ADVERTISEMENT

എന്റെ വിഷുക്കണ്ണൻ (കഥ)

പുലർച്ചയ്ക്കു പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഇന്ന് വിഷുവാണ്. തലയിൽ നിന്നും പുതപ്പു മാറ്റി കിടന്ന കിടപ്പിൽ മുകളിലേയ്ക്കു നോക്കി. സീറോ ബൾബ് വെട്ടത്തിൽ ഭിത്തിയിൽ കർത്താവ്. നല്ലൊരു ദിവസമല്ലേ. ഇന്നിത്തിരി ചിരി ഒക്കെ ആവാമായിരുന്നു മുഖത്ത്. അമ്മ എഴുന്നേറ്റിട്ടുണ്ട്.  അടുക്കളയിൽ തട്ടലും മുട്ടലുമൊക്കെ കേൾക്കാം. അടുക്കള വാതിൽക്കൽ നിന്നും പുറത്തേയ്ക്കു നോക്കി. മതിലിനപ്പുറം സന്തോഷും ശ്യാമള ചേച്ചിയും മിനിയുമൊക്കെ കൂടി നിന്ന് കമ്പിത്തിരി വട്ടത്തിൽ ചുഴറ്റുന്നു.

 

 

സന്തോഷ് പൂത്തിരി കൊണ്ട് മത്താപ്പ് കത്തിക്കുന്നു. ഒരു ചീറ്റലോടെ പൊട്ടിച്ചിരിക്കുന്ന മത്താപ്പ് പുളി മരത്തിന്റെ ചാഞ്ഞ കൊമ്പിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ. ശ്ശോ! ഈ അപ്പനോട് എത്ര ചോദിച്ചതാ ഇത്തിരി പടക്കം വാങ്ങാമോ എന്ന്. എങ്കിൽ മതിലിന്റെ അപ്പുറത്തേയ്ക്കും  ഇപ്പുറത്തേയ്ക്കും പടക്കം പൊട്ടിച്ചെറിഞ്ഞു കളിക്കാമായിരുന്നു. ങ്ങും! ഇനി പടക്കം പൊട്ടിക്കാഞ്ഞിട്ടാണ്.

 

 

വാതിൽക്കൽ വഴി മൊടക്കിയായി നിൽക്കാതെ മുറ്റമടിക്കു കൊച്ചേ. അമ്മ പറഞ്ഞു. അത് കേൾക്കാത്ത മട്ടിൽ ചോദിച്ചു ‘ഇന്ന് ഗോതമ്പ് പായസമുണ്ടാക്കാമോ’ രാവിലെ തൊടങ്ങി. ഈസ്റ്ററിനു വച്ചതിന്റെ പാത്രം കഴുകി കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഇനി പായസം വെപ്പ്... അല്ല ഇത് മാത്രമാണോ ഇപ്പോഴും ചിന്ത? ഇന്ന് വിഷുവല്ലേ എല്ലാരും സദ്യേം പായസവുമുണ്ടാക്കും.സദ്യ വേണ്ട ... പായസം ? വിഷു , പള്ളിപെരുന്നാള്, ഓണം , ഉത്സവം എന്നൊക്കെ പറഞ്ഞു എല്ലാം വന്നോളും. പണിയെടുക്കാൻ ഞാൻ ഒരാള് ... കമിഴ്ന്നു കെടക്കണ പ്ലാവില ഒന്ന് മലത്തിയിടാൻ ഒരു മനുഷ്യനുമില്ല ഈ വീട്ടില്. കഞ്ഞിക്കലത്തിനു കീഴെ കത്തിതീരാറായ വിറകു കൊള്ളി അടുപ്പിലേക്ക് ഉന്തി വച്ച് അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു. പ്ലാവില കമിഴ്ന്നു കിടന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കാൻ തുടങ്ങിയതാണ്.പിന്നെ വിഴുങ്ങി. എന്തിനാണ് രാവിലെ തന്നെ തല്ലു എരന്നു വാങ്ങുന്നത്.

 

 

