ADVERTISEMENT

തെരുവുനാടകം (കഥ)

‘‘നിങ്ങളെൻറെ കറുത്തമക്കളെ 

ചുട്ടുതിന്നുന്നോ ..?

നിങ്ങളവരുടെ നിറഞ്ഞകണ്ണുകൾ 

ചൂഴ്ന്നെടുക്കുന്നോ ..?’’

 

പുരുഷാരങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ ബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്തുനിന്ന് മുഴങ്ങിക്കേട്ട ശബ്ദത്തിനടുത്തേക്കു ആളുകൾ ഒറ്റയായും കൂട്ടമായും നടന്നടുത്തു .വിറയ്ക്കുന്ന ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളുമായി, സാരിചുറ്റിയിരിക്കുന്ന   ഒരു പുരുഷൻ .അടുത്ത് വച്ചിരുന്ന ഉന്തുവണ്ടിയിൽ രണ്ടു വലിയ ചാക്കുകെട്ടുകളുണ്ട് .ഒരു തിയേറ്റർ ആർട്ടിസ്റ്റിന്റെ ചടുലതയോടെ ,ആൾക്കൂട്ടം തീർത്ത വട്ടത്തിനുനടുവിൽ അയാളുടെ പരകായങ്ങൾ പകർന്നാടി.

 

നഗരത്തെയാകെ അയാളിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് അയാളുടെ പ്രകടനത്തിൽ മിന്നിമാഞ്ഞു. നാട്യശാസ്ത്രത്തിൻറെ നാൽക്കവലകൾ താണ്ടി നഗരനടുവിലായാൽ നിറഞ്ഞാടി. നഗരത്തിൻറെ ഒഴുക്ക് തടസ്സമാകുമെന്നായപ്പോൾ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി രണ്ടുമൂന്നു പോലീസുകാർ വട്ടത്തിനു നടുവിലേക്ക് നടന്നു വന്നു. അപ്രതീക്ഷിതമായി  പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശം ജനം കയ്യടിയോടെ സ്വീകരിച്ചു.

‘‘നിർത്ത് നിർത്ത്’’ ഇവിടെ ഇതൊന്നും പറ്റില്ല. ആദ്യ സംഭാഷണം തെറ്റാതെ പറഞ്ഞു ,രണ്ടുപോലീസുകാർ ഉന്തുവണ്ടിക്കരികിലേക്ക് നടന്നു.

 

 

‘‘തൊട്ടുപോകരുത് ..നായിന്റെ മക്കളെ,പോയീനെടാ’’ അതൊരാക്രോശമോ,അലർച്ചയോ അതിനുമപ്പുറ മെന്തോ ആയിരുന്നു.ചുറ്റുമുള്ളവരിൽ അമ്പരപ്പ് പടർന്നു. ഒരുവേള സ്തംഭിച്ചെങ്കിലും പോലീസുകാർ ചാക്കുകെട്ടുകൾ വിട്ടു അയാൾക്ക് നേരെ തിരിഞ്ഞു.

 

 

‘‘പൊലീസുകാരെ തെറിവിളിക്കുന്നോടാ..? മതി നിൻറെ നാടകം !!’’ കുതറിമാറാൻ ശ്രമിച്ച അയാളെ അവർ നിലത്തുകൂടെ വലിച്ചിഴച്ചു.അയാളുടുത്തിരുന്ന സാരി ഒട്ടുമുക്കാലും അഴിഞ്ഞു വീണിരുന്നു.

 

‘‘എൻറെ മക്കളെ കൊന്നുതിന്നിട്ട് മതിയായില്ലേ നിങ്ങൾക്ക്, എന്നെയും കൊല്ല്... കൊന്നു കെട്ടിതൂക്കെടാ.

ആളുകൾ   ആകാംഷയോടും ചിരിനിറച്ചും കാഴ്ചക്കാരായി നിന്ന് രസിച്ചു. ഒട്ടനവധി മൊബൈലുകളിൽ ചുവന്ന റെക്കോർഡ് ബട്ടണുകൾ അമർന്നുകൊണ്ടിരുന്നു.

 

‘‘ഇങ്ങളൊക്കെ സിനിമ പിടിക്കുന്നാ ..?’’

