ADVERTISEMENT

എന്റെ വരത്തൻ സൈക്കിൾ ( കഥ)

അമ്മയ്ക്ക് ഇടയ്ക്ക്  ട്രാൻസ്ഫർ കിട്ടുന്നത്  ഞങ്ങളുടെ ജീവിതത്തിലെ ഒരു സാധാരണ സംഭവം ആയിരുന്നു. അങ്ങിനെ അന്നും അമ്മ വന്ന് വളരെ സിമ്പിൾ ആയി ട്രാൻസ്ഫർ ഓർഡർ വന്നു എന്ന് പറഞ്ഞു. എനിക്കും അനിയനും സ്ഥിരം ഉണ്ടാകാറുള്ള പോലെ അന്നും നല്ല സങ്കടം വന്നിരുന്നു. അവിടെ ഉള്ള ഞങ്ങളുടെ കൂട്ടുകാർ പിന്നെ പലതും നഷ്ടപ്പെടാൻ പോകുന്നു.

 

അമ്മക്ക്  സ്പെഷ്യൽ ഡ്യൂട്ടിയും അച്ഛന്  ജോലിയും ഉള്ള ദിവസങ്ങളിൽ അപ്പുറത്തെ  ഉമ്മുമ്മാടെ വീടും, പാത്തുമ്മ താത്തയുടെ വീടും അവരുടെ കഞ്ഞിയും തേങ്ങാ ചമ്മന്തിയും, സുഗുണേട്ടന്റെ വീടുമെല്ലാം ഞങ്ങൾക്ക് സുരക്ഷിത ഇടങ്ങൾ ആയിരുന്നു. 

 

അമ്മക്ക്  ധൈര്യമായി ജോലിക്ക്പോയിവരാം ഞങ്ങളെ അയൽവാസികൾ നോക്കുമായിരുന്നു. ഇതെല്ലാം ഇനി പോകുന്ന സ്ഥലത്തു കിട്ടുമോ എന്ന പല ആധികളും ഞങ്ങളെക്കാൾ ഏറെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നിരിക്കണം. 

 

അങ്ങിനെ 6–ാം ക്ലാസ്സിൽ നിന്ന് 7–ാം ക്ലാസ് ലേക്ക് ആയ ഞാനും 2ൽ നിന്ന്  3ലേക്ക്  ആയ അനിയനും അച്ഛനും അമ്മയും വേനൽ അവധി കാലത്ത് പുതിയ സ്ഥലത്തേക്ക് താമസം മാറി. വീടിന് അടുത്തടുത്തായി നിറയെ വീടുകൾ. മുന്നിൽ തന്നെ ഒരു  പലചരക്ക്  കട, ചായക്കട, എപ്പോളും നിറയെ ആളുകൾ. 

 

അവിടെ  നിന്നും ബസ് കിട്ടുന്ന മെയിൻ റോഡിലേക്ക് 3 കിലോമീറ്റർ നടക്കണം. ഞങ്ങൾക്ക്  സ്കൂളിൽ പോകാൻ ഓട്ടോ ഏർപ്പാടാക്കി. അങ്ങനെ ഒരു വർഷം കടന്ന്പോയി. 8–ാം ക്ലാസിൽ  എത്തിയപ്പോൾ  ട്യൂഷന് പോകണം അതും രാവിലെ നേരത്തെ 7 ന്  വീട്ടിൽ  നിന്ന് ഇറങ്ങണം. 3 കിലോമീറ്റർ നടക്കണം എന്നിട്ട് ബസ് കേറി അടുത്ത സ്ഥലത്ത്  ഇറങ്ങി വീണ്ടും ട്യൂഷൻ ക്ലാസ്സിലേക്ക് നടക്കണം. ട്യൂഷൻ കഴിഞ്ഞു  സ്കൂളിലേക്ക് ഓടണം. വൈകുന്നേരം ബസ് ഇറങ്ങി തിരിച്ചും നടക്കണം. അത്രയും  ആരോഗ്യം എനിക്ക്  ഉണ്ടായിരുന്നില്ല.

 

അപ്പോൾ അച്ഛനും അമ്മയ്ക്കും ഒരു ഐഡിയ.എനിക്ക്  പുതിയ സൈക്കിൾ വാങ്ങി തരാം. വീട്ടിൽ നിന്ന് ബസ്  സ്റ്റോപ്പ് വരെയും തിരിച്ചും എനിക്ക് സൈക്കിൾ ൽ വരാം.

