ADVERTISEMENT

ഓർമയിലെ ഒരു ഏപ്രിൽഫൂൾ (കഥ)

സാധാരണ ഏപ്രിൽ ഫൂൾ ദിവസത്തിൽ ആരെങ്കിലുമൊക്കെ വിളിച്ചു ഫൂളാക്കാറുണ്ട്. കൊറോണക്കാല മായതിനാൽ ഏപ്രിൽഫൂളാക്കുന്നത് നിഷേധിക്കകപ്പെട്ടതിനാൽ ഇന്ന് ആരുടേയും വിളി വന്നില്ല. വിളികൾ മുഴുവൻ വീട്ടിൽനിന്നും പരിസരത്തുനിന്നുമാണ് വരാറുള്ളത്. തിരിച്ചങ്ങോട്ടും എന്തെങ്കിലുമൊക്കെ നുണകൾ കാച്ചും. അതാണ് പതിവ്. 

 

 

അനിയനാണ്   ഫൂളാക്കാൻ കേമൻ. ആദ്യമൊക്കെ ഫൂളാവാറുണ്ടായിരുന്നു. പിന്നീടാണ് ബോധമുദിച്ചത്. അതുകൊണ്ട് മാർച്ച് 31നു തന്നെ നാളെ ഏപ്രിൽ ഫൂളാണല്ലോ എന്ന ധാരണയിൽ കരുതിയിരിക്കും. 2017 ലെ ഏപ്രിൽ ഫൂൾ ദിവസം. വെക്കേഷന്റെ  ത്രില്ലിലായിരുന്നു. ഒന്നാം തീയതി രാവിലെതന്നെ വീട്ടിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു. പതിവുപോലെ അനിയന്റെ ഫോൺ വന്നു. അച്ഛന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല കാണാനില്ല. 

 

 

പോടാ ഏപ്രിൽ ഫൂളാക്കാതെ. എന്നു മറുപടിയും പറഞ്ഞു. ഏപ്രിൽ ഫൂളല്ല സത്യമാണ് എന്നു അവൻ പറഞ്ഞെങ്കിലും  വിശ്വസിക്കാൻ തയാറായില്ല.  വേണമെങ്കിൽ വിശ്വസിച്ചാൽ മതി എന്നു പറഞ്ഞു ഫോൺ വെച്ചു. തീരെ സംശയം തോന്നിയില്ല. അത് ഏപ്രിൽഫൂൾ തന്നെ. യാത്രയിൽ മനസ്സിലൊരു കോണിൽ നേരിയ സംശയം. അവൻ പറഞ്ഞത് സത്യമാവുമോ? ആയിരിക്കില്ല എന്നു സ്വയം ആശ്വസിച്ചു. ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എന്തെന്നില്ലാത്ത ആകാംഷ. വഴിക്ക് നീളം കൂടുതലുള്ളപോലെ. 

 

 

സാധാരണ ഞങ്ങൾ വരുന്നുന്നതും കാത്തു അച്ഛൻ  ബസ്സ്റ്റോപ്പിനടുത്ത് കാത്തുനിൽക്കാറുണ്ടാവും. പതിവിനു വിപരീതമായി അച്ഛനെ അവിടെ കണ്ടില്ല. അപ്പോൾ തന്നെ സംശയം തോന്നി. ധൃതിയിൽ നടന്നു ഒരുവിധം വീട്ടിലെത്തി. എല്ലാവരും കാത്തിരിക്കുകയാണ്. കുട്ടികൾ ഓടിവന്നു പറഞ്ഞു. അച്ചാച്ചന്റെ മാല കാണാനില്ല. ഞങ്ങൾ കുറെ തിരഞ്ഞു. മുതിർന്നവരുടെ മുഖങ്ങളിൽ തിരച്ചിലിന്റെ തളർച്ച. ആ മാല  എവിടെപ്പോയി എന്ന നഷ്ടബോധം. അച്ഛനാകട്ടെ യാതൊരു കൂസലുമില്ല. 

