ADVERTISEMENT

ബാരക്കിലെ ഒ.വി വിജയൻ (കഥ)

മൂവന്തിയിലെ ഇരുട്ട് ക്യാമ്പിൻ കുന്നിലെ വലിയ വൃക്ഷങ്ങൾക്ക് മീതെ കറുത്ത നിഴലുകളെ വരച്ചിട്ടു. അവയൊന്നായ് ഇരുട്ടിക്കനത്ത് ബാരക്കിലെ കെട്ടിടങ്ങൾക്ക് മീതെ കരിങ്കടലായ് ആർത്തലച്ചുകൊണ്ടിരുന്നു. റോൾകോൾ പരേഡ് സാബ്ദാൻ... റോൾ കോൾപരേഡ് വേശ്രം... കമാൻഡിങ് ഓഫീസർ ഗ്രൗണ്ടിന്റെ തെക്കു ഭാഗത്ത് നിന്നും അലറിക്കൊണ്ടിരുന്നു. ഓരോ സൈനികന്റെയും ബൂട്ടടികൾ  ഒരേ ശ്വാസത്തിൽ ശബ്ദങ്ങളെ പുറപ്പെടുവിച്ചു. നിര തെറ്റാതെ ഓരോ ശബ്ദവും ക്യാമ്പിലെ ചുമർ ഭിത്തിയിൽ ചെന്ന് തറച്ച് ഗാംഭീര്യത്തിന്റെ നൂറു കൂട്ടം ശബ്ദങ്ങളായി അന്തരീക്ഷത്തിൽ അലയടിച്ച്  കൊണ്ടിരുന്നു.

 

നാളെ എന്തെല്ലാം കാര്യങ്ങൾ ചെയ്ത് തീർക്കണമെന്നാണ് ഓരോ ദിവസത്തേയും മൂവന്തിയിലെ റോൾകോൾ പരേഡുകളിൽ സി.ഒ  സാബ് പറഞ്ഞ് കൊണ്ടിരുന്നത്. എല്ലാദിവസവും ക്യാമ്പിലേക്ക് പച്ചക്കറികൾ വാങ്ങാൻ അരീക്കോട് മാർക്കറ്റിലേക്ക് പഴയ സൈനിക ജീപ്പോടിച്ച് കുന്നിറങ്ങി പോവാനുള്ള ഉത്തരവാദിത്വം റോഷനിലും സന്ദീപിലും  വന്ന് ചേർന്നു, രണ്ട് പേരും പഴയ സഹപാഠികളാണ്; ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഒരുമിച്ച് എം.ഫിൽ ഗവേഷണ ബിരുദം കരസ്ഥമാക്കിയവർ. സന്ദീപ് നല്ലൊരു ഫുട്ബോൾ പ്ലെയറും റോഷൻ ആനുകാലികങ്ങളിലെഴുതുന്ന ഒരു സാമൂഹിക വിമർശകനുമാണ്. എല്ലാ ദിവസവും ആവശ്യമുള്ള പച്ചക്കറികളുടെ ലിസ്റ്റ് കടയിൽ നൽകിയതിന് ശേഷം അവർ വെറുതെ അങ്ങാടിയിലൂടെ ചുറ്റിത്തിരിയും.

 

