ADVERTISEMENT

അടയാളങ്ങള്‍ (കഥ)

ഇരുപുറങ്ങളില്‍ നിന്നും തലനീട്ടി നില്‍ക്കുന്ന നെല്‍വയലേലകള്‍ക്കിടയിലൂടെ അവള്‍ നടന്നു. തൊട്ടു പുറകില്‍ ഒരു കൈ അകലത്തില്‍ അവനും. അവളെ തഴുകി വരുന്ന കാറ്റ്, കാലില്‍ കുലുങ്ങി ചിരിക്കുന്ന പാദസ്വരമണികളുടെ ശബ്ദത്തേയും വഹിച്ചുകൊണ്ടാണ് അവനിലേക്ക് അലിഞ്ഞു ചേര്‍ന്നത്. അവള്‍ നടക്കുന്നു. തൊട്ടു പുറകില്‍ അവളുടെ കാണാത്ത കാല്‍പാടുകള്‍ ചുംബിച്ച് ഒരു കൈ അകലത്തില്‍ അവനും നടക്കുന്നു. അവര്‍ക്കിടയില്‍ ഈ കൈ അകലം എവിടെ നിന്നു വന്നു!. ഇതുവരെ ഉണ്ടായിരുന്നിട്ടില്ലാത്ത അകലം. ഇപ്പോള്‍ ഇത് എവിടുന്നു വന്നു. ഒരു പക്ഷേ അത് ഒളിഞ്ഞു മറഞ്ഞ് ഇരിക്കുകയായിരുന്നിരിക്കണം. അവസ്ഥ വരുമ്പോള്‍ അവ പുറത്തേക്ക് തള്ളിവന്നതായിരിക്കണം.

 

ഉടന്‍ പൊട്ടി ഒഴുകാനെന്നവണ്ണം ആകാശത്തു കറുത്ത മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു.   കാറ്റിനു ധൃതി പിടിച്ചു തുടങ്ങിയിരിക്കുന്നു. മുന്‍കൂട്ടി കണ്ടതു പോലെ അവ   എന്തൊക്കയോ ചെയ്യുവാന്‍ വെമ്പി നില്‍ക്കുകയാ ണെന്ന് തോന്നും.  

 

ഒരു വഴിയോരത്തിന്റെ ഇരുപുറങ്ങളില്‍ നിന്നാണ് അവരുടെ കണ്ണുകള്‍ പരസ്പരം കണ്ടു മുട്ടിയത്. അവര്‍ക്കിടയില്‍ ആഘോഷത്തിന്റെ ആള്‍കൂട്ടം ഉണ്ടായിരുന്നു.   വ്യത്യസ്ത അടയാളക്കാര്‍ ഒരുമിച്ച്. ഒപ്പം നെറ്റിപട്ടം കെട്ടിയ ആനകള്‍, ചെണ്ട മേളങ്ങള്‍, ഉയര്‍ന്നുതാഴുന്ന വേലക്കുടകള്‍.  

 

മഴ കാത്തു നില്‍ക്കുന്ന നെല്‍കതിരുകള്‍ വരമ്പിലേക്കു നോക്കി തലയാട്ടുന്നു. ആ പാദസ്വരമണികള്‍ കുലുങ്ങി ചിരിക്കാന്‍ പാടുപെടുന്നു. അവള്‍ മുഖത്തു വരുത്താന്‍ ശ്രമിക്കുന്ന നേര്‍ത്ത ചിരിപോലെ. അവന്‍ ഒന്നിനും ശ്രമിക്കാതെ പുറകെ നടക്കുക മാത്രം.

 

കോളജ് ലൈബ്രറിയില്‍ മുഖത്തോടു മുഖം നോക്കി അവര്‍ സംസാരിച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ചു ജീവിക്കണം. നമ്മുടെ കുഞ്ഞിന് എന്ത് പേരിടും... മൗനം. തികച്ചും വ്യത്യസ്തമായ പേര്. അടയാളങ്ങള്‍ പിടിച്ചു വച്ചിട്ടില്ലാത്ത പേര്. എന്തിടും! വീണ്ടും മൗനം മാത്രം.

