ADVERTISEMENT

ബഷീറിന്റെ സുഹ്റ  (കഥ)  

ഹൃദയരക്തത്തിൽ തൂലിക മുക്കി എഴുതിയാൽ ഏതു ജീവിതവും സ്നേഹസാന്ദ്രമാകും.അവിടെ പൂക്കളും കിളികളും നിറവും ഗന്ധവുമുണ്ടെങ്കിൽ അവളെ അത് ഉദ്യാന ദേവതയാക്കും. ജീവിതം പ്രേമ സുരഭിലമാകും മാങ്കോസ്റ്റിൻ മരങ്ങളിലെ ഇലപൊഴിയും പോലെ പ്രതീക്ഷകൾ പൊഴിഞ്ഞു പൊഴിഞ്ഞു വീണു. ഇക്കായുടെ ഒപ്പമുള്ള നാളുകൾ മധുരതരമായ ഓർമകൾ തന്നെ. തൈമാവിൻ ചുവട്ടിലെ മാമ്പഴക്കാലം. ഒരു പദചലനം കേട്ട് .അവൾ ഓലയിൽ ഒതുങ്ങി അദ്ദേഹം വരുന്നത് നോക്കിക്കണ്ടു. നീണ്ട നാളുകൾക്ക് ശേഷം സ്നേഹത്തിന്റെ ഒരു വലിയ പെരുമ്പറ അവളുടെ ഹൃദയത്തിൽ മുഴങ്ങി. മണ്ണറിഞ്ഞവൾ സുഹ്റ, മജീദിനൊപ്പം പുനർജന്മമേകിയ സുഹ്റ.

 

ആടിമാസത്തിലെ ആദ്യത്തെ ഞായറാഴ്ച. മേഘാവൃതമായ ആകാശത്തിനു താഴെ ഈറൻ കാറ്റിന്റെ ചേലത്തുമ്പിൽ ഇലകൾ നൃത്തം ചെയ്യുന്നതു നോക്കി സുഹ്റ നിന്നു. എങ്ങനെ അദ്ദേഹത്തിന്റെ അരികിലെത്തും. അക്ഷരങ്ങളിലൂടെ പറയാം. അവൾക്ക് നിരാശ തോന്നി. ഇക്കയുടെ തൂലികയിൽ പുതിയ നായികമാർ പിറവിയെടുക്കുന്നു. ചിന്തയിൽ കൊടുങ്കാറ്റായി കയറിയാലോ അതോ തണുത്ത സ്വപ്നങ്ങളിൽ ഒച്ചിനെപ്പോലെ ഇഴയണോ. ആരുമറിയാതെ മൂന്നാം ലോകത്തു നിന്നുള്ള വരവ് ഇക്കായെ വേദനിപ്പിക്കുമോ. വർഷം തൂകുന്നു, മോഹം വിങ്ങുന്നു. ഭൂമിയിലെയും ഭൂമിക്കുള്ളിലെയും ലോകം കണ്ടവളാണ് സുഹ്റ. 

 

 

ചിന്തകൾ നെടുവീർപ്പുകളായി. ഞാൻ സുഹ്റ, മജീദിന്റെ സുഹ്റ. അവളുടെ ഹൃദയസ്പന്ദനം. ഹൃദയം ആർദ്രമാകുന്നതെന്തേ? സ്ത്രീരത്നം ആരാണവൾ. നാരായണിയാണോ അതോ കുഞ്ഞു പാത്തുമ്മയോ. ഇലകൾക്കിടയിൽ മറഞ്ഞു നിൽക്കാതെ വരൂ. ഇക്കാ ഞാൻ സുഹ്റയാണ്. നെഞ്ച് തുടിച്ചു കാലങ്ങൾക്കതീതമായ സ്നേഹം വാരിക്കോരി തന്ന ഇക്ക. എങ്കിലും പറയണം ഞാൻ കാരണം ഇക്കക്ക്  പേരും പ്രശസ്തിയും ലഭിച്ചു. എവിടെ നിന്നാണ് തുടങ്ങേണ്ടത് .

