ADVERTISEMENT

കൊറോണക്കാലത്തെ വീട് ( കുറിപ്പ്)

രാവിലെ ഏഴരയായപ്പോൾ ഭാര്യയുടെ ഫോണിലെ അലാറം ശബ്ദിച്ചു. അതുകേട്ടയുടനെ ഞാൻ ഉണർന്നു. എന്റെ ഫോൺ എടുത്തു വാട്സാപ്പിലെ സന്ദേശങ്ങൾ നോക്കി എഫ്ബിയിലേക്ക് തിരിഞ്ഞു. ആദ്യത്തെ അലാറം ഓഫാക്കി അവൾ വീണ്ടും കാലൊക്കെ എന്റെ മേത്തുകേറ്റിവെച്ച് ഒളികണ്ണിട്ട് എന്റെ ചെയ്തികളെ കണ്ടുകണ്ടില്ലെന്നുവരുത്തി വീണ്ടും മയങ്ങി.

 

എന്റെ കണ്ണുകൾ മുഖപുസ്തകത്തിൽ തലേദിവസം ഇട്ട പോസ്റ്റുകളുടെ നോട്ടിഫിക്കേഷൻസ് നോക്കി ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അതുപോരാതെ ലൈക്കുകളും കമന്റുകളും നോക്കി ആത്മരതി കണ്ടെത്തി മുഖപുസ്തകത്തെ പ്രണയിക്കാൻ ആരംഭിച്ചു. എന്റെ മൊബൈലിന്റെ പ്രകാശം മൂപ്പത്തിക്ക് പിടിക്കില്ലെ ന്നായപ്പോൾ തിരിഞ്ഞു കിടന്നു.

 

വീണ്ടും എന്റെ സ്വതന്ത്ര സാമ്രാജ്യം മുഖപുസ്തകമാക്കി ഞാൻ വിരാജിച്ചപ്പോൾ, ഭാര്യയുടെ മൊബൈലിലെ അടുത്ത അലാറം അടിച്ചു. അതോടെ മൂപ്പത്തി എഴുന്നേറ്റ് അവളുടെ വാട്സാപ്പ് സന്ദേശങ്ങളൊക്കെ നോക്കി. ചിലതിനൊക്കെ രാവിലെതന്നെ എന്തൊക്കെയോ പുലമ്പി മറുപടി കൊടുത്ത് എന്നിലേക്ക് തിരിഞ്ഞു. ചില ടിക്‌ടോക് വിഡിയോകൾ എന്നെ കാണിച്ച് ഒരുമിച്ചു ഞങ്ങൾ ചിരിച്ചു. പിന്നെ അവൾ കിടക്കയിൽ നിന്നും എണീറ്റുപോകുന്ന പോക്കു നോക്കി ഞാൻ കിടക്കയെ സാഷ്ടാംഗം പ്രണമിച്ചു കമിഴ്ന്നു കിടന്നു ....

 

കോറോണക്കാലത്ത് പണിയില്ലാണ്ടായ ഭർത്താവിനെ പരിചരിക്കാൻ കിട്ടിയ അവസരത്തിൽ ആത്മാർഥതയിൽ വെള്ളപൂശാതെ അവൾ പണികൾ ഓരോന്നായി തീർക്കുന്നതു കണ്ട് ഞാൻ ആത്മനിർവൃതിയടഞ്ഞുകൊണ്ടിരുന്നു.

 

‘ചായ റെഡി’ എന്ന വിളികേട്ടപ്പോൾ, ചാടിപ്പിടച്ച് എണീറ്റു. പ്രഭാതകൃത്യങ്ങൾ നിമിഷങ്ങൾക്കകം തീർത്തു വന്ന് മേശമേൽ ഇരുപ്പുറപ്പിച്ചപ്പോഴേക്കും ദോശയും ചായയും പിന്നെ ചമ്മന്തിയും ആയി അവൾ എത്തി. കൂടെ ഇരുന്നു ചായ കുടിക്കുന്ന നേരം നാട്ടിലേക്ക് മക്കളെയും അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. ശേഷം അവൾ അടുക്കളയിലേക്കും ഞാൻ വീണ്ടും കട്ടിലിലേക്കും ചേക്കേറി.

