ADVERTISEMENT

മാവിന്റെ ചില്ല (കഥ)

 

മാമ്പഴക്കാലമാണ്. മുറ്റത്ത് നിൽക്കുന്ന ഉയരം കൂടിയ മാവിൽ നിന്ന് നിലത്തു വീണാലേ മാങ്ങാ കിട്ടൂ. ഒരു തോട്ടിയും എത്തില്ല.  അതുപോലെ കല്ലെറിഞ്ഞിട്ടും കാര്യമില്ല. നല്ല രസമുള്ള ചാറുകുടിയൻ ആണ്. മാമ്പഴപുളിശേരിയുണ്ടാക്കാനും കേമം. പക്ഷേ പറഞ്ഞിട്ടെന്താ വീണു തന്നെ കിട്ടണം. മാങ്ങാ പഴുത്ത് തുടങ്ങി. ഇടയ്ക്കിടെ ഓരോന്ന് വീഴുന്നുണ്ട്. ഉച്ചയ്ക്ക് നോക്കുമ്പോൾ അച്ഛൻ സന്തോഷത്തോടെ ഒരു മാങ്ങയും കൊണ്ട് വരുന്നു. അതിന്റെ തുമ്പത്ത് ചെറിയ ഒരു കൊത്ത് വീണിട്ടുണ്ട്. അണ്ണാൻ അല്ലെങ്കിൽ ഏതെങ്കിലും കിളി. ഇനി വവ്വാൽ ആയിരിക്കുമോ. കുട്ടികളെക്കാൾ കഷ്ടമാണ് അച്ഛന്റെ കാര്യം. മാങ്ങ കൊത്തിയ ഭാഗം കടിച്ചു കളഞ്ഞ് ചാർ ഈമ്പികുടിക്കാനുള്ള പുറപ്പാടാണ്. വളരെ വേഗത്തിൽ മാങ്ങാ തട്ടിപ്പറിച്ചു ഞാൻ ദൂരെ എറിഞ്ഞു. അച്ഛൻ ഞെട്ടി. വല്ലാത്ത ദേഷ്യം മുഖത്ത്...

 

‘‘എന്താടാ നീ കാണിച്ചത്. നല്ല മാങ്ങയാർന്നു.. ’’

 

‘‘അത് കൊത്തീത് അല്ലേ’’

 

‘‘അതിനെന്താ.. ഞാൻ എത്ര കൊത്തീത് തിന്നിട്ടുള്ളതാ പണ്ടൊക്കെ’’

 

‘‘അത് അന്ത കാലം.. ഇപ്പൊ കാലം മാറി’’

 

‘‘എന്നാലും മാങ്ങാ മാറുന്നില്ലല്ലോ’’

 

‘‘മാങ്ങാ മാറുന്നുണ്ടാവില്ല. പക്ഷെ മാങ്ങേല് കൊത്തണ ജീവി മാറി. അവറ്റടെ വായെന്ന് വരണ വൈറസും.. സൂക്ഷിച്ചില്ലെങ്കിൽ ഒരു കൊത്തിയ മാങ്ങാ മതി നമ്മടെ പണി തീർക്കാൻ’’

 

‘‘ഇന്നലെ കാലത്ത് ഒരു ഈച്ച വീണു എന്ന് പറഞ്ഞ് നല്ലൊരു ചായ നീ ഒഴിച്ച് കളഞ്ഞു.. ഞാനൊക്കെ എത്ര ഈച്ച വീണ ചായ ഈച്ചേനെ എടുത്ത് കളഞ്ഞു കുടിച്ചേക്കുന്നു.. എന്നിട്ടും എനിക്കൊന്നും പറ്റീട്ടില്ലല്ലൊ’’

 

‘‘അത് പണ്ട്.. ഇനി അതൊന്നും പറ്റില്ല. കാലം മാറി. അച്ഛനെന്നെങ്കിലും ഇതുപോലെ പത്തുമുപ്പതു ദിവസം പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നിട്ടുണ്ടോ?  അതാണ് വിത്യാസം. പണ്ടത്തെ കാര്യം പറഞ്ഞിരുന്നിട്ട് കാര്യം ഇല്ല..പുതിയ കാലത്ത് ഇനി പുതിയ ജീവിതരീതികളാ വരാൻ പോണത്.. അതിനൊത്ത് നമ്മൾ മാറേണ്ടിവരും.. ’’

 

‘‘പത്തേഴുപത് വയസ്സായിട്ട് ഇനി എന്ത് മാറ്റം’’

 

‘‘അതന്ന്യ കോവിഡ് വയസായോരെ പ്രത്യേകം നോക്കിയിരിക്കണത്’’

 

പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല. മുറ്റത്തെ ഉയരം കൂടിയ മാവിന്റെ ചില്ലയിലേക്ക് കണ്ണും നട്ടിരുന്നു. 

 

English Summary : Mavinte Chilla Short Story By P. Regunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com