ADVERTISEMENT

വേരറുക്കപ്പെടുന്നവർ (കഥ)

‘‘ മുന്നേ കൊണ്ടുപോയവരുടെ അടുത്തേക്കു തന്നെയാണ് നമ്മളേയും കൊണ്ടുപോകുന്നത്’’ ആരോ പിറുപിറുത്തു. അത് എല്ലാവരിലും ആശ്വാസമുണ്ടാക്കി. നൂറ്റമ്പതോളം കുടിലുകളിലായി അഞ്ഞൂറോളം വരുന്ന അംഗസംഖ്യയെ സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എന്ന രീതിയിൽ മുന്നായി തിരിച്ച് മാറ്റിനിർത്തി വലിയ കണ്ടെയ്നർ വാഹനങ്ങളിൽ തിക്കിനിറച്ച് കൊണ്ടുപോയിക്കൊണ്ടിരുന്നു. 

 

 

നിറവയറുമായി വിമ്മിഷ്ടപ്പെട്ടു നിന്നിരുന്ന പത്മം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിനിന്നു. അവൾ അവളുടെ സഹചാരിയായ മുനിയാണ്ടിയുടെ അടുത്തേയ്ക്ക് ചേർന്നു നിന്നു. പലവട്ടം പത്മത്തെ സ്ത്രീകളുടെ കൂടെ വണ്ടിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അവരതിനു സഹകരിച്ചില്ല. അവിടെ ഒരു പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതിയാവാം ഉദ്യോഗസ്ഥരും അവരുടെ താൽപര്യത്തിന് എതിർപ്പു പറഞ്ഞില്ല. ഒാരോ വണ്ടികളിലും നിറയെ ആളുകളെ കയറ്റി പോകുമ്പോഴെല്ലാം അവർ അതിലൊന്നും കയറാതെ മാറി മാറി നിന്നു.

 

 

‘‘നമുക്ക് അവസാനവണ്ടിയിൽ കയറാം’’ അതിലാകുമ്പം ഇത്രയും തിരിക്കുകാണില്ല. പത്മത്തിന്റെ നിറവയറി ൽ തടവി മുനിയാണ്ടി പറഞ്ഞു. പത്മം മുനിയാണ്ടിയെ ചേർന്നു നിന്ന് പുതിയ പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. എല്ലാവരേയും കാത്ത് പുതിയ വീട് മുന്നിൽ നിവർന്നുനിന്നു. പഴയ കീറത്തുണി മറച്ച കുടിലുകൾക്ക് പകരം നല്ല കൂറ്റൻ ബംഗ്ലാവ്. അതിൽ കുറേ നിലകൾ. ഒാരോ നിലകളിലും കുറേ വീടുകൾ. ചുറ്റിലും വൻമതിലുകൾ. 

 

 

‘‘കുട്ടികൾക്ക് ഒാടിക്കളിക്കാൻ സ്ഥലം ഉണ്ടായിരുന്നാൽ മതിയായിരുന്നു’’

 

പത്മം മുനിയാണ്ടിയോട് അടക്കം പറഞ്ഞു. 

 

‘‘നീയൊന്നു മിണ്ടാതിരിക്ക്. അവിടെ ചെല്ലട്ടേ എന്താണെന്ന് അപ്പോളല്ലേ അറിയുള്ളൂ’’ മുനിയാണ്ടി ആകാംക്ഷയോടെ പറഞ്ഞു. പത്മം അപ്പോഴും ദിവാസ്വപ്നത്തിലായിരുന്നു. ഏതോ വിദേശരാഷ്ട്രത്തലവൻ നമ്മുടെ നാടുകാണാൻ വരുന്നു. അദ്ദേഹത്തിന് റോഡുവഴി തന്നെ സഞ്ചരിച്ച് കാഴ്ചകൾ കാണണം. എയർപോർട്ടിൽ നിന്നും നഗരത്തിലേക്കുള്ള പ്രധാനപാതയ്ക്കിരുവശത്തുമായി നൂറ്റമ്പതോളം കുടിലുകൾ ഭരണാധികാരികൾക്ക് ജാള്യത തീർത്ത് പരന്നു കിടന്നു. 

