ADVERTISEMENT

കൊറോണക്കാലത്തെ പഴങ്കഞ്ഞി (കഥ)

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭർത്താവിനോടാനോണോ പിതാവിടാനോണോ  കൂടുതൽ സ്നേഹമെന്നു ചോദിച്ചാൽ അവരൊന്നു കുഴയും. പക്ഷേ ഒരുകാര്യം ഉറപ്പാണ്. സ്വന്തം പിതാവ് ജീവിച്ചിരിക്കുന്നിടത്തോളം ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വേറൊരു രാജാവുണ്ടാകില്ല. ഇത് ആറു വർഷം മുൻപ് മരണപ്പെട്ട എന്റെ  ഉമ്മ, 15 വർഷം മുൻപ് മരണപ്പെട്ട അവരുടെ പിതാവിനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് പറയുമ്പോൾ അവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചിലരെങ്കിലും അങ്ങിനെ അല്ലെന്നു പറയുന്നവരോ നടിക്കുന്നവരോ കാണാം. ഹൃദയത്തോട് അടുക്കുമ്പോൾ കഥ മാറാം. അങ്ങിനെ അല്ലാത്തവരും ഉണ്ട്. ഭർത്താവാണ് എന്റെ ചങ്ക്, അതുകഴിഞ്ഞേ ആരും ഉള്ളു എന്നൊക്കെ…. നിസംശയം പറയാം അവർ സ്വാർത്ഥമതികൾ ആയിരിക്കും.

 

 

 

ഒരു ദിവസം എന്റെ ഭാര്യ എന്നോട് പറഞ്ഞു :

 

‘‘ എനിക്കൊന്നു വീട്ടീപ്പോണം. വാപ്പാക്ക് വയ്യ’’

 

എല്ലായ്പ്പോഴും നോക്കട്ടെ  അല്ലെങ്കിൽ പറയാം എന്നൊക്കെപ്പറയുന്ന ഞാൻ പറഞ്ഞു.

 

‘‘പൊയ്ക്കോ’’

 

എന്നെ കൊണ്ടുപോകുമോ?. അടുത്തചോദ്യം. രണ്ടുദിവസം മുൻപ് നടന്ന ശണ്ഠയുടെ പശ്ചാത്തലത്തിൽ അതിനു പ്രസക്തി ഏറെ ഉണ്ടായിരുന്നു.  

 

‘‘ശരി  നമുക്ക് പോകാം’’

 

 

ആ മറുപടി അവൾക്കാനന്ദവും ആശ്വാസവും ആകുന്നത് ഞാൻ അറിഞ്ഞു. അവരവരുടെ വീട്ടിൽപോകുന്ന ദിവസം അവർക്കു ആവേശവും  ആനന്ദവും അധികമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്വന്തം വീട് വിട്ട് ഭർത്താവിന്റെ വീട്ടിൽ താമസിക്കാത്തവർക്ക് ഒരുപക്ഷേ  ഈ സന്തോഷം അറിയില്ലായിരിക്കാം.

   

 

ഒരു ദിവസം കഴിഞ്ഞു. പഠിക്കേണ്ടത് പഠിക്കാനും എഴുതാനും വായിക്കാനും ഒഴിഞ്ഞിരുന്നപ്പോൾ ഒരാനന്ദം. കൊറോണ തന്ന അവധികൂടിയായപ്പോൾ അടിപൊളി .മാത്രമല്ല നമ്മളെ നിയന്ത്രിക്കാൻ നമ്മൾ മാത്രമുള്ള ഒരു ലോകം. ഉണരാനും  ഉറങ്ങാനും ചുമ്മാതിരിക്കാനും ആവോളം സ്വാതന്ത്ര്യം ഉള്ള അപൂർവം ദിനങ്ങൾ. ഹായ് എന്ത് രസം. സമയത്തിനും കാലത്തിനുപോലും പ്രസക്തിയില്ലാത്ത നിമിഷങ്ങൾ. 