 

 

ഏപ്രിൽ ഫൂളിന്റെ അന്തരീക്ഷമല്ല അവിടെ എന്നെനിക്കു മനസിലായി. ‘അച്ഛാ അച്ഛന്റെ മാല  എവിടെപ്പോയി’ എന്നു ഞാൻ ചോദിച്ചു. ആ ചോദ്യം അച്ഛന് അത്ര രസിച്ചില്ല. ‘എന്റെ മാല എവിടെയെങ്കിലും ആയിക്കോട്ടെ നിനക്കെന്താ’ എന്നൊരു മറുചോദ്യമായിരുന്നു മറുപടി. അച്ഛന് ഒരു കുലുക്കവുമില്ല. നിങ്ങളാരും ഉണ്ടാക്കിയതല്ല അത് ഞാൻ ഉണ്ടാക്കിയതാണ്. നിങ്ങൾക്ക് നഷ്ടമൊന്നു മില്ലല്ലോ?. എന്ന് അച്ഛൻ സമർത്ഥിച്ചു. 

 

 

ആരുടെ മുന്നിലും താഴ്ന്നു കൊടുക്കുന്ന പ്രകൃതമല്ല അച്ഛന്റെ. പ്രത്യേകിച്ചു മക്കളുടെ മുൻപിൽ. അച്ഛൻ എന്ത് തീരുമാനിക്കുന്നുവോ അതു നടക്കും. അങ്ങനെ അച്ഛൻ മക്കളുടെ വായ അടപ്പിച്ചു. ആർക്കും ഒന്നും പറയാനില്ല. എങ്കിലും ആ മാല  എവിടെപ്പോയി എന്നായി എല്ലാവരുടെയും ചിന്ത. അപ്പോഴും അത് ഏപ്രിൽ ഫൂൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. വീട്ടിലുള്ളവർ നോക്കിയസ്ഥലത്തു ഒന്നുകൂടി  നോക്കാൻ തീരുമാനിച്ചു. ഞാനും മോളും കൂടി തിരച്ചിൽ തുടങ്ങി. ഞങ്ങൾ അവിടെയെല്ലാം നോക്കിയതാ കാര്യമില്ല എന്ന മനോഭാവം ആയിരുന്നു വീട്ടിൽ ഉള്ളവർക്ക്. 

 

 

കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ. അങ്ങനെ നോക്കി നോക്കി അച്ഛന്റെ റൂമിലെ ജനലിൽ ഒരു കണ്ണാടക്കൂടിലായി എന്റെ ശ്രദ്ധ. അതു ഞാൻ പതുക്കെ തുറന്നു നോക്കി. വെറുതെ ഒരു സംശയം. അതിൽ എന്തോ തിളങ്ങുന്നത് പോലെ. പതുക്കെ അതു കയ്യിൽ എടുത്തു. കാണാതെ പോയ മാല. ഞാൻ അമ്പരന്നു. മാല കിട്ടി !ഉറക്കെ വിളിച്ചു പറഞ്ഞു. ആരും കേട്ടതായി ഭാവിച്ചില്ല. ഏപ്രിൽ ഫൂൾ അല്ലേ. പക്ഷേ നിസംഗതയോടെ ഇരുന്നിരുന്ന അച്ഛൻ ഉഷാറോടെ അടുത്തെത്തി മാല വാങ്ങി കഴുത്തിൽ ഇട്ടു. ‘ഞാൻ പറഞ്ഞില്ലേ അത് എവിടെയും പോവില്ല. കാരണം ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയതാണ് അത്’ എന്നൊരു വീരവാദവും. വീട്ടിലുള്ളവരെല്ലാം അന്തം വിട്ടു നിന്നുപോയി.

 

English Summary : Ormayile Oru April Fool Story By Remany Vijayakumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com