 

 

ഒാർക്കുമ്പോൾതന്നെ അവർക്ക് അസഹ്യമായ നാറ്റമടിച്ചു. അതിനാൽ എല്ലാ കുടിലുകളും ബുൾഡോസർ കൊണ്ടുവന്ന് അവർ നിരത്തി. വീട്ടുസാമഗ്രികൾ പോലും എടുക്കാൻ അധികാരികൾ സമ്മതിച്ചില്ല. നിങ്ങൾ ക്കായി ഫ്ളാറ്റുകളും അതിൽ ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും വസ്ത്രങ്ങൾ സഹിതം അവിടെ ഒരുക്കി വെച്ചിരിക്കുകയാണെന്ന് ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥർ അവരോടു പറഞ്ഞ് ബോധ്യപ്പെടുത്തി. അവരെല്ലാം അതിൽ മതിമറന്ന് ചേരികൾ നശിപ്പിക്കുന്നവർക്കുള്ള സഹായികളായി മാറി. 

 

വേരറുക്കപ്പെടുന്നവർ (കഥ)

 

അമ്പതുപേർക്ക് കയറി നിൽക്കാവുന്ന നാലുപുറവും മൂടിക്കെട്ടിയ വലിയ കണ്ടെയ്നർ പോലുള്ള വാഹനത്തിൽ നൂറേളം പേരെ തിരുകികയറ്റി വാതിലടയ്ക്കുമ്പോൾ അതിൽ കയറാൻ ബാക്കിയായവർ വിമ്മിഷ്ടപ്പെട്ടുകൊണ്ട് ചോദിച്ചു.

 

‘‘അവർ ശ്വാസം കിട്ടാതെ ചത്തുപോകുമോ’’

 

‘‘ എസി പിടിപ്പിച്ച കണ്ടെയ്നറുകളാണ് എല്ലാം. ആരും ഭയപ്പെടേണ്ടതില്ല. അധികദൂരമൊന്നും സഞ്ചരിക്കാനി ല്ലല്ലോ. കൂടിയാൽ അര മണിക്കൂർ അതിനുമുന്നേ അവരവിടെയെത്തില്ലേ’’ അതെല്ലാവരിലും ആശ്വാസമു ണ്ടാക്കി. അവരുടെ ആശങ്കകൾ വെറുതെയായിരുന്നെന്നറിഞ്ഞ് ഉള്ളിൽ നിന്നും ഒരു മന്ദസ്മിതം വിടർന്നു. ഉദ്യോഗസ്ഥന്മാരും മനുഷ്യന്മാരല്ലേ. അവർക്കുമറിയില്ലേ സാധാരണക്കാരന്റെ പ്രയാസങ്ങൾ. അവർ ഉദ്യോഗസ്ഥരോട് കൂടുതൽ സഹകരിക്കാൻ തുടങ്ങി.

 

അവസാനത്തെ വണ്ടിയിൽ ആളുകൾ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതിൽ മുനിയാണ്ടിയും പത്മവും കയറി. ഇരുട്ടു നിറഞ്ഞ കണ്ടെയ്നറിനുള്ളിൽ ചൂട് അസഹ്യമായിരുന്നു. പിടിച്ചുനിൽക്കാൻ സൗകര്യങ്ങളൊന്നുമു ണ്ടായിരുന്നില്ല. അതിനാൽ അവർ താഴെ ചേർന്നിരുന്നു. അവർ ആലോചിച്ചു. മുന്നേ പോയ വണ്ടികളും ഇതുപോലെത്തന്നെയായിരുന്നോ. ഒാ, എങ്കിൽ അതിൽ കയറിപോയവരുടെ അവസ്ഥ എന്തായിക്കാണും. കൊല്ലാൻ കൊണ്ടുപോയതാണോ. അല്ലെങ്കിൽ അവിടേയ്ക്ക് എത്താൻ പറഞ്ഞാൽ പോരായിരുന്നോ.

