ADVERTISEMENT

നാടറിയാത്തവർ(കഥ)

 

‘‘എല്ലാരും വേഗം നടക്കൂ. ഇരുട്ടുന്നതിനു മുൻപ് കടൽ പാലത്തിൽ എത്തണം.’’

 

‘‘സാകുൽ, മീക വേഗം നടക്കാൻ’’

 

 

ആന്റിയ നടപ്പിന്റെ വേഗം കൂട്ടി.അവർക്ക് ഒരു മുപ്പത്തിയഞ്ച് വയസ്സു പ്രായം. കറുത്ത ഒരു ഓവർ കോട്ടു ധരിച്ചിട്ടുണ്ട്. കൈയിൽ ഒരു വലിയ ബാഗും. സാകുൽ പതിനഞ്ചു വയസുള്ള ബാലൻ. ഒതുക്കിയ ചെമ്പൻ മുടിയും വട്ട മുഖവും. കീറിയ ജീൻസ് , മുഷിഞ്ഞ ടീ ഷർട്ട് ആണ് വേഷം. മീക ആരും നോക്കി പോകുന്ന നീലക്കണ്ണുകൾ,അഴിച്ചിട്ട മുടി,എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം. ഒരു പത്ത്‌ വയസ്സുള്ള പെൺകുട്ടി.കൂടെ മൂന്നാല് പേര് വേറെയുമുണ്ട് .

 

 

പക്ഷെ അവരെ ആരെയും അവൾ ശ്രദ്ധിക്കുന്നില്ല.അവൾക്കു തന്റെ കുടുംബത്തെ കുറിച്ചു മാത്രം ആണ് ചിന്ത. എത്രയും വേഗം അടുത്ത രാജ്യമായ  നയ്‌റോബിയിൽ കടക്കണം.

 

‘‘മമ്മ വിശക്കുന്നു’’ മീക കരയാൻ തുടങ്ങി

‘‘ഒരു ദിവസം മുമ്പല്ലേ കഴിച്ചത്’’

‘‘ ഇനി വൈകിട്ട് ബോട്ടിൽ കയറിയിട്ട്’’

ആന്റിയ വിഷമം പുറത്ത് കാണിച്ചില്ല.ദിവസം ഒരു നേരം ഭക്ഷണം.അതിനുള്ള നിവർത്തിയേ ഉള്ളൂ

 

സാകുൽ മീകയെ ആശ്വസിപ്പിച്ചു.

 

‘‘മീക ബോട്ടിൽ ചെന്നാൽ നിനക്ക് ചോക്ലേറ്റ് പേസ്ട്രി കിട്ടുമല്ലോ. കുറച്ചു സമയം കൂടി ക്ഷമിക്കൂ’’

 

മീക കരച്ചിൽ പതുക്കെ നിർത്തി.

 

പക്ഷേ അവളുടെ കണ്ണുകളിലെ ക്ഷീണം കണ്ട ആന്റിയ കണ്ണീർ ആരും കാണാതെ തുടച്ചു. നടക്കാൻ തുടങ്ങിയിട്ടു നാല് ദിവസം ആയി.

 

ആന്റിയയുടെ മനസിൽ മൊത്തം തന്റെ നാടായിരുന്നു.ഒരു യുദ്ധത്തിന്റെ ബാക്കിപത്രം ആണ് അവർ. ആൽബെത് എന്ന രാജ്യം അവർക്ക് ഒരിക്കലും സ്വന്തം ആയിരുന്നില്ല. അഹമിയർ റോജിനിയരെ എന്നും വെറുത്തിരുന്നു. രാജ്യം അവരുടെ മാത്രം എന്നു പറഞ്ഞു. ആ വെറുപ്പ് ഒരു വംശത്തിന്റെ നാശത്തിനുള്ള തുടക്കം ആണ് എന്ന് റോജിനിയർ മനസിലാക്കി.

 

 

ആ കാലത്ത് പെഹതികൾ ആൽബെത് പിടിച്ചെടുക്കാൻ റോജിനിയരുടെ സഹായം തേടി. ആൽബെത് മുതൽ നയ്‌റോബി വരെ വ്യാപിച്ച കടന്ന ഒരു സമൂഹം ആയിരുന്നു പെഹതികൾ. അവർക്ക് അത്യാവശ്യം സൈനിക ശേഷി ഉണ്ടായിരുന്നു. അവർ ഭരണത്തിൽ വരും എന്നും റോജിനിയർക്ക് സ്വന്തം രാജ്യം നൽകും എന്നും അവർ മോഹിപ്പിച്ചു.

