ADVERTISEMENT

ചെമ്പകപ്പൂക്കൾ (കഥ)

ഇറുന്നു വീണു കിടക്കുന്ന ചെമ്പകപ്പൂക്കളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്കെന്നും…! അതിൻെറ നറുമണം അതി നെക്കാളേറെ....! 

 

പപ്പയോടും, മമ്മയോടുമൊപ്പം ഞാന് നാട്ടിൽ വരുമ്പോഴൊക്കെ അച്ഛമ്മയും എൻെറയൊപ്പം കൂടും.. കൊഴിഞ്ഞു വീണുകിടക്കുന്ന ചെമ്പകപ്പൂക്കൾ പെറുക്കിയെടുക്കാൻ….! ഞങ്ങളുടെ തറവാടിനോട് ചേർന്നുള്ള മതിൽകെട്ടിനുള്ളിൽ എന്നും  തലയെടുപ്പോടെ നിന്നിരുന്നു ആ ചെമ്പകവും... 

 

എന്നും… രാവിലെ വൈകി ഉണർന്നെണ്ണീക്കുന്ന എനിക്കായി മുറ്റത്തെ പൂഴിമണലിൽ കുറേ ചുവന്ന ചെമ്പകപൂക്കളും അത് കരുതി വെച്ചിരുന്നു… ആ പൂക്കളുടെ മനംമയക്കും നറുമണം മൂക്കിലേക്കാവാഹിച്ച്... കുറെ നേരമങ്ങനെ ഇരിക്കും… ഞാൻ! 

 

പിന്നെ.. ഒരറ്റം ഇത്തിരി മടക്കിയ ഫ്രോക്കിനുള്ളിൽ ശേഖരിച്ച ഓരോ പൂവും.. വളരെ ശ്രദ്ധയോടെ ഞാനെൻെറ പാതിയോളം പൊക്കമുള്ള മതിലിന് മുകളിലെ ആണികളിൽ ഓരോന്നായി കൊരുത്തു വെയ്ക്കും. എന്നിട്ടു ദൂരെ.. മാറി നിന്ന് കൗതുകത്തോടെ ഞാൻ അതിൻെറ ഭംഗിയങ്ങനെ ആസ്വദിക്കും…

 

ചെമ്പകപ്പൂക്കൾ (കഥ)

കണ്ണൊന്നു തെറ്റി. പെട്ടന്ന് ബ്രേക്ക് പിടിച്ചതു കൊണ്ടാവണം വണ്ടിയൊന്ന് സ്ലിപ്പായി. 

 

ദാ .. വണ്ടിയുമായ് ഞാൻ താഴെ…!!!

 

എതിരേ വന്ന ബൈക്കുകാരൻ പെട്ടെന്ന് വെട്ടിച്ചു മാറ്റിയതു കാരണം, ഭാഗ്യം..!! കൂടുതൽ പരിക്കൊന്നും പറ്റിയില്ല. 

 

അയാൾ പേടിച്ചവാം.. വേഗംതന്നെ സ്ഥലം വിട്ടിരുന്നു… എന്നെ ഒന്നെഴുന്നേൽപ്പിക്കാൻ കൂടി ശ്രമിക്കാതെ…!

 

ശബ്ദം കേട്ടുകൊണ്ട് ഓടിവന്ന വഴിപോക്കരും, പെട്ടികടക്കാരനും കൂടി വേഗം വന്നെന്നെ പിടിച്ചെണ്ണീപ്പിച്ചു. എൻെറ സ്‌കൂട്ടിയും നൂത്തു വെച്ചു തന്നു.

 

അവരാ ബൈക്കുകാരനെ ഉറക്കെ ചീത്ത പറയുന്നുണ്ടായിരുന്നു. കുഴപ്പം എൻെറതായിരുന്നെങ്കിലും….!! 