 

 

അവസാനം വരെ കാത്തു നിന്നതിനാൽ തിരിക്കില്ലാത്ത വണ്ടിയിൽ കയറാനായി. നിറഞ്ഞ് നിന്ന പത്മത്തിന്റെ വയറിൽ മുനിയാണ്ടി ഒന്നു തടവി. ഉള്ളിൽ കിടന്ന് കാലുകൊണ്ട് ആരോ തൊഴിക്കുന്നതായി അയാൾ അറിഞ്ഞു. അവൾ മുനിയാണ്ടിയെ ചാരിയിരുന്നു. അടച്ചുപൂട്ടിയ കണ്ടെയ്നറിൽ വീർപ്പുമുട്ടി ശ്വാസമെടു ക്കാനാവാതെ അവൾ ആയാസപ്പെട്ടു. പേടിക്കേണ്ട, കുറച്ചുദൂരമല്ലേ പോകേണ്ടതുള്ളൂ. മുനിയാണ്ടി സമാധാനിപ്പിച്ചു.

 

 

ചേരി ഒഴിക്കാനെത്തിയവർ ആദ്യം തിരക്കിയത് രേഖകളായിരുന്നു. ആധാർ കാർഡ് കാണിച്ചുകൊടുത്തു. വോട്ടർ കാർഡ് എടുത്തുകൊടുത്തു. ഡ്രൈവിങ് പഠിച്ചവർ ഡ്രൈവിങ് ലൈസൻസ് കാണിച്ചുകൊടുത്തു. വിദേശത്ത് ജോലിയ്ക്കുപോകാൻ അവസരം കാത്തിരുന്നവർ പാസ്പോർട്ട് കാണിച്ചുകൊടുത്തു. അവർ ആവശ്യപ്പെട്ടത് മൂന്നു തലമുറകളായി ഇവിടെത്തന്നെയാണ് താമസം എന്നതിനുള്ള രേഖകളായിരുന്നു. അങ്ങനെയൊരു രേഖ ആരിലുമുണ്ടായിരുന്നില്ല. 

 

 

പിന്നെ അവർ ഒന്നും ആവശ്യപ്പെട്ടില്ല. ഹൈവേ വീതികൂട്ടുന്നതിനാൽ നിങ്ങൾ ഇവിടമൊഴിയണമെന്നവർ പറഞ്ഞു. എല്ലാവരും ആശങ്കപ്പെട്ടപ്പോൾ  അവർ ആശ്വാസവാക്കുകളുതിർത്തു. നിങ്ങൾക്കായി ഫ്ളാറ്റുകളുയർന്നുകഴിഞ്ഞിരിക്കുന്നു. നല്ല കോൺക്രീറ്റ് മന്ദിരങ്ങൾ. നിങ്ങൾക്കെല്ലാസൗകര്യങ്ങളും അവിടെയുണ്ട്. എല്ലാവരിലും അത് സന്തോഷമുണ്ടാക്കി.  എന്നാലും ഇത്രയും കാലം താമസിച്ച സ്ഥലം വിട്ടുപോകണമല്ലോയെന്ന ഒരു വിഷമം മാത്രം അവശേഷിച്ചു. 