 

വിശാലമായ കട്ടിലിൽ ലാപ് ടോപ് എടുത്തുവച്ച് എന്റെ ലോകത്തിൽ മുഴുകിയ നേരം, പത്തുമണിക്ക് മൂപ്പത്തിക്ക് പോണതിനു മുൻപ് ഭർത്താവിനുള്ള പ്രാതൽ ഝടുതിയിൽ ഉണ്ടാക്കുന്ന തിരക്കിൽ, ചില സഹായങ്ങൾക്കായി എന്നെയും വിളിച്ചു.

 

‘നാഥാ ഇവിടെ വരൂ’

 

എന്ത്, ഇപ്പോൾ പ്രണയനേരമോ?, എന്നുള്ള ഭാവത്തിൽ അടുക്കളയിൽ എത്തുമ്പോഴേക്കും കറിക്കുള്ള ഉള്ളിയും മുളകും വെളുത്തുള്ളിയും ഇഞ്ചിയും അതാത് രീതിയിൽ അരിയാൻ തന്നു. ഈ കാര്യത്തിൽ മിടുക്കുകാട്ടാൻ കിട്ടിയ അവസരത്തെ ഞാനും ഭംഗിയാക്കുന്നതു കണ്ടപ്പോൾ, കുശുമ്പു മൂത്ത് പുറത്തു കിടക്കുന്ന തുണി എടുക്കാനുള്ള ആജ്ഞാപനം എത്തി. പത്തു മണിക്ക് ജോലിക്ക് പോകാനുള്ള ആ തത്രപ്പാട് മനസ്സിലാക്കി എല്ലാത്തിനും തലകുനിച്ച് കൂടെ നിൽക്കാൻ കൊറോണ കാലം പഠിപ്പിക്കുന്നത് സ്വയം മനസ്സിലാക്കികൊണ്ട് ഭവതി പറയുന്നതെല്ലാം അക്ഷരം പ്രതി ചെയ്തു. 

 

 

കൂടെ ഉപദേശം കൂടി വന്നപ്പോൾ കുറച്ചു തിരിച്ചു പറയാനും മറന്നില്ല. കറിക്കരിഞ്ഞു തീർന്നതും എടുത്ത് ഭവതി അടുക്കളയിലേക്ക് പോയി. ഞാൻ തുണികൾ അടുക്കി വച്ചതിനു ശേഷം വാഷിങ് മെഷീനിൽ ഉള്ള തുണികൾ എടുത്ത് പുറത്തു കൊണ്ടിട്ടു. തിരിച്ചു വന്നപ്പോഴേക്കും, ചോറ് വാർക്കാനും കറി അടിയിൽ പിടിക്കാതെ നോക്കാനും ഏൽപ്പിച്ച് പ്രിയംവദ കുളിമുറിയിലേക്ക് കയറി.

 

 

അരി വാർക്കാനുള്ള എന്റെ മിടുക്ക് അറിയാവുന്നതുകൊണ്ട് ഒരു ക്ലിപ്പ് കൂടുതലായി വച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. പാത്രം അടുപ്പിൽ നിന്നിറക്കി അടപ്പുകൊണ്ട് അടച്ച് എല്ലാ ക്ലിപ്പും ഇട്ടു കൃത്യമായി തുണികൂട്ടി പിടിച്ചു വാർക്കാൻ ഇട്ടു. ഇടയിൽ ഗ്യാസ് ഓഫ് ചെയ്യാൻ മറന്നതു മനസ്സിലായ ഭവതി കുളിമുറിയിൽനിന്ന് വ്യക്തമായ ശബ്ദമാധുര്യത്തോടെ ഗ്യാസ് ഓഫ് ചെയ്യാൻ മറക്കരുതെന്ന് ഓർമിപ്പിച്ചു. 