 

വേഗം തട്ടികുടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്നെ ആശുപത്രിയിൽ കൊണ്ടുപോകാനൊരുങ്ങിയ അവരോടായി കൈയുർത്തി തടഞ്ഞുകൊണ്ടു ഞാൻ പറഞ്ഞു.

 

“വേണ്ട ..  വേണ്ട..  എനിക്കു കുഴപ്പമൊന്നുമില്ല”,, 

“നോ .. താങ്ക്സ്...”.

അൽപ്പം നോർത്തിന്ത്യൻ ചുവകലർന്ന മലയാളത്തിൽ അങ്ങനെ പറഞ്ഞുകൊണ്ട് ഞാനവരെ നോക്കി പുഞ്ചിരിച്ചു. 

എന്തു നല്ലവരായ നാട്ടുകാർ…! 

എൻെറ ശരീരത്തിൽ എവിടെയെക്കയോ.. പതിയെ നീറ്റലനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കൈമുട്ട് അല്പം പൊട്ടിയിട്ടുണ്ട്. അതിലേക്ക് ഊതിക്കൊണ്ടു പോകാനായി ഞാൻ വണ്ടിയുടെ അടുത്തേക്ക് നീങ്ങി.

 

“ഇതേതാ.. ഈ കുട്ടീ .. മുമ്പെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ..?”

 

കൂട്ടത്തിലൊരാൾ എന്നെ നോക്കി ചോദിച്ചു.

 

ചെമ്പകപ്പൂക്കൾ (കഥ)

“അതാ.. ബാങ്ക് മാനേജരുടെ മോളാ.. കവലയിൽ പുതുതായിട്ടു വന്ന.. ഞാനല്ല്യേ വീടൊക്കെ ഏർപ്പാടാക്കി കൊടുത്തേ..” 

 

അതിലൊരാൾ മറ്റേയാളോട് പറഞ്ഞു.

 

“മോളിവിടിരി ... ഇത്തിരി കഴിഞ്ഞിട്ടു പോയാ.. മതി.”

 

ആ വൃദ്ധസ്വരം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. 

അൽപം മുമ്പ് ഞാൻ മതിൽകെട്ടിനുള്ളിൽ കണ്ട ആ മുഖം. 

 

പച്ച സെറ്റുംമുണ്ടുമാണ് വേഷം. ഐശ്വര്യംനിറഞ്ഞു തുളുമ്പുന്ന മുഖം. നെറ്റിയിലൊരു ചന്ദനകുറി. നല്ലവണ്ണം വെളുത്തിട്ടു മെലിഞ്ഞൊരു ശരീരം. മുടിയിലൊക്കെ അങ്ങിങ്ങായ്‌ വെള്ളിനൂൽ ഇഴപാകിയിട്ടുണ്ട്. ആ മുഖത്തെ ശാന്തത എന്നെ അവരിലേക്ക് അടുപ്പിക്കുന്നതായി തോന്നി. മറുത്തൊന്നും പറയാനെനിക്ക് തോന്നിയില്ല. മുന്നിൽ കണ്ട ഗേറ്റ് തുറന്ന് അവരെന്നെ അകത്തേക്ക് ക്ഷണിച്ചു. അവർക്കു പിന്നാലെ അൽപം മടിയോടെയാണെങ്കിലും.. അനുസരണയുള്ളൊരു കൊച്ചുകുട്ടിയെപ്പോലെ ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് ഞാനും കയറിച്ചെന്നു. 

