ADVERTISEMENT

സുലോചന (കഥ)

രാവിലെ വീട്ടിലേക്ക് വിളിച്ചപ്പോൾ മോൻ പറഞ്ഞതാണ് ‘‘പാടത്ത്, തോടിന്റപ്പുറത്ത് മെഷീൻ വന്ന് കൊയ്യുന്നുണ്ട് നമ്മുടെ ഇറക്കിൽക്ക് എത്തീട്ടില്ല’’

 

‘‘എത്തീട്ടും കാര്യമില്ലല്ലോ മോനെ, പാടം നമ്മുടേതാണെങ്കിലും പണിയാൻ കൊടുത്തതല്ലേ, പണ്ടത്തെ കാലത്താണെങ്കിൽ മൂന്നിലൊന്ന് ഉടമസ്ഥനെന്നാ കണക്ക്’’ മൂന്നിലൊന്നിന്റെ അളവ് കണക്ക് വിവരിച്ച് കൊടുക്കേണ്ടിവന്നു. വീടിന്റെ ഇറക്കിലെ പാടത്ത് സ്വന്തമായി കൃഷിയിറക്കാതെയായിട്ട് വർഷങ്ങൾ കഴിഞ്ഞു.

 

 

പണ്ട് കൃഷിയിറക്കാൻ പരൂർ പടവിൽ നിന്ന് കപ്ലേങ്ങാട്ട് താഴത്തേക്ക് വെള്ളത്തിനുള്ള സൗകര്യമൊരുക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. ‘‘ആഞ്ഞിലക്കടവിൽ പെട്ടിംപ്പറ വെക്കും.. നമ്മുടെ വയ്ച്ചാക്കൽക്കും വെള്ളത്തിന് ക്ഷാമം ഉണ്ടാവില്ലത്രെ. കൃഷി തൊടങ്ങുന്നുണ്ടെങ്കിൽ പാടത്തിന്റെ കരമടച്ച രസീതിയും കൊണ്ട് കോൾ കൃഷി കമ്മറ്റിയാപ്പീസിൽ ചെന്ന് വെള്ളത്തിനുള്ള കാശടച്ചാൽ മതി. കുട്ടാടൻ കൃഷിയിറക്കി ശീലിച്ചവർക്ക് പുതിയൊരു അനുഭവമായിരുന്നു അത്… 

 

 

‘‘വിത്ത് എവിടുന്ന് കിട്ടും’’ അന്വേഷണത്തിനൊടുക്കം ചെന്നെത്തിയത് പട്ടാമ്പി കൃഷി ഗവേഷണ കേന്ദ്രത്തില്… തൂതയിൽ ഉമ്മാടെ വീട്ടിൽ പോയി വരുന്ന വഴിക്ക് ഇറങ്ങിയതാണ്… 

 

‘‘ആവശ്യമുള്ള വിത്തിനുള്ള അഡ്വാൻസ് തുക കെട്ടി ബുക്ക് ചെയ്തോളു. നല്ല അത്യുൽപാദന ശേഷിയുള്ള വിത്താണ് സുലോചന, ഇവിടെ വികസിപ്പിച്ചെടുത്തതാ… ഒരാഴ്ച കഴിഞ്ഞു വന്നാൽ വിത്തു കിട്ടും’’

 

തുകയൊടുക്കി രസീതിയും കൈപ്പറ്റി, ഒരാഴ്ചക്ക് വേണ്ടി കാത്തിരുന്നു. വിത്തിറക്കാനുള്ള ഞാറു കണ്ടമൊരു ക്കണം, പറമ്പില് തന്നെ ആയ്ക്കോട്ടെ എന്നായി. പഞ്ചാര മണലുളള പറമ്പിൽ വരമ്പെടുത്ത് വിത്തിറക്കാനു ള്ള ഒരുക്കങ്ങളിലായി കൃഷ്ണേട്ടൻ.

 

 

കാത്തിരുന്ന നാളെത്തിയപ്പോൾ ആറു പറ നെല്ല് അല്ലേ ഉള്ളൂ, എന്റെ ആട്ടോയിൽ പോയി കൊണ്ടുവരാമെന്ന ഡ്രൈവറുടെ ഉറപ്പോടെ പട്ടാമ്പിയിലേക്ക് പുറപ്പെട്ടു. അഡ്വാൻസ് തുകയടച്ചതിന്റെ രസീതി കാണിച്ചിട്ടും അധികൃതർ കൈമലർത്തി. അടുത്ത ആഴ്ച വന്നാൽ നോക്കാമെന്ന ആശ്വാസവാക്കും. പടിഞ്ഞാറെ പറമ്പ് അത്യുൽപാദന ശേഷിയുള്ള സുലോചനയെ പരിണയിക്കാൻ അണിഞ്ഞൊരുങ്ങി കാത്ത് കിടപ്പാണ്. ഇറക്കിലെ പാടത്ത് ചണ്ടിയും കുട്ടാടൻ കൃഷിയുടെ അവശിഷ്ടങ്ങൾ തീയിട്ടു ചാമ്പലാക്കി, വരമ്പും എടുക്കാൻ തുടങ്ങിയിട്ടുണ്ട്.

 

 

ഒരു മിന്നായം പോലെ തെളിഞ്ഞ ഇത്രയും ചിത്രങ്ങളിൽ നിന്നു തന്നെ ഞാനാകെ തളർന്നിരുന്നു.

കണ്ണീരവ്യക്തമാക്കിയ കാഴ്ചകളിൽ വലിയ കൃഷിയുടമകൾ ടെമ്പോയിലും ജീപ്പുകളിലും തകൃതിയായി വിത്ത് ചാക്ക് നിറക്കുന്നതിന്റെ ബഹളമയം.

