ADVERTISEMENT

ഇതു ഞന്‍ പഠിച്ച അംഗനവാടി, അല്ല ഞങ്ങള്‍ പഠിച്ച ‘അങ്ങനവാടി’. ഒാര്‍മയുടെ വക്കുപൊട്ടിയസ്ലെയിറ്റില്‍ കല്ലുപെന്‍സിൽകൊണ്ടു കോറിയിട്ടവയില്‍ ഏറിയപങ്കും മാഞ്ഞുപോയിരിക്കുന്നു, എങ്കിലും അവിടവിടായി ചിലതെല്ലാം വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.

                        

ഒരു ഫ്രെയിമിലൂടെ ആദ്യമായി കാഴ്ച്ചകള്‍ കാണുന്നത് ഈ കെട്ടിടത്തിനുള്ളിലിരുന്നു ജനലിലൂടെ നോക്കിയായിരുന്നു. വലിയപറമ്പും അതിനു നടുവിലെ നടപ്പാതയും കുളവും കുറ്റിക്കാടും മരങ്ങളും. അടുത്തിരിക്കാന്‍ ചങ്ങാതി ‘ചാണ്ടി’ ഉണ്ടായിരുന്നു, ആദ്യത്തെ കുട്ടുകാരന്‍.                                                                                     

വിശാലമായ കളത്തുര്‍പറമ്പിനു ചുറ്റും വീടുകള്‍. പറമ്പിന്‍റെ വടക്കുകിഴക്കെ ഭാഗത്തായിരുന്നു എന്റെ വീട്. എതിര്‍വശത്തായി അംഗനവാടിയും. വീടും അംഗനവാടിയും തമ്മില്‍ ഏകദേശം മുന്നൂറടി ദൂരം. മൂന്നു വയസ്സുകാരന്‍റെ കണ്ണില്‍ കൗതുകം നിറയ്ക്കാന്‍ മുന്നുറടി ദൂരത്തെ കാഴ്ചകള്‍ ധാരാളം.

                    

അമ്മയുടെ കൈപിടിച്ചു വീട്ടില്‍നിന്നിറങ്ങി കളത്തുർ  പറമ്പിലേക്കു കടന്നാൽ ആദ്യം കാണുന്നതു കുളമാണ്. കരിംചേര, പച്ചതവള, തുപ്പലുകുടിയന്‍ മീൻ ഇവയക്കെയായിരുന്നു കുളത്തിലെ കഴ്ച്ചകള്‍. കരിംചേരയാ യിരുന്നു ഇതില്‍ പ്രധാനി. തല അല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് ബാക്കി ഭാഗങ്ങളെല്ലാം മുങ്ങിമുങ്ങിയില്ല എന്നമട്ടില്‍, വളഞ്ഞുപുളഞ്ഞൊരു വരവരച്ചു കുളത്തിലെ രാജാവ് താനാണെന്ന ഭാവത്തില്‍  നീന്തുന്നണ്ടാവും. തവളകള്‍ കണ്ണുകള്‍ മാത്രം വെള്ളത്തിനുമീതെ കാണിച്ച് അവിടവിടായി ഇരിപ്പുണ്ടാവും. ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ വാലുമാത്രം അനക്കി തുപ്പലുകുടിയന്‍മീനുകളും.

                     

കുളം പിന്നിട്ടു പറമ്പിനു വടക്കുവശത്തായി അതിരിട്ടുനില്‍ക്കുന്ന കരിങ്ങാട്ടമരങ്ങള്‍ക്കു കീഴിലൂടെ വേണം മുന്നോട്ടു പോകാന്‍. ഒട്ടുംതിളക്കമില്ലാത്ത കരിംപ്പച്ചനിറത്തിലുള്ള ഇലകള്‍ക്കിടയില്‍ തിളങ്ങുന്നപച്ച നിറത്തിലുള്ള കരിങ്ങട്ടകായ്കള്‍ തുങ്ങിക്കിടക്കുന്നത് കാണാം. ഓരോ ഇലകള്‍ക്കിടയിലും സൂക്ഷ്മ പരിശോധന നടത്തി ഇരയെതേടി കരിയിലക്കിളികള്‍ കൂട്ടത്തോടെ ഒരുമരത്തില്‍ നിന്നു മറ്റൊന്നിലേക്ക് പറക്കുന്നുണ്ടാവും. കത്തുന്നവെയിലത്തും കരിങ്ങാട്ടമരങ്ങള്‍ക്കു ചുവട്ടില്‍ എന്തു തണുപ്പായിരുന്നുഎന്നോ. കരിയിലകള്‍ വീണു മെത്തവിരിച്ച മരച്ചുവടുകള്‍ കഴിഞ്ഞാല്‍ അംഗനവാടിയായി.