   

4–ാം ക്ലാസിൽ പഠിക്കുന്ന സമയത്ത്  തന്നെ അച്ഛൻ  സൈക്കിൾ പഠിപ്പിച്ച് തന്നിട്ടുണ്ട്. ഞാനും അനിയനും ഞങ്ങളുടെ സൈക്കിൾ ഉള്ള കുറച്ചു  കൂട്ടുകാരും സ്ഥിരം 4 മണി ചായയ്ക്ക്‌  ശേഷം സൈക്കിൾ എടുത്ത് ബാങ്ക് കൊടുക്കുന്ന ഒച്ച കേൾക്കുന്നത്  വരെ കറക്കം ആണ്. അതൊക്ക പക്ഷേ  എന്റെയും അവന്റെയും   സെക്കൻഡ്  ഹാൻഡ്  സൈക്കിൾ ൽ ആയിരുന്നു. 

 

പുതിയ സൈക്കിൾ  വാങ്ങിത്തരുമെന്ന് കേട്ടതും ഞാൻ ഹാപ്പി ആയി. ട്യൂഷനു  പോകുന്നതിലും  താൽപര്യം സൈക്കിളിൽ പോകാനായി. അങ്ങനെ ഞങ്ങൾ കടയിൽ പോയി ഒരു അടിപൊളി Hero  Buzz സൈക്കിൾ മേടിച്ചു വന്നു. കൂടെ ഓറഞ്ച് കളർ റെയിൻ കോട്ടും. സൈക്കിൾ വീട്ടിൽ കൊണ്ട് ഇറക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ താത്ത ചോദിച്ചു ആർക്കാ എന്ന്. എനിക്ക് ആണ് സ്കൂളിൽ പോകാൻ എന്ന  അമ്മയുടെ മറുപടി കേട്ടപ്പോൾ ഇത്ത പറഞ്ഞു. പെണ്ണ് സൈക്കിൾ ചവിട്ടിയാൽ ആൾക്കാർ എന്ത് പറയും എന്ന്.

 

 

ഞാൻ പണ്ടത്തെ നീതു മോൾ അല്ല  വലിയ പെണ്ണ് ആയി എന്ന് അമ്മയ്ക്ക് അന്ന് കൂടുതൽ ബോധ്യമായി.

 അങ്ങനെ ഞാനും അച്ഛനും പിറ്റേ ദിവസം തന്നെ സൈക്കിൾ എടുത്ത് റോട്ടിലൂടെ  ട്രയൽ നോക്കി. ഞാൻ സൈക്കിൾ ഓടിച്ചു പോകുന്നത് കണ്ട ആളുകൾ ഒരു കാഴ്ച ബംഗ്ലാവിലേക്ക്  നോക്കുന്ന പോലെയാണ് എന്നെ നോക്കിയതെന്ന് എനിക്കും എന്തോ പന്തികേട് അച്ഛനും തോന്നിയിരുന്നു. 

 

 

അന്ന് രാത്രി ഇവരൊന്നും പെൺകുട്ടികൾ സൈക്കിൾ ഓടിക്കുന്നത്  കണ്ടിട്ടില്ലേ? ഇവൾ ഒറ്റയ്ക്ക് പോകുമായിരിക്കും അല്ലേ. എന്നൊക്കെ അച്ഛൻ അമ്മയോട് പറയുന്നുണ്ടായിരുന്നു. ഒരു ടെൻഷനും ഇല്ലാതിരുന്ന എന്നോട് നീ ഒന്നുകൊണ്ടും പേടിക്കണ്ട എന്നൊക്കെ പറഞ്ഞ് എന്നെ ചെറുതായി പേടിപ്പിച്ചു. ആളുകൾ എന്തും പറയട്ടെ മൈൻഡ് ചെയ്യണ്ട എന്നൊക്കെ. പക്ഷേ ഞാൻ സൈക്കിൾ ഓടിച്ച സ്കൂളിൽ പോകുന്ന ത്രില്ലിൽ ആയിരുന്നു. 