 

‘സുഹ്റ എന്റെ കൊച്ചേ’ ആ വാത്സല്യ വിളിയിൽ അവൾ എല്ലാം മറന്നു. സ്നേഹത്തിന്റെ മഞ്ഞ് പുതപ്പ് ആവരണം ചെയ്തതുപോലെയവൾ തണുത്തു നിന്നു. എന്റെ എല്ലാ പെൺകൊടിമാരിലും ജീവരക്തം ഒന്നു തന്നെയാണ് ഒഴുകുന്നത്. ശില്പം വ്യത്യസ്തം എന്നേയുള്ളു. ‘ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേട്’ എന്ന് മാളോര് പറഞ്ഞത്. പക്ഷേ സുഹ്റയുടെ ജീവിതം തന്നെ വലിച്ചു ചീന്തപ്പെട്ടു.

 

ഉർവരതയുടെ മിഴിമുനയിലെ കയറ്റിറക്കങ്ങൾ കണ്ടവൾ. കരളിലെ കണ്ണീർ പൊയ്കയിൽ അങ്ങെഴുതിയ ചിത്രങ്ങൾ ഒരിക്കലും മായില്ല. ജീവിതത്തിന്റെ ഓരോ അടരിലും സങ്കടങ്ങൾ കൊയ്തവരാണ് ഞങ്ങൾ. മജീദിനെ ജീവിക്കാൻ അങ്ങ് അനുവദിച്ചില്ല. വിഷാദത്തിന്റെ കല്പടവുകളിൽ നിന്ന് കരകയറുവാൻ കഴിയാതെ മജീദ് ഉഴറി നടന്നു. ഇക്കക്ക് അനുമോദനങ്ങളുടെ പെരുമഴ. ഞങ്ങൾക്ക് ജീവിതമേയില്ല. ഇക്കാ എഴുതിയ കഥ മാറ്റിയെഴുതണം. ഈ കാലഘട്ടത്തിന്റെ കഥാപാത്രമായി വളരേണം ഞങ്ങൾക്ക്. മജീദിന്റെയും സുഹ്റയുടെയും ജീവിതം പുനഃസൃഷ്ടിക്കണം. ഗ്രന്ഥങ്ങളുടെ ഏടുകളിൽനിന്ന് ഞങ്ങൾക്ക് അരങ്ങത്ത് വരണം.

 

സൃഷ്ടികർത്താവിന്റെ സൃഷ്ടിയെ ചോദ്യം ചെയ്യരുത് കൊച്ചേ. നീ ജനഹൃദയങ്ങളിൽ ജീവിക്കുന്നവളാണ്.

ഇക്കാ അങ്ങ് ഞങ്ങളുടെ സുകൃതമാണ്. എഴുത്തിലെ മാന്ത്രികൻ. വിപ്ളവം എഴുത്തിലില്ലെങ്കിലും അങ്ങയുടെ ചിന്തയിൽ വന്നിട്ടുണ്ട്. ആകാശനീലിമയിലേക്ക് നോക്കിയവൾ വാലിട്ടെഴുതിതട്ടമിട്ട മൂടുപടത്തിനുള്ളിൽ നിന്ന് കണ്ണുകളുയർത്തി മേഘങ്ങളെ മണ്ണിലേക്ക് ക്ഷണിച്ചു. മഴ നനഞ്ഞ സുഹ്റ ആ മഴയെയും ഹൃദയത്തോടു ചേർത്തു. 

 

 

‘സുഹ്റേ’ ആശ്വസിപ്പിക്കാനെന്ന ഭാവത്തിൽ ഇക്ക പറയുന്നത് കേൾക്കാൻ അവൾ താത്പര്യം കാണിച്ചില്ല.  ഇക്ക എന്റെ ആഗ്രഹം സാധിച്ച് തരില്ലേ എന്ന് കൊച്ചു കുട്ടിയെപ്പോലെ ശാഠ്യം പിടിച്ചു..  ഞാൻ വർണ്ണചിത്ര ങ്ങളിൽ വരച്ച എന്റെ കഥാപാത്രങ്ങളെല്ലാം ജീവിതത്തിന്റെ കയ്പുനീർ അറിഞ്ഞവരാണ്. അതു കൊണ്ട് അവർ ഒരിക്കലും പരാജയപ്പെടില്ല. പ്രഭാമയൂഖമാം കാലത്തിലെ വശ്യതയാർന്ന പ്രതിരൂപങ്ങളാണവർ. എല്ലാ കഥാപാത്രങ്ങളെയും സൃഷ്ടിച്ചിട്ട് ജീവന്റെ സ്വിച്ച് ഓൺ കർമമാണ് പിന്നീട്. അപ്പോൾ നിരവധി ബന്ധുക്കളുണ്ടെനിക്ക് എന്ന് പറഞ്ഞവൾ കുണുങ്ങി ചിരിച്ചു. ലാവണ്യത്തിന്റെ സർഗ ഭൂമിയിൽ അങ്ങയുടെ സ്നേഹത്തിന്റെ പാൽ പുഴകൾ ഇനിയുമൊഴുകും. 

