ADVERTISEMENT

ജീവിക്കാൻ പഠിച്ചവൻ (കവിത)

 

നിഷ്ക്കളങ്കത…

ശാപമായ് വരും കാലമാണിത്

കുട്ടിത്തം കുരുക്കിലാക്കും നാളുകളാണിത്

നിർദ്ദയം കൈവെടിയുക ആത്മാർത്ഥതയെ

അതു പോൽ സത്യസന്ധതയേയും…

 

 

പിന്നാമ്പുറ കത്തികൾ, പാരകളേവതും 

അത് പോൽ പിന്നിൽ നിന്നുള്ള കുത്തുകളും

ഒറ്റിക്കൊടുക്കലും, പരദൂഷണവും 

എപ്പോൾ വേണേലും പ്രതീക്ഷിച്ചു 

മുന്നേറുക, മുന്നേറുക, ജീവിതത്തിൽ…

 

 

മാതാ, പിതാ, ഗുരു,

സോദരീ, സോദരർ, 

സ്നേഹിതർ, അയൽക്കാരേവരെയും 

ചവിട്ടിത്താഴ്ത്തിയും, കുതികാൽ വെട്ടിയും 

പിന്നിട്ട വഴികൾ പാടെ മറന്നും 

പാൽ തന്ന കൈക്കിട്ടു തന്നെ കടിച്ചും 

മുന്നേറുക, മുന്നേറുക, ജീവിതത്തിൽ…

 

 

മർദ്ദിതർ, ചൂഷിതർ,

പീഡിതരേവരെയും 

കണ്ടാലും, കണ്ടില്ലെന്നു നടിച്ചു 

കണ്ണേ മടങ്ങുകെന്നു മനസ്സിൽ മന്ത്രിച്ചു 

കേട്ടാലും, കേട്ടില്ലെന്നു നടിച്ചു 

ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവം വരുത്തി 

മുന്നേറുക, മുന്നേറുക, ജീവിതത്തിൽ...

 

 

നീതിയെ ത്യജിച്ചും, അനീതിയെ വരിച്ചും 

തിന്മയെ ഗാഢമായ് കെട്ടിപ്പുണർന്നും 

സ്വാർത്ഥത തൻകരം മുറുക്കെ പിടിച്ചും, 

തൻസുഖം മാത്രം തീവ്രമായ് ഇച്ഛിച്ചും,

കൃത്രിമത്വത്തിൻ പുറംതോട് തീർത്ത് 

കാലത്തിനൊത്ത മുഖംമൂടിയണിഞ്ഞ് 

ഒഴുക്കിനൊത്തു മാത്രം നീന്തുക, നീന്തുക…

 

 

സമൂഹത്തിൽ വിജയിയായി കരേറാം 

സ്ഥാനമാനങ്ങൾ സുനിശ്ചിതമല്ലയോ

അധികാര ചഷകം കൈവെള്ളയിലല്ലയോ 

ആസനസ്ഥനാകാം സുഭദ്രമാമിരിപ്പിടത്തിൽ 

ഇവൻ താനല്ലയോ ‘ജീവിക്കാൻ പഠിച്ചവൻ’

ഇവനുള്ളതല്ലയോ ‘ജീവിത സംതൃപ്തി’ 

ഇവന്റെതല്ലയോ ‘ജീവിത സൗഭാഗ്യം’!

 

English Summary : Jeevikan Padichavan Poem By Dr. Biju Chacko

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com