 

അപ്പോഴേക്കും ഒരടുപ്പിലെ തീ ഓഫ് ചെയ്ത് മറ്റേ അടുപ്പിലെ കറിപാത്രത്തിലേക്ക് തിരിഞ്ഞു. മൂടി എടുത്ത് ഒന്നിളക്കി മണമൊക്കെ ആസ്വദിച്ചു. ഇളക്കുന്നില്ല എന്നു മനസ്സിലായ ഭവതി വീണ്ടും കൃത്യമായി ഇളക്കിയില്ലേൽ അടിയിൽ പിടിക്കും എന്നോർമ്മിപ്പിച്ചു. കുളിമുറിയിലാണെങ്കിലും ഈ ടൈമിങ് എല്ലാം എങ്ങനെ മനസ്സിലാക്കിയെന്ന് ചിന്തിച്ച് കറിയിലെ രസക്കൂട്ടുകളെല്ലാം ശരിയല്ലേ എന്നു രുചിച്ചു നോക്കി തൃപ്തി വരുത്തി ഇറക്കി വെച്ചു. എന്നാലും പുരുഷന്റെ മേധാവിത്വം കാണിക്കാൻ ഉപ്പു കുറവുണ്ടെന്ന് വിളിച്ചു പറഞ്ഞ നേരം,

 

‘ഇനി ഉള്ള ഉപ്പൊക്കെ മതി, അല്ലെങ്കിലേ വയസ്സായി, ഇനി ബിപി കൂട്ടണ്ട’. എന്നു പറഞ്ഞു പുരുഷനെ തോൽപിച്ച് കുളിമുറിയുടെ  വാതിൽ തുറന്ന് അർധനഗ്നയായി ഇറങ്ങി വന്നു.

 

സമയം പരിമിതമായതിനാൽ മനസ്സ് മറ്റൊന്നിലേക്കും പോകാതെ ഭവതിക്കുള്ള ഷർട്ടും പാന്റും എടുത്തു കൊടുത്ത് ഞാൻ പതിയെ എന്റെ സാമ്രാജ്യത്തിലേക്ക് പോയി. മുഖപുസ്തകത്തെ പ്രണയിക്കാൻ വിങ്ങി നിന്നിരുന്ന മനസ്സിലേക്ക് വീണ്ടും കാലുറ ധരിപ്പിച്ച്  തരാൻ പറഞ്ഞ് എന്റെ പ്രണയത്തിന് ഭംഗം വരുത്തി അവൾ വീണ്ടും സന്തോഷവതിയായത് ഞാൻ കണ്ടു. 

 

 

എന്നെ പ്രണയിക്കുന്ന അവളുടെ മനസ്സിനെ പൂർണ്ണമായും അറിയുന്നതു കൊണ്ട് ഇതൊന്നും എന്റെ പുരുഷമേധാവിത്വത്തെ ഒട്ടും തരം താഴ്ത്തില്ലെന്ന ഉറപ്പോടെ കാലുറകൾ ഇരുകാലിലും ധരിപ്പിച്ച് കുട്ടികളെ സ്കൂളിലേക്കു പറഞ്ഞുവിടുന്നപോലെ എല്ലാം എടുത്ത് കയ്യിൽ കൊടുത്ത്, സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങളും നൽകി. പിന്നീട് കയ്യിൽ കയ്യുറകളും മുഖത്ത് മാസ്കും തലയിൽ തലയുറയും ധരിപ്പിച്ച് എല്ലാ നോവൽ കൊറോണ വൈറസ് പ്രതിരോധ സംവിധാനങ്ങളോടെയും ഫാർമസിയിലേക്ക് പറഞ്ഞു വിട്ടു. വാതിൽ കുറ്റിയിട്ട് കട്ടിലിൽ വന്നിരുന്നു.

