ഉൾക്കിടിലത്തോടെ അയാൾ ആ വാർത്തകേട്ടു; വഴിയേപോയ വയ്യാവേലി തന്റെ വീട്ടിൽ കയറിയ ആ മുഹൂർത്തത്തെ അയാൾ ശപിച്ചു...

രണ്ടാം ജന്മം (കഥ)
പ്രതീകാത്മക ചിത്രം
SHARE

രണ്ടാം ജന്മം (കഥ)

ഇനി അഞ്ചുനാൾ കൂടി.  അതോടെ തീരും എന്റെ ഹോം ക്വാറന്റീൻ. അയാൾ ഭാര്യയെ വിളിച്ചപ്പോൾ ഓർമ്മിപ്പിച്ചു. ‘കുട്ടികൾക്ക് എല്ലാം സുഖമല്ലേ ? വീട്ടിൽ ആർക്കും വിശേഷമൊന്നുമില്ലല്ലോ.’ അയാൾ  വീട്ടുകാരുടെ സുഖവിവരം അനേഷിച്ചു. നീണ്ട വർത്തമാനം അയാളെ സ്വൽപം അസ്വസ്ഥനാക്കി. ഭാര്യയെ പേടിപ്പിക്കേണ്ടെന്നു കരുതി അവരോട് ഒന്നും പറഞ്ഞില്ല.   ഫോൺ കട്ടുചെയ്തു.  ചെറുതായി ഒരു ശ്വാസതടസ്സം അയാൾക്കനുഭവപ്പെട്ടു.  ഏയ് തോന്നിയതായിരിക്കും.  അയാൾ ദീർഘനിശ്വാസം എടുത്ത് പ്രശ്നമൊന്നുമില്ലെന്നു സമാധാനിക്കാൻ ശ്രമിച്ചു. എങ്കിലും ചെറിയ ഒരു ഭീതി അയാളിൽ വളരാൻ തുടങ്ങി. അയാൾ ഓർത്തു.

അടുത്ത വീട്ടിലെ ഷാജി ദുബായിൽനിന്നു വന്നത് ഇന്നലെയായിരുന്നു.  അയാൾ മാത്രമല്ല ഭാര്യ അമലയും ഉണ്ടായിരുന്നു.  ഷാജിക്ക് അവിടെ നല്ല ജോലിയാണത്രെ.  കഴിഞ്ഞ മാസമാണ് അയാൾ ഭാര്യയെ കൊണ്ടുപോയത്.  രണ്ടുപേർക്കും കൂടി ടിക്കറ്റ് കിട്ടിയില്ലത്രെ.  അതിനാൽ അമലയാണ് ആദ്യം വന്നത്.  പിന്നീട് ഷാജിയും. പടികടന്നു വരുന്ന ഷാജിയെ കണ്ടപ്പോൾ തെല്ലൊരു ഭയം തോന്നാതിരുന്നില്ല.  എങ്കിലും അതയാൾ മറച്ചുവെച്ചു.  കാലങ്ങളായുള്ള ഒരു ആത്മബന്ധം അയാളുമായി ഉണ്ട്.

‘‘വരൂ ഷാജി.  അയാൾ ക്ഷണിച്ചു.  ചായ എടുക്കട്ടെ’’

വേണ്ട ബാലു. ഇപ്പോൾ കഴിച്ചതാ.  ഒരു കല്യാണം ഉണ്ടായിരുന്നു.  അവിടെ പോയി വേഗം തിരിച്ചു പോന്നു. പ്രശ്നമൊന്നുമില്ല.  

എങ്കിലും ഒരു കരുതൽ. 

അതെന്താടാ ?  

കൊറോണയല്ലേ പടരുന്നത്.  ഈ സാഹചര്യത്തിൽ ഇപ്പോൾ പുറത്തുനിന്നും വരുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടല്ലോ നിങ്ങൾക്കും വേണ്ടേ നിരീക്ഷണം ? അയാൾ വ്യാകുലതയോടെ ചോദിച്ചു.

വേണ്ടതാണ്. പക്ഷേ അവിടെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തൊന്നും ഒരു പ്രശ്നവുമില്ല. പിന്നെ അധികം യാത്രവേണ്ടെന്നു വയ്ക്കാം.  14 ദിവസം പുറത്തിറങ്ങാതെ എങ്ങനെ വീട്ടിൽത്തന്നെ അടച്ചിരിക്കും.  മാത്രമല്ല ഫാമിലിയിൽ വേണ്ടപ്പെട്ട ഒരു കല്യാണം ഉണ്ടായിരുന്നു.  ഷാജി പറഞ്ഞുനിർത്തി.

