ADVERTISEMENT

ഏപ്രിൽ (കവിത)

ഏപ്രിൽ നീ വന്നൂ 

ട്യുലിപ്  പൂവുകൾ  ചൂടി

മൗനമാർദ്രമായിരിക്കുന്ന

ഭൂമിതൻ താഴ്‌വാരത്തിൽ,

നിരത്തിൽ, നഗരത്തിൻ

 

 

ഒഴിഞ്ഞ  സൗധങ്ങളിൽ

പടർന്ന് കേറിപ്പോകും

പ്രാചീനസ്വരങ്ങളിൽ

സൂര്യനോ കനൽ തൂവി

മരിച്ച കിനാക്കൾ തൻ

രാവിനെ  ചിതത്തീയിൽ

അടക്കിക്കിടത്തുന്നു

 

 

ഏപ്രിൽ നീയെന്തേ ഗൂഢ-

ഗൂഢമായിതേ പോലെ

പാട്ടുപാടുന്നു അതിൻ

സ്വരമിന്നെനിക്കന്യം

 

 

കാൽവരിക്കുന്നിൽ നിന്ന്

ഉയർപ്പിൻ ധ്യാനം ചൊല്ലി

പാതകൾ മുന്നിൽ ദു:ഖ-

വെള്ളിയെ കടന്നുപോയ്

 

 

ഋതുക്കൾ പൂമാറ്റുന്ന

കൂടകൾക്കുള്ളിൽ നിന്ന്

കണിപ്പൂവുകൾ തേടി

വിഷുവും വരുന്നുണ്ട്

 

 

വസന്തം വരേണ്ടതാം 

നിൻ്റെ തേർചക്രങ്ങളിൽ

മരിച്ച കാലം കുടഞ്ഞിടുന്ന

കണ്ണിർപ്പൂക്കൾ

 

 

ഞാനുണർന്നെന്നും കണ്ട

സൂര്യനുമിതല്ലെന്ന്

താഴ്‌വരയിതല്ലെന്ന്

ലോകവുമിതല്ലെന്ന്

ഏപ്രിൽ നീ പറയുന്നു

 

 

അഴികൾക്കുള്ളിൽ നിന്റെ

യാത്രയിൽ വേനൽ മഴ

പെയ്തുപെയ്തൊഴിയുന്നു

കാത്തിരിപ്പിതേ പോലെ

എന്തിനോ വേണ്ടി

തീർഥയാത്രകൾ. 

 

 

മനസ്സിൻ്റെ

സമുദ്രം ഇരമ്പുന്നു

ചുറ്റിലും അദൃശ്യമായ്

നീങ്ങുന്ന ഭയാനക

നൃത്തരൂപങ്ങൾ കരി-

ക്കോലങ്ങൾ ചാവേറുകൾ

 

 

ദിക്കുകൾ തെറ്റിത്തെറ്റി

എന്റെ കൈയിലെ ഭൂമി

അക്ഷരങ്ങളായ് വന്ന്

തപസ്സിൽ ലയിക്കവെ

 

English Summary : April Poem By  Rema Pisharody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com