 

സ്വന്തം നാട് എന്ന സ്വപ്നം റോജിനിയരെ ആകർഷിച്ചു. അവർ പെഹതികൾക്കു പിന്തുണ പ്രഖ്യാപിച്ചു.

പക്ഷേ നിർഭാഗ്യം. യുദ്ധം പെഹതികൾ തോറ്റു. ബാക്കിയുള്ളവർ  ജീവനും കയ്യിൽ പിടച്ചു അവർ തങ്ങളുടെ നാടായ നെയ്‌റോബിയിൽ മടങ്ങി. സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ അഹമിയർ ഒരവസരം കിട്ടിയതു പോലെ റോജിനിയരുമായി ആഭ്യന്തര യുദ്ധം തുടങ്ങി. ആൽബെത് പിടിച്ചടക്കാൻ ഉള്ള  യുദ്ധത്തിൽ പെഹതികളെ സഹായിച്ച കുറ്റം ചുമത്തി അഹമിയർ റോജിനിയരെ കൊന്നൊടുക്കി തുടങ്ങി.

 

ജന്മം കൊണ്ടു ആന്റിയ ഒരു റോജിനിയൻ വംശജയായിയിരുന്നു. അവരുടെ പട്ടണം ആയ കൈറോൻസ് മാത്രം അന്നും  സ്വസ്ഥമായിരുന്നു. വരാൻ പോകുന്ന ദുരിതം അറിയാതെ അവർ സന്തോഷിച്ചു. എന്ത് മനോഹരമായ നാളുകൾ. കാരസ്‌മോ സ്ട്രീറ്റിൽ രാത്രികൾ സുന്ദരമായിരുന്നു. താനും തന്റെ കാമുകൻ കെറോസും കൈകോർത്തു ആ തെരുവുകളിലൂടെ  നടന്നതും ബൊഹീമിൻ ഡാൻസ് ട്രൂപ്പിനൊപ്പം നൃത്തം വെച്ചതും ആന്റിയ ഓർത്തു.

 

നാളുകൾ കഴിയും തോറും അഹമിയരും റോജിനിയരും തമ്മിൽ ഉള്ള യുദ്ധം കനത്തു.റോജിനിയർ മരിച്ചു വീണു കൊണ്ടിരുന്നു.

 

എല്ലാ പട്ടണങ്ങളിലും അഹമിയർ കൊടി പാറിച്ചു.

 

കൈറോൻസ് പട്ടണത്തിൽ ഒരു ദിവസം എല്ലാം മാറി മറഞ്ഞു.

 

രാവിലെ ടിവി തുറന്നപ്പോൾ കണ്ടത് അഹമിയൻ സൈന്യം അവസാന പട്ടണം ആയ കൈറോൻസ് കയ്യടക്കി എന്നും ഇന്ന് മുതൽ അൽബാത് രാജ്യം അഹമിയരുടെ മാത്രം ആണെന്നും അവർ ആഹ്വാനം ചെയ്യുന്നത് ആണ്. അഹമിയർ സൈന്യം കൈറോൻസിലേക്കു ഇരച്ചു കയറി. മുന്നിൽ കണ്ടവരെ എല്ലാം കൊന്നൊടുക്കി. തന്റെ മാതാപിതാക്കളേയും കാമുകനെയും അഹമിയർ സൈന്യം തന്റെ കണ്മുന്നിൽ വെച്ചു കൊല്ലുന്നത് നോക്കി നിൽക്കാനെ ആന്റിയയ്ക്കു കഴിഞ്ഞുള്ളു.അവർ വീടിനു തീ വച്ചു.

 

അന്ന് കുഞ്ഞുങ്ങളെയും കൂട്ടി ഒരു പൊട്ടക്കിണറിൽ ഒളിച്ചു.അല്ലായിരുന്നെങ്കിൽ. ഇപ്പോൾ പോകുന്നത് പെഹതികളുടെ നാടായ നയ്‌റോബിയിൽ ആണ്. അവർക്കു വേണ്ടിയാണ് തങ്ങൾ നാടില്ലാത്തവർ ആയത്. അവർ തങ്ങൾക്കു പൗരത്വം തരും എന്നു പ്രതീക്ഷയുണ്ട്. ഒരു നാടിന്റെ തണൽ ഇല്ലാതെ എങ്ങനെ ജീവിക്കും.ആ വേദന അവളുടെ കണ്ണുകളിൽ ഉണ്ട്. പക്ഷെ ഇന്ന് അല്ല നാളെയാണ് അവളുടെ സ്വപ്നം.

തനിക്കില്ലെങ്കിലും തന്റെ മക്കൾക്ക് ഒരു നാട്.