സന്ദീപിലെ സ്പോർട്സ്മാൻ  അരീക്കോടിനെ ഏറെ പ്രണയിച്ചിരുന്നു. ‘’ഇതിലെ വെറുതേ ഒന്ന് നടന്നാൽ പോലും നല്ലൊരു ഫുട്ബോൾ പ്ലെയറാകുമെന്ന്’’ അവൻ ഇടയ്ക്കിടെ കൂട്ടുകാരോട് പറഞ്ഞു കൊണ്ടിരുന്നു. അങ്ങാടിയിലൂടെ കടന്നുപോകുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറ്  അനൗൺസ്മെന്റുകൾ   അവനെ ഹഠാതാകർഷിച്ചു. സാഹിത്യവും  സ്പോർട്സും ചേർന്നൊരു പുതിയ ആകാശം നെയ്തെടുത്തത് പോലെ. ‘‘അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ രാത്രിയുടെ കരിമ്പടം  വിരിക്കുമ്പോൾ; ചാലിയാറിന്റെ കുഞ്ഞോളങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് അരീക്കോട് ഫ്ലഡ്  ലൈറ്റ്    സ്റ്റേഡിയത്തിൽ സോക്കർ സ്പോട്ടിംഗ് ഷൊർണൂരും ജിംഖാന തൃശ്ശൂരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ; നൈജീരിയൻ താരം ഖാബേയുടെ വെടിയുണ്ട കണക്കിന് ചീറി വരുന്ന ഷോട്ടുകൾ തന്റെ ഉരുക്ക് കാലുകൾകൊണ്ടും വിരിമാറ് കൊണ്ടും  പ്രതിരോധിച്ച്  എതിരാളിയുടെ വല കുലുക്കുന്ന കേരള സന്തോഷ് ട്രോഫി താരം സൈമൺ ജോസിന്റെ  മാന്ത്രിക വിദ്യയും തമ്മിൽ കൊമ്പ് കോർക്കുമ്പോൾ....’’ ഏതെങ്കിലുമൊരു അവധി ദിവസം ആ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലെ കാണികളിലൊരു കണികയാവാൻ അവൻ കൊതിച്ചു.

 

ചരിത്രമുറങ്ങുന്ന പട്ടണ മധ്യത്തിലെ ജോളി  ഹോട്ടലിൽ നിന്നും ചായയും ബിരിയാണിയും കഴിച്ചിറങ്ങുന്ന വീർത്ത മസിലുകളും ചെമ്പ് നാര് പോലുള്ള ചുരുണ്ട മുടികളുമുള്ള  നൈജീരിയൻ ഫുട്ബോൾ താരങ്ങൾക്കും സുഡാൻ താരങ്ങൾക്കും റോഡിന്റെ എതിർ ഭാഗത്ത് നിന്നും ആരാധകരായ സ്കൂൾ കുട്ടികൾ കൈവീശിക്കാണിച്ചു, താരങ്ങൾ അവരെ പ്രത്യഭിവാദ്യം ചെയ്തു. 

 

അവൻ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് റോഷൻ ഈ ആഴ്ച്ചയിലെ മുഴുവൻ  ആനുകാലികങ്ങളും വാങ്ങി തിരിച്ചെത്തിയത്. അവന്റെ കയ്യിൽ വെണ്ണക്കല്ലിൽ കൊത്തിയെടുത്തത് പോലുള്ള  രണ്ട് തടിച്ച മെഴുക് തിരികളുമുണ്ട്. അവരുടെ ജീപ്പ് കറുത്ത ധൂമങ്ങളെ കുരച്ച് തുപ്പിക്കൊണ്ട് ക്യാമ്പിൻ കുന്നിലേക്ക് പച്ചക്കറികളുമായി കയറിക്കൊണ്ടിരുന്നു.

 

‘‘നീയെന്തിനാണ് ഈ വലിയ രണ്ട് മെഴുകുതിരികൾ വാങ്ങിയത്?’’ - സന്ദീപ് ചോദിച്ചു.

 

‘‘അതിന് പിന്നിൽ വലിയൊരു കഥയുണ്ട്, കഴിഞ്ഞ ദിവസം ഇവിടെ ബസ്റ്റാന്റിൽ ഇത് വിൽക്കുന്നയാളെ ഞാൻ കണ്ടിരുന്നു, അയാൾ ബസ്സിൽ കയറി മെഴുകുതിരി വിൽക്കാൻ ബദ്ധപ്പെടുന്നു. അയാളുടേത് വളരെ ശാന്തതയുള്ള മുഖമാണ്. മെലിഞ്ഞൊട്ടിയ ശരീരം, നിറം മങ്ങിയ ഒരു പഴയ വെള്ളമുണ്ടാണ് വേഷം, ശീല കൊണ്ടുള്ള ഒരു തോൾ ബാഗുണ്ട്, കയ്യിൽ രണ്ട് മെഴുക് തിരിയും. ‘വീട്ടിലുണ്ടാക്കിയ നല്ല മെഴുകുതിരി, ഇരുപത് രൂപ’....   എന്ന് ആ മനുഷ്യൻ പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു കൊണ്ടേയിരിക്കും. പക്ഷേ അധികമാരും അത് വാങ്ങാറില്ല; മാത്രമല്ല പലരും ആ യുവാവിന് ചെവി കൊടുക്കാറുമില്ല’’. 