                              

Childhood Memories

ഒരുമുറിയും അതിനോടു ചേര്‍ന്ന് അടുക്കളയുമുള്ള ഓട്മേഞ്ഞു കുമ്മായംപൂശിയ കെട്ടിടം. തെങ്ങിന്‍ തടിഉരുളുകള്‍ വിലങ്ങനെ അഴിയിട്ടജനാലകള്‍. മുകളിലുംതഴെയും രണ്ടുപാളികളിലായി മുൻ വാതില്‍. അതില്‍ താഴത്തെപാളി തുറക്കാറില്ല. പിന്നിലെ വാതലിലൂടെ വേണം അകത്തുകടക്കാന്‍. അവിടെ നിറചിരിയുമായി ലിസമ്മടീച്ചര്‍ നില്‍ക്കുന്നുണ്ടാവും. എന്തെങ്കിലും കുശലംചോദിച്ചു കുട്ടികളെ അകത്തേക്കു കടത്തിവിടും. ടീച്ചിറിന്‍റെ ചിരിയും സംസാരവും അമ്മമാര്‍ക്കുകൂടി വേണ്ടിയാണ്. കുട്ടികള്‍ തന്‍റെ അടുക്കല്‍ പൂര്‍ണ്ണസുരക്ഷിതരാണെന്ന ഉറപ്പ് അതിലുണ്ട്.

  

അടുക്കള കടന്നു ടീച്ചറിന്‍റെ മേശക്കരികിലൂടെ വേണം ഇരിപ്പിടങ്ങളില്‍ എത്താൻ. അകത്തേക്കു കയറാനും പുറത്തേക്ക് ഇറങ്ങാനും ഒരുവഴി മാത്രം. ടീച്ചറുടെ കണ്ണില്‍പെടാതെ ഒന്നും നടക്കില്ലായിരുന്നും. പ്രാര്‍ഥന യോടെ ക്ലാസ് ആരംഭിക്കും. അത്രയുംനാള്‍ ഓമനപേരുകളിള്‍ വീടുകളില്‍ കളിച്ചുനടന്ന ഞങ്ങള്‍, സന്ദീപ് എം.എസ്, അരുണ്‍ എന്‍.എ, അംബേദ്കര്‍, രഞ്ജീവ് ഭാസി, എന്നീ ഔദ്യേഗികനാമങ്ങളില്‍ വിളിക്ക പ്പെടുകയും, ഔപചാരികവിദ്യാഭ്യാത്തിന്‍റെ ഭാഗമാകുകയും ചെയ്തു.

  

അക്ഷരങ്ങളോടുകൂട്ടുകൂടാതെ ഞാൻ...

 

പഠനത്തില്‍ ശ്രദ്ധിക്കാതെ, ഇടംവലം ഇരിക്കുന്ന കുട്ടുകാരോട് ഇടതടവില്ലാതെ ഞാൻ സംസാരിച്ചു കെണ്ടിരി ന്നു. ടീച്ചര്‍ ഇതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്തിരിക്കുന്നവരുടെ ഭാവിയെക്കരുതി ടീച്ചറിന്‍റെ മേശയ്ക്കു താഴെ അരിചാക്കു വിരിച്ച് എന്നെ ഇരുത്തി. കുട്ടികളുടെ ഭാരം നോക്കാനായി തൂക്കിയിട്ടിരുന്ന സ്പ്രിങ്ത്രാസി ന്‍റെ നിശ്ചലമായ സൂചിപോലെയായി ഞാന്‍. എന്നെ നോക്കി പല്ലിളിച്ചുകൊണ്ടു വെള്ളചാര്‍ട്ട് പേപ്പറിലെ കറുത്ത അക്ഷരങ്ങള്‍ ഭിത്തിയില്‍ തൂങ്ങിയാടി. 