 

പെട്ടെന്ന് അവളോടൊപ്പം ആ പാദസ്വരമണികളും നിശ്ചലമായി. കൂടെ അവനും. അവള്‍ നോക്കുന്നിടത്ത് അവനും നോക്കി. പാടം അവസാനിക്കുന്നിടത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ആല്‍മരത്തിന്റെ ഇലകള്‍ പകുതിയും കൊഴിഞ്ഞിരിക്കുന്നു. ഇലകള്‍ നഷ്ട്‌പ്പെട്ട ഒരു കൊമ്പില്‍ രണ്ടിണക്കിളികള്‍ പരസ്പരം തൊട്ടുരുമ്മിയിരിക്കുന്നു. അവയ്ക്കിടയില്‍ അകലാന്‍ തക്കവണ്ണം അടയാളങ്ങളില്ല. ആകാശത്തില്‍ എവിടെ നിന്നോ വന്ന ഇടിയുടെ മുരള്‍ച്ചക്കൊപ്പം അവ ശബ്ദമുണ്ടാക്കി പറന്നുയര്‍ന്നു. കൂട്ടിലേയ്ക്കാവാം. മഴ വരുന്നുണ്ട്. കോരിചൊരിയുന്ന മഴയില്‍ തന്റെ കൂട്ടില്‍ ഒരുമിച്ച് ഒട്ടികിടന്നുറങ്ങുവാന്‍ അവര്‍ക്കും കൊതിയുണ്ടാകില്ലേ...  

 

പറന്നകലുന്ന ആ ഇണകളെ നോക്കി അവള്‍ ഒരുനിമിഷം ചിന്തിച്ചുകാണും. ‘അടുത്ത ജന്മത്തിലെങ്കിലും...’ അതുകാണുന്ന അവനും ചിന്തിച്ചുകാണും. ‘അടുത്ത ജന്മത്തിലെങ്കിലും...’ അവളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പത്മരാജന്‍ രചിച്ച പ്രണയകാവ്യംപോലെ ‘നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക’.  

 

വിടപറയാന്‍ സമയമായി. അവര്‍ പാടത്തേക്കിറങ്ങുന്ന ഒതുക്കുകള്‍ കയറി ആല്‍മരച്ചുവട്ടിലെത്തി.   ഇരുണ്ട മേല്‍കൂരയില്‍ നിന്നും മുരള്‍ച്ച വീണ്ടും. മുഖാമുഖം നോക്കി മൗനത്തിലൂടെ അവസാനത്തെ യാത്രമൊഴി.  

 

ഉതിര്‍ന്നു വീണ അവളുടെ കണ്ണുനീര്‍ത്തുള്ളിയോടൊപ്പം മഴയും കൂട്ടുചേര്‍ന്നു. അവന്റെ കലങ്ങിയ കണ്ണുകള്‍ മഴയില്‍ കുതിര്‍ന്നു. എങ്ങുനിന്നോ ചിറകു വിരിച്ചു വീശിവന്ന കാറ്റ് അവളുടെ തട്ടത്തെ വലിച്ചു മാറ്റി. അവന്റെ നെറ്റിയില്‍ പെയ്യുന്ന മഴത്തുള്ളികള്‍ ചന്ദനവരയെ തുടച്ചു മാറ്റി. അടയാളങ്ങള്‍ മാഞ്ഞു. അടയാളചിഹ്നങ്ങള്‍ മാഞ്ഞു.

 

ഇപ്പോള്‍ അവരില്‍ അടയാളങ്ങള്‍ ഇല്ല അടയാളചിഹ്നങ്ങള്‍ ഇല്ല. പക്ഷേ പച്ചകുത്തിയപോലെ അവ എവിടെയൊക്കെയോ കനമായി നില്‍ക്കുന്നു. മൗനത്തിലൂടെ മനസ്സുകള്‍ പുലമ്പികൊണ്ടിരുന്നു. നഷ്ടപ്രണയത്തിന്റെ ദുഃഖം നമ്മുക്ക് വേണ്ട, അടയാളങ്ങള്‍കൊണ്ട് വേര്‍തിരിക്കപ്പെടാത്ത കാലമുണ്ടാകുമെങ്കില്‍ നമ്മുക്ക് പുനര്‍ജനിക്കാം ഒരുമിച്ചു ജീവിക്കാം. ഇപ്പോള്‍ നമുക്ക് പിരിയാം’.

 

ഈ ലോകത്തില്‍ അവരുടെ കണ്ണുനീരിനു മാത്രം മഴവെള്ളത്തിലൂടെ ഒരുമിച്ച് ഒഴുകാന്‍ സാധിച്ചു.ആരും അറിയാതെ ആരെയും അറിയിക്കാതെ.  

 

English Summary : Adayalangal Story By Suraj Elamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com