 

 

വാച്ചുനോക്കിയപ്പോൾ സമയം രണ്ടു മണി. ഇതെപ്പോഴാ അങ്ങ് കേറിപ്പോയെ?  വിശക്കുന്നോ എന്നൊരു തോന്നൽ . തോന്നൽ അല്ല ശരിക്കുമുണ്ട്. ‘ഭ്രാന്തിനുപോലും ശമിപ്പിക്കാൻ കഴിയാത്ത ഏക വികാരം അത് വിശപ്പുമാത്രമാണ്’ എന്നു പറഞ്ഞത് പ്രമുഖ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ആയിരുന്നു.  വായിച്ചു കൊണ്ടിരുന്ന ബുക്ക് അവിടെ കമിഴ്ത്തിവച്ചു കൂടപ്പിറപ്പിനെപ്പോലെ എപ്പോഴും കൂടെയുള്ള (കുഴപ്പക്കാരനായ ) മൊബൈൽ കുന്ത്രാണ്ടവും എടുത്ത് ഞാൻ  അടുക്കളയിലേക്ക് നടന്നു. കുടുംബവീട്ടിൽ കഴിക്കാൻ വിളിച്ചതാരുന്നു. മടികാരണം ക്ഷണം നിരസിച്ചു ഇവിടെതന്നെ കുത്തിയിരുന്നതായിരുന്നു. 

 

 

 

എന്ത് കഴിക്കും? എന്തെങ്കിലും കാണും ...മനസ്സ് ആശ്വസിപ്പിക്കുന്നപോലെ. ‘ഒരുവന്റെ ശരീരത്തിന്റെ ശക്തി അത് മനസ്സിന്റെ ശക്തിയാണ്. മനസ് എപ്പോൾ തളരുന്നുവോ അപ്പോൾ ശരീരവും തളർന്നിരിക്കും’ ഒരു സുഹൃത്തിന്റെ വാക്കുകൾ സത്യമാണെന്നു തോന്നി.

 

അടുക്കളയിൽ നോക്കിയപ്പോൾ ഒരു കലത്തിൽ കുറച്ച് ചോറ് വെള്ളമൊഴിച്ചു വച്ചിരിക്കുന്നു. ഇന്ന് പഴങ്കഞ്ഞി ആക്കിയാലോ. മതി അത് തന്നെ. മനസ്സിൽ ഉറപ്പിച്ചു. ഒരു സ്റ്റീൽ പാത്രം എടുത്ത് ആ  വെള്ളത്തോടെ അതിലേക്ക്  പകർന്നു. ഫ്രിഡ്ജ് തുറന്നപ്പോൾ, അതിലുണ്ട് നല്ല നാടൻ തൈരും  രണ്ടു ദിവസം പഴക്കമുള്ള രസവും മാങ്ങാ അച്ചാറും. അതും നല്ല എരിവുള്ള അടിപൊളി  മാങ്ങാ അച്ചാർ.  ഒരു കരണ്ടി എടുത്ത് രണ്ടുമൂന്നു കരണ്ടി നല്ല തണുത്ത തൈരും  രസവും പിന്നെ കുറച്ചു അച്ചാറും ചേർത്തു ഒന്ന് ഇളക്കി. യ്യോ ! ഉപ്പു ഒഴിച്ചില്ലല്ലോ .... കുറച്ചു ഉപ്പ് വെള്ളത്തിൽ കലക്കിയത്... അതും ഒഴിച്ചു... ഹാഹാ സൂപ്പർ....

 

തൊട്ടുകൂട്ടാൻ എന്തേലും കിട്ടിയാലോ ...ഒന്നൂടെ ഫ്രിഡ്ജിൽ പരതിയപ്പോൾ അതാ ഇരിക്കുന്നു തലേദിവസം  നീളൻ പയർകൊണ്ടുണ്ടാക്കിയ ഉപ്പേരി .... ബാക്കിയായത്‌ അവിടെ വച്ചിരുന്നതാകും.   അതും എടുത്ത് കുഴച്ചുവച്ച പഴങ്കഞ്ഞി പാത്രത്തിലേക്ക് തട്ടി.... ഒരിളക്ക്.... 