മുറ്റം ചുറ്റി നടന്നു പല്ലു തേക്കുന്നതിനിടയിൽ നോക്കി. കൊന്ന നിറയെ പൂക്കളാണ്. ഇലയും കൊമ്പുമൊന്നും കാണാനാവാത്ത വിധം. ആട്ടിൻ കുഞ്ഞുങ്ങളെയും കൊണ്ട് പാടത്തേക്കു പോയപ്പോൾ കക്കാട് കൃഷ്‍ണന്റെ അമ്പലത്തിനു മുന്നിൽ നിന്ന കൂട്ടുകാരെ കാണാത്ത മട്ടിൽ നടന്നു. ഇടം കണ്ണിട്ടു നോക്കിയപ്പോൾ കണ്ടു എല്ലാം രാവിലെ കുളിച്ചു ഒരുങ്ങി ചന്ദനം തൊട്ടു പട്ടു പാവാടയും ബ്ലൗസുമൊക്കെ ഇട്ടാണ് നിൽപ്പ്. അമ്പിളിയും രമയും ശാന്തിയും ദീപയുമൊക്കെയുണ്ട്. എനിക്കല്ലെങ്കിലും ഈ പട്ടു പാവാടയിട്ടു നടക്കുന്ന പെൺപിള്ളേരെ തീരെ ഇഷ്ടമല്ല. സ്കൂൾ തുറന്നപ്പോ യൂണിഫോമിന് തുണി എടുക്കാൻ പോയപ്പോൾ അമ്മയോട് കുറെ കെഞ്ചിയതാണ്. പച്ച ബ്ലൗസും , സ്വർണ പൊട്ടുള്ള ഓറഞ്ചു പാവാടയും ഇട്ട ബൊമ്മയെ കാണിച്ച്.

 

 

സ്കൂളിൽ എല്ലാ ദിവസവും യൂണിഫോമാണ്. പിന്നെ പോകുന്നത് പള്ളിയിൽ. അമ്പലക്കുളം കഴിഞ്ഞു മനക്കകാരുടെ വഴിയിലൂടെ പാടത്തേക്കു നടന്നപ്പോൾ പിന്നിൽ കൂക്കി വിളി കേട്ടു. ഇന്നിപ്പോ ഇഷ്ടക്കാരൊക്കെ വന്നിട്ടുണ്ടല്ലോ. എന്നെ എന്തിനാണ് വിളിക്കുന്നത്. തിരിഞ്ഞു നോക്കിയില്ല. അധിക നേരം പാട വരമ്പത്തു കുത്തി മറിഞ്ഞു നടക്കാതെ വേഗം വീട്ടിൽ പോന്നു. മതിലിനപ്പുറത്തു ഏതൊക്കെയോ വീടുകളിൽ പായസം വേവുന്നുണ്ട്. പല കറികളുടെയും മണവുമായി കാറ്റു ഞാൻ പോകുന്നിടത്തൊക്കെ എന്നെ നോക്കി വരുന്നു.

 

 

ഇടയ്ക്കു ലീല ചേച്ചി വിളിച്ചു പറഞ്ഞു.  ഉച്ചയ്ക്ക് ഉണ്ണാന് വരാണോട്ടോ. വരാം എന്ന് പറയുന്നതിന് മുൻപ് അമ്മ വിളിച്ചു പറയുന്നു ‘അതേയ് ഞങ്ങള് ഉച്ചയ്ക്ക് മാമലയ്ക്കു പോകുവാ’ അതുകഴിഞ്ഞു എന്നെ ഒരു നോട്ടം. ഓസിനു സദ്യ ഉണ്ട് നടക്കാൻ നാണമില്ലേ എന്ന ചോദിക്കുന്നത് പോലെ. അകത്തിരുന്നിട്ടു ഒരു സുഖമില്ല. കുറച്ചു നേരം ഊഞ്ഞാലിൽ കേറി ഇരുന്നാടി. താഴെയുള്ള ചെമ്മണ്ണിന്റെ കല്ലിൽ കാലു കൊണ്ട് ഊന്നി ഊന്നി ഉയരത്തിൽ കാലുകൾ മാവിൻ കൊമ്പിൽ മുട്ടിയ്ക്കാൻ പറ്റുമോ എന്ന് നോക്കി. പിന്നെ അതിൽ നിന്നിറങ്ങി എന്റെ കളിവീടിനു മുന്നിലെ മണ്ണിൽ വിരിച്ച ചാക്കിൽ ഇരുന്നു. അങ്ങിങ്ങായി കുറച്ചു ചിരട്ടകൾ , ചെറിയ കല്ലുകൾ .. പിന്നെ സമയം കളഞ്ഞില്ല , മൂന്നാലു കല്ലുകൾ കൂട്ടി വച്ച് രണ്ടു മൂന്ന് അടുപ്പുകൾ ഉണ്ടാക്കി. ചൂട്ടിനു മുകളിൽ ചിരട്ടയിൽ വെള്ളത്തിൽ പല തരം ഇലകൾ നുറുക്കി ഇട്ടു.

 

 

വെള്ളയ്ക്ക കുരു കുരെ അരിഞ്ഞു പായസവും അടുപ്പത്തു വച്ചു. കുറച്ചു നേരത്തേയ്ക്ക് ആകെ ബഹളം.  മിണ്ടാനും പറയാനും നേരമില്ല. ഉച്ചയ്ക്ക് മുൻപ് എല്ലാം ഉണ്ടാക്കി തീർക്കണ്ടേ. വാഴയില തുണ്ടിൽ ചോറും കറികളും നിരത്തി. വെള്ളയ്ക്ക പായസം പാത്രത്തിൽ തന്നെ അടുത്ത് വച്ചു. ഉണ്ടിട്ടാവാം പായസം.

