ADVERTISEMENT

ചിതറിയ ചിന്തകൾ (കുറിപ്പ്)

ഇപ്പോൾ കുറച്ചായി ഇടയ്ക്കുള്ള ഈ ജനലു തുറക്കലാണ്‌ ആകപ്പാടെ പുറംലോകവുമായുള്ള ബന്ധം.  കുറച്ച് ആടുകൾ തീറ്റ തേടി പോകുന്നുണ്ട്. ഞങ്ങൾ പരിചയക്കാരാണ്. തൊട്ടടുത്തുള്ള ഒരു അറബിയുടെ ഫാമിലെയാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ അതിലൊരാട്  നോക്കി ചിരിക്കുന്നുണ്ട്. ഒരു ആക്കി ചിരി തന്നെ.

 

ജനലിന് രണ്ടു വലിയ കമ്പികളുണ്ട്. അതിനു പിന്നിലുള്ള എന്നെ കണ്ട്  ഞാൻ കൂട്ടിലാണെന്നോർത്തു കാണും. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കൊറോണ കാരണം ഓരോ അവസ്ഥ.

 

ഇൗ മരുഭൂമിയിൽ ആടുമാടുമൊന്നുമില്ലെന്നും (കാരണം പുല്ലില്ലല്ലോ) ഒട്ടകപ്പാലാണ് കുടിക്കുന്നതെന്നുമുള്ള എന്റെ തെറ്റിദ്ധാരണ  മാറ്റി തന്ന ആടുകൾ.

 

അല്ലെങ്കിലും ഈ കുറച്ചു കാലം കൊണ്ട് ഈ മരുഭൂമി എന്നെ എന്തെല്ലാം പഠിപ്പിച്ചു.

 

ആദ്യാക്ഷരം പഠിപ്പിക്കുന്ന അച്ഛനെ പോലെ.

 

‘‘ശ്....ശ്’’

 

(ഈ ആട് പോയില്ലേ.....) 

 

‘‘എന്താ’’

 

‘‘അച്ഛൻ അല്ല.... പെറ്റമ്മയോ പോറ്റമ്മയോ ഒക്കെയല്ലേ’’

 

‘‘എനിക്കിങ്ങനാടോ മാഷേ.....അല്ല...ആടേ’’

 

നാടും വീടും വിട്ട് കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാനെത്തുന്ന പ്രവാസിക്കു മുന്നിൽ പൊള്ളുന്ന ചൂടേറ്റ് നിർവികാരമായി കിടക്കുന്ന പരുപരുത്ത മരുഭൂമി. പുറമെ പരുക്കനായ ഉള്ളിന്റെയുള്ളിൽ കടലോളം സ്നേഹം കാത്തു വയ്ക്കുന്ന അച്ഛനെ പോലെ. ഈ മണൽത്തരികളിലും സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് കുറച്ചു കാലം കൊണ്ട് തന്നെ നമുക്ക് മനസ്സിലാവും. അങ്ങിങ്ങായുള്ള മരത്തിനും ചെടികൾക്കുപോലും ഇൗ ശൈലിയാണ്.വിണ്ടും കീറിയ തോലും ഈറൻ തണ്ടും തളിരിലകളും. ഇവിടത്തെ വൃത്തിയുള്ള റോഡുകളും മാളുകളും കാണുമ്പോൾ.അലക്കി തേച്ച വസ്ത്രങ്ങളും അതടുക്കി വച്ച അലമാരയും വൃത്തിയിൽ വിരിച്ച വിരിപ്പുമുള്ള അച്ഛന്റെ മുറിയെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതാണ് ഓർമ വരുന്നത്. എന്റെ കുഞ്ഞു വീട്ടിൽ അച്ഛനു മാത്രമായി ഒരു മുറിയില്ലെന്നതും വിരുന്നുകാർ  വരുമ്പോൾ(കല്യാണം കഴിച്ചു വിട്ട മക്കളും മരുമക്കളും ആയിരിക്കും മിക്കപ്പോഴും വിരുന്നുകാർ) എല്ലാരും കിടന്നു കഴിഞ്ഞു ഹാളിൽ ഉറങ്ങുന്ന അച്ഛനെയും ഓർക്കുന്നു.

 

എങ്കിലും അച്ഛന്റെ ചിട്ടയും ശീലങ്ങളും കാർക്കശ്യത്തിന്റെ ഭാഗമായതു പോലെ. ശുചിത്വശീലങ്ങളും നിയമങ്ങളും ഈ നാടിന്റെ ഭാഗമാണ്. ആദ്യമായി ഒറ്റയ്ക്കു പോയി സാധനങ്ങൾ വാങ്ങിച്ചു വന്ന എനിക്ക് എന്തോ നേടിയ സന്തോഷമാണ്. അച്ഛന്റെ കൈ പിടിച്ചു പുറത്ത് പോവുമ്പോഴുള്ള സുരക്ഷിതത്വം തോന്നാറുണ്ട്.അത് എല്ലാവർക്കുമായുള്ള ഈ നാടിന്റെ കരുതലാണ്.

 

അച്ഛന്റെ പോക്കറ്റിലെ മുഷിഞ്ഞ നോട്ടിനും മരുഭൂമിയിലെ ചൂടിൽ വിയർപ്പ് പൊടിഞ്ഞു കിട്ടുന്ന ദിർഹത്തിനും ഒരേ മണമാണ്. കഷ്ടപ്പാടിന്റെയും അച്ഛന്റെയും. കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ചിന്തകളും  ആകുലതകളും മനസിൽ നിറയുമ്പോഴും സൗമ്യമായി ചിരിക്കുന്ന അച്ഛന്റെ മുഖം നോക്കി മനസ്സ് വായിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. അതുപോലെ തന്നെയാണ് ഇവിടത്തെ ആകാശവും. മഴ പെയ്തൊഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശാന്തതയുടെ തെളിഞ്ഞ നീല മൂടുപടം ധരിക്കുന്നത് കാണാം.

 

 

യ്യ് മ്മളെ ങ്ങനെ പറ്റിക്കണതെന്തിനാ.. മോളേ...ന്ന് ... ഈ മണലാരണ്യത്തിലെ ഒരു കാമുകൻ ചോദിച്ചാൽ. തെളിഞ്ഞ ചിരിയോടെ ഒരു കാമുകിയുടെ കൗശലത്തോടെ കണ്ണിറുക്കി കാണിക്കുമവൾ. ഓടിക്കളിക്കുന്ന മേഘങ്ങളെ മാറോടു ചേർക്കുമ്പോൾ നിന്നിൽ നിറയുന്ന മാതൃത്വം. ഡേകെയറിലുള്ള മോളുടെ അടുത്തേയ്ക്ക് ഓഫീസിൽ നിന്നുള്ള ഓട്ടത്തിനിടയിലെ സ്ഥിരം കാഴ്ചയാണ്.

 

പല ഭാവങ്ങൾ. എന്നാലും ഓരോ കുഞ്ഞും കരയുമ്പോൾ അമ്മയെ കാണണമെന്നേ പറയുള്ളൂ. മാസ്ക്കിട്ട എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന കൊറോണ. കൊറോണയിൽ തട്ടി ചിതറിയ ചിന്തകൾ.

 

English Summary : Chithariya Chinthakal By Divya Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com