത്തിട്ട് തന്നെ. ഒന്നോ രണ്ടോ രൂപയാണെങ്കിൽ കൂടി അതൊരു വരുമാന മാർഗ്ഗമായിരുന്നു. മാത്രമല്ല, ചക്കയുടെ ആവശ്യക്കാർക്ക് ഒരാശ്വാസവും. കാരണം അന്നു  ദാരിദ്ര്യം നിലനിൽക്കുന്ന കാലമായിരുന്നു.

ഒരു പക്ഷേ മുകളിലെ കൊമ്പിൽ ആയിരിക്കും  ചക്കയുടെ നിൽപ്.  ചക്ക വാങ്ങാൻ വരുന്നവരൊക്കെ അയൽവാസികളായ വീട്ടമ്മമാരും. പിന്നെ നീളമുള്ള തോട്ടിയുടെ (കമ്പിന്റെ)  അറ്റത്ത് കത്തി തലകീഴായി വച്ച് കെട്ടി ഒരു പ്രത്യേക വൈധഗ്ധ്യത്തിൽ തറയിൽ നിന്നും ഉയരത്തിലുള്ള ചക്ക അടർത്തുന്ന രീതിയുണ്ട്. ചിലപ്പോൾ ആവശ്യക്കാർ ഇങ്ങനെ ചക്ക അടർത്താൻ വൈദഗ്ധ്യമുള്ളവർ ആവും. അതല്ലെങ്കിൽ മുതലാളിയായ എന്റെ ഉമ്മ തന്നെ ഒരു തൊഴിലാളി ആയി മാറും. കണക്ക് പറഞ്ഞു ചക്ക വിലയിട്ടു കൊടുത്തു (ചിലർക്കൊക്കെ പണമില്ലാതെയും)  ഒരു ചെറുപുഞ്ചിരി മനസ്സിലൊളിപ്പിച്ചു പണം വാങ്ങി വരുന്ന ഒരു ഭാവം ഉണ്ട്, ഒരു മുതലാളിയുടെയോ സമ്പാദകയുടെയോ അതോ വേറെന്തിന്റെയോ പേരറിയാത്ത ഒരു ഭാവം.

അവിടെ തെങ്ങുകളും പാഴ്മരങ്ങളും സുലഭമായിരുന്നു. 40 മുതൽ 50 ദിവസത്തിലെ ഇടവേളകളിൽ തേങ്ങ വെട്ടും. അപ്പോൾ തേങ്ങ  മാത്രമല്ല ഒരുപാട് ഓലയും ലഭിക്കും.  ഇടവേളകളിലും ധാരാളം  ഓല പഴുത്തു വീഴുമായിരുന്നു. തേങ്ങ വിൽപ്പന ഇച്ചിരി വലിയ ബിസിനസ് ആയതുകൊണ്ട് തന്നെ അതിന്റെ വരുമാനം ഉമ്മാക്ക് ലഭിക്കുമായിരുന്നില്ല. പക്ഷേ ഓലയുടെ മടൽ, അത് വെട്ടി ഉണക്കി വിറകുപുരയിൽ സൂക്ഷിച്ചുവയ്ക്കും അത്യാവശ്യം വലിയൊരു വിറകുപുര ഉണ്ടായിരുന്നതുകൊണ്ട് തന്നെ ധാരാളമായി സ്റ്റോക്ക് ചെയ്യാനും സാധിച്ചിരുന്നു. 

