sections
MORE

അവിടം മുഴുവൻ വൃത്തിയാക്കാൻ ആ വൃത്തികെട്ടവൾ നാലുമണിക്കൂറെങ്കിലും എടുത്തിട്ടുണ്ടാകും; ഞാനൊരു അമ്പതുരൂപ ചോദിച്ചപ്പോൾ എന്തായിരുന്നു...

ഒരു പേരില്ലാക്കഥ (കഥ)
SHARE

ഒരു പേരില്ലാക്കഥ (കഥ)

വീടിന്റെ കോലായിൽനിന്നും പറമ്പതിരിലെ ഇല്ലികെട്ടിയുണ്ടാക്കിയ പടിക്കലേക്ക് പത്തമ്പതുമീറ്റർ ദൂരം വരും. ഒരു പത്തോ, ഇരുപതോ, നാല്പതോ ഒക്കെ പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടക്കും. എന്നാലും നേരം പോവില്ല. നശിച്ച ഈ ലോക്ഡൗൺ. പറമ്പിലെ അലക്കുകല്ലിൽ കയറി കാലുകൾ ആട്ടി ഇരിക്കും, ചിലപ്പോൾ. ഇടക്ക് ചിരിക്കും, ചിലപ്പോൾ ചെറുതായി കരയും. മൊബൈൽ വാട്സ്അപ്പ് മാന്തി മാന്തി മടുക്കും. ആകെപ്പാടെ ഒരു കൊറോണ മാത്രം. ഇടക്ക്  വീട്ടുകാരിയുടെ മോന്തയെങ്ങാൻ കണ്ടാൽ ഒരാട്ടാട്ടാൻ തോന്നും.  ഭ്രാന്ത് പിടിക്കണ് ണ്ട് എനിക്ക്, അപ്പഴാ ഭാര്യ...മക്കൾ..

ഓഹോ മൂന്നുനാലു ചെറുതുങ്ങൾ അവളുടെ കൂടെയണ്ടല്ലോ! മുടി കണ്ടിട്ട് പെൺകുട്ടികളാണെന്നു തോന്നുന്നു. ഇവരൊക്ക ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നോ? എപ്പഴാണ് അവരൊക്കെ ജനിച്ചത്? ആ മെലിഞ്ഞവൾ എന്താ കുറച്ചു വെളുത്തിരിക്കുന്നത്? എന്റെ നിറം പോലല്ലല്ലോ..

എന്തായാലും എല്ലാർക്കും എന്നെ പേടിയുണ്ട്, നന്നായി. മുട്ടവിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളുടെ മാതിരി തള്ളയുടെ ചുറ്റുമേ നടക്കൂ. ഇങ്ങോട്ടെങ്ങാനും വന്നാൽ മോന്ത ഞാൻ അടിച്ചു പൊട്ടിച്ചേനെ.

ഇവരൊക്ക സ്കൂളിൽ പോകുന്നവരാണോ? മൂത്തതൊന്നിനെ പള്ളിക്കൂടത്തിൽ ചേർക്കാൻ ഒരിക്കൽ പോയതല്ലാതെ പിന്നെ ഒന്നുമായി എനിക്ക് ബന്ധമില്ല. ഫീസിനും പുസ്തകത്തിനുമായി ഒറ്റ പൈസ കൊടുത്തിട്ടില്ല ഇതുവരെ. പണത്തിന് വേറെ എന്തൊക്കെയുണ്ട് ആവശ്യങ്ങൾ !

പുറത്തിറങ്ങാൻ തല വിങ്ങുന്നുണ്ട്. എന്തെങ്കിലുമൊപ്പിക്കാൻ പറ്റുമോന്നറിയാൻ കഴിഞ്ഞയാഴ്ച ഒരു ദിവസം വായനശാലേടെ പിറകുവശം വരെ ചെന്നതേയുള്ളൂ. പുറം പൊളിയുമാറ് വീണൂ, ഒറ്റയടി. പക്ഷെ പോലീസിന് പിടികൊടുക്കാതെ കൈതക്കാടിന് അടുത്തൂടെ തോട് കുറുകെച്ചാടി ഓടി ഇവിടെയെത്തി. എന്തായിരുന്നു വേദന! ആ പാട് ഒരാഴ്ച കരുവാളിച്ചുകിടന്നു.

വെറുതെയിരിക്കുമ്പോൾ എന്താ വിശപ്പ്! ഉച്ചക്ക് പോയി തപ്പിയപ്പോൾ കലമൊക്കെ കാലി. കഞ്ഞി വെള്ളം പോലും കണ്ടില്ല അടുക്കളയിൽ. അരിയിട്ടുവെക്കാറുള്ള തകരപ്പാട്ട ഒഴിഞ്ഞു തുറന്നു കിടക്കുന്നു. അവൾക്ക് ഇതൊക്കെ നിറച്ചുവച്ചുകൂടെ? ഉച്ചക്ക് ചോറും മീൻ കറിയുമെങ്കിലും  ഉണ്ടാക്കാമായിരുന്നു, ആ അശ്രീകരത്തിന്!