 

പ്രണയിക്കാനുള്ള മനസ്സിനെ തട്ടിയുടച്ച പ്രിയംവദയുടെ ചെയ്തിയെ മനസ്സിൽ കുറ്റം പറഞ്ഞുകൊണ്ട് മുഖപുസ്തകത്തിലൂടെ കണ്ണോടിച്ച് ചില പോസ്റ്റുകൾക്ക് മറുപടി കൊടുത്ത്, എല്ലാ നോട്ടിഫിക്കേഷൻസും നോക്കിയെന്ന് ഉറപ്പുവരുത്തി എഴുതിത്തീർക്കാൻ ബാക്കിയുള്ള അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലേക്ക് കടന്നു.

 

ഓർമകളുടെ ചിത്തിരത്തോണിയിൽ ഭാവനയെ നിമഞ്ജനം ചെയ്‌ത്‌ ഉച്ചയാകും വരെ എഴുത്തിൽ മുഴുകി. ഉച്ചയൂണിന്റെ സമയമായപ്പോൾ അലാറം അടിക്കുന്ന പോലെ ഫോണിലേക്ക് പ്രിയംവദയുടെ വിളിയെത്തി. 

 

‘ഊണ് കഴിച്ചോ?’

‘ഇല്ല’ 

‘ചോറും കറിയും പിന്നെ മേശയുടെ മുകളിൽ ഇരിക്കുന്ന അച്ചാറും കൂട്ടി പോയി ഊണ് കഴിക്ക്’.

 

കണിശതയാർന്ന കരുതലോടുള്ള സംഭാഷണം കഴിഞ്ഞതും മറ്റൊന്നും പറയാതെ അവൾ മറുതലയ്ക്കൽ ഫോൺ വെച്ചു. എഴുത്തിൽനിന്നു പിന്തിരിഞ്ഞ് മുഖപുസ്തകം ഒന്നുകൂടി നോക്കിയശേഷം അടുക്കളയിലേക്ക് പോയി ചോറും കറിയും പ്ലേറ്റിലേക്കാക്കി മേശയിൽ ഇരുന്നിരുന്ന അച്ചാറുകുപ്പിയിൽ നിന്നും ഒരു കഷ്ണം നാരങ്ങാ അച്ചാറും എടുത്ത് ചോറിലേക്കിട്ട് ആസ്വദിച്ച് ഉച്ചയൂണ് അകത്താക്കി. 

 

 

ഈ കോറോണകാലം പോലെ എപ്പോഴും ആയാലോ എന്നുള്ളിൽ തോന്നിയെങ്കിലും, ഒരു സ്ത്രീയെ ഇങ്ങനെ ഉപയോഗിക്കുന്നതിൽ അല്പം ലജ്ജയില്ലാതിരുന്നില്ല. വിധി വരുന്ന വഴി പലർക്കും അറിയാതിരിക്കുന്ന പോലെ  എനിക്കും ഒന്നും മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്താഭാരവുമായി അടുക്കളയിലേക്ക് പോയി പ്ലേറ്റും രാവിലെ കഴുകാൻ മാറ്റിവച്ചിരുന്ന പാത്രങ്ങളും കഴുകി എടുത്തു വെച്ചു.

 

 

പണ്ടും ഉച്ചയുറക്കം പതിവില്ലാത്തതിനാൽ, പങ്ങാരപ്പിള്ളി പ്രവാസി കൂട്ടായ്മയിലെ അംഗമായ താഹിറിനെ വിളിച്ചു കുശലാന്വേഷണങ്ങൾ നടത്തി. അവനറിയുന്ന അംഗങ്ങൾക്കും ഗ്രൂപ്പിലെ മറ്റുള്ളവർക്കും ഇതുവരെയും അസുഖസംബന്ധമായ ലക്ഷണങ്ങൾ ഇല്ല എന്നറിഞ്ഞപ്പോൾ സന്തോഷമായി. വാട്സ്ആപ് ഗ്രൂപ്പിൽ സന്തോഷം പങ്കുവെച്ച് എല്ലാവരോടും ആരോഗ്യപരമായി വേണ്ട ഗവണ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ പറഞ്ഞു. മറ്റുള്ള വാട്സപ്പ് ഗ്രൂപ്പിലൂടെയും ഒന്ന് കയറിയിറങ്ങി തിരിച്ച് വീണ്ടും കുറച്ചുനേരം എഴുത്തിലേക്ക് തിരിഞ്ഞു.

