ADVERTISEMENT

കണ്ണൂർ കുറ്റീശ്ശ (കഥ)

ബിജുവിന്റെ ചേട്ടനാണ് ഷാജു. ഷാജുവിന് കണ്ണൂരിൽ വലിയ ബിസിനസ്‌ ആണ്. ബിജുവും കണ്ണൂരിൽ ആയിരുന്നു. അവിടത്തെ കച്ചവടം അവസാനിപ്പിച്ച് നാട്ടിൽ അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കിയിട്ട് അധികനാളായിട്ടില്ല. കയ്യിൽ നിറയെ കാശുള്ളതുകൊണ്ട് റാണി തേനീച്ചക്ക്‌ ചുറ്റും ആൺതേനീച്ച പൊതിയുന്നതുപോലെ കുറച്ചു പേർ എപ്പോഴും കൂടെ ഉണ്ടാകും. ഉള്ളത് പറയണമല്ലോ കാശ് ചെലവാക്കാനും മടിയില്ല. 

 

ബിജുവിന്റെ കണ്ണൂരിലെ സ്ഥാപനം നോക്കി നടത്തുന്നത് ഷാജുവാണ്. ബിജുവിന്റെ വട്ടച്ചെലവിനുള്ളത് കൃത്യമായി എല്ലാമാസവും ബാങ്കിൽ എത്തും. ബിജുവിന്റെ പ്രധാന ഖടികൾ എന്ന് പറയാൻ ഞങ്ങൾ ഒരു പത്തുപേരുണ്ട്. അതിൽ തന്നെ എപ്പോഴും കൂടെ പിരിയാതെ പിടികൂടിയിട്ടുള്ളത് പൗലോയും സുരയും  പിന്നെ ഞാനുമാണ്. കണ്ണൂരിൽ നിന്ന് വന്നപാടെ ബിജു ഒരു പ്രഖ്യാപനം നടത്തി.

 

ഷാജൂന്റെ വീട് കുറ്റീശ്ശ (ഗൃഹപ്രവേശം) ഉണ്ടാവും. അന്ന് നമുക്ക് പോണം. വണ്ടി വിളിച്ച്. അടിച്ചു പൊളിക്കണം. അന്ന് മുതൽ ഞങ്ങൾ കാത്തിരുന്നു വീട് പണി കഴിയുന്നതും നോക്കി. മാസം അങ്ങനെ പത്തു കടന്നു പോയി. ബിജു ശരിക്കും കണ്ണൂർ വിട്ട് നാട്ടുകാരൻ ആയി. പൗലോ ഒഴികെ ബാക്കി എല്ലാവരും ആ കാര്യം തന്നെ മറന്നിരുന്നതാണ്.  പൗലോക്കുള്ളിൽ അപ്പോഴും എരിഞ്ഞു തീരാതെ ആ കനൽ കിടന്നിരുന്നു. 

 

 

വിഷു, ഈസ്റ്റർ ദിവസം കണ്ണൂർ ഗംഭീര ആഘോഷമായതിനാൽ ബിസിനസ്‌ കുറയുന്നത് കൊണ്ട് ഷാജുവും കുടുംബവും കുറേദിവസം നാട്ടിൽ ഉണ്ടാകും. മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങളും ഉണ്ടാകും അവിടെ. അങ്ങനെ ഒരു വൈകുന്നേരമാണ് വലിയ ആവേശം ഒന്നുമില്ലാതെ വളരെ ലളിതമായി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നപോലെ ആ കാര്യം പറഞ്ഞവസാനിപ്പിച്ചത്. അടുത്ത ആഴ്ച കണ്ണൂർ  കുറ്റീശ്ശ ആണ്. കാര്യമായിട്ട് പരിപാടി ഒന്നുമില്ല. അതുകൊണ്ട് എല്ലാവരുടെയും അനുഗ്രഹവും ആശംസയും ഉണ്ടാവണം.

 

 

ഇടിത്തീ വീണ പോലെയാണ് പൗലോയ്ക്ക് തോന്നിയത്. കഴിഞ്ഞ പത്തു മാസമായി കാത്തിരിക്കുന്ന ദിനമാണ് വെറുമൊരു ഇല വീഴുംപോലെ കൊഴിഞ്ഞു വീണത്. അന്നത്തെ ദിവസം പിന്നെ പൗലോ ഒരക്ഷരം മിണ്ടിയില്ല. പിറ്റേന്ന് ഞങ്ങൾ ഒന്നിച്ചപ്പോൾ പൗലോ പരിഭവം പറഞ്ഞു.

