ADVERTISEMENT

ഒരു ‘വർക്ക് ഫ്രം ഹോം’ കാലത്ത് (ചെറുകഥ)

ഇതെന്താ കാലം തെറ്റി ഇപ്പോ ഒരു മഴ എന്നു ചിന്തിക്കുന്ന പോലെയാണ് ചിലപ്പോൾ കാര്യങ്ങൾ. ഒന്നുകിൽ നനഞ്ഞെന്നു വരും. അല്ലേൽ കുറേ  നേരം എവിടേലും മുഷിഞ്ഞു നിൽക്കേണ്ടി വരും (പോസ്റ്റ് ആകും). എടു പിടി എന്ന മാതിരി ലോക് ഡൗൺ വന്നപ്പോ ആരോമലിനും അതു തന്നെ തോന്നി. ലാപ്ടോപ്പും എടുത്ത് മുറിക്കകത്തേക്ക് പെട്ടന്നൊരു ദിവസം കേറേണ്ടി വന്നപ്പോ ചിന്തിച്ചു പോയി - ഈ പോസ്റ്റ് എത്ര നാൾ നീളും! രോഗമില്ലെങ്കിലും ഇതും ഒരു തരം ക്വാറന്റൈൻ പോലെ ആണല്ലോ. ബോറടിച്ചു ചാകും. ഓഫീസിൽ പോയി പണി എടുക്കുന്നതാ നല്ലതെന്ന് ടീമിൽ ഒരു കൂട്ടർ പറയുമ്പോ മഹിളകളുടെ ഒരു കൂട്ടം പറയുന്നു  വർക്ക് ഫ്രം ഹോം ആണ് ഇഷ്ടം. 

 

ഗ്രൂപ്പ് ചാറ്റിൽ ആരോമലും ഒരു കമന്റ് ഇട്ടു.

 

‘ഷട്ട് ഡൗൺ അല്ലാത്തപ്പോ വർക്ക് ഫ്രം ഹോം ചെയ്യുന്നതാ എനിക്കിഷ്ടം’

 

‘ബലേ ഭേഷ്’

‘അമ്പട വിരുതാ’

‘വേറിട്ട ചിന്ത’

 

 ഇങ്ങനൊക്കെയുള്ള കമെന്റുകൾ കേട്ടപ്പോ ആരോമലിന് തോന്നി - ബുദ്ധിമാൻ! തിങ്ക് ഔട്ട് ഓഫ് ദ ബോക്സ്!  പെട്ടന്ന് വേറാരോ കമന്റ് ഇട്ടു രണ്ടു വള്ളത്തിൽ കാൽ ചവിട്ടാതെഡേ! 

 

തന്റെ ബുദ്ധിയിൽ അസൂയ തോന്നിയിട്ടിട്ടാതാണ്! 

 

രണ്ടു വള്ളം... ഹേയ് ഞാൻ അങ്ങനത്തെ ആൾ അല്ല..ആണോ! ഛെ! ഒരിക്കലുമല്ല.. 

 

ബോറടി മാറ്റാൻ ഓരോരോ ടിപ്സ്മായി  ഓരോരുത്തന്മാർ ഇടയ്ക്കിടെ ഐഡിയാകളും ഗെയിംസുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ  ഇടുന്നുണ്ട്. കുറേയൊക്കെ അതിന്റെ പിന്നാലെ പോയി. പിന്നെ അതും ബോറടിച്ചു തുടങ്ങി. വിശ്രമ വേളകളിൽ ഉറങ്ങിത്തുടങ്ങി. സ്റ്റീരിയോ ഹെഡ് സൈറ്റിലൂടെ പാട്ടുകൾ ഒഴുകി.