 

 

ആ മതിൽകെട്ടിനുള്ളിൽ വിശാലമായൊരു പൂന്തോട്ടമാണ്. ഗേറ്റിനിരുവശവും നടപ്പാതയ്ക്കരുകിലായി ചെറിയ അരമതിൽ കെട്ടി നിറുത്തിയിരിക്കുന്നു. ചുറ്റും ചെറുതും വലുതുമായ പലതരം ചെടികളും, മരങ്ങളും. കണിക്കൊന്ന, അശോകം, തെച്ചി, ചെമ്പരത്തി, ചെമ്പകം, മുല്ല അരളി തുടങ്ങിയവ മുറ്റത്തിന് തണലേകി നിൽക്കുന്നു. ഞാനാ അരമതിലിൽ ഇരുന്നുകൊണ്ട് ചുറ്റും കണ്ണോടിച്ചു. ഇതു മുത്തശ്ശിയുടെ വീടാണോ..? വലിയൊരു വീട്. 

 

പഴയ നാലുകെട്ടിനെ ഓർമ്മിപ്പിക്കും വിധം. ഉച്ചവെയിൽ നാളങ്ങളിൽ നിന്നും വീടിന് മുകളിൽ കുടപിടിച്ചു നിൽക്കുന്ന ചെടികളും, മരങ്ങളും..! ഒരുപാടിഷ്ടമായി എനിക്കാ സ്ഥലം.

അകത്തേക്കു പോയ മുത്തശ്ശി പെട്ടന്ന് തിരികെയെത്തി കയ്യിലൊരു ട്രേയുമായ്, ജീൻസൽപം മടക്കിവെച്ചു കാലിലെ മുറിവ് തൊട്ടു നോക്കുകയായിരുന്ന ഞാനത്‌ പെട്ടന്ന് മറച്ചുകളഞ്ഞു. പടപട വെള്ളം കുടിച്ചു തീർത്തു ഗ്ലാസ്സ് ഞാൻ മുത്തശ്ശിക്കു തിരിച്ചു കൊടുക്കുമ്പോൾ അവരെന്നെ വാത്സല്യത്തോടെ നോക്കുന്നുണ്ടായിരുന്നു… 

 

 

എനിക്കരികിലിരുന്നു കൊണ്ട് നിർബന്ധിച്ചു അവരെൻെറ കാലിലെ മുറിവ്‌ വൃത്തിയാക്കി അതിനുമേലെ മരുന്ന് വെച്ചുകെട്ടി. അത്ര വലിയ മുറിവൊന്നുമല്ല. എങ്കിലും.. ആ തലോടലേക്കാനൊരു സുഖം…!!  അവിടെ ചെറുതായി ചോരപൊടിച്ചു വരുന്നുണ്ടായിരുന്നു. ‘ഉരഞ്ഞ് തൊലി പൊട്ടിയിട്ടുണ്ട്... സൂക്ഷിക്കണം’ മുറിവിലേക്ക് നോക്കിക്കൊണ്ടു മുത്തശ്ശി പറഞ്ഞു. അപ്പോഴും… എൻെറ നോട്ടം ആ മതിലരുകിലെ ചെമ്പകച്ചുവട്ടിലായിരുന്നു… 

 

 

പച്ചപുൽമെത്തയിൽ വീണുകിടക്കുന്ന കുറേ ചുവന്ന ചെമ്പകപ്പൂക്കൾ..!!

ചെമ്പകപ്പൂക്കൾ (കഥ)

 

പിന്നീടതൊരു പതിവായി, വേനലവധിക്കാലത്തു രാവിലെ ട്യൂഷനും കഴിഞ്ഞു മടങ്ങിവരുന്ന എനിക്കായി കുറേ ചെമ്പകപ്പൂക്കളും കരുതിവെച്ചുകൊണ്ട് മുത്തശ്ശിയെന്നും ഗേറ്റിനരുകിൽ എന്നെ കാത്തു നിൽക്കും.

ഇലക്കുമ്പിളിലെ ആ ചെമ്പകപ്പൂക്കൾ കാണുമ്പോൾ എനിക്കെൻെറ  അച്ഛമ്മയെയാണ്‌ ഓർമ്മ വരുന്നത്…! ഞങ്ങൾ  നാട്ടിലെത്തുമ്പോഴെക്കും.. പലഹാരടിന്നുകൾ നിറച്ചു വെച്ചുകൊണ്ട് കാത്തിരിക്കാറുള്ള അച്ഛമ്മയെ… അച്ചപ്പം, കുഴലപ്പം, മുറുക്ക്, കായവറുത്തത് ഒക്കെ കാണും..! 