 

ഇങ്ങക്കൊക്കെ പെണ്മക്കളുണ്ടോ ?ഉണ്ടോ. ഉണ്ടെങ്കിൽ നിങ്ങടെ പടോം പിടിക്കും നാളെ,സൂക്ഷിച്ചോ’’

 

പോലീസുകാരുടെ കയ്യിൽ തൂങ്ങി ഇഴച്ചുപോകുമ്പോൾ ആൾക്കൂട്ടത്തെ നോക്കി അയാൾ ദൈന്യതയോടെ പറഞ്ഞു. ചിലപ്പോൾ അനുസരണയോടെയും ചിലപ്പോൾ കുതറിയും അയാൾ പോലീസുകാർക്കൊപ്പം നടന്നു. അങ്ങിനെയൊരു കുതറലിൽ പോലീസുകാരിൽ നിന്ന്  പിടി വിടുവിച്ചെടുത്ത് അയാൾ ഉന്തുവണ്ടിക്കരികിലേക്ക് ഓടി .ആൾക്കൂട്ടം പകർന്നാട്ടത്തിൽ അൽപ്പമൊന്ന് പരിഭ്രമിച്ച് ആകാംഷയോടെ ഉറ്റുനോക്കി. ഒരു വേള പോലീസുകാരും ആ തെരുവുനാടകത്തിലെ കഥാപാത്രങ്ങളാണെന്നവർ നിനച്ചു . അത്രമേൽ സ്വാഭാവികവും ചടുലവുമായിരുന്നു മുന്നിലരങ്ങേറുന്ന പ്രകടനങ്ങൾ.ആൾകൂട്ടത്തിന്റെ വട്ടം വലിപ്പം വച്ചു തുടങ്ങി.

 

 

അയാൾ ഉന്തുവണ്ടിക്കരികിൽ ചാക്കുകെട്ടുകളെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു. ആ കരച്ചിൽ ആരോഹണ ത്തിൽ നിലവിളിയായും അവരോഹണത്തിൽ തേങ്ങലായും മാറികൊണ്ടിരുന്നു. എന്റെ കുഞ്ഞുങ്ങളെ പിച്ചിചീന്തിയില്ലേ, കൊന്നുകളഞ്ഞില്ലേ. അയാളുടെ വായിൽ നിന്നൊഴുകുന്ന ചോരയോടൊപ്പം കണ്ണുനീരു കൂടെ ചേർന്ന് ഒറ്റയായൊഴുകി. ഇടയ്ക്കയാൾ കരച്ചിൽ നിർത്തി നിർവികാരനായി ആൾക്കൂട്ടത്തിനോട് ചോദിക്കും.‌

 

‘‘തെളിവുണ്ടോ? തെളിവുണ്ടോ?.. ഇല്ല, എന്റെ കുഞ്ഞുങ്ങളെ കൊന്നു തിന്നതിന് തെളിവൊന്നുമില്ല. ആയതിനാൽ ആരും കൊന്നിട്ടുമില്ല മരിച്ചിട്ടുമില്ല. ആയതിനാൽ തന്നെ നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു.

എന്താന്നൊ..? തെളിവില്ല’’ അയാൾ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു, നില വിട്ടു കരഞ്ഞു, വീണ്ടും ചിരിച്ചു. അഭിനയമികവിന്റെ മിന്നലാട്ടങ്ങൾ ,ആൾക്കൂട്ടം കൂട്ടമായി കൈയ്യടിച്ചു.

 

വയർലസ്സ് സംഭാഷണം മതിയാക്കി പോലീസുകാർ അയാൾക്ക് നേരെ പാഞ്ഞടുക്കുമ്പോഴേക്കും അയാൾ വണ്ടിയുന്തി ആൾകൂട്ടത്തിന്റെ വട്ടം ഭേദിച്ചിരുന്നു.ജനകൂട്ടം വഴിയൊരുക്കി അയാൾക്കൊപ്പമൊഴുകി.

 

‘‘സൂക്ഷിച്ചോ, എല്ലാരും സൂക്ഷിച്ചോ ചെന്നായ്ക്കളുണ്ട്’’

 

കോടതി വെറുതെവിട്ട് ,എല്ലാരേം കോടതി വെറുതെ വിടും.

 

എല്ലാരേം. അയ്യോ... ദീർഘമായ നിലവിളിയോടെ അയാൾ ഉന്തുവണ്ടി ഉന്തി ഓടാൻ തുടങ്ങി.