 

വേറൊരു പാത്രത്തിൽ ഇച്ചിരി....ഇച്ചിരിയെ ഉള്ളൂ.... വെള്ള ചമ്മന്തി. രണ്ടു ദിവസം മുൻപ് രാവിലെ അപ്പം തിന്നപ്പോൾ  ഇത് തിന്നതോർമ്മവന്നു,  കന്താരി മുളകും തേങ്ങയും ഉപ്പും മാത്രം ചേർത്തരച്ച ചമ്മന്തി... അതിന്റെ ബാക്കിയാവണം. (ഫ്രിഡ്ജ് ഒരു സംഭവം തന്നെ അല്ലെ .... )  ആ വെള്ള ചമ്മന്തി. അതെടുത്തു സൈഡിൽ വച്ചു. തൊട്ടുകൂട്ടാൻ അതുമതി...

 

എല്ലാംകൂടിയായപ്പോൾ പാത്രത്തിൽ കൂടിപ്പോയോ എന്നൊരു സന്ദേഹം... ഹോ വരണെടുത്ത് വച്ചു കാണാം എന്ന മട്ടിൽ എല്ലാം കൂടിചേർത്തു ഒന്നൂടെ ഇളക്കി....ഉപ്പു കൂടിപ്പോയോ ? ഇല്ല പാകത്തിന് ....കൊള്ളാം ....

പഴങ്കഞ്ഞി ഇളക്കിയ കൈ ഒന്ന് നക്കിനോക്കി.  ഹാ നല്ല രുചി.. എല്ലാം പാകത്തിന്….(ഏതൊരു സാധനവും നമ്മൾ സ്വയം ഉണ്ടാക്കിക്കഴിച്ചാൽ അതൊരു വല്ലാത്ത രുചിയായിരിയ്ക്കും) ഇച്ചിരി പഴയ ചക്കക്കറി കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, എന്നാലും  വേണ്ടില്ല .... 

 

കോരിക്കുടിക്കുമ്പോൾ ഇടക്ക് വിരലിലൂടെയും കയ്യിലൂടെയും ഒലിച്ചിറങ്ങും തൈരും രസവും അച്ചാറും ചേർന്ന ഒരു മിക്സ് ..... അതിങ്ങനെ നക്കിക്കുടിക്കുമ്പോൾ എന്റമ്മോ ഒരു രക്ഷയുമില്ല ....

 

ഒരുപാട് ഉണ്ടാരുന്നെങ്കിലും  നല്ല വിശപ്പും മയക്കുന്ന രുചിയുമായപ്പോൾ തീർന്നത് അറിഞ്ഞില്ല..... അതിലുണ്ടായിരുന്ന ചോറൊക്കെ തീർന്നു അവസാനിക്കാനായപ്പോൾ കുറച്ചു വെള്ളം ബാക്കിയായി  .... പാത്രത്തോട് എടുത്ത്ചരിച്ചു മടമടാന്നു ഒരു കുടികൂടിയായപ്പോൾ ..... ഹോ മതി..... തൃപ്തിയായി… 

 

കോഴിക്കോട്ടെ സാഗർ ഹോട്ടലിലെ ബിരിയാണിയോ  പങ്കായത്തിലെ ഊണോ സംസത്തിലെ ഷാവായിയോ  ഇതിന്റെ നാലയലത്ത്  എത്തില്ല.... എന്റമ്മോ പൊളപ്പൻ ..... ഒറ്റക്കിരിക്കാൻ കാരണക്കാരനായ കൊറോണക്കാണോ? നല്ല രുചിയിൽ ചമ്മന്തിയും രസവും ഒക്കെ വച്ചിട്ട് പോയ ഭാര്യക്കാണോ?

ഇതെല്ലാം തന്ന ദൈവത്തിനാണോ?

 

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ! 

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു !  

 

English Summary :  Coronakkalathe Pazhankanji Story By Dr.shanil  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com