ADVERTISEMENT

ഓർമ്മമണങ്ങൾ (കഥ)

രാത്രിയിൽ അടുക്കളയിൽനിന്ന് ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോഴാണ് അവൾക്ക് പെട്ടെന്ന് പഴുത്ത പേരക്കയുടെയും ജമന്തിയുടെയും ഗന്ധം  അനുഭവപ്പെട്ടത്. എവിടെനിന്നാണ് ഇപ്പോൾ ജമന്തി പൂക്കളുടെ മണം എന്നവൾ മൂക്കു വിടർത്തി. ജമന്തിക്കും പേരക്കയ്ക്കുമൊപ്പം പിച്ചിയുടെയും  തുളസിയുടെയും  മണങ്ങളും ഉണ്ടായിരുന്നു.

 

 

അവളുടെ മുൻപിൽ അൽപം മുൻപ് അടുപ്പിൽ വച്ച കറിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇതെവിടെ നിന്നാണീ ഗന്ധങ്ങൾ എന്നവൾ അമ്പരക്കവേ പെട്ടെന്ന് ഒരുവൻ അവളെ പുറകിൽനിന്നും ചേർത്തണച്ച് പിൻകഴുത്തിൽ മൃദുവായി ചുംബിച്ചു.

 

 

അടുക്കളയുടെ ജനലഴിയിലൂടെ ഉള്ളിലേക്ക് തലയിട്ട പേരമരത്തിന്റെ തളിരില അത് കണ്ടു നാണത്തോടെ മിഴികൂമ്പി. എതിരെയുള്ള വീട്ടിലെ പൂക്കച്ചവടക്കാരൻ മകനെ ഉച്ചത്തിൽ വഴക്ക് പറയുന്ന ശബ്ദവും അതിനു മേലെ അയാളുടെ പട്ടിയുടെ ശബ്ദവും ഉയർന്നു കേട്ടു.

 

 

ആരെങ്കിലും കാണും. അവൾ അവനെ തള്ളിമാറ്റി. ജനലിനപ്പുറം പേരമരത്തിന്റെ ഇലക‍ൾക്കിടയിലൂടെ അയൽ വീടുകളിലേക്ക് ആരെങ്കിലും കാണുന്നുണ്ടോയെന്നവൾ പാളി നോക്കി. അവളുടെ വലതുകൈ വിടർത്തി അവൻ ഒരു പിടി നിറയെ മുല്ലപ്പൂക്കളിട്ടു കൊടുത്തു. പേരമരത്തിൽ പടർന്നു കിടക്കുന്ന മുല്ലയാകെ പൂത്തുവല്ലോ.

 

 

 അവളുടെ കൈകളിൽ മഞ്ഞുതുള്ളികൾ കൊണ്ട് നനഞ്ഞ മുല്ലപ്പൂക്കൾ. ആരു കണ്ടാൽ എനിക്കെന്തെന്നു ചോദിച്ചു വീണ്ടുമവൻ ചേർത്ത് നിർത്തുമ്പോൾ അവൾ പതിയെ  കണ്ണുകളടച്ചു. അവന്റെ നെഞ്ചിനു എന്തൊരു ചൂടാണ്. ഹൃദയമിടിപ്പിന് എന്തൊരു താളമാണ്. ലോകത്തിനാകെ എന്തൊരു സുഗന്ധം.. 

ഏറെ കഴിഞ്ഞാണവൾ കണ്ണുതുറന്നത്. ജമന്തിയും പിച്ചിയും മുല്ലയും പഴുത്ത പേരക്കയുടെ മണവും അപ്പോഴേക്കും എങ്ങോ മാഞ്ഞു പോയിരുന്നു. ജനലഴികളില്ലാത്ത അവളുടെ അടുക്കളയിൽ അടുപ്പത്തിരുന്നു അവളുടെ കറി തിളക്കുന്നുണ്ടായിരുന്നു..

 

English Summary : Orma Manangal Story By Sanghmithra S Ram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com