 

ഒരു ദിവസം അങ്ങനെ  പണി ചെയ്യുന്നതിനിടയിലാണ് ക്ലയന്റ് ചാടി വീണത്. എല്ലാവരെയും വെച്ച് സൂം വഴി  ഒരു ഗ്രൂപ്പ് മീറ്റിങ്. ഉച്ചയൂണ് കഴിഞ്ഞത് കാരണം ഉറക്കം വരുന്നുണ്ട്. ക്ലയന്റ് താരാട്ടു പാടിക്കൊണ്ടിരുന്നു..  ‘‘ഈ കൊറോണ കാലം എല്ലാവരും വർക്ക് ഫ്രം ഹോം ചെയ്യുന്നത് കൊണ്ട്  നിങ്ങൾക്കൊക്കെ ഒരു പക്ഷേ  ബോർ അടിക്കുന്നുണ്ടാകും. പരസ്പരം കാണാത്തതു കൊണ്ട് ബന്ധങ്ങൾക്കിടയിൽ വിള്ളൽ വീഴാനിടയുണ്ട് … അതൊന്നും അനുവദിക്കരുത്. എല്ലാവരും നല്ല സുഹൃദ് ബന്ധം പഴയ പോലെ കൊണ്ട് പോണം.. അതിന്റെ തുടക്കം എന്ന നിലയിൽ നമുക്കെല്ലാവർക്കും ഇപ്പോൾ പരസ്പരം ഒന്നു  കാണാം. എല്ലാവരും ഇപ്പോൾ വീഡിയോ ഓൺ ചെയ്യാമോ?’’

 

അവസാനത്തെ ചോദ്യം കേട്ടപ്പോൾ ആരോമൽ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ദൈവമേ ഷർട്ട് ഇട്ടിട്ടില്ലാ. കൈലി മാത്രേ ഉടുത്തിട്ടുള്ളു. എങ്ങനെ വീഡിയോ ഓൺ ചെയ്യും. അഭിമാൻ പോകുമല്ലോ. ഇനി അപ്പുറത്തു പോയി ഷർട്ടോ ബന്യനോ എടുത്തോണ്ട് വരാൻ സമയം എടുക്കും.. മാത്രമല്ല എല്ലാം ചുളുങ്ങി ഇരിക്കുവാരിക്കും.. ഓരോരുത്തരായി വീഡിയോയിൽ വന്നു തുടങ്ങി. ഒന്നോ രണ്ടോ വാചകങ്ങളിൽ വർക്ക് ഫ്രം ഹോം വിശേഷങ്ങൾ പറഞ്ഞു  പോവുകയാണ്.

 

തൻറെ ഊഴം എത്തി. ഇനി രക്ഷ ഇല്ല. പൂഴിക്കടകൻ പ്രയോഗിച്ചു. ‘‘മൈ വീഡിയോ ഈസ് നോട്ട് വർക്കിംഗ്. കാമറ ഹാസ് എനി പ്രോബ്ലം’’.

 

കേട്ടപ്പോഴേ കൂട്ടത്തിലുള്ള ഗഡീസ്  എല്ലാരും അടക്കി ചിരിച്ചു. ഷർട്ട് ഇല്ലാതെ ആണിരിക്കുന്നതെന്നു ഇങ്ങു കേരളക്കരയിലിരിക്കുന്ന കൂട്ടു  പണിക്കാർക്കെല്ലാം മനസ്സിലായിട്ടുണ്ട്! പക്ഷേ അങ്ങു മറു കര ഇരിക്കുന്ന  നിഷ്കളങ്കരായ  സായിപ്പന്മാർക്ക് മനസ്സിലാകാതിരുന്നാൽ മതിയാരുന്നു! അല്ലേലും ഇവിടുത്തെ വേനൽ ചൂടിനെപ്പറ്റി സായിപ്പിനറിയില്ലല്ലോ! മൈക്രോ വേവ് ഓവനിൽ കേറി ഇരിക്കുന്ന പോലെ തോന്നും ഉച്ച ആകുമ്പോൾ. ഒരു പാത്രം നിറയെ ഐസ് ഇട്ട് ടേബിൾ ഫാനിനു മുന്നിൽ വെച്ചു കൊടുത്താണ് എയർ കണ്ടീഷനിംഗ് ചെയ്തു വെച്ചിരിക്കുന്നതെന്ന് ആരറിയാൻ.. ഈ ടെക്നോളജി പുറത്തു പറയാൻ  പറ്റില്ലല്ലോ.. പേറ്റന്റ് അവരവർക്കു മാത്രം ... 

 

‘‘ഓക്കേ.. നോ പ്രോബ്ലം’’

 

ഹോ... അതു കേട്ടപ്പോഴാണ് ആശ്വാസം ആയത്. പക്ഷേ അടുത്ത പ്രാവശ്യം മീറ്റിങ്ങിനു വരുമ്പോ എല്ലാരും വീഡിയോ കാൾ വരണമെന്ന് പറഞ്ഞപ്പോ തന്നെ പോലെയുള്ള കുറച്ചു പേർ ആശ്വസിച്ചു. അടുത്ത തവണ അല്ലേ.. ഈ പ്രാവശ്യം രക്ഷപ്പെട്ടു..