 

പെട്ടെന്ന് കമ്പനിയിൽ നിന്നും ഫോൺ എത്തി.

‘ഹരീ , മെയിൽ ഒന്ന് നോക്ക്... രണ്ട് ബിസിനസ് പ്രൊപോസൽ അയക്കാൻ ഉണ്ട്.’

'ഞാൻ അയക്കാം മനോജേട്ടാ' എന്നു പറഞ്ഞ് ഫോൺ വെച്ചു. 

 

കമ്പനി മെയിൽ തുറന്നു. പ്രൊപോസൽ കമ്പനി സൈറ്റിൽ പോയി ഉണ്ടാക്കി പിന്നീട് മെയിലിൽ അറ്റാച്ച് ചെയ്തയച്ച് മനോജേട്ടനെ വിളിച്ചു പറഞ്ഞു.

 

കമ്പനിയിൽ ബിസിനസ് ഇല്ല. ലോക്ഡൗൺ തുടങ്ങിയ മുതൽ ഇടയ്ക്ക് ഇങ്ങനെ മെയിൽ അയക്കാനുള്ളത് മനോജേട്ടൻ വിളിച്ചു പറയും. ചെയ്യും. അവരും ഇതൊന്നും പ്രതീക്ഷിച്ചു കാണില്ല. ശമ്പളം ഒന്നും ഞാൻ ചോദിച്ചില്ല. കച്ചവടം ചെയ്തുള്ള മുൻ അനുഭവം ആകാം. ഒരു തൊഴിലാളിയെക്കാൾ മാനേജ്മെന്റിന്റെ വേദന അറിയുന്നതുകൊണ്ടായിരിക്കാം മിക്കപ്പോഴും ആവശ്യമില്ലാതെ ഒന്നും ചോദിക്കാൻ നിക്കാറില്ല. എന്തായാലും ഭാര്യയ്ക്ക് ജോലിയുള്ളതറിയാം. ഹരിക്ക് ബുദ്ധിമുട്ടില്ല എന്ന് മനോജേട്ടൻ ചിന്തിച്ചു കാണും എന്നു ഞാനും കരുതി. വീണ്ടും ആരെയും ഉപദ്രവിക്കാത്ത എന്റെ ലോകത്തെ പ്രണയിക്കാൻ മുഖപുസ്തകം തുറന്നു.

 

മുഖപുസ്തകത്തെ പ്രണയിക്കുന്നത് ഭവതിക്കത്ര രസിക്കുന്നില്ലെന്നുള്ളത് എന്നെ ഓർമ്മിപ്പിക്കാൻ ആ വിളി എത്തി.

‘എന്തായി ചായ കുടിച്ചോ? മുഖപുസ്തകത്തിലാണല്ലേ? പോയി വെച്ചു കുടിക്കൂ.’

 

ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ, എന്റെ മറുപടികൾക്ക് കാത്തു നിൽക്കാതെ എന്റെ പ്രണയിനിക്കുള്ള ശക്തമായ ഒരടി ചെകിടത്ത് കൊടുക്കുന്നപോലെ തോന്നിപ്പിച്ച് മറുതലയ്ക്കൽ ഫോൺ വെച്ചു. സമയം നോക്കിയപ്പോൾ വൈകുന്നേരം നാല് മണി. എത്ര കൃത്യമായാണ് ഭർത്താവിന്റെ ചായ സമയം മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുള്ളതെന്നോർത്തപ്പോൾ ശരീരമാസകലം കുളിരുകോരി. 