നിറഞ്ഞിരിക്കുന്ന വിറകുപുര അവർക്കു  ആനന്ദം നൽകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതുമൂലം സ്വന്തം ആവശ്യത്തിന് സുലഭമായി വിറക്  കിട്ടുമെന്ന് മാത്രമല്ല, മഴക്കാലമാകുമ്പോൾ അയൽവാസികളുടെ അടുപ്പ് പുകയാനും ഈ  മടലുകളാണ് ആശ്രയം. (ഗ്യാസ് അടുപ്പുകൾ കേട്ടുകേൾവിപോലുമില്ലാത്ത കാലം). കൂടാതെ അതിൽ നിന്നും മോശമല്ലാത്ത ഒരു വരുമാനവും. അലക്ഷ്യമായി കളയാൻ കഴിയുന്ന ഒന്നിനെ  സമ്പാദ്യമാക്കി മാറ്റുന്ന സാമ്പത്തിക വൈദഗ്ദ്ധ്യം. കൂടെയുള്ള ഞങ്ങൾക്ക്  ഇത് പഠനാർഹമായിരുന്നെങ്കിലും അവർക്ക് ഒരു ആനന്ദമായിരുന്നു.

തൊട്ടടുത്തൊന്നും അയൽവാസികൾ ഇല്ലാത്തത് കോഴി വളർത്തലിന് അനുയോജ്യമായ അന്തരീക്ഷം അവിടുണ്ടായിരുന്നു. പണ്ടത്തെ ഗ്രാമങ്ങളിലെ  എല്ലാ വീടുകളിലും  ഉണ്ടായിരുന്നപോലെ അവിടെയും ചെറുതല്ലാത്ത ഒരു കോഴിക്കൂട് ഉണ്ടായിരുന്നു. പൂവൻകോഴികളും പിടക്കോഴികളും കുഞ്ഞുങ്ങളുമൊ ക്കെയുള്ള ഒരു ലോകം. കോഴിമുട്ടകൾ ഉപയോഗിക്കുന്നതിനു പുറമേ ആവശ്യക്കാർ വരുമ്പോൾ വിൽക്കുകയും ചെയ്യുമായിരുന്നു. 

മാത്രവുമല്ല മുട്ടയിടൽ അവസാനിച്ച കോഴികളെ ഇറച്ചിക്കായും ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് പെരുന്നാൾ ദിനത്തിലോ  മറ്റു വിശിഷ്ടാതിഥികൾ വരുന്ന ദിവസങ്ങളിലോ ഒക്കെ.   ഇത്തരം കോഴികളെ അറുക്കാൻ (കൊല്ലാൻ) നമസ്കാരം നിർവഹിക്കുന്ന ചില വയസ്സായ ആൾക്കാരുണ്ടാവും എല്ലായിടത്തും. ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു അത്തരത്തിലൊരാൾ അയാൾ വീട്ടിൽ വരികയോ അയാളുടെ വീട്ടിൽ ഞങ്ങൾ കോഴിയെയും കൊണ്ടു പോവുകയോ ചെയ്യുമായിരുന്നു.

കോഴിക്കുഞ്ഞുങ്ങളെ ഇന്നത്തെപോലെ വാങ്ങിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. അടയിരിക്കുന്ന കോഴിയെ ഉമി നിറച്ച വട്ടിയിൽ  വച്ച് 21 ദിവസം കാത്തിരിക്കും. 21 മുതൽ കോഴികുഞ്ഞു വിരിഞ്ഞു തുടങ്ങും. വിരിഞ്ഞ കോഴി കുഞ്ഞിന്റെ ചുണ്ടിൽ ഒരു ചെറിയ ആവരണം ഉണ്ടാകും അതിനെ കൈകൊണ്ട് സൂക്ഷ്മമായി നീക്കി കൊടുക്കുന്ന കാഴ്ച ഹൃദ്യമായിരുന്നു. മാത്രവുമല്ല ചില മുട്ടകൾ പൊട്ടി വരില്ല, അതിന് ഒരു പ്രത്യേക വൈധഗ്ധ്യത്തിൽ പൊട്ടിച്ചെടുത്തു  കോഴി കുഞ്ഞിനെ പുറത്തെടുക്കുന്ന രീതികളും അവർക്ക് നല്ല നിശ്ചയമായൊരുന്നു. 