 

അങ്ങിനെ 8–ാം ക്ലാസ് മുതൽ ബസ് സ്റ്റോപ്പ് ലേക്കുള്ള ദൂരം സൈക്കിളിൽ ആയി യാത്ര. ബസ് സ്റ്റോപ്പിന് അടുത്തുള്ള പഞ്ചായത്ത് മെമ്പെറിന്റെ വീട്ടിൽ സൈക്കിൾ നിർത്തി ലോക്ക് ചെയ്തത് സ്കൂളിൽ പോകും. വരുമ്പോൾ അവിടെ നിന്ന് സൈക്കിൾ എടുത്ത് വീട്ടിലോട്ടും. ആദ്യത്തെ  2 ദിവസം അച്ഛൻ കൂടെ ബൈക്കിൽ എസ്കോർട്ട് വന്നു. എല്ലാം ശാന്തം.

 

ഒരു ആഴ്ച്ചയെടുത്തു പലരും പെണ്ണ് സൈക്കിളിൽ പോകുന്നത് അറിയാൻ. പിന്നെ അവിടവിടെ ആയി വഴിയിൽ പലരും ഒറ്റയ്ക്കും കൂട്ടമായുംനിന്ന് കമന്റ്  പാസ് ആക്കി തുടങ്ങി. സ്കൂൾ യൂണിഫോം വൈറ്റ് ഷർട്ട് ഉം  റോയൽ ബ്ലൂ മുട്ടിന് താഴെവരെയുള്ള പാവാടയും ആയിരുന്നു. അന്നാണ്  ഷോർട്സ്ൻറെ പ്രാധാന്യം ഞാൻ മനസിലാക്കിയത്. 

 

 

പിന്നെ അങ്ങോട്ട്  ഡെയിലി ചലഞ്ചിങ് ആരുന്നു എന്ന് വേണം  പറയാൻ. ഞാൻ റോട്ടിലൂടെ പോകുന്നത് കാണുമ്പോൾ തന്നെ പലരും കുറുക്കൻമാരേക്കാൾ നന്നായി കൂവാൻ തുടങ്ങും. അതിൽ ചെറിയ കുട്ടികൾ മുതൽ വയസ്സായവർവരെ മികവ് പുലർത്തിയിരുന്നു. അയ്യേ നാണല്ലേ പെണ്ണെ? നീ ഒരു പെണ്ണാണോ? പെണ്ണുങ്ങളെ മാനം കെടുത്താൻ, അങ്ങിനെ പല പല കമന്റ്കൾ. എനിക്ക് ഇതൊന്നും വലിയ പ്രോബ്ലം ആയി തോന്നിയില്ല. 

 

 

8–ാം ക്ലാസിന്റെ അന്തമില്ലായ്മ ആവാം ചിലപ്പോ. എന്തായാലും എന്നും വീട്ടിൽ വന്നാൽ അമ്മയോടും അച്ഛനോടും അനിയനോടും പറയാൻ കാര്യങ്ങൾക്ക്  പഞ്ഞം ഇല്ലാരുന്നു. അച്ഛനും അമ്മയും ആണെങ്കിൽ കട്ട സപ്പോർട്ട്. എനിക്കാണെങ്കിൽ എന്ത്  കേട്ടാലും കുലുക്കവുമില്ല. അച്ഛന്റെയും അമ്മയുടെയും കയ്യിൽനിന്ന്  വേണ്ടതിനും വേണ്ടാത്തതിനും അന്ന്  വരെ വാങ്ങി കൂട്ടിയ ചീത്തകൾ തൊലിക്കട്ടി കൂടാൻ ഉപകരിച്ചു.  

 