 

 

ഇക്ക വരൂ നമുക്ക് ആ കടൽ തീരത്തേക്ക് പോകാം. ‌‌വേണ്ട സ്വപ്നം വിതാനിച്ച ഈ സ്ഥലം വിട്ട് നമുക്ക് എവിടെക്കും പോകണ്ട. മരങ്ങൾ കൂട്ടുകുടുംബങ്ങളാണ് ഇവിടെ സ്വപ്നാടകരെപ്പോലെ പൂക്കൾ അലയാൻ പോകും. മഴവില്ലുകൾ വീണുടയും. പുഴ ഒഴുകികൊണ്ടേയിരിക്കും. മരംകൊത്തിയുടെ ഉണർത്തുപാട്ട് പൂച്ചയുടെ ഒളിഞ്ഞുനോട്ടം ആടും. കോഴിയും തമ്മിൽ സംസാരിക്കുന്നത് നീ കേട്ടിട്ടുണ്ടോ. അവർ എന്നോട് സംസാരിക്കും. ഓരോ പരമാണുവിലും സ്പന്ദിക്കുന്ന സ്നേഹം ഞാൻ തൊട്ടറിയുന്നു. 

 

 

അവൾ ആകാശത്ത് ഒറ്റക്ക് പറക്കുന്ന പക്ഷിയെ നോക്കി നെടുവീർപ്പെട്ടു. സ്നേഹത്തിന്റെ ചില്ലകൾ കൊണ്ട് നെഞ്ചിൽ കൂടി നുള്ളിൽ ഒരു കൂട് അവൾ മജീദിനു വേണ്ടി പണിതിരുന്നു. അവൾ ഇക്കയുടെ മൃദുലമായ വിരലുകളിൽ തഴുകി കൊഞ്ചിമൊഴിഞ്ഞു.ഇക്കാ എല്ലാപേരും ഞങ്ങൾ സ്ത്രീകൾ അങ്ങയോട് പരിഭവിച്ചിരിക്കുന്നു.

 

 

നാരായണി ചേച്ചി ജയിലിൽ കിടന്നു പരോൾ പോലും കിട്ടാതെ പ്രണയ നൈരാശ്യത്തിൽ സ്വന്തം കാമുകനെ ഒരു നോക്കു കാണാൻ കഴിയാതെ വേദനിക്കുന്നു. സ്വന്തം ആഭിജാത്യത്തിൽ ഊറ്റം കൊണ്ട കുഞ്ഞു താച്ചുമ്മ, ആടിനെ വളർത്തിയിട്ടും പട്ടിണി മാറാത്ത പാത്തുമ്മ വേദനയുളളിലൊതുക്കി ജീവിച്ച ഉമ്മ എല്ലാപേർക്കും എന്നും ദുഃഖമേ അങ്ങ് നൽകിയിട്ടുള്ളു.