അയ്യോ..എൻറെ മക്കളെ..പെണ്മക്കളുണ്ടോ ..സൂക്ഷിച്ചോ..ചുറ്റും കാമഭ്രാന്തൻമാരാ 

കന്നിമാസത്തിലെ പട്ടികൾ’’ 

 

ആൾകൂട്ടം അയാൾക്കുചുറ്റും ഒരു മതിലുതീർത്തു മുന്നോട്ട് നീങ്ങി. മൊബൈലുകൾ വൈറൽ വീഡിയോകൾ പടച്ചുകൊണ്ടിരുന്നു. അത് പ്രകാശവേഗത്തിൽ ഡിവൈസുകളിൽ നിന്ന് ഡിവൈസുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

 

എണ്ണത്തിൽ കൂടിയ പോലീസുകാർ അഭിമാനം വീണ്ടെടുക്കുവാനെന്നോണം അയാൾക്കുനേരെ ചീറിയടുത്തു. അർദ്ധനഗ്നനായ അയാളെ അവർ കീഴ്‌പ്പെടുത്തി.ശബ്ദമുണ്ടാക്കിയും ഒരു പ്രത്യേക ശബ്ദത്തിൽ നിലവിളിച്ചും അയാൾ കുതറാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു നിമിഷത്തെ ശാന്തത,അനുസരണ ..

മൂന്നു പോലീസുകാർ ആൾക്കൂട്ടത്തിലേക്ക് തെറിച്ചുവീണു.

 

 

അഭിനയത്തികവിന്റെ പെരുങ്കളിയാട്ടങ്ങൾ കണ്ട് ജനം അന്ധാളിച്ചു, പിന്നെ ആസ്വദിച്ചു.അയാളൊരു കുതിപ്പിൽ ഉന്തുവണ്ടിക്കുമുകളിൽ കയറി അലറിക്കരഞ്ഞു. രണ്ടു ചാക്കുകെട്ടുകളും കെട്ടിപ്പിടിച്ചു അയാൾ ഇടക്ക് കരയുകയും ഇടക്ക് ശബ്ദമില്ലാതെ ചാക്കുകെട്ടുകളോട് മന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. നഗരം ആ തെരുവുനാടകത്തെ ഏറെ കുറെ ഏറ്റുവാങ്ങിയിരുന്നു.അത്രമേൽ സ്വാഭാവികമായൊന്നു അടുത്തായൊന്നും അരങ്ങേറിയതേ ഇല്ലായിരുന്നു.

 

‘‘ പ്രിയമുള്ളവരെ ഇത്രയും സമയം എന്റെ നാടകത്തെ കണ്ട എല്ലാവർക്കും  ഹൃദയം നിറഞ്ഞ നന്ദി.അടുത്ത ഒരു രംഗത്തോട് കൂടി ഈ  നാടകം അവസാനിക്കുന്നതാണ്’’ അയാൾ അടച്ച ശബ്ദത്തിൽ ജനക്കൂട്ടത്തോട് ആയി പറഞ്ഞു.

 

പോലീസുകാർ പിന്നെയും വയർലെസ് സന്ദേശങ്ങൾക്കായി കാത്തിരുന്നു. ഒരുവേള അവിടേക്ക് മറ്റൊരു പോലീസ് ജീപ്പ് കൂടെ വന്നെത്തി. പുതുതായി വന്നവരും കൂടെ ചേർന്നു പോലീസുകാർ അയാളുടെ ഉന്തുവണ്ടി വളഞ്ഞു.

 

‘‘ നിർത്തിക്കോ നിന്റെ നാടകം. ഇനി  നീ പുറംലോകം കാണില്ല’’ അതിൽ ഒരു പോലീസുകാരൻ രോഷാകുലനായി വിളിച്ചുപറഞ്ഞു.

 

‘‘ പുറംലോകമോ ..? എന്തിന്..?പെണ്ണിന്റെ ഗന്ധം മണത്തു അതിന്റെ പച്ച ഇറച്ചി കടിച്ചു തിന്നുന്ന ചെന്നായ്ക്കളെ കാണാനോ..? പുറംലോകത്ത് മറ്റെന്തു കാണാനാണ് ഏമാനേ..? പാവപ്പെട്ടവന്റെ നേരെ കണ്ണുകെട്ടിയ നീതിപീഠത്തെ കാണാനോ..?’’

 

അയാൾ അട്ടഹസിച്ചുകൊണ്ടിരുന്നു. രണ്ടു പോലീസുകാർ ഉന്തുവണ്ടി യിലേക്ക് ചാടിക്കയറാൻ ഒരുങ്ങി. സംവിധാനമികവിനുള്ള കൈയ്യടി ജനം ഒന്നടങ്കം നൽകിക്കൊണ്ടിരുന്നു.