കുറച്ച് നാൾ മുമ്പ് ഒരു ദിവസം രാത്രി വന്നു കയറിയത് ഓർത്തു. ഉമ്മറത്ത് പാട്ടവിളക്ക് കത്തുന്നുണ്ട്, എന്നത്തേയും മാതിരി. ഞാൻ അടുക്കളയിൽ പോയത് കുറച്ചു വെള്ളം എടുത്ത് തലയിൽ ഒഴിക്കാനാണ്. കാല് എന്തിലോ നന്നായി തട്ടി. ശരിക്കും വേദനിച്ചു. കഞ്ഞി എടുത്തു പ്ളേറ്റ് കൊണ്ട് മൂടി വച്ചിരിക്കുന്നു, എനിക്ക് കഴിക്കാൻ!  ഞാൻ വേച്ചുപോയതുകൊണ്ടല്ല കലത്തിൽ തട്ടിയത്. ദേഷ്യം വരാതിരിക്കുമോ? അന്ന് പന്തുതട്ടുന്നതുപോലെയല്ലേ കലം തൊഴിച്ച് തെറുപ്പിച്ചത്! കഞ്ഞിവെള്ളവും കുറച്ചു വറ്റും നാലുപാടും ചിതറി, കലം ചെന്ന് അടുപ്പുകല്ലിലും ചുമരിലും അടിച്ച് വട്ടം കറങ്ങിക്കറങ്ങിയാണ് നിന്നത്. അവിടം മുഴുവൻ വൃത്തിയാക്കാൻ ആ വൃത്തികെട്ടവൾ നാലുമണിക്കൂറെങ്കിലും എടുത്തിട്ടുണ്ടാകും, തീർച്ച.

ഇപ്പോ കൂട്ടുകാരാരും വരാതായി. ആദ്യമൊക്കെ ചിലർ മൊബൈലിൽ വിളിച്ചിരുന്നു. സാധനം സ്റ്റോക്കുണ്ടോന്നറിയാൻ. ഇല്ലെന്നറിഞ്ഞപ്പോൾ ആരും വിളിക്കാതായി. ഒരുമാസം മുമ്പത്തെ അവസ്ഥ ആയിരുന്നു അവസ്ഥ! ഒരു ഫുള്ള് വാങ്ങി വന്നാൽ എത്ര പേരാ ഓടി വരാറ് അച്ചാറും കൊണ്ട്!

ഇന്നലെ രാത്രി ആ ഒരുമ്പെട്ടോൾ ശ്വാസം മുട്ടി ഉറക്കെ ഏക്കം വലിക്കുകയും ചുമക്കുകയും ചെയ്യുന്നതുകേട്ടു. ആ ചെറിയ അസത്തും അതേറ്റുപിടിച്ചു. എന്റെ രാത്രി ഉറക്കം തഥൈവ! കഴിഞ്ഞയാഴ്ച ഒരുദിവസം ഇതിലും വലിയ പൂരമായിരുന്നു. രാത്രി ഓട്ടോപിടിച്ചാ മെഡിക്കൽ കോളേജിലോ മറ്റോ കൊണ്ടുപോയത്. ഉറക്കം കളഞ്ഞതിന് ഞാൻ ദേഷ്യപ്പെടാനിരുന്നതാണ്. പക്ഷെ അയലോത്തെ രമണിയും കുമാരനും ഉണ്ടായിരുന്നു ആശുപത്രിയിൽ കൊണ്ടുപോകാൻ. ഒരിക്കൽ കുമാരൻ എന്റെ കവിളിൽ കൈ വച്ചതാണ്. ആ ഓർമ്മയിൽ മുഖം തടവി, കണ്ണുതുറക്കാതെ, ഉറങ്ങണപോലെ കിടന്നു, ഞാൻ.

ഈ വലിവുണ്ടെങ്കിൽ അവൾ തൊഴിലുറപ്പിന് പോണതെന്തിനാണ്? പോയിട്ടെന്താ കാര്യം? അവളുടെം കുട്ടികളുടെയും കാര്യം നടക്കുന്നുണ്ടാകും. പക്ഷെ എനിക്ക് എന്താ നേട്ടം? മുമ്പ് ഞാനൊരു അമ്പതുരൂപ ചോദിച്ചിട്ട് എന്തായിരുന്നു ദേഷ്യോം കരച്ചിലും!!

വീട്ടിലെ അടുക്കളഭാഗം മുഴുവൻ മേൽക്കൂര ഇടിഞ്ഞു താണിട്ട് മൂന്ന് മാസമായി. ഓടുമുഴുവൻ വീണുടഞ്ഞു. ദ്രവിച്ച  കഴുക്കോലും വാരികളും അടുപ്പിൽ കത്തിച്ചു കഴിഞ്ഞു. അവൾ എവിടെനിന്നോ കൊണ്ടുവന്ന കീറിയ നീല ടാർപ്പായ ഇപ്പൊ അടുക്കളമേലെ കെട്ടിയിട്ടുണ്ട്. പക്ഷെ നിറയെ ഓട്ടയാണ്. അവളെന്തിനാ പഴയ ഷീറ്റ് കൊണ്ടുവന്നുകെട്ടിയത്? പുതിയതാണ് വേണ്ടിയിരുന്നത്. ബുദ്ധിയില്ലാത്ത ജന്തു.