എവിടെ തന്റെ ഭാര്യയും കുട്ടികളും ? അയാൾ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.

അവർ എന്റെ തറവാട്ടിൽ പോയിരിക്കുകയാണ് നാലുദിവസം കഴിഞ്ഞേ വരൂ. ഷാജിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. 

ശരി ഞാൻ ഇറങ്ങട്ടെ.  പിന്നെ കാണാം.  ഇത് ഇവിടെ വെച്ചോ.  കുറച്ച് ചോക്കലേറ്റ് ആണ്. പിള്ളേർ വരുമ്പോൾ കൊടുത്താൽ മതി.  സ്ഥിരം ചെയ്യാറുള്ളതുപോലെ അവർ ഒരു കവർ നീട്ടി.  തെല്ലൊരു മടിയോടെ അയാൾ അത് വാങ്ങി വെച്ചു. അയാൾ ആധിയോടെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്നു. 

ദിവസം കടന്നുപോയി. ഒരുതുള്ളി രക്തത്തിൽ നിന്നു നിരവധി മഹിഷാസുരന്മാർ ജന്മമെടുക്കുന്നതുപോലെ കൊറോണ അതിന്റെ സർവ്വശക്തിയുമെടുത്ത് സംഹാരതാണ്ഡവം ആടിത്തുടങ്ങി.  അതിനെതിരെ ചാമുണ്ഡേശ്വരിമാരായി ആരോഗ്യപ്രവർത്തകരും. പത്ര വാർത്തകളും ചാനൽ വാർത്തകളും അയാളെ ഭയവിഹ്വലനാക്കി.  

ആധിയോടെ അയാൾ പോലീസിലും പബ്ലിക് ഹെൽത്ത് സെന്ററിലും വിളിച്ചു.  കാര്യങ്ങൾ വിസ്തരിച്ച് പറഞ്ഞു. സ്വൽപസമയം കഴിഞ്ഞതും ആരോഗ്യപ്രവർത്തകർ ഷാജിയുടെ  വീട്ടിലും പരിസരത്തും എത്തി.  ഷാജിയേയും കുടുംബത്തെയും കൊണ്ടുപോയി.  പിടിച്ചുകൊണ്ടുപോയി എന്നുവേണം പറയാൻ.  ഹോസ്പിറ്റലിലേക്കാണത്രെ. തുടർന്ന് അവർ അയാളെയും കണ്ടു.  കൊറോണ ടെസ്റ്റ് ചെയ്യുവാനായി ആശുപതിയിൽ കൊണ്ടുപോയി. നിർബന്ധപൂർവം ഹോം കോറന്റൈൻ വേണമെന്ന് അറിയിച്ച്‌ വീട്ടിൽ കൊണ്ടുവന്നു വിട്ടു. തുടർന്ന് അവർ  കൊറോണ ഹെൽപ് ലൈൻ നമ്പറും കൊടുത്തു യാത്രയായി. 

അയാൾ കാര്യങ്ങൾ ഭാര്യയേയും വീട്ടുകാരെയും അറിയിച്ചു.  അവരുടെ തിരിച്ചുവരവ് അയാൾ നീട്ടിവെപ്പിച്ചു.

അഞ്ചുദിവസം കഴിഞ്ഞപ്പോൾ ഷാജിയും അമലയും കൊറോണ പോസിറ്റിവ് ആണെന്ന് ഒരു ഉൾക്കിടിലത്തോടെ അയാൾ അറിഞ്ഞു.  ഹെൽത്ത് ഡിപ്പാർട്ടുമെന്റ് റൂട്ട് മാപ്പ് പുറത്തിറക്കി.  അതിൽ അയാളുടെ വീടും ഉള്ളതായി അയാൾ അറിഞ്ഞു.  