അങ്ങനെ എന്നെയും ഒന്നുമറിയാത്ത പാവം സൈക്കളിനെയും കൂക്കി തോൽപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ  പലരും അവരുടെ കൂവൽ കലയിൽ കൂടുതൽ പരിജ്ഞാനം നേടുകയും മറ്റുചിലർ അതിലും വലിയ മേഖലകളിലേക്ക് ചേക്കേറുകയും ചെയ്തു. ദിവസം ചെല്ലും തോറും കാര്യങ്ങൾ കൂവലിൽ നിൽക്കാതെ ആയി. തീരെ ചെറിയ കുട്ടികൾ  കൂട്ടമായി സ്കൂളിൽ പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ ആണ് എന്റെ സഞ്ചാരം എങ്കിൽ അവർ ചരൽ വാരി എറിയാനും കൂടെ നാണമില്ലേ പെണ്ണെ എന്ന ചോദ്യവും. ആദ്യത്തെ പ്രാവശ്യം ഞാൻ ഒന്ന് ഞെട്ടിയിരുന്നു. പിന്നെ  കുട്ടികൂട്ടത്തെ ദൂരെ നിന്ന് കണ്ടാലേ ഞാൻ സൈക്കിൾ നിർത്തി കുറച്ച് ചരൽ വാരി ഒരു കയ്യിൽ പി‌ടിച്ച്  സൈക്കിളും തള്ളി  അവരുടെ  അടുത്തൂടെ ധൈര്യം ഉണ്ടേൽ ഏറിയെടാ എന്ന മട്ടിൽ നടന്ന് പോകാൻ തുടങ്ങി. പലപ്പോഴായി തിരിച്ച്‌ ഏറ്  കിട്ടിയവർ പറഞ്ഞു  പലരും ആ പണി നിർത്തി. കണ്ടാൽ പരിചയമുള്ള കുട്ടികളുടെ വീട്ടുകാരോട്  ഞാൻ തന്നെ പരാതി പറഞ്ഞിരുന്നു.

 

 

പല തവണ സൈക്കിൾ സൈഡിലിട്ട് ചീമക്കൊന്ന വടി ചീന്തി എടുത്ത് L P  സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ പിന്നാലെ ഓടിയിട്ടുണ്ട്.  ഒരുപണിയുമില്ലാത്ത ഒരുത്തന്റെ മുഖ്യ വിനോദം അവന്റെ വീട്ടിലെ മാരുതി 800 ഞാൻ സൈക്കിൾ ഓടിച്ച വരുമ്പോൾ zig zag പോലെ ഓടിച്ച് കളിക്കലായിരുന്നു. അതുകൊണ്ട് അവന്റെ മാരുതി കണ്ടാൽ തന്നെ ഞാൻ സൈക്കിൾ നിർത്തി ഒരു അരികിൽ  മാറി നിൽക്കുമായിരുന്നു. അവന്റെ വീട്ടിൽ പോയി പരിപാടി നിർത്താൻ വീട്ടുകാരോട് അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.

 

പിന്നീട് അങ്ങോട്ട്  എന്റെ പാവം സൈക്കിൾ ആയിരുന്നു. എല്ലാ യാതനകളും ഏറ്റ് വാങ്ങി കൊണ്ടിരുന്നത്. സൈക്കിൾ രാവിലെ കൊണ്ട്  പോയി നിർത്തുമ്പോൾ പെർഫെക്റ്റ് ആയിരിക്കും. എന്നാൽ വൈകുന്നേരം വരുമ്പോൾ ടയറിലെ കാറ്റ് ആരേലും ഒഴിച്ചുവിട്ടു കാണും. പിന്നെ ഇത് സ്ഥിര സംഭവം ആയപ്പോൾ സൈക്കിൾ ലോക്ക് ചെയ്ത് വയ്ക്കുന്ന വീട്ടിലും ഒരു കാറ്റടി പമ്പ് വെക്കാൻ തുടങ്ങി. പിന്നെയുള്ള ഉപദ്രവങ്ങൾ വൈകുന്നേരം അകുമ്പോളേക്കും സൈക്കിൾ ടയർ പഞ്ചർ ആക്കലും ചെയിൻ അഴിച്ചിടലും ഒക്കെ ആയിരുന്നു. ശല്യം സഹിക്കാതായപ്പോൾ പഞ്ചായത്തു  മെമ്പറുടെ വീടിന്റെ ഗേറ്റ് ഞാൻ വരുന്നവരെ പൂട്ടി ഇടാൻ തുടങ്ങി. അങ്ങനെ കുറെ നല്ല മനസുള്ളവരുടെ സപ്പോർട്ട് കൂടെ ഉണ്ടായപ്പോൾ  എട്ടും ഒൻപതും പത്തും ഞാൻ സൈക്കിളിൽത്തന്നെ പോയി വന്നു. എന്റെ 10–ാം ക്ലാസ് കഴിഞ്ഞതും അമ്മ ട്രാൻസ്ഫറിന് റിക്വസ്റ്റ് ചെയ്ത് ഞങ്ങൾ അവിടം വിട്ടു. 

 

English Summary : Ente Varathan Cycle Memories By Neethu Cholakkatte

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com