 

 

ഒരു കഥാകാരനും സ്വസ്ഥമായി ഉറങ്ങാറില്ല. അവന്റെ ഹൃദയം എപ്പോഴും തപിച്ചു കൊണ്ടിരിക്കും. സ്നേഹത്തിന്റെ കൽഭരണികൾ മാത്രമല്ല നൈരാശ്യവും വേദനയും ഒറ്റപ്പെടലും ചാരുതയാർന്ന സ്വപ്നങ്ങളും കൂട്ടിക്കുഴച്ച് ഉന്മത്തമായ ജീവിതമാണ് ഓരോ കൽഭരണികളിലും നിറച്ചത് അതിലെ നർമങ്ങൾ പോലും അഗാധമായ വ്യസനങ്ങളിൽ നിന്ന് ഉണ്ടായവയത്രേ.ഇതു കേട്ടവൾ ഓടി വന്ന് കഷണ്ടി തലയിൽ മുത്തം നല്കി പറഞ്ഞു. ആദിമണ്ണിൽ ആണ്ടു പോയ സ്നേഹത്തിന്റെ ഈ വേരുകൾ ഒരിക്കലും ഭൂമിയിൽ നിന്ന് പോകില്ല. അന്ന് പതിവിലേറെ സന്തോഷത്തിൽ ശാന്തമായ മനസ്സോടെ അവൾ കളിച്ചു ചിരിച്ചുപാടി നടന്നു.

 

 

എഴുത്തിനെ പ്രചോദിപ്പിച്ചു കൊണ്ട് തന്റെ പ്രിയപ്പെട്ടവൾ കൊണ്ടുവരുന്ന ഓരോ കപ്പ് കാപ്പിയിലും ജൈവീകമായ ഒരു സുഗന്ധമുണ്ടായിരുന്നു.ഇവൾ എനിക്കാരാണ്? തന്റെ ശരീരത്തിലെ ജീവൻ കാത്തു സൂക്ഷിക്കുന്നവൾ. ഭാര്യ മാത്രമല്ല അമ്മ- അമ്മയാകും ചില സമയമവൾ. കാമുകിയോ ഉം ചില നേരങ്ങളിൽ. ജീവിത കാഠിന്യങ്ങളെ ലഘൂകരിക്കാൻ ഹൃദയ വാതായനങ്ങളുടെ ഓടാമ്പലുകൾ നീക്കി തൂമന്ദഹാസം പൊഴിച്ച് വന്നു നിൽക്കും. നിത്യയൗവ്വനത്തിന്റെ പൂന്തോപ്പിലെന്നും എന്നെ തളച്ചിട്ടവൾ.അശ്രദ്ധമായി ഒഴുകി കിടക്കുന്ന ചേല തട്ടമിട്ട് മൂടിയ മുഖത്ത് കുർത്ത മൂക്കിൻ തുമ്പത്ത് വിയർപ്പുതുള്ളികൾ കാണും എപ്പോഴും അടുക്കളയിലെ പാത്രങ്ങളോട് കലഹിച്ച് മടുത്ത് അക്ഷരങ്ങൾ പിണക്കം നടിച്ച് തന്നെ ചുറ്റിക്കുന്ന സമയങ്ങളിൽ ഒരു ഗാനം കേൾക്കട്ടെ എന്ന് പറഞ്ഞവൾ അടുത്തുകൂടും. ആ സംഗീതധാരയിൽ  അലിഞ്ഞു ചേരും 

 

ഡേവിഡേ യാത്ര കഴിഞ്ഞ് വന്നപ്പോൾ ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവല്ലോ. ഉം പനി വന്നു. ഭക്ഷണത്തിനൊന്നും രുചിയില്ല ഡോക്ടറെ കണ്ടു അപ്പോൾ ചില വാർത്തകളൊക്കെ കേട്ടു. ബഷീർ ഭായിയെ രാഷ്ട്രീയത്തിൽ നിർത്താൻ പരിപാടിയുണ്ടെന്ന് ഡോകടർ പറഞ്ഞു. സാധാരണക്കാരായ പാവം മനുഷ്യർക്കു വേണ്ടി സ്വാതന്ത്യ സമരത്തിൽ ഒരുമിച്ച് ജയിൽ ശിക്ഷ അനുഭവിച്ചവരാണ് നമ്മൾ .അന്ന് അടി കിട്ടുമ്പോഴും പോലീസിന്റെ ലാത്തിയെ ഭയമില്ലായിരുന്നു.മതേതരത്വമെന്ന മഹത്തായ ആശയം മുൻനിർത്തിയായിരുന്നു എല്ലാം. വേദനിപ്പിച്ച സംഭവങ്ങൾ ഇക്കാ എപ്പോഴും ഓർക്കുന്നതെന്തിനാ?