തുടർന്ന് ആരോഗ്യപ്രവർത്തകർ അവിടെയെല്ലാം ശുചീകരണം നടത്തി.  പ്രാഥമികലിസ്റ്റിൽപ്പെട്ട തന്നെ ആരോഗ്യപ്രവർത്തകർ നിർബന്ധപൂർവ്വം ഹോം കോറന്റൈൻ തുടരുവാനും രണ്ടാമത്തെ കൊറോണ ടെസ്റ്റ് നടത്തുവാനും തീരുമാനിച്ചു.  ഷാജിയും കുടുംബവും ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ കയറ്റിയതായിഅറിയാൻ കഴിഞ്ഞു. വഴിയേപോയ വയ്യാവേലി തന്റെ വീട്ടിൽ കയറിയ ആ മുഹൂർത്തത്തെ അയാൾ ശപിച്ചു.

ആദ്യ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് അറിയിപ്പുവന്നു.  സ്വൽപം സമാധാനം തോന്നിയെങ്കിലും അയാൾ അസ്വസ്ഥതയോടെ ഉലാത്തിക്കൊണ്ടിരുന്നു.  സ്ഥിരമായ ഉത്സാഹം അയാളിൽ നിന്നകന്നു പോയതുപോലെ കാണപ്പെട്ടു.  ആകുലതയോടെ വീണ്ടും കാത്തിരിപ്പ്. സുഹൃത്തിന്റെ വിളി വന്നൊപ്പഴാണ് അയാൾ ഓർമ്മയിൽനിന്നും ഉണർന്നത്.  

അതിനിടയിൽ ഷാജി അത്യാസന്ന നിലയിലാണെന്ന വാർത്ത അയാൾ അറിഞ്ഞു.  ഭയം അയാളെ കാർന്നു തുടങ്ങി.   രണ്ടാമത്തെ ടെസ്റ്റിനുള്ള സമയം അടുത്തു.  ഇന്നാണ് ഹെൽത്ത് ഡിപ്പാർട്ടമെന്റ് വന്നു  വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്തൊക്കെയോ ടെസ്റ്റിനായി രക്തം എടുത്തു.  വെളുത്ത രൂപങ്ങൾ തൊണ്ടയിൽനിന്നും എന്തൊക്കെയോ സാംപിളും എടുത്തു.  ആകെ ഒരു പരവേശം അയാൾക്കനുഭവപ്പെട്ടു. ആകെ ഒരു കുളിരുവരുന്നതായി അയാൾക്ക് തോന്നി.  തൊണ്ടയിൽ ഒരു വേദനയുണ്ടോ. എല്ലാം സംശയം ആയിരിക്കും.  അയാൾ മനസ്സിൽ കരുതി.

അതിരാവിലെ എഴുന്നേൽക്കാറുള്ള അയാൾ, ഇന്ന് അതുണ്ടായില്ല. ചെറിയ തണുപ്പ് തോന്നി അയാൾ പുതപ്പിന്നടിയിലേക്കു ചുരുണ്ടുകൂടി.  പനിയുള്ളതുപോലെ.  ചെറിയ തലവേദനയും.  തൊണ്ടയിൽ ചെറിയ അസ്വാസ്ഥ്യം പ്രകടമാണ്.  ചെറിയ ഒരു ശ്വാസതടസ്സവും അനുഭവപ്പെടുന്നു.  എല്ലാം തോന്നലാണോ എന്ന് അയാൾ ശങ്കിച്ചു. സംശയം കൂടിക്കൊണ്ടിരുന്നു.  എങ്കിലും ഹെൽപ്‌ലൈനിലേക്ക് വിളിക്കണമെന്ന് വിചാരിച്ച് അയാൾ ഫോൺ എടുത്തു.  ആരോഗ്യപ്രവർത്തകർ തന്ന നമ്പറിലേക്ക് അയാൾ വിളിച്ച് കാര്യങ്ങൾ  പറഞ്ഞു.  

താമസിയാതെ ആംബുലൻസ്‌മായി ചിലർ വന്നു.  വീട് പൂട്ടി താക്കോൽ പ്രവർത്തകരെ ഏൽപ്പിച്ചു.  അവർ അയാളെ ഹോസ്പിറ്റൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  വെളുത്തരൂപങ്ങൾ ധാരാളമായി കണ്ടുതുടങ്ങി.  അതിൽ ഒരു വെളുത്തരൂപം എന്റെ അരികിലേക്ക് വന്നു.  എന്തൊക്കെയോ ഉപകരണങ്ങൾ ശരീരത്തിൽ പിടിപ്പിച്ച്.  ചെറിയ ബീപ്പ് ശബ്ദവും വന്നുതുടങ്ങി.  അതിനിടയിൽ രണ്ടാമത്തെ ടെസ്റ്റ് പോസിറ്റീവ് ആയതായി രണ്ടു വെളുത്തരൂപങ്ങൾ തമ്മിൽ പറയുന്നതായി കേൾക്കാൻ കഴിഞ്ഞു.  

