sections
MORE

നീതൂ, ഞാൻ ലീഗലി ഡിവോഴ്സ്ഡ് ആയി; താന്‍ പറഞ്ഞതുപോലെ തന്നെ സബിതയോട് ബൈ പറഞ്ഞു അവളോടെനിക്കിപ്പോ...

ചില നോവുകള്‍ (കഥ)
പ്രതീകാത്മക ചിത്രം
SHARE

ചില നോവുകള്‍ (കഥ)

‘‘സബീ നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ’’ അവൾ ചിരിക്കാൻ പാടുപെടുന്ന പോലെ തോന്നി. 

‘‘എന്തെങ്കിലും പറയാനുണ്ടോ?’’ അവളുടെ മുഖത്ത് എനിക്ക് വായിച്ചെടുക്കാൻ പറ്റാത്ത ഏതോ ഭാവം. 

മുന്‍പും അങ്ങനെ തന്നെ ആയിരുന്നു. മുഖത്തേക്ക് ഒന്നു നോക്കി പിന്നെ തിടുക്കപ്പെട്ട് അമ്മയുടെ പുറകെ പടികള്‍ ഇറങ്ങിപ്പോയി. 

അവള്‍ പോയതും നോക്കി നിന്നു. സന്തോഷമായിരിക്കട്ടെ എന്നും. ആള്‍ക്കൂട്ടത്തില്‍ നിന്നും പതുക്കെ മാറി നിന്നു. കണ്മുന്നിൽ  മൂടിക്കെട്ടിയ നിഴലുകൾ പോലെ കുറേ ആളുകൾ. തുളുമ്പാതെ നിറഞ്ഞുപോയ കണ്ണുകൾ. തുടയ്ക്കണോ. കോടതി വരാന്തയാണ്. 

‘‘ദാസ്’’ തോളിൽ പതിയെ കൈ അമർന്നു. സന്തോഷ്‌ വക്കീലാണ്. 

‘‘പറ വക്കീലേ’’

‘‘താൻ നഷ്ടപരിഹാരം ചോദിക്കാഞ്ഞത് ശരിയായില്ല’’

‘‘എന്റെ നാല് വർഷങ്ങൾ. അതിനു പകരമായി അവൾക്ക് ഒന്നും തരാൻ കഴിയില്ല’’

‘‘ശരിയാണ്. അവർ തന്റെ ജീവിതം കൊണ്ടല്ലേ കളിച്ചത്. അതുപോട്ടെ. എന്തായി കല്യാണക്കാര്യം.? നോക്കുന്നുണ്ടെന്നു പറഞ്ഞിട്ട്’’

‘‘ഒന്നും ആയില്ല’’

‘‘ ഇനി കാര്യങ്ങൾ ഉഷാറാക്കാലോ’’ മറുപടി ഒരു ചിരിയിലൊതുക്കി. 

ഓഫ് ചെയതു വച്ചിരുന്ന ഫോൺ സ്വിച്ച് ഓണ്‍ ചെയതു. ഫോണിന്റെ സ്ക്രീൻ സേവറിൽ നീതുവിന്റെ മുഖം തെളിഞ്ഞു. പിന്നെ സ്ക്രീൻ ലൈറ്റ് ഓഫായി.വാട്സപ്പ് തുറന്നു നോക്കി. കുറേ ചാറ്റുകൾക്ക് താഴെ കറുത്ത വേഷത്തിൽ അവളുടെ ചിരിക്കുന്ന മുഖം.

‘‘നീതു’’ ലാസ്റ്റ് സീൻ സൺ‌ഡേ 11.20am. ഇത് പതിമൂന്നാം ദിവസം. 

‘‘ദാസ് കൂടിയാൽ രണ്ടാഴ്ച. ഓർഡർ കയ്യിൽ കിട്ടിയിട്ട് ഞാൻ വിളിക്കാം. തിരക്കില്ലെങ്കിൽ താൻ ഓഫീസിൽ വാ. ചായ കുടിച്ചിട്ട് പോകാം’’

‘‘ശരി’’

‘‘നീതൂ. ലീഗലി ഡിവോഴ്സ്ഡ് ആയി. താന്‍ പറഞ്ഞതുപോലെ തന്നെ സബിതയോട് ബൈ പറഞ്ഞിട്ടുണ്ട്‌. അവളോടെനിക്കിപ്പോ ദേഷ്യമൊന്നുമില്ല’’

മെസേജിനു താഴെ ഒരു ടിക് മാത്രം. അവൾ വെറും നമ്പർ മാത്രമാണെന്നും ഇനി ഒരിക്കലും ഓൺലൈൻ വരില്ലെന്നറിഞ്ഞിട്ടും വീണ്ടും ഒരു മെസ്സേജ് കൂടി അയച്ചിട്ടു.

‘‘താൻ ഒന്നു വിളിക്കെടോ. ഇതെത്ര ദിവസായി. ഇങ്ങനെ പറ്റിക്കാതെ’’

ഓഫീസിലേക്ക്  നടക്കും വഴി സന്തോഷ് വക്കീല് പലതും പറയുന്നുണ്ട്. കേൾക്കുന്നുണ്ട്. മനസ്സിൽ പതിയാത്ത കാര്യങ്ങൾക്ക്  വെറുതെ തലയാട്ടി കൊടുത്തു. ചായ കുടിച്ച് പിരിഞ്ഞു. 