 

‘‘ഒരു രസത്തിനു വേണ്ടി എല്ലാരും തങ്ങളുടെ വർക്ക് ഫ്രം ഹോം ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക’’  ക്ലയന്റ് പറഞ്ഞു നിർത്തി.

 

മീറ്റിങ്ങ് കഴിഞ്ഞതും പതിയെ ഒന്നൂടെ മയങ്ങി.

 

പിന്നെ എണീറ്റു ലോഗിൻ ചെയ്‌തപ്പോഴേക്ക് ടീംസ് പേജിൽ എല്ലാരും വർക്ക് ഫ്രം ഹോം ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.. റൂമിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന നല്ല സ്റ്റൈലൻ ഫോട്ടോസ്. സായിപ്പന്മാർ ഇട്ടതിനു പിറകേ ഇങ്ങു ഓഫ് ഷോർ ടീമിലെ ഒട്ടു മുക്കാലും ഇട്ടിട്ടുണ്ട്.. നല്ല മുറികൾ, സ്റ്റൈലിഷ് കമ്പ്യൂട്ടർ ടേബിൾ, നല്ല കിടു കസേര, വലിയ മോണിറ്ററുകൾ.. ഓരോ പോസ്റ്റിനും താഴെ ലൈക്കുകളും, പിന്നെ കമന്റുകളും ..

 

ക്ലൈന്റ്‌സിന്റെ റൂമുകൾ നല്ല സെറ്റ് അപ്പ്‌ തന്നെ; അതോടൊപ്പം കൂടെ ജോലി ചെയ്യുന്ന മല്ലൂസിന്റെ റൂമുകളും സ്റ്റൈലിനും കാഴ്ചക്കും ഒട്ടും പിന്നിലല്ല.. ആരോമലിന് മൊത്തത്തിൽ അന്ധാളിപ്പും അത്ഭുതവും തോന്നി..  പ്രത്യക്ഷത്തിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർ ധാര സജീവമാരുന്നു! 

 

പക്ഷേ താൻ എങ്ങനെ ഈ റൂമും പരിസര പ്രദേശങ്ങളും ചേർത്തു ഫോട്ടോ ഇടും! ഒരു മാതിരി ചായ്പ്പു പോലെ കിടക്കുന്ന മുറി. വീട്ടിലെ വേണ്ടാത്ത സാധനങ്ങൾ കൊണ്ട് അങ്ങുമിങ്ങും നിറച്ചു വെച്ചിരിക്കുന്നു. രണ്ട് ഹാർഡ് ബോർഡ് പെട്ടികൾ എടുത്ത് ഒന്നിനു മുകളിൽ ഒന്നായി വെച്ച് അതിന്റെ മേൽ ഒരു പലക കഷണം ഇട്ട് ലാപ്ടോപ്പ് അതേൽ വെച്ചാണ് പണി ചെയ്യുന്നത്. നിറം മങ്ങി പൊടിഞ്ഞു തുടങ്ങിയ പ്ലാസ്റ്റിക് കസേര.. അയയിൽ നിറയെ തുണികൾ.. ഏതു ആംഗിളിൽ വെച്ച് ഫോട്ടോ എടുത്താലും അഭിമാൻ പോകും! എന്താ ഇപ്പോ ചെയ്ക!

 

താടിക്കു കൈ കൊടുത്ത് പടിഞ്ഞാറേക്ക് തുറന്നു കിടക്കുന്ന ജനാലയിൽ കൂടി പുറത്തേക്ക് നോക്കി.. പറമ്പിനപ്പുറം ഉച്ചച്ചൂട് ഉരുകി ഇറങ്ങുന്ന പാടം..  തെക്കേ വരമ്പിനോടു ചേർന്ന് വെള്ളം വറ്റാറായ കുളം.. അങ്ങിങ്ങു ചില കന്നുകാലികൾ.. അങ്ങ് ദൂരെ ചില മാടങ്ങൾ.. വറ്റി വരണ്ടു വിണ്ടു കീറിയ ചാലുകൾ..  കമ്പ്യൂട്ടർ സ്‌ക്രീനിൽ കുറേ നേരം നോക്കി കണ്ണു തളരുമ്പോൾ ഇടക്കിടെ ദൃഷ്‌ടി പായ്ക്കുന്നത് അങ്ങോട്ടേക്കാണ്.. കണ്ണെത്തുന്ന ദൂരത്തെ ഈ കാഴ്ചകൾ കാണുമ്പോൾ ഒരു സുഖമാണ്..   