 

 

“അയാൾ നല്ല വിദ്യാഭ്യാസമുള്ള കൂട്ടത്തിലാണെന്ന് കടയിലെ അലവ്യാക്ക പറഞ്ഞപ്പോഴാണ് അറിയുന്നത്. മുമ്പ് ജീവിത പുസ്തകത്തിലെ വിധിയെന്നോണം ഏതോ ഒരു ആക്സിഡന്റ് അയാളുടെ ജീവിതത്തിന് മേൽ ഇരുട്ട് പടർത്തി. ആ ഇരുട്ടകറ്റാൻ അവനിന്ന് മെഴുകുതിരി കൊളുത്തി പരിശ്രമിക്കുന്നു. ആക്സിഡന്റിനു ശേഷം പഠനം തുടരാനോ മറ്റ് ജോലിക്ക് പോകാനോ അയാൾക്ക് കഴിയാതെയായി. ഇപ്പോൾ അവനും അവന്റെ മാതാവും ജീവിക്കാനായി അവരുടെ ഉൾഗ്രാമത്തിലെ കുടിലിലിരുന്ന് നിർമ്മിക്കുന്നവയാണീ മെഴുകുതിരികൾ!! അവൻ നല്ലൊരു വായനക്കാരനും  സാഹിത്യാസ്വാദകനുമാണ്’’.

 

‘’അലവ്യാക്ക മറ്റൊരു രഹസ്യം കൂടി എന്നോട് പറഞ്ഞിട്ടുണ്ട്’’ - റോഷൻ തുടർന്നു, ‘‘കുറച്ചുമുമ്പ് ഇവിടെ വെള്ളപ്പൊക്കം വന്നപ്പോൾ വൈദ്യുതി പാടേ മുടങ്ങി, എല്ലാവരുടേയും ഇൻവേർട്ടറും, ഫോണും, വെളിച്ചവുമൊക്കെ വെളളത്തിലായി. പലരും വീട്ടിൽ വെട്ടം തെളിയിക്കാൻ അവന്റെ മെഴുകുതിരിയെ തേടി അവരുടെ കുടിലിന് മുന്നിലെത്തി. അവൻ ആരോടും പണം വാങ്ങാതെ സൗജന്യമായി എല്ലാവർക്കും മെഴുക് തിരികൾ നൽകി!! അന്ന് ഇവിടുത്തെ  സ്കൂളുകൾ വെള്ളപ്പൊക്ക സമയത്ത് ക്യാമ്പായി മാറിയപ്പോൾ അവിടേക്കാവശ്യമുള്ള മെഴുക് തിരികളും രഹസ്യമായി സംഭാവന നൽകിയത് അവനായിരുന്നുവത്രേ’’

 

സത്യത്തിൽ അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യരാണ് മാനവരാശിയുടെ ചരിത്രത്തിൽ മനുഷ്യത്വത്തിന്റെ വെട്ടം തെളിയിച്ചവർ. ഈ മെഴുക് തിരി വാങ്ങിയത്  അവനോടുള്ള  ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ്.

 

ബാരക്കിലേക്കുള്ള വളഞ്ഞ് പുളഞ്ഞ് കുത്തനെയുള്ള കറുത്ത നിരത്തുകൾ ഉരുണ്ട് കയറാനായി ആ ജീപ്പ് വല്ലാതെ കിതക്കുന്നുണ്ട്. നിരത്തിന് ഇരു വശത്തുമുള്ള കാട്ടു ചെടികളിലെ പുഷ്പങ്ങളെ കരി വണ്ടുകൾ രമിക്കുന്നുണ്ടായിരുന്നു. ക്യാമ്പിന് മുന്നിലെ പുഷ്പിച്ചിരിക്കുന്ന കണിക്കൊന്നയിൽ നിന്നും ഒന്ന് രണ്ട് കുയിലുകൾ ഉറക്കെ പ്രഭാത ഗീതങ്ങളാലപിച്ചു. അവയുടെ ശബ്ദങ്ങൾ അക്കരെ ചാലിയാർ നദിക്ക് മീതെ അലയടിച്ച് കൊണ്ടിരുന്നു…