എല്ലാം അവസാനിച്ചെന്ന് തോന്നി.  ഭാര്യയുടെയും കുട്ടികളുടെയും ശബ്ദമെങ്കിലും കേൾക്കാൻ മനസ്സിൽ കൊതി തോന്നി. മനസ്സിനെ ഭയം കൂടുതൽ കൂടുതൽ ഗ്രസിച്ചുതുടങ്ങിയാതായി അയാൾക്കു തോന്നി.  ബീപ്പ് ശബ്ദം കൂടുതൽ ഉച്ചത്തിലായിക്കൊണ്ടിരുന്നു.  അയാൾ അതിന്റെ താളക്രമവും നോക്കി കിടന്നു.

ആരോടും യാത്രപറയാതെ പോന്നത് അയാളിൽ കുറ്റബോധം ഉണ്ടാക്കി.  അവർ അറിഞ്ഞിരിക്കുമോ ? ഉണ്ടാകും അയാൾ സ്വയം സമാധാനിച്ചു.  ഷാജി വന്നദിവസം ആരും വീട്ടിലില്ലാതിരുന്നത് മഹാഭാഗ്യം.  ഒരുപക്ഷേ ഇനി കാണാൻ കഴിയാതിരുന്നാലോ.  തിരുവനന്തപുരത്ത് മരിച്ചയാളുടെ ശവം പോലും വീട്ടുകാർക്ക് വേണ്ടപോലെ കർമ്മങ്ങൾക്ക് ലഭിച്ചില്ലത്രെ.  അയാൾ ആധിയോടെ ചിന്തിച്ചു.

ശ്വാസം വലിക്കുന്നതിനുള്ള പ്രയാസം കൂടിക്കൊണ്ടിരിക്കുന്നു.  എവിടെയൊക്കെയോ വേദനയും വന്നുതുടങ്ങി.  സ്ഥിരമുള്ള തലവേദനയും കൂട്ടിനുണ്ട്.  ഒരു വെളുത്തരൂപത്തിനോട് അയാൾ വിവരം പറഞ്ഞു.  ഏതോ ചില മരുന്നുകൾ അവർ അയാൾക്കുനൽകി.  ചില കുത്തിവെപ്പുകളും.  ക്ഷീണം മനസ്സിനെയും ശരീരത്തെയും ബാധിച്ചുതുടങ്ങി.  ദിവസങ്ങൾ അയാൾക്കറിയാതെയായി.  എത്രദിവസമായി അവിടെയെത്തിയതെന്നു അയാൾ ഓർത്തു.  പക്ഷേ ഓർമ്മയിൽ വന്നില്ല. വീണ്ടും കാത്തിരിപ്പ്.   ഇടയ്ക്കു ശക്തമായ ശ്വാസ തടസ്സം അയാൾക്കനുഭവപ്പെട്ടു.  

കഴുത്തിൽ ആരോ പിടിച്ച് മുറുക്കുന്നതുപോലെ.  അയാൾ ഞെളിപിരികൊള്ളുന്നത് അടുത്തിരുന്ന വെള്ളുത്തരൂപം കണ്ടു.  അവർ ഒരുമാസ്‌ക് മൂക്കിൽ ഘടിപ്പിച്ചു.  ഓക്സിജൻ ആണ്.  സ്വൽപം ആശ്വാസം തോന്നി. കണ്ണുകളിൽ കനം കൂടിത്തുടങ്ങി.   എല്ലാം മറന്നു ഒന്ന് ഉറങ്ങാൻ അയാൾ മോഹിച്ചു. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു കണ്ണുകൾ മുറുക്കിയടച്ചു.

പെട്ടെന്ന് ഉണ്ടായ ശ്വാസതടസ്സം അയാളെ ഉറക്കത്തിൽനിന്നും ഉണർത്തി.  ശരീരം മുഴുവനും വേദനയും അയാൾക്കനുഭവപ്പെട്ടു.  തൊണ്ടയിലാണ് പ്രശ്നം.  ഉമിനീര് ഇറക്കാൻ പോലും അയാൾ പാടുപെട്ടു.  ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.  വീണ്ടും ശ്വാസതടസ്സം അതിഭീകരമായനിലയിൽ അയാൾക്കനുഭവപ്പെട്ടു. കൈകാലുകൾ ഇളക്കുവാൻ ശ്രമിച്ചെങ്കിലും അയാൾക്കതിന് കഴിഞ്ഞില്ല.  ശ്വാസം നിലച്ചുപോകുന്നതായി അയാൾക്കനുഭവപ്പെട്ടു. അയാളുടെ മുഖം ഭീകരമായി.  

