sections
MORE

സ്വര്‍ണ്ണവെള്ളരി, പിന്നെ ദീപവും വച്ചിട്ടു പുടവയാല്‍ മാറ്റ് ഞൊറിഞ്ഞൊരുക്കീ

ഡോ. സുകുമാര്‍
SHARE

വിഷുക്കണിയൊരുക്കം (കവിത)

വിഷുക്കണിയൊരുക്കാനിരിക്കുന്നു ഞാന്‍

വീണ്ടുമൊരു വര്‍ഷം പിറക്കുന്നൂ

ഹര്‍ഷം പൊറാഞ്ഞാവുമീക്കണിക്കൊന്നകള്‍

സ്വര്‍ണ്ണക്കസവു ചാര്‍ത്തുന്നൂ

കൊന്നകള്‍ പൂത്തുള്ള പൊന്നുപൂക്കള്‍

കണ്ണന്നു കണിയായുലാവിനിന്നൂ

കാലമേ കാത്തുകൊള്‍കെന്നുമേന്നേയെന്നു

കൈകൂപ്പി മൗനം ജപിച്ചു നിന്നൂ

സ്വര്‍ണ്ണവെള്ളരി, പിന്നെ ദീപവും വച്ചിട്ടു

പുടവയാല്‍ മാറ്റ് ഞൊറിഞ്ഞൊരുക്കീ

പൊന്നിന്‍ തിളക്കമായ് നാണയത്തുട്ടുകള്‍

ഉരുളിയില്‍ പൂവോടു ചേര്‍ത്തു വച്ചൂ,

പട്ടില്‍ പൊതിഞ്ഞൊരാ പുണ്യഗ്രന്ഥം,

പിന്നെ ചന്ദനം, കുങ്കുമം, കണ്ണാടിയും

നല്ല നേന്ത്രപ്പഴം, ചക്കയും മാങ്ങയും

ധൂമവും കണ്ണന്നു മുന്നില്‍ വച്ചൂ

കണ്ണാടിയില്‍ കണ്ട മുഖമൊന്നു തെളിയുന്നു

ഉള്ളിലും തെളിയുന്നിതാത്മപ്രഭ

ഉള്ളില്‍ തിടംവെച്ചൊരാത്മസന്തുഷ്ടിയും

ശ്രദ്ധയോടൊപ്പമൊരുല്‍ക്കണ്ഠയും

ഞാനാര് ഞാനാര്? തേടുന്നു ഞാനെന്റെ

കാഴ്ചയില്‍ കാണുന്ന ദൃശ്യമേതോ

ഞാനാണ് കാണി, ഞാന്‍ കാണുന്നതോ കണി,

കാഴ്ചയായ് തുടരുന്ന കര്‍മ്മവും ഞാന്‍

കണ്ണിന്നു പിന്നിലെന്‍ കണ്ണായി നില്‍ക്കുന്ന

കണ്ണനും ഞാന്‍, കണ്ട കാഴ്ചയും ഞാന്‍

കാഴ്ചകള്‍ പലതാണ് ഏറെ, വെവ്വേറെയാം

കാഴ്ച്ചയ്ക്കുമുണ്മയാം ബോധവും ഞാന്‍.

ദൃക്കായി ദൃഷ്ടിയായ് തമ്മില്‍ വിവേകമായ്

തീക്കെടാ കനലെന്നില്‍ ആത്മസത്ത

മന്നിതില്‍, മനമിതില്‍, എന്തിലും ഏതിലും

നീ തന്നെ നിറയുന്നു സര്‍വ്വത്തിലും

നിന്നെയൊഴിഞ്ഞൊന്നുമില്ലാത്ത സന്ധിയില്‍

നീയെന്ന നിറവായി, കണിയായി ഞാന്‍

കണിക്കൊന്നപൂവിട്ട ആത്മപ്രഹര്‍ഷമായ്

എങ്ങും നിറയുന്നൊരുണര്‍വ്വായി ഞാൻ

English Summary : Vishukkaniyorukkam Poem By Dr. Sukumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;