 

 

ആ പ്രായത്തിലും വെളുത്തു തുടുത്തു നല്ല സുന്ദരിയായിരുന്നു എൻെറ അച്ഛമ്മ. മോഹൻലാലിൻെറ  സിനിമകളിലെ തറവാട്ടമ്മയെപ്പോലെ. അവധികഴിഞ്ഞു മടങ്ങി പോകുമ്പോഴെക്കും.. പലഹാര ടിന്നുകളൊക്കെ കാലിയാക്കി കഴിഞ്ഞിരിക്കും ഞാൻ! പിന്നെയും.. അതൊക്കെ ഉണ്ടാക്കി എനിക്കായി തന്നുവിടുമായിരുന്നു എൻെറ അച്ഛമ്മ…!!. 

 

 

ചെമ്പകപ്പൂക്കളുടെ ആ നറുമണവും ആസ്വദിച്ചു കുറെനേരമങ്ങനെ ഞാൻ മുത്തശ്ശിയോട് സംസാരിച്ചുകൊണ്ടു നിൽക്കും. എല്ലാം… ഡൽഹിയിലെ ഞങ്ങളുടെ വിശേഷങ്ങൾ..! എന്തോ.. ഒരാത്മബന്ധം പതിയെ ഞങ്ങൾക്കിടയിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു…  എന്നെ കാണുമ്പോൾ ശുഷ്കിച്ചു തുടങ്ങിയ ആ കണ്ണുകൾ കൂടുതൽ തിളങ്ങിയതായി എനിക്ക് തോന്നി. പിന്നീടെപ്പോഴോ.. ആ കൺകോണുകളിൽ ഒരിറ്റു കണ്ണീർ പൊടിച്ചുവോ..?

 

 

ഒരിക്കൽ.. ഞാൻ പപ്പയോട്‌ പറഞ്ഞു, അച്ഛമ്മയെ വേഗം അനുജത്തിയുടെ വീട്ടിൽനിന്നും തിരികെ വിളിച്ചുകൊണ്ടു വരുവാൻ. ഞങ്ങൾ ഡൽഹിയിലായിരുന്നപ്പോൾ കൂടെ വരാൻ വിസമ്മതിച്ച അച്ഛമ്മയെ പപ്പ നിലമ്പൂരുള്ള അനുജത്തിയുടെ വീട്ടിലാക്കിയതാണ്. അവിടുത്തെ ചൂടും, തണുപ്പുമൊന്നും അച്ഛമ്മയ്ക്ക് സഹിക്കാന് പറ്റില്ലത്രേ...! 

 

 

അതിനുശേഷം ഞാൻ അച്ഛമ്മയെ കണ്ടിട്ടേയില്ല.. രണ്ടുമൂന്ന് പ്രാവിശ്യം നാട്ടില് വെക്കേഷനു വന്നപ്പോഴൊക്കെയും മമ്മയുടെ തറവാട്ടിലേക്കാണ്  ഞങ്ങൾ പോയത്. അച്ഛമ്മയെ കാണാനും തറവാട്ടിൽ പോകാനും എനിക്ക്  കഴിഞ്ഞില്ല. അച്ഛമ്മയെ പറ്റി ഞാനോരൊന്ന് ചോദിക്കുമ്പോഴൊക്കെ മമ്മ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറും..