ഇന്നാള് അപ്പറത്തെ ഗോപിയണ്ണൻ ചോദിച്ചു ഒരുമാസം കഴിഞ്ഞാൽ മഴവരില്ലേ ഇവിടെ എങ്ങനെ ജീവിക്കുംന്ന്. എന്നോടെന്തിനാ ചോദിക്കണെ, പോയി പഞ്ചായത്തിനോട് ചോദിക്കാൻ പറഞ്ഞൂ ഞാനും. അവളെന്തൊക്കെയോ കടലാസുകൾ എവിടെയൊക്കെയോ കൊടുത്തിട്ടുണ്ട്. ഫണ്ടുവന്നാൽ തരാം ഫണ്ടുവന്നാൽ തരാം എന്നൊക്കെ ഏതൊക്കെയോ ആപ്പീസർമാർ അവൾക്ക് ഉറപ്പും കൊടുത്തിട്ടുണ്ടത്രേ! നിങ്ങളോട് ഞാനൊരു സത്യം  പറയാം, രഹസ്യമാണ്. ഈ ഫണ്ട് അവൾക്ക് കിട്ടിയാൽ, അമ്മച്ചിയാണെ, ഒരു ആയിരം രൂപ എങ്ങനേലും ഞാൻ അടിച്ചുമാറ്റും. അതും കൊണ്ട് ആ വീക്കേ ബാറിൽ ഇരുട്ടത്ത് ഏസീയിൽ  ഞെളിഞ്ഞിരുന്ന് ഒരു പിടിപിടിക്കണം. ഒരാഗ്രഹമാണ്. ബീവറേജസ്സില് വരിനിന്ന് വരിനിന്ന് മടുത്തു. 

എനിക്ക് വയ്യ!! ചത്താലും മതി. വിശ്വസിക്കാമോ! വെറുതെ വാട്സ്അപ്പ് ഒന്നു നോക്കിയതാണ്. കണ്ണുതള്ളിപ്പോയി! ബീവറേജസ് വീണ്ടും തുറക്കാൻ പോണത്രെ! എന്റമ്മോ സഹിക്കാൻ വയ്യ. ചില്വാനം ഒപ്പിക്കാൻ പറ്റുമോന്നു നോക്കട്ടെ. ആ എരണം കെട്ടവളുടെ കടുകുഡപ്പിയിൽ നിന്നും ഏഴുരൂപ കിട്ടി. എന്റെ ഇരുമ്പുപെട്ടി മൊത്തം അരിച്ചുപെറുക്കിയിട്ട് പതിമൂന്നുരൂപയും. മൊത്തം ഇരുപത്. ജവാൻ ഒരു ഫുള്ള് വാങ്ങണമെങ്കിൽ രൂപ നാന്നൂറ് ഇനിയും വേണം. മുക്കാലാണെങ്കിൽ പോലും വേണം മുന്നൂറ്. ഒരു നിവൃത്തിയുമില്ല, പങ്കിട്ടാണെങ്കിലും വാങ്ങണം. കൂട്ടകാരെ ഇനി വിളിക്കില്ല ഞാൻ. അവരൊക്കെ എവിടുന്നൊക്കെയോ ഒപ്പിച്ചിട്ട് കഴിക്കുന്നുണ്ട് ഇടക്ക്. ഒരിക്കൽ പോലും കൂട്ടിന് വിളിച്ചില്ല ആ നന്ദികെട്ടവന്മാർ.

ചോദ്യം നിങ്ങളോടാണ്. പങ്ക് കൂടാമോ? ഒരു നാനൂറ് രൂപ ഇട്ടാൽ മതി. നമുക്ക് രണ്ടുപേർക്കും കൂടി നീറ്റായി  തീർക്കാം ഇവിടെ ഇരുന്ന്. രണ്ടാഴ്ച കഴിഞ്ഞ് ലോക്ഡൗൺ മാറും. ഞാൻ വീണ്ടും കല്ല് പൊട്ടിക്കാൻ പോകും. കിട്ടണകൂലി മൊത്തം കൊടുത്തു കുപ്പി വാങ്ങും എന്നും. അന്നൊരുദിവസം ഇങ്ങട്ട് പോരെ, പങ്കൊന്നും ഇടാതെ. ഇന്ന് ചെയ്യുന്ന സഹായത്തിന് ബദലായി രണ്ട് ലാർജ് ഞാനങ്ങട് ഒഴിച്ചു തരും എന്താ?

English Summary : Oru Perilla kadha Story By Santhosh Perikamana

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;