പിന്നെ  അവയെ നോക്കാനുള്ള ഉത്തരവാദിത്വം കുഞ്ഞുങ്ങളായ ഞങ്ങൾക്കായിരുന്നു. ചില ദിനങ്ങളിൽ നിശ്ചിത സമയത്ത് പുറത്ത് അവയെ തിന്നാൻ വിടും. ഒരുപക്ഷേ പൂച്ചയോ കാക്കയോ പരുന്തോ ഒക്കെ അവരെ റാഞ്ചി എടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നതിനാൽ കാവലായി ഞങ്ങളൊക്കെ ആയിരിക്കും കൂടെയുണ്ടാവുക. പത്തും പതിനഞ്ചും മുട്ട വെച്ച് വിരിയിച്ചാൽ ഒരുപക്ഷേ ആറു ഏഴു കോഴികളായിരിക്കും വളർന്നു വലുതാവുക. അങ്ങനെ പുതിയൊരു തലമുറ രൂപാന്തരപ്പെടുകയായിരുന്നു.

പിന്നെ ഉണ്ടായിരുന്ന വരുമാനമാർഗങ്ങളിലൊന്നായിരുന്നു പാൽ. ഒരു ദിവസം പാൽ അധികം വന്നാൽ അതിനെ തൈരാക്കി ഉപയോഗിക്കുകയും ആവശ്യക്കാർ വന്നാൽ  വിൽപ്പന നടത്തുകയും പതിവായിരുന്നു. അതുപോലെ മറ്റു ചില വരുമാനമാർഗ്ഗങ്ങൾ ആയിരുന്നു കുരുമുളക്, കശുവണ്ടി, പച്ചമുളക് എന്നിവയൊക്കെ. കോഴി, പശു, ചക്ക മറ്റു ചെറിയ കൃഷികൾ തുടങ്ങിയ വലിയൊരു ലോകത്തിന്റെ നടുവിൽ  ആയിരുന്നു അവരുടെ സഞ്ചാരം. ഇതിനിടയിൽ ബന്ധുക്കളെ സന്ദർശിക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും  മറ്റു ചടങ്ങുകളിൽ സാന്നിധ്യമാകാനും അവർക്കു സമയമുണ്ടായിരുന്നു. പക്ഷേ ഇന്നത്തെ പോലെ യാത്രകളോ യാത്രാസൗകര്യങ്ങളോ  ഉണ്ടായിരുന്നില്ലെങ്കിൽ കൂടി.

സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചിരുന്നെങ്കിലും  സാധ്യമായ മാർഗ്ഗങ്ങളിലൂടെ സമാന്തര വരുമാന മാർഗം ലഭിക്കുന്ന രീതികളും ശ്രമങ്ങളും പഠിപ്പിച്ചു തന്നത് അനുഭവങ്ങൾ മാത്രമല്ല ഒരുപാട് പാഠങ്ങൾ കൂടിയായിരുന്നു. ഇന്നും ആ പറമ്പിലൂടെ നടക്കുമ്പോൾ അവിടെ കിടക്കുന്ന  ഓലമടലുകളും പഴുത്തു വീഴുന്ന ചക്കകളും വിജനമായ കോഴിക്കൂടുമൊക്കെ ഉണർത്തുന്നത്  ചിന്തകൾ മാത്രമല്ല,  മറിച്ച് ഒരു തലമുറക്കിപ്പുറം  കാഴ്ചകൾക്കും കാഴ്ചപ്പാടുകൾക്കും വന്ന മാറ്റം കൂടിയാണ്. അവർ പെട്ടെന്ന് നടന്നുമറഞ്ഞപ്പോൾ ഞങ്ങളുടെ മക്കൾക്ക് ലഭിക്കാതെപോയതു  ഒരു പള്ളിക്കൂടത്തിലും പഠിപ്പിക്കാത്ത ഒരുപിടി അമൂല്യ പാഠങ്ങൾ മാത്രമായിരുന്നില്ല  മറിച്ചു അവരുടെ കരുതലും സ്നേഹവും കൂടിയായിരുന്നു.

English Summary : Ente Umma Memories By Shanil Vembayam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;