 

വിത്തില്ലാതെ വീട്ടിലേക്ക് ചെന്നാൽ….!

 

ഒരുവട്ടം കൂടി അപേക്ഷിക്കാൻ ഉദ്യോഗസ്ഥനെ സമീപിച്ചു.

 

‘‘മോനെ’’

 

‘‘ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലെ ഇയാൾക്ക്’’ എന്ന ചോദ്യവും ഒരു പരിഹാസച്ചിരിയും. പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവദൂതൻമാരായി ചിലർ പ്രത്യക്ഷപ്പെടും എന്നത് എത്ര സത്യമാണ്. അല്ലെങ്കിൽ കള്ളി തുണിയെടുത്ത ഒരു മധ്യവയസ്കൻ ‘‘സാറെ ഈ ഇരുപത് പറ വിത്തിന്റെ ചാക്കുകൾ ഇവിടെ ഇരുന്നോട്ടെ, ജീപ്പില് സ്ഥലമില്ല. അടുത്ത ആഴ്ച ബാക്കി വിത്തെടുക്കാൻ വരുമ്പോൾ തന്നാൽ മതി’’ എന്ന് പറയില്ലല്ലോ!

 

കേട്ട മാത്രയിലൊട്ടും ശങ്കിക്കാതെ വീണ്ടും ഉദ്യോഗസ്ഥനെ കണ്ടു.

 

‘‘ സാറെ, കുന്നംകുളത്ത് നിന്ന് ഇത്രയും ദൂരം ആട്ടോ വിളിച്ച് വന്നതാണ്, വിത്തില്ലാതെ പോകാനൊക്കില്ല… ഈ മടക്കിയ വിത്തിൽ നിന്നെങ്ങനെയെങ്കിലും ഞാനയാൾ മടക്കിയ ചാക്കുകളിലേക്ക് വിരൽ ചൂണ്ടി.

 

‘‘ശ്ശെടാ, ഇയാളെക്കൊണ്ട് വല്ല്യ ശല്ല്യായല്ലോ!... ഒരു കാര്യം ചെയ്യ്, അയാളോട് തന്നെ നേരിട്ട് ചോദിച്ച് നോക്ക്’’

 

ആജ്ഞയനുസരിച്ച് സങ്കടം ബോധിപ്പിച്ചപ്പോൾ അയാൾക്ക് സമ്മതമായിരുന്നു.

 

മണിക്കൂറുകളുടെ കാത്തിരിപ്പിന്റെ ഫലം കണ്ടതിന്റെ വിജയ ഭാവത്തിൽ യാത്ര തിരിക്കുമ്പോൾ സുലോചന ചാക്കിനുള്ളിൽ അടങ്ങിയൊതുങ്ങിയിരുന്നു. നനച്ച് മുളപ്പിച്ച പനിച്ചൂരുള്ള വിത്ത് പാകപ്പെടുത്തിയ പറമ്പിലെ ഞാറു കണ്ടത്തിലേക്ക്...

 

ഇന്നെന്താ പെണ്ണൊരു പാട്ടു പാടാത്തേ

പെണ്ണിന്റെ പാട്ടിന്നൊരീണമില്ലാത്തേ

പാടത്തു നിക്കണ പുന്നാരപ്പെണ്ണേ

പാട്ടൊന്നു പാടെടി പുന്നാരപ്പെണ്ണേ… 

 

പിന്നെ ഈ ഞാറ്റുപാട്ടിന്റെ ഈണത്തോടൊപ്പം ഇറക്കിലെ അടിവളമിട്ടൊരുക്കിയ പാടത്തേക്ക് ഞാറ് പറിച്ചു നടുവാൻ അധികം കാലതാമസമുണ്ടായില്ല.

 

തോട് വരമ്പിൽ നിന്ന്  കണ്ടത്തിലേക്ക് ഒരു ചാല് വെട്ടിയാൽ വെള്ളം സമൃദ്ധിയായി ലഭിക്കുമെന്ന വാഗ്ദാനമൊന്നും ഫലം കണ്ടില്ല. തേക്കു കൊട്ടകൾ ആഞ്ഞു വലിച്ച് വെള്ളം തേവാൻ അറിയുന്നവരെ ഏൽപ്പിച്ചും മോട്ടോർ അടിപ്പിച്ചും വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തി. കഷ്ടപ്പാടിന്റെ ഫലം കണ്ടു. സുലോചന സ്വർണ്ണ നിറമുള്ള നല്ല വിളവ് സമ്മാനിച്ചു. ആദ്യ പുഞ്ചകൃഷി സമ്മാനിച്ച തളർച്ചയിൽ

ഇക്ക ഉമ്മയോട് പറയുന്നത്. കേട്ടു. ‘‘അടുത്ത തവണ നമുക്ക് ഒരു എഞ്ചിൻ വാങ്ങണം, കിർലോസ്ക്കറിന്റെ’’

ചാണകം മെഴുകിയ വിശാലമായ മുറ്റത്ത് കറ്റകൾ നിരന്നു…

 

 

മച്ചിലെ പത്തായപ്പെട്ടിയും ഇടനാഴികയിലെ അരിപ്പെട്ടിയും നിറഞ്ഞു. പലരും സുലോചനയുടെ ഗുണ ഗണങ്ങൾ കണ്ടും കേട്ടുമറിഞ്ഞ് വിത്തിനായ് നെല്ല് വാങ്ങി...

 

‘‘സുലോചന, ഓള് എന്തായാലും നല്ല ബർക്കത്ത്ള്ളോളാ’’ എന്ന ഉമ്മയുടെ വാക്കുകൾക്കൊപ്പം മുഖത്ത് സംതൃപ്തിയുടെ ചിരി പടർന്നിരുന്നു…. 

 

English Summary : Sulochana Story By Mustafa Perumparambath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com