കണ്ണുകൾ പുറത്തേയ്ക്കു തള്ളിവരുന്നതായും കണ്ണുകളിൽ ഇരുട്ട് പരക്കുന്നതായും അയാൾക്ക്‌ തോന്നി. അവിടെയുള്ള വെളുത്തരൂപത്തിനെ കൂടാതെ മറ്റു രണ്ടു രൂപങ്ങളും വന്നു. ശബ്ദം വളരെ ഉച്ചത്തിലായത് അയാൾ സ്വപ്നത്തിലെന്നപോലെ തോന്നി.  ശക്തിയായ ശ്വാസതടസ്സം.  തൊണ്ടയിൽ ഞെക്കിപ്പിടിക്കു ന്നതായി അയാൾക്ക്‌അനുഭവപ്പെട്ടു.  കാലൻ അയാളുടെ പ്രവർത്തനം തുടങ്ങുകയാണോ എന്ന് ആ സമയത്തും അയാൾ ഓർത്തു. കഴുത്തിൽ കയറിട്ടു മുറുക്കുന്നതായി അയാൾക്ക് തോന്നി.  ശ്വാസംനിലക്കുന്നതായും.  കറണ്ടുപോയപോലെ എല്ലാം ഇരുട്ടിലാകുന്നതായി അയാൾക്കുതോന്നി.

വാതിൽ തുറന്നു വരുന്ന അമ്മയെ അയാൾ കണ്ടു.  കയ്യിൽ ഫ്‌ളാസ്‌കും പിടിച്ചിട്ടുണ്ട്.  എഴുന്നേൽക്കാൻ ശ്രമിച്ചു.  കഴിയുന്നില്ല. എഴുന്നേൽക്കേണ്ടെന്നു അമ്മ ആംഗ്യം കാണിച്ചു.  എന്താ പ്രശനമെന്നു ചോദിച്ചു. തലവേദനയുണ്ടെന്നു പറഞ്ഞപ്പോൾ ബാം എടുത്ത് എല്ലാം സുഖമാകും എന്ന് പറഞ്ഞു നെറ്റിയിൽ പുരട്ടി.  നെഞ്ചിലും കഴുത്തിലും കൈകൾ ചലിച്ചു.  ചായ കുടിക്കുവാൻ തന്നു. പക്ഷെ അയാൾ വേണ്ടെന്ന് കൈകാണിച്ചു.  അടുത്തിരുന്ന അമ്മയുടെ കൈകൾ സാവധാനം അയാളുടെ തലയിലൂടെ ഓടിനടന്നു.

താളത്തോടെയുള്ള ബീപ്പ് ശബ്ദം അയാളെ ഉറക്കത്തിൽനിന്നും ഉണർത്തി.  വെളിച്ചം കണ്ണുകളിലേക്ക് വന്നു.  അയാൾ മെല്ലെ കണ്ണുതുറന്നു.  വെളുത്തരൂപങ്ങൾ സന്തോഷത്തിലാണെന്ന് തോന്നി.  അവർ വിക്ടറി സൈൻ കാണിച്ചു.  അയാൾ പുഞ്ചിരിതൂകി. രണ്ടുമൂന്നു വെളുത്തരൂപങ്ങൾ അവിടെ ചുറ്റിക്കറങ്ങുന്നുണ്ട്.  അയാൾ സ്വബോധത്തിലേക്കു ഇറങ്ങിവന്നു.  വെളുത്തരൂപങ്ങളുമായി സംസാരിക്കാൻ ശ്രമിച്ചു. എന്താണ് സംഭവിച്ചതെന്ന് അയാൾ അവരോടു ചോദിച്ചു.  ഒന്നുമില്ലെന്ന്‌ ആംഗ്യം കാണിച്ചു.  മിണ്ടരുതെന്നും.  ഇപ്പോൾ ശ്വാസം വലിക്കുവാൻ ബുദ്ധിമുട്ടുണ്ടോയെന്നു അവർ ചോദിച്ചു.  കുറവുണ്ടെന്ന്  അയാൾ പതിയെ മറുപടി നൽകി.  അയാൾ കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