 

‘‘അടുക്കരുത്!!’’ ആ അലർച്ചയോടൊപ്പം അയാൾ ചാക്കുകെട്ടുകളഴിച്ചു .....

 

വെയിലുമങ്ങിയ ശാന്തത..

 

ഒരു നിമിഷം നഗരം വിറങ്ങലിച്ചു നിന്നു. ഉന്തുവണ്ടിയിൽ കയറിയ പോലീസുകാർ പിന്നോട്ടാഞ്ഞു വീണു ,അപ്പോഴാണ് ആൾകൂട്ടം വ്യക്തമായത് കണ്ടത്. ചാക്കുകെട്ടുകളിൽ നിന്നുവിടുവിച്ച വെള്ളയിൽ  പൊതിഞ്ഞ  കുട്ടികളുടേതെന്നു തോന്നിക്കുന്ന രണ്ടു മൃതദേഹങ്ങൾ. നീരുവന്ന് തടിച്ച ചുണ്ടുകളിൽ ഈച്ചകൾവന്നലച്ചു നിൽക്കുന്നു. പോലീസുകാരോ  ജനക്കൂട്ടമോ അങ്ങനൊരു നാടകാന്ത്യം പ്രതീക്ഷിച്ചതേ അല്ലായി രുന്നു.വന്നുനോക്കിയവർ നോക്കിയവർ പിൻവാങ്ങി,ചിലസ്ത്രീകൾ നിലവിളിച്ചുകൊണ്ട് തിരിഞ്ഞോടി .

 

‘‘ ഇത് എന്റെ മക്കളാണ്  ഒമ്പതും പതിമൂന്നും വയസ്സുള്ള എന്റെ രണ്ടു പെൺമക്കൾ. വെളിച്ചമില്ലാത്ത ഞങ്ങളുടെ കൂരയിലെ രണ്ടു  വിളക്കുകൾ. ഇത് നാടകമോ അഭിനയമോ അല്ല ..എൻെറ മക്കളെ കൊന്നു കളഞ്ഞില്ലേ ,ചലനമറ്റുകിടക്കുന്ന ഇവരുടെ ശരീരം അല്ലാതെ മറ്റൊരു തെളിവും എന്റെ കയ്യിൽ ഇല്ല.. ഒരു തെളിവും ഇല്ല.

 

പൂ പറിച്ച് തുമ്പിയെ പിടിച്ചു ഓടി കളിക്കേണ്ട എന്റെ മക്കൾ ആണീ കിടക്കുന്നത് .എന്തിനു വേണ്ടിയാണ് ഇവർ മരിച്ചത് എന്ന് പോലും അറിയാതെ .നിങ്ങൾക്കുമില്ലേ പെൺമക്കൾ പറയാമോ എന്തിനുവേണ്ടിയാണ് എന്റെ മക്കൾ കൊല്ലപ്പെട്ടതെന്ന് ? നിയമപാലകരെ നിങ്ങൾക്ക് പറയാമോ എന്തിനാണ് എന്റെ പൊന്നു മക്കളെ വെള്ള പുതച്ച് കിടത്തിയതെന്ന് ? ആരെങ്കിലും  എനിക്കൊരുത്തരം തരുമോ ?.. നിസ്സഹായമായ ഉത്തരത്തിൻറെ ബോധമണഡലങ്ങളിൽ എല്ലാം ആ ചോദ്യം തരംഗങ്ങൾ സൃഷ്ടിച്ചു കടന്നുപോയി. അതിന്റെ ആഘാതം ഓരോ കണ്ണുകളിലും നിഴലിച്ചു.

 

തളർന്ന ശബ്ദത്തിൽ അയാൾ നിലവിട്ടു കരഞ്ഞു. ശബ്ദമില്ലാതെ നാവുപൊങ്ങാതെ  ആൾക്കൂട്ടവും നിയമപാലകരും പകച്ചുനിന്നു. മനഃസാക്ഷിയുടെ മുനകൊണ്ട് ഹൃദയം നൊന്തു ചിലരുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പുറപ്പെട്ടുപോയി. ചിലർ  കാണേണ്ടിയിരുന്നില്ല എന്നുപറഞ്ഞ് ദിവസത്തെ ശപിച്ചു പിന്തിരിഞ്ഞു നടന്നു, മറ്റുചിലർ നമുക്ക് അല്ലാത്ത മറ്റാർക്കോ സംഭവിച്ച ആപത്തിൽ സഹതപിച്ചു വെറുതെ നിന്നു. 

