നിലക്കണ്ണാടി (കവിത)
എല്ലാവരും എന്നെ നോക്കാറുണ്ട്.
എന്നെത്തന്നെ നോക്കിനിൽക്കാറുണ്ട്.
എന്നെ നോക്കി ചിരിക്കാറുണ്ട്.
മുഖം മിനുക്കാറുണ്ട്.
ചിലപ്പോഴൊക്കെ,
ആർത്തലച്ചു കരയാറുണ്ട്.
തിരിച്ചൊരു നോട്ടമല്ലാതെ
എന്താണ് എനിക്ക്
നൽകാൻ പറ്റുക!
എല്ലാവരും എന്നെ നോക്കാറുണ്ട്.
എന്നെത്തന്നെ നോക്കിനിൽക്കാറുണ്ട്.
എന്നെക്കാണാനല്ല;
എന്നിൽത്തെളിയുന്ന
അവരെത്തന്നെ കാണാൻ.
അവനവനിലേക്ക്
നോക്കാനറിയാത്തവർക്ക്
അവരെന്താണെന്ന്
കാണിച്ചുകൊടുത്ത്
ഒന്നും മിണ്ടാതെ
ഒരു കാഴ്ചക്കാരി മാത്രമായി
ഞാനിങ്ങനെ...
എല്ലാവരും എന്നെ നോക്കാറുണ്ട്.
എന്നെത്തന്നെ നോക്കിനിൽക്കാറുണ്ട്.
പക്ഷേ,
ആരും എന്നെ അടുപ്പിക്കാറില്ല;
ചേർത്തൊന്നു നിർത്താറുപോലുമില്ല.
പൊടി പിടിച്ച്, പൊടി പിടിച്ച്
മുഖങ്ങൾ മങ്ങുമ്പോൾ മാത്രം
എങ്ങാനും ഒന്ന് തൊട്ടാലായി.
അവനവൻറെ മുഖം
എന്നും
തെളിഞ്ഞുതന്നെയിരിക്കണമല്ലോ...
എല്ലാവരും എന്നെ നോക്കാറുണ്ട്.
എന്നെത്തന്നെ നോക്കിനിൽക്കാറുണ്ട്.
പക്ഷേ,
ആരും എന്നെ കണ്ടിട്ടേയില്ല.
ഞാനും എന്നെ കണ്ടിട്ടേയില്ലല്ലോ!
അല്ലല്ല; അങ്ങനെയല്ല.
എനിക്കെതിരെ നിൽക്കുന്ന
കണ്ണിണകളിൽ
കണ്ടിട്ടുണ്ട്, ഞാൻ എന്നെ;
നീണ്ടുനേർത്തൊരു
പാട പോലെ...
English Summary : Nilakkannadi Poem By Dr. Elza Neelima Mathew