 

 

ഇൗ കാലിച്ചന്തപോലുള്ള താമസസ്ഥലത്തിനുപകരം നല്ല കോൺക്രീറ്റ് മന്ദിരമാണല്ലോ ഒരുക്കിയിരിക്കു ന്നതെന്ന ചിന്ത ആനന്ദം നിറച്ചു. വരാനിരിക്കുന്ന നല്ല നാളുകളെയോർത്ത് അവർ സന്തോഷിച്ചു. മുനിയാണ്ടി ഒാർമ്മവെച്ചനാൾ മുതൽ ഇവിടെത്തന്നെയായിരുന്നു. അമ്മയുടെ പിന്നിയ മുണ്ടിൻത്തലപ്പുപിടിച്ച് വീടായ വീടെല്ലാം തെണ്ടിനടക്കും. കിട്ടുന്ന ഭിക്ഷകൊണ്ട് അന്നത്തെ ദിവസം കഴിച്ചുകൂട്ടും. രാത്രിയിൽ തുറന്ന ആകാശം നോക്കി പഴംതുണി വിരിച്ച് അതിൽ കിടക്കും. ഉറക്കം പിടിച്ചുവരുമ്പോഴേയ്ക്കും ബഹളം കേട്ട് ഞെട്ടിയുണരും. 

 

 

അന്നേരം അമ്മയുമായി ആരൊക്കെയോ മൽപിടുത്തം നടത്തുന്നതുകണ്ട് പകച്ചുനിൽക്കും. അവരുടെ ആവശ്യം കഴിഞ്ഞ് ചില്ലറയെന്തെങ്കിലും അമ്മയുടെ നേരെ വലിച്ചെറിഞ്ഞ് അവർ പോകും. അമ്മ എണീറ്റിരുന്ന് മിഴിതുടച്ച് ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞു കിടക്കും. 

 

 

ചേരിയിൽ ആർക്കും യാതൊരു സ്വാതന്ത്ര്യവുമില്ലായിരുന്നു. ചേരിയ്ക്ക് ഒരു തലവനുണ്ടായിരുന്നു. മാരിമുത്തു. അയാളാണ് എല്ലാം തീരുമാനിക്കുന്നത്. പുറമേ നിന്നുവരുന്നവർ അയാളുടെ സമ്മതം മാത്രം വാങ്ങിയാണ് എല്ലാ അരുതായ്മകളും നടത്തിയിരുന്നത്. മാരിമുത്തുവിന്റെ സമ്മതത്തോടെ വരുന്ന ആരേയും എതിർക്കാൻ ആർക്കും അവകാശമില്ലായിരുന്നു. അങ്ങനെ എതിർക്കുന്നവരെ ആ നിമിഷം ഇൗ ചേരിയിൽ നിന്നും മർദ്ദിച്ച് പുറത്താക്കുമായിരുന്നു. മാരിമുത്തുവാണ് പുതിയ പുതിയ താമസക്കാരെ ഇവിടേയ്ക്കുകൊണ്ടുവന്നിരുന്നതും ഇൗ ചേരിയെ ഇത്രയും സാന്ദ്രമാക്കിയതും. 

 

 

യാചിച്ചുകിട്ടുന്നതിന്റെ  പാതി മാരിമുത്തുവിനുള്ളതായിരുന്നു. കൊടുക്കാതെ ഒളിച്ചുവെക്കുന്നവരുടെ ദേഹപരിശോധന നടത്തി പിടിച്ചെടുക്കുക മാത്രമല്ല, മർദ്ദനവും അന്നത്തെ മുഴുവൻ സമ്പാദ്യവും അയാൾ പിടിച്ചുവാങ്ങുമായിരുന്നു. അതിനാൽ എല്ലാവരും എല്ലാം സഹിച്ച്, എല്ലാം പൊറുത്ത്, അനുസരണയോടെ അവിടെ കഴിച്ചുകൂട്ടി. രോഗം മൂർച്ചിച്ച് അമ്മ റോഡിൽ തളർന്നു വീണ് ജീവൻ വെടിഞ്ഞപ്പോൾ സഹായത്തിന് ആരും വന്നില്ല. അമ്മയുടെ ജഡത്തിനരുകിൽ കുറേ നേരം കരഞ്ഞിരുന്നത് ഇപ്പോഴുമോർമ്മയുണ്ട്. നഗരസഭക്കാർ വണ്ടിയുമായി വന്ന് ജഡം എടുത്തുകൊണ്ടുപോയി. എവിടേയ്ക്ക് കൊണ്ടുപോയെന്നോ, എന്താണ് ചെയ്തതെന്നോ തിരിച്ചറിയാനുള്ള പ്രായം അന്ന് തികഞ്ഞിട്ടില്ലായിരുന്നു. ചേരിയിലെ ആരോവന്ന് കൈപിടിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ടവനായി എവിടേയും പോകാനില്ലാതെ ചേരിയെത്തന്നെ അഭയം പ്രാപിച്ചു.