 

 

ഇതൊന്നും മറക്കാൻ പറ്റുന്നതല്ല പെണ്ണേ! ഭാരതം സ്വന്തം മണ്ണ് സ്വാതന്ത്ര്യം ഇതൊക്കെ തന്നെ എല്ലാ മനുഷ്യരിലുമുള്ള ചിന്ത.ഡേവിഡിന്റെ ചിന്തയിൽ പോലീസുകാരും ജയിൽ ശിക്ഷയും പടി കടന്നു വന്നു.ശരീരത്തിലാകെ ലാത്തി ഉരുണ്ടു മറിഞ്ഞതും സ്വന്തം രാജ്യത്തിനു വേണ്ടി ജീവിതമായാലും മരണമായാലും പുണ്യമാണ്. നമുക്ക് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല ഇക്ക നെടുവീർപ്പെട്ടു! അന്നും ഉമ്മ ഭക്ഷണം വിളമ്പി കാത്തിരിക്കുന്നുണ്ടായിരുന്നു.

 

 

‌ചിന്തകളിൽ സുഹ്റ വീണ്ടും പടി കടന്നു വന്നു. മഞ്ഞണിഞ്ഞ ഹരിതാഭമായ കുന്നുകളുടെ താഴ്‌വരയിലൂടെ മജീദും സുഹ്റയും കൈകോർത്ത് നടന്നു.അവൾ ഒന്ന് തിരിഞ്ഞു നോക്കി മന്ദസ്മിതം തൂകി. എടിയേ ഒന്നിങ്ങോട്ടു വന്നേ- പുതിയ കഥ വല്ലതും തെറിച്ചു വീണോ പേപ്പറിലേക്ക് ആ കഷണ്ടി തലയിൽ നിന്നും? ഇല്ലെടോ അതൊന്നുമല്ല വിഷയം. അധിനിവേശത്തിന്റെ ആകുലതകൾ പിടികൂടിയിരിക്കുന്നു സുഹ്റയെ .മോചനത്തിനു വേണ്ടിയുള്ള അന്തർദാഹം.അവളുടെ ചില ആഗ്രഹങ്ങൾ.ഉം നല്ലത് അവളുടെ ആഗ്രഹങ്ങൾ ആധുനിക സ്ത്രീയുടെ ചിന്തകളല്ലേ? നടത്തി കൊടുക്കൂ മാനസപുത്രിയല്ലേ?വിപ്ലവവും പ്രവർത്തനവും ഒരു റൊമാന്റിക് റിവല്യൂഷണറിയായ എഴുത്തുകാരന്റെ കടമയാണെന്ന് കരുതിയാ മതി .എന്തായിരുന്നു അവരുടെ പ്രണയം

 

അവൾ ആദ്യമായി ചുംബിച്ച് കുരു പൊട്ടിയവൻ. ദിവ്യമായ സംഗീതം ശുദ്ധ പ്രണയം തെളിനീർ പുഴ കുരു പൊട്ടി! മന്ദഹാസത്തോടെ ദിവ്യമായ സംഗീതം പോലെ സുഹ്റ മന്ത്രിച്ചു. അവളെ അവൻ നെഞ്ചോടു ചേർത്തു അമർത്തി അവളെ അവനിലേക്ക് ആവാഹിച്ചു. സുഹ്റ എന്റെ സുഹ്റ  അപാരമായ നിശബ്ദത - അതിനു ശേഷം അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു. സുഹ്റ ഒരു ഇറച്ചിവെട്ടുകാരനൊപ്പം ജീവിച്ച് ജീവിതം മടുത്തവൾ. അയാൾക്ക് അവളുടെ വയറു നിറക്കാൻ കഴിയും.മനസ്സ് നിറക്കാൻ കഴിയില്ലല്ലോ .പാവം കുട്ടി.

ആകാശത്ത് ചില നക്ഷത്രങ്ങൾ വർണ്ണങ്ങളുടെ അർത്ഥമറിയാതെ നിന്നു. സുഹ്റ അക്ഷര ലോകങ്ങളിൽ മുഴുകി. കരിയിലയും കാറ്റും പുതിയ കഥകൾ പറഞ്ഞു നടന്നു.അതു പക്ഷേ ആരും കേൾക്കുന്നുണ്ടായിരുന്നില്ല. 