 

 

ഉച്ചയാകുമ്പോള്‍ അടുക്കളയില്‍ കഞ്ഞിയുംപയറും തയാറാകും. പാത്രവുമായി ഞങ്ങള്‍ നിരന്നിരിക്കും. ഒരുതരിപോലും താഴെകളയരുതെന്ന ഉപദേശത്തോടെ ടീച്ചര്‍ കഞ്ഞിവിളമ്പും. കഴിക്കുന്നതിനിടെ പാത്രത്തില്‍ നിന്നും മുക്കാല്‍ഭാഗവും ഉടുപ്പിലും നിക്കറിലും,നിലത്തും വീണിട്ടുണ്ടാകും.

                

കഞ്ഞികുടിച്ചുകഴിഞ്ഞാല്‍ ഉച്ചയുറക്കം. അത്രയുംനേരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രം നിശ്ചലമായ പോലെ അംഗനവാടി നിശബ്ദമാകും. നിലത്തുവിരിച്ച പുല്ലുപായയില്‍ എല്ലാവരും നിരന്നുകിടക്കും. ഉറങ്ങാ തെകിടന്നു പിറുപിറുക്കുന്നവരെ നോക്കി, ചുണ്ടില്‍ വിരലമര്‍ത്തി ശൂൂൂ.... എന്നു ശബ്ദമുണ്ടാക്കി ടീച്ചര്‍ കസേരയില്‍ ഇരിക്കും.

 

                       

ഉണർന്നെണീക്കുന്ന ഞങ്ങളെ ആട്ടിന്‍കൂട്ടത്തെതെളിക്കുന്ന നല്ലിടയനെ പോലെ ടീച്ചര്‍ പറമ്പിലേക്കു കൊണ്ടുപോകും. അംഗനവാടിയില്‍ അന്നു മൂത്രപ്പുര ഉണ്ടായിരുന്നില്ല. ഒരു തെങ്ങിന്‍റെചുവട്ടിലായിരുന്നു ഞങ്ങള്‍ ‘ആ ശങ്ക’ തീർത്തിരുന്നത്. പറമ്പിലെ തെങ്ങുകളില്‍ ഏറ്റവുംനല്ല കായ്ഫലം അതിനായിരുന്നു. ‘ഉണ്ണിമൂത്രം പുണ്യാഹം’ മാത്രമല്ല നല്ല വളമാണെന്നു ഞങ്ങള്‍ തെളിയിച്ചു.  

                            

രാവിലെ പഠിച്ചപാഠങ്ങള്‍ എല്ലാവരെകൊണ്ടും ഒന്നിച്ച് ഉറക്കെപ്പറയിപ്പിക്കും. ഇടയ്ക്കു കമ്പന്‍പെടി കുറുക്കിന്‍റെ മണം അവിടമാകെ നിറയും. നിലത്തു നിരന്നിരിക്കുന്ന ഞങ്ങളുടെമുന്നിലെ പാത്രത്തിലേക്കു ഇളംമഞ്ഞനിറത്തില്‍ ആവിപറക്കുന്ന കുറുക്ക് ചെറിയവട്ടത്തില്‍ വിളമ്പും. പാത്രത്തിന്‍റെവശങ്ങളിലേക്കു ഒഴുകിപരക്കുന്ന കുറുക്കില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടു ഞങ്ങൾ കഴിച്ചുതുടങ്ങും. ചിലര്‍ ഒരുപടികൂടെ കടന്നു ചുണ്ടിനുംമുക്കിനുമിടയിൽ കുറുക്കുകൊണ്ടു മീശവരയ്ക്കു. മറ്റുള്ളവരും ഇത് ആവര്‍ത്തിക്കും. ടീച്ചറിന്‍റെ ചെറിയ ശാസനയിലെ ഞങ്ങളുടെ കളി അവസാനിച്ചിരുന്നുള്ളു. ഈ കലാപരിപാടിയോടെ ഒരുദിവസം അവസാനിക്കുകയായി.