 

 

പത്മം എങ്ങനെയാണ് തന്റെ അടുത്തെത്തിപ്പെട്ടത്... അയാൾ ഒാർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ ഒാർമ്മകൾക്ക് തുളവീണുതുടങ്ങിയിരുന്നു. അതിലൂടെ എല്ലാം ചോർന്നുപോയികൊണ്ടിരിക്കുന്നത് അയാൾ പലപ്പോഴും വേദനയോടെ ഒാർക്കാറുണ്ട്. എങ്കിലും ചിലത് കൂടുതൽ തെളിമയാർന്നു നിൽക്കുന്നവയാണ്. അതിൽപെട്ടതാണ് പത്മവും. അമ്മയുടെ മരണത്തിനുശേഷം പുതിയതായി ചേരിയിലെത്തിയ നാണിയാണ് പത്മത്തെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. അവൾ കാഴ്ചയ്ക്ക് സുന്ദരിയായിരുന്നു. കണ്ടാൽ കൊച്ചുകുട്ടിയാണെന്നേ തോന്നു. അത്രമാത്രം വളർച്ചകുറവുണ്ടായിരുന്നു. ഒരു കണ്ണ് പൂർണ്ണമായും നശിച്ചുപോയതും മറ്റേത് ഭാഗികമായി കാഴ്ചയില്ലാത്തതുമായിരുന്നു. 

 

 

ഏതോ വലിയവീട്ടിലെ കുട്ടിയായിരുന്നെന്നാണ് നാണി പറഞ്ഞത്. അച്ഛനോടും അമ്മയോടുമൊപ്പം നഗരത്തിലേയ്ക്ക് വന്ന കുട്ടിയെ ആരോ തട്ടിയെടുത്തു. എന്നിട്ട് യാചകസംഘത്തലവന് വിറ്റു. അവർ കുട്ടിയുടെ കണ്ണുകളിലെ വെളിച്ചം കെടുത്തി ഭിക്ഷയ്ക്കുപോകുന്നവരോടൊപ്പം ചേർത്തു. പിന്നീട് നാണിയുടെ കൈകളിലേയ്ക്ക് എങ്ങനേയോ വന്നുപെട്ടു. 

 

 

രാത്രിയിൽ നഗരത്തിൽ നിന്നുമെത്തുന്ന ബാലപീഡകരുടെ പേക്കൂത്തുകൾക്ക് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ വിധേയരായിരുന്നു. എല്ലാം കഴിഞ്ഞ് അവർ തിരിച്ചുപോകുമ്പോൾ എറിഞ്ഞുതരുന്ന നാണയതുട്ടുകൾക്കാണ് എപ്പോഴും വില കൽപിച്ചിരുന്നത്. പത്മവും അതിൽ നിന്നും മുക്തമായിരുന്നില്ല. അവളെ വിട്ടുകൊടുക്കാതിരിക്കാൻ നാണിയ്ക്കു സാധിക്കുമായിരുന്നില്ല.  അവർ പറയുന്നതെല്ലാം ചെയ്യുക. അനുസരിക്കാതെ വരുമ്പോൾ സിഗററ്റുകുറ്റികൊണ്ട് കുത്തിപൊള്ളിച്ചും തല്ലിയും അവർ പ്രതികാരിയാവും. പിന്നെ അതെല്ലാം ശീലമായപ്പോൾ ഒരു യന്ത്രംകണക്കെ പറയുന്നതെല്ലാം ചെയ്തുകൊടുക്കാൻ തുടങ്ങി. അതിന്റയെല്ലാം വരുമാനം മാരിമുത്തുവിനുള്ളതായിരുന്നു. 