 

 

എങ്കിലും എണ്ണത്തിൽ കൂടുതൽ ലൈക്കിനും ഷെയറിലും കമന്റിനും വേണ്ടി ഇതെല്ലാം പകർത്തുന്ന ഛായാഗ്രാഹകർ തന്നെയായിരുന്നു. മൊബൈൽഫോണുകളുടെ നൂതന സാങ്കേതിക വിദ്യയും സാധ്യതയും ഉപയോഗിച്ച് ഓരോരുത്തരും ഏറ്റവും മികച്ച രീതിയിൽ അത് പകർത്തി കൊണ്ടിരുന്നു അയാൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു. തെരുവ് നാടകം അവസാനിച്ചു മറ്റൊന്നിന് രംഗവേദി  വിട്ടു കൊടുത്തുകൊണ്ട്. ആളുകൾ ഒന്നൊന്നായി പിരിഞ്ഞു പോയി കൊണ്ടിരുന്നു നാടകമാണോ ജീവിതമാണോ കണ്ടതെന്നബോധത്തിന്റെ നേരിയ വിടവിലൂടെ സ്വാഭാവിക ജീവിതത്തിന്റെ അപ്പക്കഷണങ്ങൾ തേടി ഓരോരുത്തരും പിരിഞ്ഞുപോയി. ഒരു ആംബുലൻസും പോലീസ് വണ്ടിയും വരുന്നതുവരെയും  ചിലർ കാഴ്ച്ചക്കാരായി അവിടെ തന്നെ കറങ്ങി നിന്നു. ഒരിക്കലും അവസാനിക്കാത്ത തെരുവ്നാടകങ്ങൾക്ക് വേദിയൊരുക്കിയ നഗരം അതിന്റെ രംഗ പടങ്ങൾ മാറ്റിക്കൊണ്ടിരുന്നു..

 

ഇന്ന് ശ്രീക്കുട്ടിയുടെ ഒമ്പതാം പിറന്നാൾ ആണ്. അവളുടെ പേര് എഴുതി ഒരു ബർത്ത് ഡേ കേക്ക് വാങ്ങണം. പെട്ടന്ന് മടങ്ങണം. അത്രയേ ഉണ്ടായിരുന്നുള്ളൂ.രാവിലെ ഇവിടെ ബസ്സിറങ്ങുമ്പോൾ.ഇതിപ്പോ.ഇനി വേണ്ട, മധുരം നെടുകെ മുറിച്ചല്ല ജന്മം കുറുകെ നടന്നു അടയാളപ്പെടുത്താനുള്ളതാണ് ജന്മദിനങ്ങൾ എന്ന് ശ്രീക്കുട്ടിയോട് പറയണം .അവളത് മനസ്സിലാക്കും .എനിക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തണം.

 

ബസ് പാതി ദൂരം എത്തിയപ്പോഴേക്കും വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ മണിയൊച്ചകൾ നിർത്താതെ അടിച്ചു കൊണ്ടിരുന്നു എല്ലാം  തെരുവ് നാടകത്തെ പറ്റി തന്നെ സൈബർ കോടതികളുടെ പ്രതികൂട്ടിൽ അയാളുടെ വിചാരണ ആരംഭിച്ചിരിക്കുന്നു വിധിപ്പകർപ്പുകൾ ഓരോന്നായി വന്നു തുടങ്ങി.

 

 

‘‘ നഗരമധ്യത്തിലെ തെരുവുനാടകം U A P A   ചുമത്തിയേക്കും’’ 

 

‘‘തെരുവുനാടകം: മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നു’’

 

‘‘തെരുവ് നാടകത്തിനു പിന്നിലെ യാഥാർഥ്യവും സത്യങ്ങളും’’

 

‘‘ നഗരത്തിലെ തെരുവ് നാടകം പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നത് അച്ഛൻ തന്നെയോ..? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്’’

 

അയാളും ചലനമറ്റ അയാളുടെ പെൺമക്കളും വാനിലൂടെ   ‘വൈറൽ’ ആയി വിശ്രമമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.

 

വേണ്ട ഒന്നും കേൾക്കണ്ട,  ഒന്നും കാണേണ്ട,  മൊബൈൽ ഡാറ്റ ഓഫ് ചെയ്തു ചാരിക്കിടന്നു. എത്രയും വേഗം ഒന്ന് വീട്ടിൽ എത്തിയാൽ മതി. എന്റെ മകളുടെ അടുത്ത് എത്തിയാൽ മതി.

 

English Summary : Theruvu Nadakam Story By Akbar Miya Malhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com