 

 

‘നിനക്ക് പഠിക്കാനൊന്നുമില്ലേ ശാലൂന്ന്..’ ഉടൻ ചോദ്യം വരും. പപ്പയാണെങ്കിൽ.. വെറുതെയൊന്ന് മൂളും, അല്ലെങ്കില് കേൾക്കാത്ത മാതിരി വഴി മാറിപ്പോകും.. ‘എന്താ പറ്റിയെ  എൻെറ അച്ഛമ്മയ്ക്ക്…?’ ഇപ്പോൾ ഫോണിലും എന്നെ വിളിക്കാറില്ല... ഞങ്ങൾ ഇവിടേക്ക്  വന്നിട്ടിപ്പോൾ ഒന്നരമാസം കഴിഞ്ഞിരിക്കുന്നു. അച്ഛമ്മയെ വേഗം കൂട്ടിക്കൊണ്ടുവരാൻ പപ്പയോട്‌ പറയണം. ആ സാമീപ്യത്തിനായ് എൻെറ മനസ്സു കൊതിച്ചു. എനിക്ക് ‘മലയാളത്തിനും’, ‘മാത്‍സിനും’ പ്രേത്യകം ട്യൂഷനുണ്ട്. കുറേശ്ശെ മലയാളം വീട്ടിൽ പറയുമെന്നതൊഴിച്ചാൽ എഴുതാനും, വായിക്കാനുമൊന്നും എനിക്ക് അറിഞ്ഞുകൂടാ… ഇവിടെ ഒൻപതാംക്‌ളാസ്സിലാണ് എനിക്ക് അഡ്മിഷൻ ശരിയായത്. CBSE സ്കൂളുകൾ ഉള്ളിടം നോക്കിയാണ് പപ്പ ‘ട്രാൻസ്ഫെറിനു അപ്ലൈ’ ചെയ്തത്. കിട്ടിയത് ഇവിടെയും..

 

 

പാലക്കാടൻ മലനിരകളും, പച്ചപ്പിൻെറ പ്രകൃതിഭംഗിയും ഒത്തിണങ്ങിയ ആ ഗ്രാമം എനിക്കേറെ ഇഷ്ടമായി. ഒപ്പം നിഷ്കളങ്കരായ ഗ്രാമവാസികളെയും..    

 

ഒരു തിങ്കളാഴ്ച ! 

 

പതിവുപോലെ ഞാൻ ട്യൂഷനും കഴിഞ്ഞു തിരിച്ചുവരുമ്പോൾ ഗേറ്റിനരുകിൽ മുത്തശ്ശിക്കായ് എൻെറ കണ്ണുകൾ പരതി. മുത്തശ്ശിയെ അവിടെങ്ങും കണ്ടില്ല.

‘ഒന്ന് തിരക്കിയാലോ…?’ അല്പം മടിച്ചു മടിച്ചാണെങ്കിലും… സംശയത്തോടെ ഞാനാ ഗേറ്റിനുള്ളിലേക്ക്‌ കയറിച്ചെന്നു.

മൂകമായ അന്തരീക്ഷം. മുറ്റമാകെ വെയിൽ കരിനിഴൽ വിരിച്ചിരുന്നു. ആരെയും.. പുറത്തെങ്ങും കാണുന്നില്ല. മുൻപ് ഗേറ്റിനരുകിൽ നിൽക്കുമ്പോൾ ഈ പരിസരത്തു മുത്തശ്ശിയെ കൂടാതെ വേറെയും ഒരുപാട്‌ മുഖങ്ങൾ കണ്ടിരുന്നതായി ഞാനോർത്തെടുത്തു.

 

വരാന്തയിൽ തൂണിനോട് ചേർന്ന് പടർന്നുകിടക്കുന്ന മുല്ല വള്ളികളക്കിടയിൽ ഒരു കറുത്ത ബോർഡ്. അതിലെ വെളുത്ത അക്ഷരങ്ങൾ പെറുക്കിവെച്ച് ഞാൻ വായിച്ചു 'ശാ...ന്തി..ഭവ..ൻ'!.  മുന്നിൽ കണ്ട വാതിലിലൂടെ മെല്ലെ ഞാനകത്തേക്ക് എത്തി നോക്കി. അതൊരു ഓഫീസ്റൂമാണെന്നു തോന്നുന്നു.    