 

 

എന്തായാലും അടുക്കളയിൽ പോയി ഒരു സുലൈമാനി വെച്ചുകുടിച്ചു. കൂട്ടത്തിൽ ഒരു പാക്കറ്റ് ഗുഡ് ഡേ ബിസ്കറ്റും അകത്താക്കി. മുറിയൊന്ന് അടിച്ചു വാരി, തുണികൾ ഉണങ്ങിയത് എടുത്ത് ഉള്ളിൽ ഇട്ടു. അടുക്കളയിലെ കൊച്ചു ചവറ്റുകുട്ട നിറഞ്ഞത് എടുത്ത് പുറത്തുള്ള വലിയ ഇരുമ്പു തൊട്ടിയിലേക്ക് എറിഞ്ഞു കളഞ്ഞ് കൈ സോപ്പിട്ടു നന്നായി കഴുകി. കിടക്കയെല്ലാം വൃത്തിയാക്കി, തീൻ മേശ തുടച്ച് വൃത്തിയാക്കി. ഭവതി വരാനുള്ള സമയമായതിനാൽ കുളിമുറിയിലെ ഹീറ്ററും ഓൺ ചെയ്തിട്ട് വീണ്ടും ലാപ്ടോപ്പിന്റെ മുൻപിൽ വന്നിരുന്നു.  

 

കൊറോണയെ അതിജീവിക്കുന്ന കേരളത്തെ കുറിച്ചൊരു കവിതയെഴുതി മുഖപുസ്തകത്തിൽ പോസ്റ്റി. അബുദാബിയിലുള്ള ഉണ്ടക്കണ്ണൻ ഹരിദാസ് പാച്ചേനിയെ ഒന്നു വിളിച്ചു. അടുത്ത പുസ്‌തകത്തെ കുറിച്ചുള്ള എഴുത്തിനെകുറിച്ചു സംസാരിച്ചുകൊണ്ടിരിക്കവേ ഭവതി രംഗപ്രവേശം ചെയ്‌തു. വന്നുകേറിയപ്പോൾ സാധാരണ അലങ്കോലങ്ങൾ മുറിയിൽ കാണാതിരുന്നതിൽ ആ മുഖത്ത് പ്രത്യക്ഷപ്പെട്ട സന്തോഷം എന്റെ ശ്രദ്ധയിൽപ്പെട്ടു. എങ്കിലും ഹരിദാസുമായുള്ള സംഭാഷണത്തിന്റെ ഇടയ്ക്കായതിനാൽ ഒട്ടും ശ്രദ്ധിക്കാതെ ഓരോ വിവരങ്ങൾ അൽപനേരം കൂടി സംസാരിച്ചു ഫോൺ വെച്ചു. 

 

 

ഭവതി ഇതിനകം സ്നാനത്തിനായി കുളിമുറിയിലേക്ക് പ്രവേശിച്ചിരുന്നു. വൈകുന്നേരത്തെ എന്റെ ബാക്കിയുള്ള ജോലികൾക്കായി ഞാനും അടുക്കളയിലേക്ക് പ്രവേശിച്ചു. രാവിലെ വെച്ച ചോറും കറിയും ചൂടാക്കി. ഒരു ഡബിൾ ഓംലറ്റ് ഉണ്ടാക്കി പ്രിയംവദ കുളി കഴിഞ്ഞു വരുമ്പോഴേക്കും തീൻ മേശമേൽ അത്താഴം കഴിക്കാനുള്ള എല്ലാം ഒരുക്കി വെച്ചു.

 

 

ഭവതി പുറത്തിറങ്ങിയപ്പോഴേക്കും ഞാൻ കുളിമുറിയിലേക്ക് കയറി. ചൂട് വെള്ളത്തിൽ ആസ്വദിച്ചു കുളിച്ചു. അലക്കാനുള്ള തുണികൾ വാഷിങ് മെഷീനുള്ളിൽ ഇട്ട് കണക്കിനുള്ള ലിക്വിഡ് ഒഴിച്ച് ക്വിക്ക് വാഷ് ബട്ടൺ അമർത്തി. വസ്ത്രം മാറി വന്നു തീൻ മേശയ്ക്കു മുന്നിൽ ആസനസ്ഥനായി .