 

ലിസമ്മടീച്ചറിന്‍റെ ഉറക്കെയുള്ള ശബ്ദത്തില്‍ ഞാന്‍ ആദ്യമായി ദേശീയഗാനം കേട്ടു. അറിയാവുന്ന പോല യൊക്കെ ജനഗണമന പാടിമുഴുവിപ്പിച്ചു. പുറത്തിറങ്ങുമ്പോള്‍ അമ്മ കാത്തുനില്‍പ്പുണ്ടാവും. രാവിലെ കണ്ടകാഴ്ച്ചകള്‍ വീണ്ടും കാണാന്‍പറ്റുമോ എന്നു ചിന്തിച്ചുകൊണ്ട് അമ്മയുടെ കൈപിടിച്ചു വീട്ടിലേക്കു മടങ്ങും. രണ്ടുവര്‍ഷത്തെ കസര്‍ത്തു കഴിച്ചിലാക്കി അവിടെനിന്നു വിടപറഞ്ഞു.

 

              

Childhood Memories

സ്കൂള്‍ജീവിതം ആരംഭിച്ചും. ഡിപിഇപി, ഗ്രേഡിങ് എന്നി പുതുമകളോടെ എല്‍പി, യുപി കാലങ്ങള്‍ കടന്നുപോയി. അവധിദിവസങ്ങളില്‍ മടലുവണ്ടി ഉന്തിയും ഉജാലവണ്ടി ഉരുട്ടിയും സൈക്കിള്‍ടയറിന്‍റെ വട്ടത്തിനൊപ്പം നീളത്തിലോടിയും പറമ്പില്‍ ഞങ്ങൾ ഒത്തുകൂടി. മടല്‍ബാറ്റും റബർപന്തും ഉപയോഗിച്ചു ക്രിക്കറ്റുകളിച്ച ഞങ്ങളുടെ ഊക്കനടിയില്‍ ബോള്‍ പറമ്പിന്‍റെ അതിര്‍ത്തികള്‍ ലംഘിച്ചു. സാറ്റുകളിക്കുമ്പോള്‍ കൊട്ടങ്ങയും, കമ്മ്യുണിസ്റ്റുപച്ചയും നിറഞ്ഞ കുറ്റിക്കാടിലേക്കു നൂണ്ടുകയറി ദേഹത്തു ചോരപൊടിഞ്ഞു, കുട്ടിയുംകോലും കളിച്ചു ‘പച്ചിലപാടി’ (കളിയില്‍ തോറ്റുപോകുന്നവര്‍ക്കുള്ള ശിക്ഷ) പറമ്പിനു ചുറ്റുംവലംവച്ചു.

 

            

ഉന്നംപിടിച്ച കല്ലിനുകീഴ്പ്പെട്ടുവീണ മാങ്ങ ഉപ്പുംമുളകും ചേര്‍ത്തു ‘രഞ്ജിത്തും, വിജോയും ജോബിനും ജിജോമോനും കണ്ണിയും സിജുവുമായി പങ്കിട്ടുകഴിച്ചു. ഞാവല്‍മരം ഒരു ബാലികേറാമലയായിരുന്നു. മുതിര്‍ന്ന ആരെങ്കിലുംകയറി ഞവല്‍പ്പഴം പറിച്ചുതരാന്‍ ഞങ്ങള്‍ താഴെ തപസ്സിരുന്നു. ഇടയ്ക്കൊക്കെ അടുത്തുള്ള ‘സലിചേട്ടന്‍’ പ്രസാദിച്ചു. പോക്കറ്റില്‍ പെറുക്കിനിറച്ച ഞാവല്‍പ്പഴം ഉടുപ്പിലും നിക്കറിലും നാവിലുമൊക്കെ കറപടര്‍ത്തി. കൊതികൊണ്ടു കുരുവും ചവച്ചിറക്കി. പഴുത്തുവീണ വാളന്‍പുളി തോട്പൊട്ടിച്ചു കുരുവോടെ വയിലിട്ടുനുണഞ്ഞു.

                       

ഈര്‍ക്കില്‍ക്കുരുക്കുകള്‍ കഴുത്തില്‍ വീണുതുടങ്ങിയപ്പോള്‍ രാജാവിനെപോലെ നീന്തിനടന്ന കരിംചേരകളെ കുളത്തിനുമീതെ കാണാതായി. തവളകള്‍ സ്വാതന്ത്ര്യംനേടി. തുപ്പലുകുടിയന്‍മീനുകള്‍ അപ്പോളും അതേ ഭാവത്തില്‍ അനങ്ങാതെ നില്‍പ്പുണ്ടായിരുന്നു.