അന്നേരം അവിടേക്ക് കറുത്ത് ഫ്രയിമുള്ള കണ്ണടവെച്ച ഒരു സ്‌ത്രീ കടന്നു വന്നു. ഇളംനീലയിൽ വെളുത്ത പൂക്കളുള്ള കോട്ടൺസാരിയിൽ അവരുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ചോദ്യഭാവത്തിൽ അവരെന്നെ നോക്കി.

 

“ഉം .. ആരാ .. എന്താ.. എന്തുവേണം?”  

 

ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറി.

 

“എന്താ.. കുട്ട്യേ, ചോദിച്ചതു കേട്ടില്ല്യേ..” 

 

“എന്താ.. എന്തു വേണംന്ന്..?” 

 

ഒട്ടും മയമില്ലാത്ത ചോദ്യം. 

 

“ഞാൻ … മുത്തശ്ശിയെ കാണാൻ വന്നതാ…” 

 

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.

 

“ഏതു മുത്തശ്ശി..??” 

 

അവരെന്നെ ചോദ്യഭാവത്തിൽ നോക്കി. കണ്ണുകളിൽ നീരസം

 

“ഇവിടൊത്തിരി മുത്തശ്ശിമാരുണ്ട്.. ആർക്കും വേണ്ടാത്തവർ.. ഓരോരുത്തരും വന്ന്‌ രണ്ടുമൂന്നും

 മാസത്തേക്കെന്നും പറഞ്ഞു ആക്കീട്ടു പോകും…. പിന്നെ തിരിഞ്ഞു നോക്കില്ല്യ….”  

 

അവരെനിക്കു നേരേ ചീറി.. ആരോടൊക്കെയായുള്ള  അമർഷം എന്നിൽ തീർക്കുകയാണ്… 

 

‘ഞാനെന്ത്… വേണം’ എൻെറ മുഖം കുനിഞ്ഞു. കണ്ണുകൾ നിറഞ്ഞു. 

 

‘വരേണ്ടിയില്ലായിരുന്നു….’ അതുകണ്ടിട്ടാവാം അവരല്പം അയഞ്ഞു. 

 

പിന്നീട് സ്നേഹപൂർവ്വമുള്ള ആ ചോദ്യത്തിന് മുന്നിൽ ഞാൻ ധൈര്യത്തോടെ മറുപടി പറഞ്ഞു. 

 

‘ചെമ്പക...മുത്തശ്ശി!' പേരെനിക്ക് അറിയില്ലല്ലോ? എന്നും.. ചെമ്പകപ്പൂക്കൾ തരാറുള്ള മുത്തശ്ശി. ഗേറ്റിനരുകിൽ കാത്തു നിൽക്കാറുള്ള മുത്തശ്ശി. ഞാനവർക്കു വിവരിച്ചു കൊടുത്തു.

 

“ലക്ഷ്‌മിയമ്മയുടെ കാര്യാണോ… കുട്ട്യേ പറയുന്നത്..”

 

“പേരെനിക്ക്.. അറീല്ല..” 

 

“ശാലൂന്നാണോ.. മോൾടെ പേര്” 

 

ഞാൻ മെല്ലെ തലയാട്ടി. ഇവരെങ്ങനെ എൻെറ പേരറിഞ്ഞു?

 

“കുട്ടി കയറിവാ.. ഇവിടിരിക്ക്, ഞാനിപ്പം വരാംട്ടോ..”