 

കക്ഷികൾ സംതൃപ്തരായാൽ വിധേയരാകുന്നവർക്കും എന്തെങ്കിലും കിട്ടും. ശരീരത്തിൽ യൗവ്വനത്തിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങിയതുമുതൽ പത്മത്തിന്മേലുള്ള മാരിമുത്തുവിന്റെ കച്ചവടത്തിന്റെ സ്വഭാവവും മാറി. പിന്നെ രാത്രികൾ സംഭവബഹുലങ്ങളായി. നാണിയ്ക്ക് കാവലിരിക്കാനേ കഴിയുമായിരുന്നുള്ളൂ. നാണിയും കാലം ചെയ്തതോടെ അവശയായ പത്മത്തിന് ആരും ആശ്രമില്ലാതായി. നഗരത്തിൽ നിന്നും രാത്രിയിൽ ചേക്കേറുന്നവർ പെയ്തൊഴിച്ച ബീജശേഖരങ്ങൾ നിറഞ്ഞുകവിഞ്ഞ് മുളപൊട്ടാൻ തുടങ്ങിയതോടെ പത്മം കൂടുതൽ അവശയായി മാറി. 

 

 

അത്തരത്തിലൊരു ഘട്ടത്തിലാണ് പത്മത്തിന്റെ സംരക്ഷണം താൻ ഏറ്റെടുത്തതെന്ന് മുനിയാണ്ടിയോർത്തു. തന്നേക്കാൾ ഇരുപതുവയസ്സിന്റെ ഇളപ്പമുണ്ടായിരുന്നു. അവൾക്കൊപ്പം ചേർന്നുനടക്കുമ്പോഴും കവിളിലും മുടിയിലും തഴുകി ആശ്വസിപ്പിക്കുമ്പോഴും മകളോടെന്നപ്പോലെ ഒരു വികാരമാണ് ഉണർന്നുവരാറ്. അതുകൊണ്ടുതന്നെ മറ്റുള്ളവർ തന്റെ പൊണ്ടാട്ടിയെന്ന് പരിഗണിച്ച് പെരുമാറുമ്പോഴും തനിക്ക് അവൾ അങ്ങനെയാണെന്ന് തോന്നിയീട്ടില്ല. 

 

 

ഇന്നവൾ കൂടുതൽ അവശയും പ്രസവത്തിനുള്ള സമയം അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചികിത്സിക്കുന്നതിനും പ്രസവസംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് തീമഴപോലെ കുടിയൊഴിക്കൽ വരുന്നത്. സുരക്ഷിതമായ ഒരു താവളത്തിലെത്തട്ടേ, എന്നീട്ടാകാം ഇനി ചികിത്സയെക്കുറിച്ചുചിന്തിക്കാൻ. മുനിയാണ്ടി മനസ്സിൽ ചില കണക്കുകൾ കൂട്ടി.  പെട്ടെന്ന് വണ്ടിയൊന്ന് തേങ്ങി. പത്മത്തിന് വയറ്റിനുള്ളിൽ ലാവാപ്രവാഹമുണ്ടായി. 