മരിച്ചുപോയ അമ്മ അടുത്തുവന്നതും നെറ്റിയിൽ തടവുന്നതും അയാൾ ഒരു സ്വപ്നത്തിലെന്നപോലെ അയാൾക്ക് തോന്നി. ഒരുപക്ഷെ തന്റെ മരണസമയം അമ്മയെ കണ്ടതാകുമോ.  പഴമക്കാർ പറഞ്ഞത് അയാൾ ഓർത്തു.  മരണസമയം പ്രിയപ്പെട്ടവർ അരികിലെത്തുമെന്നു.  ആണോ ? എങ്കിൽ താൻ ഇപ്പോൾ ജീവനോടെയുണ്ടല്ലോ.  അപ്പോൾ തന്റെ ജീവിതത്തിൽ ഒരു മിറക്കിൾ സംഭവിച്ചിരിക്കുന്നു.  എല്ലാം സുഖമാകും എന്നുപറഞ്ഞ അവരുടെ വാക്കുകൾ വ്യക്തമായി അയാൾ കേട്ടിരുന്നു.  അയാൾ യാഥാർഥ്യത്തിലേക്കു വന്നു.  മരുന്നുകളുടെ ശക്തിയും  വെളുത്തരൂപങ്ങളുടെ സ്നേഹത്തോടെയും ശ്രദ്ധയോടെയും ഉള്ള പരിചരണവും ആകും ഈ രക്ഷപ്പെടലിന്റെ കാര്യം എങ്കിലും മരിച്ചുപോയ അമ്മയുടെ അദൃശ്യ കരസ്പർശം ആണ് അയാളെ രക്ഷിച്ചതെന്ന് ഓർക്കാൻ അയാൾ ഇഷ്ടപ്പെട്ടു.

നീണ്ട 25 ദിവസം.  അയാൾ ഹോസ്പിറ്റലിൽ നിന്നും ചികിത്സ കഴിഞ്ഞു പുറത്തിറങ്ങുന്നു.  ഷാജിയും കുടുംബവും രക്ഷപ്പെട്ടുകാണുമായിരിക്കും. അയാൾ ചിന്തിച്ചു.  ലക്ഷക്കണക്കിന് കൊറോണ രോഗികളിൽനിന്നും രക്ഷപ്പെട്ടു വരുന്നവരിൽ ഒരാൾ.  ഷാജിയെ പോലുള്ളവർ അറിഞ്ഞുകൊണ്ട് അല്ലെങ്കിൽ നിസ്സാരമെന്നു കരുതി ചെയ്തുകൂട്ടുന്ന പ്രവൃത്തിയുടെ തിക്തഫലം അനുഭവിക്കുന്ന, രാപകലില്ലാതെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടിനടക്കുന്ന ഡോക്ടർ, നഴ്‌സ് തുടങ്ങിയ ഈ വെളുത്തരൂപങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ ഗവൺമെന്റ്, ഉദ്യോഗസ്ഥ വിഭാഗങ്ങൾ, അവരില്ലെങ്കിൽ ഒരുപക്ഷേ താൻ ഇന്ന് മണ്ണടിയുമായിരുന്നു. 

ബഹുമാനപൂർവം അയാൾ ആ വെളുത്തരൂപങ്ങളെ നമിച്ചു. പുറത്ത് കാത്ത് നിൽക്കുന്നവരിൽ തന്റെ ഭാര്യയുടേയും കുട്ടികളുടേയും മുഖം അയാൾ തിരഞ്ഞു.  ആരും പുറത്തിറങ്ങിയിട്ടില്ലത്രെ. കൊറോണയെന്ന മഹാമാരി സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. കണ്ണുകളിൽനിന്നു കണ്ണുനീർ തുള്ളികൾ ഒഴുകിവീണു.  എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വെളുത്തരൂപം പുറത്ത് തട്ടി സമാശ്വസിപ്പിച്ചു.

കൊറോണ എന്ന ഈ മഹാമാരിയിൽ നിന്നും രക്ഷപ്രാപിച്ച് ഒരു രണ്ടാം ജന്മമായി അയാൾ യാത്രതുടങ്ങി.

English Summary : Randam Janmam Story By Dileep Karuvattu

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;