 

 

പൊള്ളുന്ന ചിന്തകളും പൊള്ളുന്ന റോഡും. അതിന്റെ ജ്വാലകളിൽ കരിഞ്ഞ് അയാൾ നടന്നു.ചെന്നെയിലേക്ക് വണ്ടി കയറി.വികലാംഗനായതിന്റെ പരിഗണന ട്രെയിനിലയാൾക്കു ലഭിച്ചു. കയറാനും ഇറങ്ങാനും ആളുകൾ തിക്കിതിരക്കി. എതാനും നിമിഷങ്ങൾക്കുള്ളിൽ അടുത്ത പാസഞ്ചർ കടന്നു പോകുമെന്ന് വിളിച്ചു പറയുന്നത് കേൾക്കാം. ഒടുവിൽ ഇരിക്കാനായി തിരക്കുകൂട്ടുന്നവർ. ഒരു നാലു വയസ്സുകാരൻ അമ്മയുടെ മടിയിൽ നിന്ന് ഞെളിഞ് പിരിഞ്ഞ് കരയുന്നു അവന് ജനലിന്റെ അരികിലിരിക്കണം. ആ സ്ത്രീ അവനെ താഴെയിറക്കുന്നില്ല. ഒടുവിൽ മാന്യമായ വേഷം ധരിച്ച ഒരു കണ്ണടധാരി എഴുന്നേറ്റു കൊടുത്തു. കുട്ടി ഓടിപ്പോയി ജനലിനരി കിലിരുന്നു വിജയശ്രീലാളിതനായി ഏവരുടെയും മുഖത്തേക്ക് നോക്കി പുഞ്ചിരി പൊഴിച്ചു. അയാൾ എന്തോ പറയാൻ ഭാവിച്ചപ്പോഴേയ്ക്കും ആരോ ചങ്ങല വലിച്ചു ട്രെയിൻ നിന്നു.ആരോ മരിച്ചിരിക്കുന്നു. 

 

 

വണ്ടിക്ക് തല വെച്ചതാണെന്ന് കേൾക്കുന്നു. ആളുകൾ പരസ്പരം സംസാരിക്കുന്ന ത് കേൾക്കാമായിരുന്നു. അയാൾ ചോദിച്ചു. എവിടേക്ക് പോകുന്നു. എന്റെ അശ്രദ്ധമായ മറുപടിയിൽ അയാൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടില്ല എന്ന കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് വീണ്ടും ചോദ്യങ്ങൾ വന്നു. ട്രേയിൻ വീണ്ടും ചൂളം വിളിച്ചു. അതിന്റെ താരാട്ടിൽ ഉറക്കം വന്നുവെങ്കിലും ജോലി തേടി പോകുന്ന ഒരു വികലാംഗനാണ് താനെന്ന് വെളിപ്പെടുത്തേണ്ടി വന്ന വേദനയെ ഹനിച്ചു കൊണ്ട് അപരൻ മറുപടി പറഞ്ഞു.

 

 