 

 

ആ നടത്തത്തിൽ കൂടിയതാണ് മറ്റുള്ളവർ.അവരെ തനിക്കറിയില്ല. ഒന്നറിയാം അവരും നാടില്ലാത്തവർ ആണ്.

പക്ഷെ നയ്‌റോബിയിൽ എത്തുക എളുപ്പമല്ല. നാലു നാളായി ഊട് വഴികളിലൂടെ നടക്കുകയാണ്. ബെർഡിയ കടൽ പാലം എത്തിയാൽ അവിടെ ബോട്ടുണ്ടാകും. ഒരാൾക്ക് അയ്യായിരം റൂബിൾ ആണ് കടത്ത് കൂലി. തുക കൂടുതലാണ്.പക്ഷെ ഒരു രാജ്യത്തിന്റെ കണ്ണു വെട്ടിച്ചു മറ്റൊരു രാജ്യത്തു എത്തിക്കുക എളുപ്പം അല്ലലോ.

ഉള്ളതെല്ലാം വിറ്റുപെറുക്കി കയ്യിൽ എടുത്തു.കുറച്ചു ഭക്ഷണവും. നേരം ഇരുട്ടി തുടങ്ങി.

 

പെട്ടെന്ന് പുറകിൽ നിന്നു വെടിയൊച്ച.

 

അഹമിയരുടെ സൈനിക പെട്രോൾ ആണ്. ബോർഡർ മൊത്തം പരിശോധനയാണ്.

 

എല്ലാരും തലങ്ങും വിലങ്ങും ഓടി.

 

മീകയുടെ കൈ പിടിച്ചു ആന്റിയ മുന്നോട്ടു ഓടി.തന്റെ കയ്യിലെ ബാഗ് തെറിച്ചു പോയി.സാകുൽ പുറകെ ഉണ്ടാകും എന്ന് കരുതി.എത്ര നേരം ഓടി എന്നറിയില്ല. വെടിയൊച്ച നിന്നു. ആന്റിയ തിരിഞ്ഞു നോക്കി. 

 

സാകുൽ പുറകിൽ ഇല്ല.

 

ആന്റിയ ഭയന്നു. തിരിച്ചു നടന്നു. തന്റെ കൂടെ വന്നവരുടെ ചിന്നിച്ചിതറിയ മൃതദേഹങ്ങൾക്ക് ഇടയിലൂടെ അവർ നടന്നു. മീക അതു കണ്ടു പേടിക്കണ്ട എന്നു കരുതി ആന്റിയ തന്റെ തൂവാല എടുത്തു അവളുടെ കണ്ണുകൾ കെട്ടി. കുറച്ചു ദൂരം പിന്നോട്ടു പോയപ്പോൾ സാകുലിനെ കണ്ടു. ചോരയിൽ കുളിച്ച്  അവൻ മരിച്ചു കടക്കുന്നു.

 

കുറച്ചു മാറി സൈനികർ നിൽപ്പുണ്ട്. ആന്റിയ നിലവിളിച്ചു. പക്ഷേ ശബ്ദം പുറത്തു വരും എന്നു ഭയന്നു അവൾ തന്റെ കൈ വായിൽ കടിച്ചു അമർത്തി. രക്തം തുള്ളിയായി താഴെ നിന്ന മീകയുടെ മുഖത്തു വീണു.

 

‘‘മമ്മ, മഴ പെയ്യുന്നുണ്ടോ. എന്തോ തുള്ളികൾ എന്റെ മുഖത്ത് വീഴുന്നുണ്ട്’’

 

‘‘ ഉണ്ട് മോളെ. നാട് ലഭിക്കുന്നതിനു മുമ്പുള്ള മഴത്തുള്ളികൾ’’

 

മീകയ്ക്കു ഒന്നും മനസ്സിലായില്ല. ആന്റിയ അവളുടെ കണ്ണിലെ കെട്ടു അഴിച്ചില്ല. സാകുൽ എവിടെ എന്നു അവൾ ചോദിച്ചു. കൂടെ തന്നെയുണ്ട് എന്നു ആന്റിയ പറഞ്ഞു. അവർ മുന്നോട്ടു നീങ്ങി.

 

മുന്നോട്ടു നീങ്ങാതെ എന്ത് ചെയ്യാന്‍. ദുഃഖിക്കാം, പക്ഷെ അവനെ അടക്കം ചെയ്യാൻ തനിക്കു നാടില്ല.

 

നല്ല ഇരുട്ടാണ്.തന്റെ ബാഗിൽ ടോർച്ചും ഭക്ഷണവും ഉണ്ട്. പക്ഷെ അത് നഷ്ടപ്പെട്ടു കഴിഞ്ഞു.