 

കസേര ചൂണ്ടി അവരെന്നെ അകത്തേക്കു ക്ഷണിച്ചു. പിന്നെ അകത്തേക്ക് പോയി. മുത്തശ്ശിയെ വിളിക്കാനായിരിക്കും… 

 

ചുറ്റും കണ്ണോടിച്ചുകൊണ്ട് ഓഫീസ് മുറിയിലെ കസേരയിലൊന്നിൽ ഞാനിരുന്നു ആകാംക്ഷയോടെ.. ഗാന്ധിജിയുടെയും, മദർതെരേസ്സയുടെയും പടങ്ങളൊക്കെ ചുവരിൽ തൂക്കിയിട്ടുണ്ട്. 

 

അല്പനേരത്തിനുള്ളിൽ.. അകത്തേക്കു പോയവർ തിരിച്ചു വന്നു തനിയെ.. അവരുടെ കൈയിലൊരു ഇലക്കുമ്പിൾ..! അതിൽ നിറയെ കുറേ ചുവന്ന ചെമ്പകപ്പൂക്കൾ…!! 

 

ഹായ് ..!! 

 

ഞാൻ ചാടിയെണീറ്റു, വേഗം അവരുടെ അടുത്തേക്ക് ചെന്നു.

 

അവരെതെനിക്കു നേരെ നീട്ടി. 

 

“അപ്പോ.. മുത്തശ്ശി..?” ഞാൻ വിക്കി.

 

“ലക്ഷമിയമ്മ പോയി.. ഇതു മോൾക്ക്‌ തരാനിവിടെ ഏല്പിച്ചതാണ്”. 

 

ഞാൻ സംശയിച്ചു നിന്നു.

 

അവരുടെ മുഖത്തെ ദേഷ്യംമാറി, അവിടെ പതിയെ വിഷാദം  പരക്കുന്നത് കണ്ടു. ഇലകുമ്പിളിനോടൊപ്പം ചെറിയൊരു കവർ കൂടി അവരെനിക്കു തന്നു. ഇലകുമ്പിളിലെ ആ ചെമ്പകപ്പൂക്കൾ ഇത്തിരി വാടിപ്പോയിരുന്നു… ആരോ അതില് വെള്ളം കുടഞ്ഞിട്ടുണ്ട്. അതിൻെറ  ഗന്ധം മൂക്കിലേക്ക് ആവാഹിച്ചുകൊണ്ട് ഞാനത് മാറോട് ചേർത്തു പിടിച്ചുകൊണ്ട് അവരോട് ചോദിച്ചു.

 

“മുത്തശ്ശി എവിടെപ്പോയി....?”      

 

“ദൈവത്തിനടുത്തേക്ക്….” 

 

മുകളിലേക്ക് നോട്ടമയച്ചു കൊണ്ടവർ പറഞ്ഞു.

 

ഞാൻ നടുങ്ങിപ്പോയി...!!! 

 

എൻെറ കൈയ്യിലിരുന്ന പൂക്കൾ വിറച്ചു. ശബ്‍ദം തൊണ്ടയിൽ കുരുങ്ങി.  സമനില വീണ്ടെടുക്കാൻ എനിക്ക് പിന്നെയും സമയമെടുത്തു. 

 

“എന്താ.... പറ്റിയെ… മുത്തശ്ശിക്ക്..” 

 

ഞാൻ പതിയെ ചോദിച്ചു.

 

“ഇന്നലെ രാവിലെ കുട്ടിക്കു തരാനായി പൂക്കളുമായ് ഗേറ്റിനരികെ നിൽക്കുന്നത് കണ്ടു. പിന്നെ… കുറച്ചു കഴിഞ്ഞപ്പോൾ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും.. ആ ശ്വാസം നിലച്ചിരുന്നു.

“ഒരു മോനുള്ളത്, അങ്ങ് ഡൽഹിലെങ്ങാണ്ടോ ആണ്.. ആറേഴുവർഷം മുമ്പ് മോനും, മരുമോളുംകൂടി ഇവിടെ കൊണ്ടുവന്ന് ആക്കീട്ടു പോയതാ… പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.. ദുഷ്ടകൂട്ടങ്ങള്…”

 

ആ സ്ത്രീ പിറുപിറുത്തു.  