 

ഇടതു വശത്തായുള്ള കസേരയിൽ മുന്നേ ആസനസ്ഥയായ പ്രിയംവദയും ഭക്ഷണം കഴിക്കാൻ തയാറെടുത്തു. പാത്രങ്ങൾ  നിരത്തി വച്ച് ഗ്ലാസിൽ വെള്ളവും എടുത്തു മുന്നിൽ വെച്ച് പിന്നെ നാട്ടിലേക്ക് വിളിച്ച് മക്കളോടും അച്ഛനോടും അമ്മയോടും എല്ലാം സംസാരിച്ചു. 

 

ഭവതി വലത്തേ കാൽ എന്റെ മടിയിൽ എടുത്തു വെച്ച് പാത്രത്തിൽ ചോറും കറിയും വിളമ്പി. നോൺ സ്റ്റിക് പാനിൽ ഇരിക്കുന്ന ഓംലെറ്റിനെ സ്പൂണുകൊണ്ട് നേർ പാതിയായി പകുത്ത് അൽപം കനമുണ്ടെന്ന് തോന്നിക്കുന്ന ഭാഗം എന്റെ പാത്രത്തിലേക്കും ഇട്ടുകൊണ്ട് ഞങ്ങൾ അന്നത്തെ അത്താഴം സകല ഈശ്വരന്മാരോടും പ്രാർത്ഥിച്ചു കൊണ്ട് കഴിക്കാൻ ആരംഭിച്ചു.

 

ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സംസാരിക്കാൻ പാടില്ലെന്നുള്ള കാർന്നോർമാരുടെ വാക്കുകളൊന്നും നോക്കാതെ ഫാർമസിയിൽ നടന്ന സംഭവവികാസങ്ങൾ വർണ്ണിച്ചു കൊണ്ട് ഭവതി സന്തോഷവതിയായി അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ കഴിച്ചു കഴിഞ്ഞു. ഞാൻ ഭവതിയുടെ കാൽ എടുത്ത് താഴെ വച്ച് അടുക്കളയിൽ പോയി പാത്രം കഴുകി വെച്ച് കട്ടിലിൽ ഒരു മൂലയ്ക്കായി തലകാണി കുത്തിവെച്ചു ചാരി കിടന്നു. 

 

ആ ദിവസത്തെ അവസാന വാട്സാപ്പ് സന്ദേശങ്ങളും മെസ്സെഞ്ചർ സന്ദേശങ്ങളും നോക്കി. ആ ദിവസത്തോട് ഒരായിരം നന്ദി പറഞ്ഞ് പ്രിയംവദയുടെ വരവിനായി തലകാണി നേരെയിട്ട് മിഴികൾ തുറന്നുകിടന്നു.

 

പ്രിയംവദ ജോലി കഴിഞ്ഞ് ക്ഷീണിതയായി വരുന്നതിനാൽ വലിയ ഭാവാഭിനയങ്ങൾ ഇല്ലാതെ മിതഭാവത്തിൽ അവളെ കട്ടിലിലേക്ക് സ്വീകരിക്കുക എന്നുള്ള സ്ഥിരം ശൈലി അവലംബിച്ചുകൊണ്ടങ്ങനെ കിടന്നയുടൻ വലതു വശത്തായി അവൾ വന്നു കിടന്നു. നേരം പുലർന്നിത്രനേരം കുടുംബത്തിന്റെ അത്താണിയായി പുരുഷന്റെ വീഴ്ചയിലും ഒന്നും നോക്കാതെ പരിശ്രമിക്കുന്നവൾ.  കോറോണകാലത്തിലും മനസ്സ് പൂർണ്ണമായും സ്വതന്ത്രമായില്ലെങ്കിലും ഞാൻ ഒരു മഴയായി അവളിൽ പെയ്തു, അങ്ങനെ അന്നത്തെ ദിവസവും കടന്നുപോയി...

 

English Summary : Koranakkalathe Veedu Story By Hariharan Pangarappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com