 

എന്ത് പണിയാട കാണിച്ചേ. നീ ഞങ്ങളെയൊക്കെ ഒഴിവാക്കി ല്ലേ..

 

കുറ്റീശ്ശടെ കാര്യം ആണോ. നിനക്ക് വല്ല പ്രാന്ത് ഉണ്ടോ. ഒരു ബിരിയാണിക്ക്‌ വേണ്ടി കണ്ണൂർ വരെ വരാൻ..

എന്നാലും അങ്ങനെ അല്ലല്ലോ.. എത്ര കാലായി കാത്തിരിക്കുന്നു..

 

എന്ത് ബുദ്ധിമുട്ട് ആണെടാ കണ്ണൂരിൽ പോയി വരാൻ..ട്രെയിൻ കേറി..

 

ആരാ അതിന് ട്രെയിൻ കേറി വരണേ..

 

പിന്നെ...

 

വണ്ടി വിളിച്ചു വരും. നിന്റെ ചെലവിൽ..

 

നന്നായിട്ട്ണ്ട്.. ഒരു ബിരിയാണി കഴിക്കാൻ കാശ് എത്ര കളയണം.. നിങ്ങൾക്ക്‌ ള്ള ചെലവ് ഇവിടെ വെച്ച് ഞാൻ ചെയ്യാം..

 

അപ്പൊ ഗിഫ്റ്റ് കിട്ടില്ലാട്ടോ..

 

ഞാനും വിട്ട് കൊടുത്തില്ല.

 

ഗിഫ്റ്റ് എന്നിക്ക് വേണ്ട. എന്നാലും കുഴപ്പമില്ല..

 

ബിജു ഒന്ന് ചിരിച്ചു.

 

 

അതോടെ തൊട്ട് മുൻപ് പൗലോ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. കണ്ണൂർക്ക് ക്ഷണിക്കാ ത്ത ഷോക്കിൽ ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചുണ്ടാക്കിയതാണ് എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ അത് തള്ളിക്കളയാനും വയ്യ.

 

നിനക്ക് ഞങ്ങളെ മൂന്നാളെയെങ്കിലും വിളിച്ചു കൂടെ..

 

അത് മറ്റൊരറിഞ്ഞ മോശല്ലേ.. ഷാജുവിന്റെ അവസാന ലിസ്റ്റിൽ ഞങ്ങൾ മൂന്നു പേർ ഉണ്ടായിരുന്നു. അത് ബിജുവായിട്ട് വെട്ടി കളഞ്ഞു എന്നത് നേര് തന്നെ. സുരേഷ് എന്നെ നോക്കി. ഞാൻ തലയാട്ടി. ഞങ്ങൾ മൂന്നു കൂടാതെ ഏഴുപേർ കൂടിയുണ്ട് കലാസംഘത്തിൽ. ഈ സംഘത്തിലെ ആരുടെ വീട്ടിൽ എന്ത്  പരിപാടി ക്ഷണിച്ചാലും ഒന്നിച്ചു പോകും. ഗിഫ്റ്റ് വാങ്ങാൻ ഇരുനൂറ് രൂപ വെച്ച് ഷെയർ ഇടും. കണ്ണൂരിൽ നിന്നും ബിജു വന്നപ്പോൾ അവനും ഇതിൽ അംഗമായി. പൗലോയുടെ നിഗമനം പ്രകാരം ഷാജുവിന്റ ലിസ്റ്റിൽ എല്ലാവരും ഉണ്ടായിരുന്നു. 

 

പിന്നെ ബിജുവൊന്നിച്ചിരുന്ന് കണക്ക് കൂട്ടി തുടങ്ങി. ഇനി ബിജുവിന്റെ വാക്കുകൾ. അവർ പത്തുപേര് വരും. ഇരുനൂറ് രൂപ വെച്ച് രണ്ടായിരം രൂപയുടെ ഗിഫ്റ്റ് കിട്ടും. അടിപൊളി വീടാണ്, കാശുണ്ട് എന്ന് തോന്നിയാൽ ചെലപ്പോ അതും തരില്ല. ഇവിടുന്ന് വണ്ടി വിളിക്കണം. ഇത്രേം ദൂരം വരണതല്ലേ ഒരു ദിവസം അവിടെ സ്റ്റേ ചെയ്യും. ചെലപ്പോ രണ്ടും ആവും. ഒക്കെ ടൂർ പ്രാന്തുള്ളവരാണ്. മിനിമം ഒരു പതിനായിരം ചെലവാകും. രണ്ടായിരത്തിന് പതിനായിരം ചെലവ്. ഇനി നീ തീരുമാനിച്ചോ..