 

ലാപ്ടോപ്പും മൊബൈലും എടുത്ത് പാടത്തേക്ക് നടന്നു. കുളത്തിൽ കരയിലെ മരത്തണലിൽ നിന്നു. പാടവും മാടവും കന്നുകളും ബാക്ക്ഗ്രൗണ്ട് കിട്ടുന്ന രീതിയിൽ സെൽഫിക്കായി പല ആംഗിൾ നോക്കി. അവസാനം ലാപ്ടോപ്പ് നെഞ്ചോടു ചേർത്തു വെച്ച് ഒറ്റ ക്ലിക്ക്. സുമാർ. ഇതു ഫലിച്ചാൽ മതിയാരുന്നു.. ഫോട്ടോ പോസ്റ്റ് ചെയ്തു.. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെ ആണ്.. വർക്ക് ഫ്രം ഹോം സുന്ദര കാലം.. നോ ബോറിങ്.. കൊറോണ ഗോ ബാക്ക് .. എന്നിങ്ങനെയുള്ള തട്ടു പൊളിപ്പൻ കാപ്ഷനും കൂടെ തട്ടി വിട്ടു. ഒന്നിലുള്ള കുറവ് മറ്റേതിൽ നികത്തണമല്ലോ! 

 

ഒന്ന്.. രണ്ട്.. മൂന്നു.. നാല്.. അഞ്ചു മിനിറ്റുകൾ കഴിഞ്ഞു. നെഞ്ചിടിപ്പോടെ ആരോമൽ സ്‌ക്രീനിൽ തന്നെ നോക്കിയിരുന്നു.. ആരാകും ആദ്യത്തെ കമെന്റ് ഇടുന്നെ.. എന്താകും ഇടുക.. പണി പാളുമോ.. മറ്റുള്ളവരുടെ നല്ല സ്റ്റൈലൻ പോസ്റ്റുകൾ ഒന്നൂടെ പിറകോട്ടു നോക്കി.. ശ്ശെ വേണ്ടിയിരുന്നില്ല.. ജാള്യത തോന്നി.. തൻറെ ഫോട്ടോ പോസ്റ്റ് ചെയ്യണ്ടാരുന്നു..

 

അപ്പോ ദാണ്ടെടാ വരുന്നു ആദ്യത്തെ കമെന്റ്. ക്ലയന്റ് ആണ് ‘‘Fantastic ആരോമൽ.. ഇത്ര മനോഹര സ്ഥലത്തിരുന്നാണോ വർക്ക് ചെയ്യുന്നെ! എവിടെയാണിത്, റിസോർട്ട് ആണോ? ഇക്കോ ഫ്രണ്ട്‌ലി വർക്ക് എൻവിറോണ്മെന്റ്! പ്രൊഡക്ടിവിറ്റി കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മറ്റുള്ളവർക്കു നല്ലൊരു മാതൃക’’!

 

ഹാവൂ സമാധാനമായി. ഇനി പേടിക്കണ്ട! ക്ലയന്റ് ഇട്ട കമന്റിനെ മറി കടന്ന് ഇനി വേറാരും ഒന്നും പറയാൻ വരില്ല. എല്ലാരും ഇനി നൈസ് എന്നേ കമന്റ് ഇടത്തുള്ളൂ.

 

‘‘വീടിനടുത്തു തന്നെയാ ഈ സ്ഥലം’’ എന്നെഴുതി ഒരു സ്മൈലി കൂടി ഇട്ട് ക്ലയന്റിന്  റിപ്ലൈ കൊടുത്തു. 

 

‘‘ഓ ഗ്രേറ്റ്. അടുത്ത തവണ വരുമ്പോ ആരോമലിന്റെ വീട്ടിൽ തീർച്ചയായും ഞാൻ വരും’’

 

പണി പാളിയോ! സാരമില്ല അതിനി എന്നാണെന്നു ആർക്കറിയാം. സമയമുണ്ടല്ലോ.