കല്യാണാലോചനകൾ നോക്കി മടുത്ത സമയത്താണ് അവളുടെ പ്രൊഫൈൽ കാണുന്നത്.  എത്ര പെട്ടെന്നായിരുന്നു ഞങ്ങൾ അടുത്തത്. സംസാരിച്ചു തുടങ്ങി മൂന്നാമത്തെ ദിവസം അവളോട് ഞാനത് തുറന്നു പറഞ്ഞു. 

                        

‘‘ആരോടും തോന്നാത്ത എന്തോ ഒരിഷ്ടം തന്നോട് തോന്നുന്നുണ്ട്. ഞാനിത് ഉറപ്പിച്ചു’’

‘‘ ഇത് വെറും പൈങ്കിളിയാണേ. ഉറപ്പിക്കാൻ വരട്ടെ’’

‘‘ അതെന്താ താൻ ഓക്കേ അല്ലേ’’

‘‘അതേയ്.. ബിജെപി ക്കാരനെ കെട്ടാൻ ഞാനൊന്നൂടെ ജനിക്കണം’’

‘‘അതെവിടെന്നു കിട്ടി’’

‘‘അതൊക്കെ ഞാൻ കണ്ടുപിടിച്ചു’’

‘‘ നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്?’’

‘‘അതൊക്കെ ഞാൻ എഫ്‌ബി യിൽ കണ്ടു’’

‘‘ താൻ ഫോട്ടോ കാണാൻ വേണ്ടിയല്ലേ ഐഡി തന്നത്. പണിയായോ’’

‘‘നിലവിൽ പണി ആയില്ല. അച്ഛൻ നോക്കിയാൽ പണി ആകും’’

‘‘ അയ്യോ.. എന്നാൽ ഞാൻ ഡിലീറ്റ് ചെയ്യട്ടെ’’

‘‘ അത് മാത്രം പോരാ. ഫുൾ ബ്ലഡ്‌ കൂടെ മാറ്റേണ്ടിവരും’’

‘‘പോടീ’’

  

അവളോട്  സംസാരിച്ച ഓരോ വാക്കുകളും മനസ്സിലുണ്ട്. ഒരു മൂളല് പോലും മറക്കാതെ. 

പ്രതീക്ഷയായിരുന്നു അവൾ.  വെറും പതിനാറ്‌ ദിവസം കൊണ്ട്‌ എന്നിലെ ആണത്തത്തെ ഉടച്ചുവാര്‍ത്തവൾ. മുപ്പത്തിയഞ്ചു വര്‍ഷം കഴിഞ്ഞു പോയത് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാതെയെന്ന് ബോധ്യപ്പെടുത്തിയവൾ. കഴിഞ്ഞു പോയ ഒന്നിനെ കുറിച്ചോര്‍ത്തും വേദനിക്കരുതെന്നു പഠിപ്പിച്ചവൾ. 

ഒറ്റപ്പെടലിന്റെ വേദനയിലും പോസിറ്റീവ് ആയി മാത്രം ജീവിതത്തെ നേരിട്ടവൾ. 

എന്നേക്കും കൂട്ടായി അവൾ വേണമെന്ന് അത്രയും ആഗ്രഹിച്ചിരുന്നു. 

അവളെ പോലൊരു പെണ്ണിനെ ഞാനൊരിക്കലും കണ്ടിട്ടില്ല,കേട്ടിട്ടില്ല..

‘‘നീതൂ.... ഒന്നു വിളിക്കെടോ’’

നിനക്ക് പകരം മറ്റൊന്ന് ഉണ്ടാവുമോ എന്നെനിക്കറിയില്ല.. പക്ഷേ നികത്താന്‍ കഴിയാത്ത ഒരു വിടവായ്  നീയെന്നില്‍ ബാക്കിയാവുന്നു എന്ന സത്യം ഞാനിന്ന് തിരിച്ചറിയുന്നു.

അവളെ നഷ്ടപ്പെട്ടുവെന്ന സത്യം അംഗീകരിക്കാതെ  ചാറ്റ് ബോക്സിലൂടെ വെറുതെ നോക്കിയിരുന്നു. 

നിറഞ്ഞു വന്ന കണ്ണ് തൂവാല വച്ച് അമര്‍ത്തി തുടച്ചു. ആലിപ്പറമ്പിലേക്കുള്ള അവസാന ബസ്സിലാണ്. 

          

വെറുതെ കുറച്ച് ആശകൾ തന്നിട്ട്, ജീവിതത്തെ കുറിച്ച് ഒരുപാട്‌ സ്വപ്നങ്ങൾ തന്നിട്ട്, യാത്ര പോലും പറയാതെ.. ഒന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ബാക്കി വച്ച് 

അവൾ ജീവിതത്തില്‍ നിന്നിറങ്ങി പോയി.

English Summary :  Chila Novukal Story By Athira Thekkepurayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;