 

പിറ്റേന്ന് മുതൽ സന്ദീപും അയാളിൽ നിന്നും  എല്ലാ ദിവസവും മെഴുകു തിരികൾ വാങ്ങിത്തുടങ്ങി. സായാഹ്ന സൂര്യൻ ചക്രവാളത്തിനു കീഴെ സാഷ്ടാംഗത്തിനായ്  സമുദ്രത്തിൽ വീണതിന് ശേഷം അരീക്കോട് താഴത്തങ്ങാടി വലിയ ജുമാമസ്ജിദിൽ നിന്നും ബാങ്കൊലി ഉയരുമ്പോഴും പുത്തലം ശ്രീ സാളി ഗ്രാമ  ക്ഷേത്രത്തിൽ നിന്നും സന്ധ്യാ കീർത്തനങ്ങളുയരുമ്പോഴും ക്യാമ്പിനുള്ളിലെ ഒ.വി വിജയന്റെ ചിത്രത്തിന് മുമ്പിലും അദ്ദേഹത്തിന്റെ സ്നേഹനിധിയായ മുത്തശ്ശിയുടെ ശ്മശാനത്തിനു മീതേയും ക്യാമ്പിലെ മുൻ സൈനികനും ഒ. വി  വിജയന്റെ അച്ഛനുമായ ഒ. വേലുക്കുട്ടിയുടെ ചിത്രത്തിന് മുൻപിലും അവരാ മെഴുകുതിരികളെ തെളിയിച്ചു കൊണ്ടിരുന്നു! ഓരോ മെഴുക് തിരിയും അവരുടെ  ഓർമ്മയിലെ നനുത്ത സ്മൃതികളെ സ്വർണ്ണത്തിൻ പ്രകാശ വർണ്ണമുള്ളവയാക്കി ഓരോ ദിനങ്ങളിലും അവിടെ എരിഞ്ഞടങ്ങിക്കൊണ്ടിരുന്നു.

 

 അവരുടെ പാസിങ് ഔട്ട് പരേഡിന്റെ  തലേ ദിവസം രാത്രിയിൽ ക്യാമ്പിൻ കുന്നിലെ ആകാശത്തേക്ക് കരങ്ങളുയർത്തി നിൽക്കുന്ന കാറ്റാടി വൃക്ഷത്തിന് കീഴെ നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ അവരൊരുപാട് നേരം സംസാരിച്ചിരുന്നു. അരീക്കോടിനെ വിട്ട് പിരിയുന്നതിലെ സങ്കടങ്ങൾ അവർ പങ്ക് വെച്ചു. അരീക്കോട് സയൻസ് കോളേജ് ക്യാമ്പസ് ഉദ്യാനത്തിലെ മുള്ള് നിറഞ്ഞ കടലാസ് ചെടിയിലെ പൂക്കളെ ചുംബിച്ചു കൊണ്ട് രാവിൻ മന്ദമാരുതൻ പഴയ ബോട്ട് ജെട്ടി കടവിലിറങ്ങി മുങ്ങിക്കുളിച്ച് അവരുടെ ക്യാമ്പിൻ കുന്നിലെത്തി. ഒ.വി വിജയന്റെ ചിത്രത്തെ പ്രണമിച്ച് കൊണ്ടത് തസ്രാക്കിലേക്ക് ചിറക് വിടർത്തി പറന്നുയർന്നു പോയി.

 

ഗ്രൗണ്ടിലെ വെളിച്ചം മങ്ങിയ ഭാഗത്തുനിന്നും ഒ.വി വിജയന്റെ ശബ്ദത്തിൽ ഒരു അശരീരി അവരോടായി പറഞ്ഞു, ‘‘നന്മയുടെ കൂട്ടുകാരേ, നിങ്ങൾ ധൈര്യമായി  പോയിക്കൊള്ളുക, നന്മക്കുള്ള ഐക്യദാർഢ്യത്തിന്റെ ഒരായിരം മെഴുകുതിരികൾ ഇനിയിവിടെ ഞാൻ പ്രകാശിപ്പിക്കും. നിങ്ങൾ ധൈര്യമായി പോയിക്കൊള്ളുക’’

 

English Summary : Barakkile O V Vijayan Story By Shukoor Ugrapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com