ADVERTISEMENT

മരണം (കഥ)

തന്റെ മരണം എങ്ങിനെ ആയിരിക്കണം? ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ എന്ന സിനിമ കണ്ട അന്ന് മുതൽ പ്രസിദ്ധ സാഹിത്യകാരൻ സുധാകരൻ കള്ളുവരമ്പിൽ ആലോചിക്കുന്നതാണ്. പ്രസിദ്ധ സാഹിത്യ കാരൻ എന്നൊക്കെ പറഞ്ഞാൽ സുധാകരന്  ജഞാനപീഠം കിട്ടിയിട്ടുണ്ടോ? ഇല്ല. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്?  ഇല്ല. പോട്ടെ, സാഹിത്യ അക്കാദമി അവാർഡ്? ഇല്ല. ഹാ... പിന്നെ എങ്ങനെ പ്രശസ്ത സഹിത്യകാരൻ എന്നു പറയുന്നു?

 

അദ്ദേഹത്തിന് പത്രപ്രവർത്തകർ ഒക്കെ ആയി നല്ല അടുപ്പം ആണ്. അതുകൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ കഴിയും. മാത്രമോ, പ്രത്യേകിച്ചു നിലപാട് ഒന്നും ഇല്ലാത്തതു കാരണം എല്ലാ രാഷ്ട്രീയക്കാരും അദ്ദേഹത്തിനു വേണ്ടപ്പെട്ടവർ തന്നെ.

 

ഭരിക്കുന്ന സർക്കാരിന്റെ നിലപാട് എന്തോ അതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇനി ഇപ്പോൾ കേരളവും കേന്ദ്രവും വേറെ വേറെ പാർട്ടി ഭരിച്ചാലും അദ്ദേഹത്തിന് പ്രശ്നം ഇല്ല. അതൊക്കെ ബാലൻസ് ചെയ്യാനുള്ള വഴക്കം അദ്ദേഹത്തിനുണ്ട്. പത്രപ്രവർത്തകരൊക്കെ കൂട്ടുകാർ ആയതു കൊണ്ട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടും ഇല്ല.

 

എതായാലും  ആരെയൊക്കെയോ ചാക്കിലാക്കി പത്മശ്രീ ഒന്ന് ഒപ്പിച്ചു. അപ്പോ നമുക്ക് ന്യായമായും ഒരു  തോന്നാം സാഹിത്യകാരന് ശത്രുക്കൾ ആരും ഉണ്ടാവില്ലല്ലോ എന്ന്. അതു ശരിയല്ല. അദ്ദേഹത്തോട് തന്നെ ചോദിച്ചു നോക്കാം. തകഴി മുതൽ സുഭാഷ്ചന്ദ്രൻ വരെ അദ്ദേഹത്തിന്റെ ശത്രുക്കൾ ആണ്. ബെന്യാമിൻ, കെ.ആർ. മീര എന്നൊക്കെ കേട്ടാൽ ആ ചോര തിളയ്ക്കും. ചോര എന്നു മാത്രം പറഞ്ഞാൽ പോര, ചോരയും മദ്യവും എന്നു പറയണം.

 

വീട്ടിൽ ഇരിക്കുന്ന ദിവസങ്ങളിൽ അധികവും ചോര കുറവും ആൽക്കഹോൾ കൂടുതലും ആയിരിക്കും. പക്ഷേ പുറത്തു പോകുന്ന ദിവസങ്ങളിൽ ഇത്രയും മദ്യ വിരുദ്ധൻ ആയ ഒരാൾ ഉണ്ടാവുകയേ ഇല്ല. ഇമേജ് ഉണ്ടാക്കാൻ അദ്ദേഹത്തിനെ കഴിഞ്ഞിട്ടേ ആരും ഉള്ളൂ.

 

ആ, അപ്പൊ നമ്മൾ എന്താ പറഞ്ഞു വന്നത്?

തിളയ്ക്കുന്ന ചോര

എന്താ കാരണം?