 

എനിക്ക് ഇലയില്ലേ ?

 

ഓ വന്നോ? ഞാൻ ഓർത്തു ഇന്ന് പട്ടു പാവാടകളുടെ കൂടി ആയിരിക്കും കളി എന്ന്. വേണമെങ്കിൽ ഇല അടർത്തി കൊണ്ട് വാ.

 

ഇലയുമായി അടുത്ത് വന്നിരുന്നു അവൻ ചിരിച്ചു.

 

ഈ ചിരിയാണ് സഹിക്കാൻ വയ്യാത്തത്. ആളെ മയക്കുന്ന ഒരു ചിരി.

 

ഞാൻ ചോറ് വിളമ്പി. സാമ്പാറും അവിയലും , ഇഞ്ചിക്കറിയും  ഉപ്പേരിയും ഒക്കെയുണ്ട്. ഇതെന്താ വെള്ളം പോലത്തെ സാമ്പാറ് ? ഒഴിച്ചപ്പോൾ ഇലയിൽ നിന്നും ഒഴുകി പോകുന്നു. അവൻ പറഞ്ഞു. ആ വേണമെകിൽ തിന്നാൽ മതി ... എനിക്ക് പിന്നെയും ദേഷ്യം വന്നു.

 

എന്നാലും നല്ല രുചിയുണ്ട്. അവൻ ചോറും കറികളും ഉരുട്ടി ഉണ്ടു. വെള്ളയ്ക്ക പായസം വിളമ്പുന്നതിനു മുൻപ് അവൻ കൊണ്ട് വന്ന പായസം ഒഴിച്ച് തന്നു. ആഹാ എന്താ മധുരം. ശർക്കരപ്പാവിൽ കുറുകിയ ഗോതമ്പ് പായസം. കശുവണ്ടിയും മുന്തിരിയുമൊക്കെ കുഴഞ്ഞ് ഇതെത്ര കഴിച്ചാലും മതിയാവില്ല.

 

 

ഞങ്ങൾ രണ്ടു പേരും കൂടെ പാത്രം കാലിയാക്കി. പിന്നെ കൈവിരലുകൾ നക്കി. ഇനിയിപ്പോ കൈ കഴുകിയില്ലേലും കുഴപ്പമൊന്നുമില്ല. പായസം വീണു അവന്റെ ഉടുപ്പ് ആകെ നാശമായി. മഞ്ഞ പട്ടുടുപ്പു .. എന്റെ പിന്നെ കരിമ്പനടിച്ച പെറ്റിക്കോട്ടാണ്. ചിരട്ടയിൽ വെള്ളം എടുത്തു ഉടുപ്പിലൊഴിച്ചപ്പോൾ നിറം പരത്തി കറ കൂടുതൽ തെളിഞ്ഞു വന്നു. അത് സാരമില്ല. വാ നമുക്ക് കളിക്കാം.

 

 

കുറച്ചു നേരം കല്ല് കളിച്ചു. പിന്നെ ചൂലിൽ നിന്നും രണ്ടു ഈർക്കിലി എടുത്തു ചെറുതായി ഒടിച്ചു നുറുക്കി. ചാക്കിനു മുകളിൽ ഇട്ടു. കൂടിപ്പിടിച്ചു കിടക്കുന്ന ഈർക്കിലി കുട്ടന്മാർ അനക്കാതെ ഓരോന്നായി എടുക്കണം. നോക്കി നിന്നില്ലേൽ അവൻ കള്ളത്തരം കാണിക്കും. പറ്റിക്കാൻ മിടുക്കനാണ്. മടുത്തപ്പോൾ പിന്നെ ഒളിച്ചു കളിച്ചു. ഇടയ്ക്കു കുറെ പ്രാവശ്യം അമ്മ ഉണ്ണാൻ വിളിച്ചു. പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റീൽ ഗ്ലാസിൽ പായസവുമായി വന്നിട്ട് പറയുവാണ്.

 

‘ദേ പായസം. ലീലച്ചേച്ചി തൂക്കു പാത്രത്തിൽ കൊണ്ട് വന്നതാണ്. ഇനി ഗോതമ്പ് പായസം കിട്ടാത്തത് കൊണ്ട് ഉണ്ണാതിരിക്കണ്ട. ഓ എനിക്ക് വേണ്ട. ഞാൻ പായസം കുടിച്ചു. അതും പറഞ്ഞു ഞാൻ പിന്നെയും പുറകു വശത്തെ കൊന്ന മരച്ചോട്ടിലേയ്ക്ക് ഓടിപ്പോയി. ഇത്തവണ അവൻ അതിന്റെ കൊമ്പിലായിരിക്കും ഒളിച്ചിരിക്കുന്നത്. കള്ളൻ. ഞാൻ കണ്ടു പിടിക്കില്ലെന്ന് കരുതി.

 

English Summary : Ente Vishukkannan Story By Seema stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com