                  

കളിച്ചുംച്ചിരിച്ചും  കളിയാക്കിയും  ഇടയ്ക്കൊക്കെകരഞ്ഞും പറിച്ചെടുത്തതൊക്കെ പങ്കിട്ടുകഴിച്ചും മുന്നോട്ടുപോകവെ ഒരു വാര്‍ത്തയെത്തി....., കളത്തൂര്‍പറമ്പു വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നും. എല്ലാം പെട്ടന്നായിരുന്നും. പത്തോളം കുടുംബങ്ങള്‍ ഇങ്ങോട്ടേക്കു കുടിയേറി. തലങ്ങുംവിലങ്ങും വേലികള്‍ മുളച്ചുപൊന്തി. ഞങ്ങള്‍ കുടിയിറക്കപ്പെട്ടു. ഞാവലും മാവും മറ്റുമരങ്ങളും കുളങ്ങളും ഓരോ വേലിക്കെട്ടുകള്‍ക്കുള്ളിലായി സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. 

 

കച്ചവടത്തില്‍പെടാത്ത അംഗനവാടിക്കുമുന്നിലെ കുറച്ചു സ്ഥലത്തേക്കു ഞങ്ങളുടെ കളി ചുരുങ്ങി. ഉയര്‍ത്തിയടിച്ചാല്‍ പന്ത് അടുത്തവീടുകളിലേക്കു വീഴുമെന്നായി. ഒളിച്ചുകളിക്കാന്‍ കുറ്റിക്കാടുകള്‍ ഇല്ലാതായി. കരിംചേരകള്‍ വിളഞ്ഞാടിയ കുളം നികത്തപ്പെട്ടു. നേടിയ സ്വാതന്ത്ര്യം ആസ്വദിക്കാന്‍കഴിയാതെ തവളകള്‍ എങ്ങോട്ടോപോയി. തുപ്പലുകുടിയന്‍മീനുകള്‍ മണ്ണിനടിയില്‍ സമാധിയായി. ഞാവലും മാവും മാത്രമല്ല മറ്റുമരങ്ങളുടെയും കടക്കല്‍ മഴുവീണു.

        

ബാല്യകാലത്തിനുവിടപറഞ്ഞു കൗമാരത്തിനുകൈകൊടുത്ത ഞങ്ങളെ യൗവനം പലവഴിക്കുപിരിച്ചു. പിന്നാലെവന്നവര്‍ അംഗനവാടിക്കുമുന്നിലെ ഇത്തിരിവട്ടത്ത് കോപ്പുകൂട്ടി കളിതുടങ്ങിയതു ഞങ്ങള്‍ കണ്ടുനിന്നു. കുറച്ചുദിവസങ്ങള്‍ക്കു മുന്നേ ആ സ്ഥലവും ആരോവാങ്ങി ചുറ്റും മതിലിട്ടു. മതിലുചാടി കുട്ടികള്‍ അവിടെ കളിക്കുന്നുണ്ട്. ഇനിയും എത്രനാള്‍ അവര്‍ക്കുകളിക്കാന്‍പറ്റും. കളത്തുര്‍പറമ്പിലെ കളിക്കൂട്ടങ്ങള്‍ അവസാനിക്കുകയാണ്.

       

ഒരുകളിവണ്ടിയുമായി ഓര്‍മയുടെ മണ്‍പാതയിലൂടെ തിരികെഓടിയാല്‍ വീശാലമായ പച്ചപ്പിലെത്തി നിൽക്കാന്‍ ഞങ്ങളുടെ തലമുറയ്ക്കുകഴിയും. ഇനി വരുന്നവര്‍ക്കോ....? 

 

ഇങ്ങനെ ഒരു ‘ബാല്യം’ തന്നതിനു കാലമെ നിന്‍റെമുന്നില്‍ കൈകൂപ്പുന്നു....

 

English Summary : Childhood Memories By Renjeev Bhasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com