സാഹിത്യകാരൻമാർ ഒന്നും അദ്ദേഹത്തെ വില വയ്ക്കുന്നില്ല.

 

അദ്ദേഹം കഥ എഴുതാൻ തുടങ്ങിയതിനു മുൻപ് മരിച്ചു പോയ തകഴിയും വൈക്കം മുഹമ്മദ് ബഷീറും ഒക്കെ പാര വച്ചതു കാരണം ആണ് അദ്ദേഹത്തിന് അവാർഡുകൾ ഒന്നും കിട്ടാത്തത് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

 

ശരിക്കും പറഞ്ഞാൽ എംടി യുടെ രണ്ടാമൂഴം വേറെ പേരിൽ അദ്ദേഹം എഴുതാൻ തുടങ്ങിയതായിരുന്നു പോലും. പിന്നേ ഒന്നോ രണ്ടോ ദിവസം മുന്നേ എംടിയുടെ നോവൽ പ്രസിദ്ധീകരിച്ചു. അതോടെ അദ്ദേഹത്തിന്റെ മഹത്കൃതി യശോദ (സാഹിത്യകാരന്റെ  ഫാര്യ) രണ്ടു ദിവസം കുക്കിങ് ലാബിൽ ഉപയോഗിച്ചു എന്നാണ് പറയുന്നത്.

 

അപ്പൊ നമ്മുടെ പ്രാഞ്ചിയേട്ടൻ സ്വന്തം മരണം സ്വപ്നം കണ്ടു കളറാവും ട്ടോ എന്നു പറയുന്നത് കണ്ടപ്പോൾ ആണ് നമ്മുടെ കവിക്കും തന്റെ മരണം എങ്ങിനെ ആയിരിക്കണം എന്നൊരു ചിന്ത ഉദിച്ചത്. പത്മശ്രീ ആയതു കൊണ്ടു ആചാരവെടി ഒക്കെ ഉണ്ടാവും. പക്ഷേ അതു ശവസംസ്കാരത്തിന് അല്ലേ. അതിനു മുൻപ് ടി വി യിൽ ഫ്ലാഷ് ന്യൂസ് വരും, പത്രത്തിൽ വാർത്ത വരും. പ്രശസ്ത സാഹിത്യകാരൻ സുധാകരൻ കള്ളൂവരമ്പിൽ വാർദ്ധക്യ സഹജമായ അസുഖം കാരണം മരണപ്പെട്ടിരിക്കുന്നു.

 

പോര വളരെ സാധാരണം. 

 

ഹൃദയസ്തംഭനം  ആയി.. ഇപ്പൊ കൂലിപ്പണിക്കാർക്കു വരെ വരുന്നുണ്ട്.

 

കാൻസർ ശരിയാവില്ല. ചില തെണ്ടികൾ  ശ്വാസകോശം സ്പോഞ്ചുപോലെ ആയിരുന്നു എന്നു പറയും.

പ്രമേഹം ....

 

അയ്യോ വേണ്ട ചാകുന്നത് വരെ മധുരം ഇട്ടൊരു ചായ പോലും കുടിക്കാൻ പറ്റില്ല.

 

പിന്നെ ആത്മഹത്യ? 

 

മരണം (കഥ)

ഹേയ് ആളുകൾക്ക് ഒരു വില ഉണ്ടാവില്ല, മാത്രവും അല്ല അതിനും അല്പം ധൈര്യം വേണമല്ലോ.

 

പിന്നെ ആക്‌സിഡന്റ്..

 

വിമാന അപകടം ഒക്കെ ആയാൽ ഒരു ഗുമ്മുണ്ട്, പക്ഷേ സാധ്യത കുറവാണ്.

 

ട്രെയിൻ, ബസ് ആക്സിഡന്റ്..

 

വളരേ സാധാരണം.

 

ബൈക്ക്, ഓട്ടോ, സൈക്കിൾ, ലോറി?  