‘‘ ഞാനും മുംബയിലേക്കാണ്. ബിസിനസ്സ് സംബന്ധമായി എപ്പോഴും യാത്രയാണ്. താങ്കൾക്ക് വേണമെങ്കിൽ എന്റെ സ്ഥാപനത്തിൽ ഒരു ജോലി തരാൻ എനിക്ക് കഴിഞ്ഞേക്കും’’ അരണ്ട വെളിച്ചത്തിൽ അയാളുടെ വാക്കുകൾ മിന്നൽ പിണർ പോലെ കത്തിജ്വലിച്ചു. വീണ്ടും വീണ്ടും ആ വാക്കുകൾ കേൾക്കാൻ അയാൾ കൊതിച്ചു. ഞങ്ങൾ പരസ്പരം കൈകോർത്തു. കുറച്ചു നേരത്തെ യാത്രക്കു ശേഷം അയാൾ തോളിൽ തട്ടി വിളിച്ചു. അയാൾക്ക് എല്ലാ ഭാഷകളും വശമായിരുന്നു എന്ന് പിന്നീടറിഞ്ഞു.തൊഴിലാളികൾക്കായി പ്രത്യേക അപ്പാർട്ട്മെന്റ് തരപ്പെടുത്തിയിരുന്നു. ഒരു വലിയ തുണിക്കടയിലാണ് ജോലി.തുണികളുടെ മണവും നിറവും തരം പോലെ നജീബിന് അത് ഉണർവ്വേകി. അവിടെ തമിഴ് ബ്രാഹ്മണരായ കുറച്ചു പേർ ഉണ്ടായിരുന്നു. ജീവിതം വീണ്ടും തളിർത്തു പൂവിട്ടു. വർഷങ്ങൾ അടർന്നുവീണു കൊഴിഞ്ഞു. നല്ല മനുഷ്യർ അത്തറിന്റെ സുഗന്ധമുള്ള കിനാവ് കണ്ട് നാളുകൾ കഴിച്ചു. 

 

 

ഒരിടത്തു തന്നെയായിരുന്നിട്ടും തന്റെ യാത്രയെ കുറിച്ച് സഹപ്രവർത്തകരോട് പറയാൻ കഴിയാതെ പോയതി ൽ ഖേദപ്പെട്ടു. ഒരു വർഷം കിട്ടിയ തുക മുഴുവൻ കൈയ്യിലെടുത്ത് ആനന്ദ നിർവൃതിയടഞ്ഞ് ബാപ്പയുടെ മുന്നിൽ നിവർന്ന് നിന്ന് രണ്ട് വർത്തമാനം പറയണം.ബാപ്പ നജീബിന് ആരോടും ശത്രുതയില്ല. പട നയിച്ചു വന്നവനെപ്പോലെ ഒരിക്കൽ ജീവൻ കൊടുത്തൊരാ വീടിന്റെ മുഖമൊന്നു കാണുവാൻ തിടുക്കമായി പറയുവാൻ ഏറെ കഥകളുണ്ടല്ലോ.നജീബ് കാലങ്ങൾക്കു ശേഷം ഇക്കയെ കണ്ടു. നിശബ്ദതക്ക് കനം വച്ചു. കുറച്ച് നേരം രണ്ടു പേരും ഒന്നും സംസാരിക്കാതെ നോക്കി നിന്നു. കാലം കൊഴിഞ്ഞപ്പോൾ ദുഖവും കൊഴിഞ്ഞുപോയി. എപ്പോഴും ജീവിതത്തിൽ ആരെയെങ്കിലുമൊക്കെ തോൽപിക്കാൻ ഉണ്ടാകണം. ഇത്രയും നാളത്തെ എന്റെ അലച്ചിൽ അതിനായിരുന്നു.

 

നീ ആരെയാണ് തോൽപിച്ചത്? ഞാൻ ജീവിതത്തെയാണ് തോൽപിച്ചത്. അവന്റെ സ്വപ്നങ്ങളുടെ ഉരുക്കഴിഞ്ഞു. കാലം എല്ലാം മായ്ച്ച് കളഞ്ഞിരിക്കുന്നു. നജീബിന് ഇത് പുനർജന്മമാണ്.സുഹ്റയെ സ്വീകരിക്കാൻ നജീബിന് ഇനി കഴിയില്ല. അവൾ എന്റെ മനസ്സിലില്ല ഇക്കയുടെ ചിന്തകളിൽ കൊടുങ്കാറ്റ് വീശി പുഴ കരഞ്ഞു മരങ്ങൾകടപുഴകി പറവകൾ ചിറകു കുടഞ്ഞു മജീദ് നടന്നു വെളിച്ചം വഴികാട്ടിയായി .ഇക്കയെ വിട്ട് മജീദ് നടന്നു ശിഥിലമാക്കപ്പെട്ടവൻ തന്നെ മജീദ് എന്നും.ജനഹൃദയങ്ങളിൽ അത് ആർക്കും തിരുത്താൻ കഴിയില്ല. അകലേക്ക് അകലേക്ക് നീണ്ട യാത്ര.

 

English Summary : Basheerinte Suhara Story By Annie Kadavoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com