 

 

വീണ്ടും പൗലോ.. ഉടനടി ഷാജുവേട്ടനിലെ ബിസിനസ്‌കാരൻ ഉണർന്നു. പേനയെടുത്തു പുസ്തകത്തിലെ ലിസ്റ്റിൽ നിന്നും പത്തു പേര് വെട്ടി.. കണ്ണൂർ കുറ്റീശ്ശയുടെ അന്തർനാടകം അതാണ്..

 

പക്ഷേ പൗലോയും ഞങ്ങളും വെറുതെ ഇരിക്കാൻ തയാറായില്ല. കണ്ണൂർക്ക്‌ പോകുമ്പോൾ ബിജു വീടിന്റെ താക്കോൽ പൗലോയെ ഏൽപ്പിക്കുകയാണ് പതിവ്. അമ്മയും ബിജുവും കണ്ണൂർക്ക്‌ പോയ ഉടനെ പൗലോയും ഞാനും സുരേഷും വീട് തുറന്നു. സുര ഫോൺ എടുത്തു സംഘങ്ങളെ വിളിച്ചു വരുത്തി. പ്രളയകാലത്തു മുകളിൽ കയറ്റിയ സാധനങ്ങൾ ഇറക്കി വെച്ച ചെലവിൽ രണ്ടായിരം രൂപയുടെ ബിരിയാണി വെച്ചത് തോമയാണ്. ഞങ്ങളുടെ ആസ്ഥാന കുക്ക്. തോമ ഡ്രസ്സ്‌ മാറി. ബിജുവിന്റെ പറ്റുകടയിൽ നിന്ന് കോഴിയും ബീഫും മീനും മറ്റുമൊക്കെ വാങ്ങി. സുരക്ക് പച്ചക്കറി നിർബന്ധം. ആ വക വേറെയും. എല്ലാവരും ചേർന്ന് സദ്യ ഒരുക്കങ്ങൾ തുടങ്ങി.

 

പൗലോ ഉറക്കെ ചിരിച്ചു. അവനെ അങ്ങനെ വിട്ടാൽ പറ്റില്ല. അവർ അവിടെ ഭക്ഷണം കഴിക്കുമ്പോൾ അതേ സമയത്തു തന്നെ അതേ ഫുഡ്‌ നമ്മൾ ഇവിടെ കഴിക്കും. ഇന്നലെ വന്ന അവനാ കലാസംഘത്തെ പഠിപ്പിക്കാൻ നിൽക്കണത്..

 

എല്ലാം കഴിഞ്ഞു പോകും നേരം രണ്ടായിരം രൂപയുടെ ഗിഫ്റ്റ് അവിടെ വെച്ചു. അതിനു മുകളിൽ പറ്റുകടയിലെ ഏഴായിരത്തിന്റെ ബില്ലും. പാവം ബിജു ഇതൊന്നും അറിയാതെ രണ്ടായിരം ഇറക്കി പതിനായിരം കൊയ്യാൻ വിചാരിച്ചവരെ ഒതുക്കിയല്ലോ എന്ന സമാധാനത്തിൽ  കണ്ണൂരിൽ ഇരുന്നു കോഴിക്കാൽ കടിച്ചു വലിക്കുകയായിരുന്നു.

 

അനുബന്ധം : തിരിച്ചു വന്ന ബിജുവും അമ്മയും കാണുന്നത് ഗിഫ്റ്റും ഒരു ലഘുകുറിപ്പും പിന്നെ പറ്റു കടയിലെ ബില്ലുമാണ്. ആദ്യം ബിജു ഒന്ന് വിളറി വെളുത്തെങ്കിലും കുറച്ച് ആലോചിച്ചപ്പോൾ രക്തപ്രസാദം തിരിച്ചെത്തി. എന്തായാലും താൻ ചെലവ് ചെയ്യുമ്പോൾ ഒരയ്യായിരം എങ്കിലും വരും. ഗിഫ്റ്റ് ആണെങ്കിൽ കിട്ടുകയുമില്ല. അങ്ങനെ നോക്കുമ്പോൾ പറ്റുകട ബില്ല് ഒരു ബില്ലല്ല. ആമ്പലും വെള്ളവും ഒപ്പം. ബിജു വീണ്ടും ഒന്ന് ചിരിച്ചു. അന്ന് ചിരിച്ചപോലെ തന്നെ.

 

English Summary : Kannur Kuttisa Story By P. Regunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com