 

‘‘ഞങ്ങളേം അവിടെ കൊണ്ട് പോണേ  ചേട്ടാ’’ അടുത്ത കമെന്റ്. ഓരോരുത്തന്മാർ പണി തുടങ്ങി. ഭാഗ്യത്തിന് മംഗ്ലീഷിലാണ് കമന്റ് ഇടുന്നത്. ഹോ അത്രേം ദയ കാണിച്ചല്ലോ. 

 

‘‘ഇത്രേം നട്ടുച്ചക്ക് അവിടിരുന്ന് നീ എങ്ങനാ പണി ചെയ്യുന്നേ! എന്തൊരു തള്ളാടാ ഇത്!’’

 

ഒന്നും പറയാൻ പോയില്ല.

 

‘‘അല്ല, ഏതാ നിന്റെ നെറ്റ് കണക്ഷൻ? ഇവിടെ ടവറിന്റെ താഴെ ഇരുന്നിട്ട് റേഞ്ച് കിട്ടുന്നില്ല, പിന്നെ നീയെങ്ങനെ പാടത്തു പോയിരുന്നു പണി എടുക്കുന്നെ’’

 

കൊറോണ കാലം കഴിഞ്ഞു നട തുറക്കുമ്പോൾ ഒരു ശത്രു സംഹാരം നടത്തിയേക്കാമെന്ന് മനസ്സിൽ നേർന്നു

 

‘‘ഇത്രേം നല്ല ഫോട്ടോ ഇട്ട ഞങ്ങളെ ഒക്കെ ഇപ്പോ പ്രൊഡക്ടിവിറ്റി കുറഞ്ഞ കൂലിപ്പണിക്കാര്.. അല്ലേ!’’

 

അപ്പോ അതാണ് കാര്യം. കമന്റുകൾ കൊണ്ട് പൊങ്കാല ഇട്ടു മൂടുന്നതിനു മുൻപ് തൽക്കാലം കുറച്ചു നേരം ഒന്നു ലോഗ്  ഓഫ് ചെയ്യുന്നതാ നല്ലത്. 

 

എല്ലാ കമന്റുകൾക്കും താഴെ ഓരോ സ്മൈലി ഇട്ടു കൊടുത്തു. എന്തോ നല്ല കമന്റുകൾ നേറ്റീവ് ലാംഗ്വേജിൽ കൂട്ടുകാർ  ഇട്ടതാണെന്ന് ക്ലയന്റ് വിചാരിച്ചോളും!

 

ഒന്നു വെള്ളം കുടിച്ചിട്ടു വരാം. പാവം ക്ലയന്റിനെ കളിപ്പിച്ച പോലെ നമ്മുടെ സ്വന്തം മല്ലൂസിനെ കളിപ്പിക്കാൻ ഏതായാലും പറ്റില്ലല്ലോ - കൊറോണക്കു പോലും മലയാളിയെ അധികം തൊട്ടു കളിയ്ക്കാൻ പറ്റിയിട്ടില്ല!   

 

കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പ്രൈവറ്റ് ചാറ്റ് വിൻഡോയിൽ കമെന്റുകൾ.. 

 

‘‘പാട വരമ്പത്താണോ ഇപ്പോഴും’’

 

‘‘കുറേ നേരമായല്ലോ.. കാണുന്നില്ലല്ലോ.. എന്താ കൊക്കിനെ ഓടിക്കാൻ പോയതാണോ’’

 

 

ആരോമൽ ഒന്നും പറയാൻ പോയില്ല. നേരിട്ട് കാണുമ്പോ ഇതിന്റെ പിന്നിലുള്ള തിരക്കഥ പറയാം. അന്ന് എല്ലാരും കൂടി പൊട്ടിച്ചിരിച്ചോളും. തൽക്കാലം വർക്ക് ഫ്രം ഹോമിന്റെ ഇക്കാലത്തെ തമാശകളിൽ ഒന്നായി അതങ്ങനെ അവിടെ തന്റെ മനസ്സിൽ കിടക്കട്ടെ... 

 

English Summary : Oru Work From Home Kaalathu Story By Jacob Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com