 

അയ്യേ

 

 

പിന്നെ കാർ,

 

വല്ല റോൾസ് റോയിസോ ബെൻസോ ഒക്കെ ആണെങ്കിൽ കൊള്ളാം ഒരു ഗമ ഉണ്ട്. ടുറാൻ എന്നു പറഞ്ഞ് ഒരു കാറുണ്ടത്രേ

 

പ്രസിദ്ധ സാഹിത്യകാരൻ ..... ടു....ൻ മുട്ടി മരിച്ചു. ഭഗവാനേ ശത്രുക്കൾക്കു പോലും ആ ഗതി വരുത്തല്ലേ, അദ്ദേഹം ആത്മാർഥമായി പ്രാർത്ഥിച്ചു.

 

 

പിന്നെ നടന്മാരും ഗായകരും ഒക്കെ പറയുന്ന പോലെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മരിക്കണം, പാടിക്കൊണ്ടിരിക്കുമ്പോൾ മരിക്കണം എന്നൊക്കെ പറയുന്നത് പോലെ എഴുതി കൊണ്ടിരിക്കുമ്പോൾ? അതും ശരിയാവില്ല വീട്ടിൽ വച്ചു മരിച്ചു എന്നേ ചിലപ്പോൾ പത്രത്തിൽ വരൂ. പിന്നെ ഒരു സ്റ്റാൻഡേർഡ് ഉള്ളത് വല്ല സാഹിത്യ ചർച്ചയിലും പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ മരിക്കുന്നതാണ്. എം.എൻ. വിജയൻ സാർ  പത്രസമ്മേളനത്തിന് ഇടയിൽ മരിച്ച പോലെ.

 

ഏതായാലും മരണം എങ്ങനെ വേണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഉറച്ച ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒരിക്കൽ ട്രെയിനിൽ വച്ചൊരു സന്യാസിയെ കണ്ടു. അദ്ദേഹവുമായി ഈ കാര്യം സംസാരിച്ചപ്പോൾ മരണം ഒക്കെ ദൈവനിശ്ചയം അല്ലേ? എന്നാണ് ചോദിച്ചത്.

 

‘ആട്ടെ താങ്കൾ വല്ല പുണ്യ പ്രവൃത്തിയും ചെയ്തിട്ടുണ്ടോ’

 

കുറേ നേരം ആലോചിച്ചിട്ടും അങ്ങനെ ഒരു കാര്യം ഓർമ വന്നില്ല.

 

‘പോട്ടെ, പൂന്താനവും നാരായണ ഭട്ടതിരിയും ഒക്കെപ്പോലെ അടിയുറച്ച ഭക്തൻ ആണോ’

 

എവിടെ, മറ്റുള്ളവർ നശിച്ചു പോണേ എന്നു പറയാൻ മാത്രമല്ലാതെ അമ്പലത്തിന്റെ പടി ചവിട്ടിയിട്ടില്ല.

 

‘ഏതായാലും പ്രാർത്ഥിക്കുക സുഖമരണത്തിനായി.’ –  സന്യാസി പറഞ്ഞു.

 

അതിനു ശേഷം പിന്നെ അമ്പലങ്ങളും പള്ളികളും ജാറങ്ങളും ഒക്കെ കയറി പ്രാർത്ഥന തന്നെ ആയിരുന്നു. അവസാനം നമ്മുടെ സാഹിത്യകാരന്റെ സമയവും തീരാറായി. ഒരു സംഘടന നടത്തിയ സഹിത്യാസമ്മേളനവും അതിനു ശേഷം പാർട്ടിയും. സാഹിത്യ സിങ്കം കാലശേഷൻ ആയി. ടിവിയിൽ ഫ്ലാഷ് ന്യൂസ് വന്നു.

 

പ്രശസ്ത സാഹിത്യകാരൻ സുധാകരൻ കള്ളൂവരമ്പിൽ അന്തരിച്ചു.  പൊറാട്ട തൊണ്ടയിൽ കുടുങ്ങി ആയിരുന്നു അന്ത്യം...

 

English Summary : Maranam Short Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com