 

“വിവരം പറയാനായി ഫോൺ വിളിച്ചിട്ട് അയാളെ കിട്ടിയതുമില്ല”. 

 

“ആരെയും…നോക്കിയിരിക്കാനും അറീക്കാനുമില്ല..പിന്നെന്തിനാ  വെച്ചോണ്ട് നോക്കിയിരിക്കുന്നത്… വൈകുന്നേരത്തോടെ എല്ലാം  കഴിഞ്ഞു”.

 

അവരുടെ ആദ്യത്തെ ദേഷ്യമൊക്കെ അലിഞ്ഞു പോയിരുന്നു… കണ്ണെടയെടുത്തവർ സാരിത്തുമ്പുയർത്തി മിഴികളൊപ്പി. 

 

എൻെറ കവിളിലൂടെ കണ്ണീർതുള്ളികൾ ഇലകുമ്പിളിലേക്ക് ഇറ്റുവീണു കൊണ്ടിരുന്നു. 

 

‘പാവം.. മുത്തശ്ശി’!!

 

അന്നേരമാണ്, അവരുതന്ന കവറിൻെറ കാര്യം ഞാനോർത്തത്, പെട്ടന്നാ കവർ തുറന്നുനോക്കി. അതിനുള്ളിൽ പഴയൊരു ഫോട്ടോ ആയിരുന്നു. കണ്ണുനീരിനിടയിലൂടെ ഞാൻ കണ്ടു.. പപ്പയും, ഞാനും, അച്ഛമ്മയും…! അച്ഛമ്മയുടെ മടിയില് ഇരിക്കുകയാണ് ഞാൻ..! അഞ്ചോ ആറോ വയസ്സുള്ളപ്പോൾ… ഒരിക്കൽ നാട്ടിൽ വന്നപ്പോളെടുത്തതാണ് ആ ഫോട്ടോ. ഇതുപോലൊരു ഫോട്ടോ ഞാനെൻെറ പപ്പയുടെ ആൽബത്തിലും കണ്ടിരുന്നു… 

 

ഉള്ളിലൊരു നടുക്കം!

 

“ങേ ..!!! എൻെറ അച്ഛമ്മ ...??’’

 

 

എനിക്കെന്തേ.. എൻെറച്ചമ്മയെ തിരിച്ചറിയാനായില്ല ..?

 

ഉള്ളിൽ സങ്കടം അണപൊട്ടിയൊഴുകി

 

മമ്മയും, പപ്പയും എന്നോട് നുണ പറയുകയായിരുന്നോ..? അച്ഛമ്മ നിലമ്പൂരിലാണെന്ന്..? ആ ദുഖത്തിനിടയിലും എൻെറ പല്ലുകൾ ഞെരിഞ്ഞമർന്നു. മനസ്സില്‍ നുരപൊട്ടിവന്ന ദേഷ്യത്തെ അടക്കിപിടിച്ച്‌  ഞാനാ ഫോട്ടോയിൽ മുഖം ചേർത്തുവെച്ച്‌ തേങ്ങിക്കരഞ്ഞു.

 

‘എന്നോട് ക്ഷമിക്കണേ അച്ഛമ്മേ..... ഞാനറിഞ്ഞില്ലാരുന്നു...’ 

 

‘‘മാപ്പ്..’’

 

പുറത്തെ ഇളംകാറ്റിലപ്പോഴും.. ചെമ്പകപ്പൂക്കൾ ഓരോന്നായി പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു ... ഒരാത്മാവിൻറെ രോദനമായി….!!!!!

 

 

(ഇനിയും വൃദ്ധസദനങ്ങൾ ഉയർന്നു വരാതിരിക്കട്ടെ... !)

 

English Summary : Chempakam Short Story By Bndu Pushpan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com