ADVERTISEMENT

സ്വയം രക്ഷ (കഥ)

പീഡനകഥകൾ പതിവായപ്പോൾ, നൃത്തം പഠിച്ചിരുന്ന മകളെ, സ്വയം രക്ഷക്ക് ആവശ്യം ആട്ടമല്ല ആയോധനകലയാണ് എന്ന് ബോധ്യപ്പെടുത്തി കരാട്ടേക്ക് പറഞ്ഞയച്ച അച്ഛൻ ഒരു ദിനം 

കരാട്ടെക്ലാസ് കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന മകളോട് കാര്യങ്ങൾ അന്വേഷിക്കാനിരുന്നു.

 

ഇന്ന് എന്തൊക്കെ പഠിപ്പിച്ചു? 

 

എക്സസൈസ്, കട്ടാസ്. പിന്നെ ഓട്ടം തന്നെ..

 

ഒാട്ടാണോ കൂടുതൽ? 

 

തുടങ്ങുമ്പോ ഓടിക്കും, കഴിയാറാകുമ്പോഴും ഓടിക്കും. അല്ല അച്ഛാ, എന്തിനാ ഇങ്ങനെ ഇത്ര നേരം  ഓടിക്കണേ? 

 

അത്.. അത്.. കൂട്ടത്തല്ല് വരുമ്പോ സ്റ്റെപ്പുകളൊന്നും എടുക്കാൻ പറ്റീന്ന് വരില്ല. അപ്പൊ ഒരൊറ്റ അടവെള്ളൂ. പത്തൊൻപതാമത്തെ അടവ്.. ഓട്ടം.. 

 

അപ്പൊ കൂട്ടത്തല്ല് വന്നാൽ ഓട്ടം അല്ലാതെ ഒരു രക്ഷേം ഇല്ലല്ലേ? 

 

ഇല്ല.. 

 

എന്നാ നാളെ തൊട്ട് ഞാൻ കരാട്ടേക്ക് പോണില്ല. 

 

ങ്ങേ.. എന്തേ? 

 

ഓടാനാച്ചാ കാലത്തും വൈകുന്നേരോം ഇവിടെ ഗ്രൗണ്ടിൽ ഓടിയാപ്പോരേ. ഫീസ് കൊടുത്ത് അവിടെ ഓടണോ? 

 

എല്ലാം അറിയാമെന്നു സ്വയം കരുതിയിരുന്ന അച്ഛൻ  ഇനിയെന്ത് പറഞ്ഞു മകളെ ബോധ്യപ്പെടുത്തും എന്നറിയാതെ  അന്തിച്ചിരുന്നു. പക്ഷെ മകൾ വിടാനുള്ള ഭാവമില്ലായിരുന്നു.

 

ഒരു കാര്യം ചെയ്യാം അച്ഛാ, ഫീസ് കൊടുത്ത് ഡാൻസ് പഠിക്കാം. കാശ് കൊടുക്കാതെ പത്തൊമ്പതാമത്തെ അടവ് ഗ്രൗണ്ടിൽ പഠിക്കാം. എങ്ങനെ ഐഡിയ..

 

സ്വന്തം മാനം കാക്കാൻ അതല്ലാതെ അച്ഛന് മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ചിരിച്ചുകൊണ്ട് പോകാൻ എഴുന്നേറ്റ മകൾ തുടർന്നു.

 

തള്ളുമ്പോ നോക്കി തള്ളണം അച്ഛാ. പഴേ കാലം അല്ല. ഗൂഗിൾ ഉള്ളോടത്തോളം  ഇനി നുണ പറയാമെന്ന് വിചാരിക്കണ്ട. എന്ത് സെർച്ച്‌ ചെയ്താലും ഗൂഗിൾ സത്യം പറയും..

 

എന്ത് സെർച്ച്‌ ചെയ്താലും...?

 

അതെ. എന്ത് സെർച്ച്‌ ചെയ്താലും.

 

എങ്കിൽ ഇതൊന്ന് സെർച്ച്‌ ചെയ്തേ, രണ്ടായിരത്തി ഇരുപതിലെ പത്തു വയസുകാരി  മകളെ അച്ചടക്കത്തോടെ വളർത്തി വലുതാക്കേണ്ടത് എങ്ങനെ? 

 

മകൾ ഒന്നമ്പരന്നു. അച്ഛൻ ചിരിച്ചു. 

 

ദാ, നോക്കിയേ, പന്ത് ഇപ്പോൾ എന്റെ കാലിനരികിലേക്ക് ഉരുണ്ടു വരുന്നു. 

 

പത്തൊമ്പതാമത്തെ അടവ് പ്രതിയോഗി കരുത്തനാണെങ്കിൽ, ഒറ്റക്ക് ആണെങ്കിലും ചിലപ്പോൾ വേണ്ടിവരും എന്ന് മകൾക്ക് മനസ്സിലായി. 

 

English Summary : Swayam Raksha Story By P Reghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com