 

 

സഡൻ ബ്രേക്കിട്ട  വണ്ടിയുടെ കൂറ്റൻ വാതിലുകൾ മലർക്കെ തുറന്നു. എല്ലാവരും സമാധാനിച്ചു. സ്ഥലമെത്തിയിരിക്കുന്നു. ആ ധാരണകളെ കാറ്റിൽ പറത്തി അവിടെ നിന്നും കുറേ ആളുകളെ കൂടി കുത്തി കയറ്റി. ഇപ്പോൾ ശരിക്കും വീർപ്പുമുട്ടാൻ തുടങ്ങി. ഇൗശ്വരാ, ഇതിനുള്ളിൽ നിന്നും എപ്പോഴാണ് പുറത്തുകടക്കാനാവുക. ഒാരോരുത്തരും ആ നിമിഷത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അടുത്തു വന്നു നിന്ന ആളെ മുനിയാണ്ടിയ്ക്ക് നല്ല പരിചയമായിരുന്നു. അയാൾ മങ്ങിയ പ്രകാശത്തിൽ അയാളെ സൂക്ഷിച്ചുനോക്കി. മമ്മദ്ക്ക. 

 

 

‘‘എന്താ മമ്മദ്ക്ക ഇതിൽ’’

 

സംശയനിവർത്തിക്കായി മുനിയാണ്ടി ചോദിച്ചു. മമ്മദിക്ക മറുപടി പറയാതെ നിന്ന് പൊട്ടിക്കരഞ്ഞു. മുനിയാണ്ടിക്ക് അപകടം മണക്കാൻ തുടങ്ങി. 

 

‘‘മ്മദിക്കാന്റെ വീടും വീട്ടുകാരും’’

 

‘‘എല്ലാം അവര് പിടിച്ചെടുത്തു. പെണ്ണിനേം കുട്ട്യോളേം ഒാരോരോ വണ്ടികളിലാക്കി കയറ്റി കൊണ്ടുപോയി’’

 

‘‘എന്തിന്’’

 

‘‘നമ്മളൊന്നും ഇവിടത്തെ പൗരന്മാരല്ലാന്ന്. തെളിയീക്കാൻ മതിയായ രേഖകളില്ലാന്ന്’’

 

‘‘ഇപ്പോ, എവിടേയ്ക്കാ കൊണ്ടുപോണേ’’

 

‘‘ആ അറിയില്ല. ഏതോ ക്യാമ്പിലേക്കാന്നാ കേട്ടത്’’

 

‘‘ ക്യേമ്പിലേയ്ക്ക്യോ’’

 

മുനിയാണ്ടിയുടെ ശരീരം വിറയാൻ തുടങ്ങി. താഴെ മുനിയാണ്ടിയുടെ കാലിൽ നനവ് അരിച്ചുവന്നു. പത്മ ഉരിയാടാനാകാതെ മന്ത്രണം ചെയ്തു.

 

‘‘എനിക്കു വല്ലാതാവ്ണൂ’’

 

അടിവയർ പിളർന്ന് രക്തമൊഴുകാൻ തുടങ്ങി. അപകടം മണത്ത് മുനിയാണ്ടി കൂക്കിവിളിച്ച് വണ്ടിനിർത്തി ക്കാൻ ശ്രമം നടത്തി. അതൊരു പാഴ്ശ്രമമായിരുന്നു. പത്മം കുടിനീരിനായി വായ് പിളർന്നു. ഒരിറ്റുനീർ പോലും നൽകാനായില്ല. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ പത്മയുടെ വയറൊഴിയുകയും അബോധാ വസ്ഥയിലേയ്ക്ക് വഴുതിവീഴുകയും ചെയ്തു. അലറിവിളിച്ച് അലറിവിളിച്ച് മുനിയാണ്ടിയുടെ ശബ്ദവും ആഴ്ന്നുപോയിരുന്നു. മാഞ്ഞുപോയിരുന്നു. വണ്ടി മുന്നോട്ട് കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. കൂട്ടത്തിൽ ആരോ പിറുപിറുത്തു. 

 

‘‘ അതെ, മുന്നേ കൊണ്ടുപോയവരുടെ അടുത്തേയ്ക്കു തന്നെയാണ് നമ്മളേയും കൊണ്ടുപോകുന്നത്’’

 

English Summary : Verarukkappedunnavar Story By Krishnankutty P R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com