തന്റെ എല്ലാം എല്ലാം ആയ സാകുൽ പോയി. അതിൽ കൂടുതൽ എന്ത്.

 

പോക്കറ്റ് പരത്തിയപ്പോൾ ഒരു ലൈറ്റർ കിട്ടി. അത് കത്തിച്ചു നടന്നു. 

 

അവർ ബെർഡിയ പാലത്തിൽ എത്തി.അവിടെ ആ ബോട്ട് കാത്തു കിടപ്പുണ്ടായിരുന്നു. കറുത്തു തടിച്ച ഒരു കുളളൻ ബോട്ടിനു മുകളിൽ വന്നു.

 

‘‘പണം ഉണ്ടോ’’

 

അയാൾ ചോദിച്ചു. ആന്റിയ പണം ഉള്ള കവർ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നു എടുത്തു. ഭാഗ്യം അത് ബാഗിൽ വെച്ചിരുന്നില്ല.

 

അവൾ ആ കവർ അയാൾക്ക് എറിഞ്ഞു കൊടുത്തു. അയാൾ അത് തുറന്നു എണ്ണി. എന്നിട്ടു ബോട്ടിൽ കയറാൻ ആംഗ്യം കാണിച്ചു. ആന്റിയ മീകയെയും എടുത്തു ബോട്ടിൽ കയറി.

 

‘‘ബോട്ട് എപ്പോൾ പുറപ്പെടും’’ ആന്റിയ തിരക്കി

 

‘‘ കുറച്ചു പേർ വരാനുണ്ട്’’ അയാൾ പറഞ്ഞു.

 

‘‘ഇല്ല അവർ വരില്ല’’

 

 

‘‘അതെന്താ. അവർക്ക് നാട് വേണ്ടേ’’

 

വേണ്ട. അവർക്ക് അത് കിട്ടി. അവർക്ക് സ്വന്തമായി ഒരു നാട് കിട്ടി. ദൈവത്തിന്റെ സ്വന്തം നാട്.

 

“നിങ്ങൾക്ക് ഭ്രാന്താണോ.ഏത് നാട് കിട്ടാൻ.”

 

‘‘അതേ എനിക്ക് ഭ്രാന്താണ്. പക്ഷെ ഞാൻ കണ്ടു. ചിന്നിച്ചിതറി കിടക്കുന്ന അവരുടെ മൃതദേഹങ്ങൾ.അതില്‍ ഒരു മൃതദേഹം എന്റെ മകന്റെ ആയിരുന്നു’’

 

അയാൾ പിന്നെ ഒന്നും പറഞ്ഞില്ല. ബോട്ടിന്റെ ഉള്ളിൽ പോയി. മീക കണ്ണിലെ കെട്ടഴിച്ചു.

 

അവൾ മമ്മയുടെ കണ്ണിലേക്ക് നോക്കി.

 

“ മമ്മ ,സാകുൽ’’ അവൾ കരഞ്ഞു.ആന്റിയ അവളെ കെട്ടിപിടിച്ചു.

 

അപ്പോഴേക്കും ബോട്ട് പുറപ്പെട്ടു.

 

കടൽ പ്രക്ഷുബ്ധമാണ്. കടലിനു പോലും തങ്ങളോട് ദയ ഇല്ല എന്നു ആന്റിയയ്ക്കു തോന്നി. മീക മമ്മയെ നോക്കിയിരുന്നു. അവൾക്കു വിശക്കുന്നുണ്ട്. പക്ഷെ പറയുന്നില്ല.അവളുടെ പക്വത കണ്ടു ആന്റിയ അതിശയപ്പെട്ടു.

 

കുള്ളൻ അവരുടെ അടുത്തേക്ക് വന്നു.ആന്റിയ ചെറുതായിട്ടു ഒന്നു ഭയന്നു. അയാൾ കയ്യിൽ ഉള്ള പൊതി അവർക്ക് നേരെ നീട്ടി. എന്നിട്ടു തിരിച്ചു പോയി.

 

ആന്റിയ അതു തുറന്നു.അതിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പി പാലും ആയിരുന്നു.അവൾക്കു ആശ്വാസം ആയി. മീകയ്ക്കു അവൾ അത് കഴിക്കാൻ കൊടുത്തു. അവർ ഉറങ്ങിയില്ല. നേരം പുലരാറായി. തങ്ങളുടെ ബോട്ടിനെ ആരോ പിന്തുടരുന്ന പോലെ ആന്റിയയ്ക്കു തോന്നി.തന്റെ ഭയം ആയിരിക്കും എന്ന് അവൾ മനസിൽ പറഞ്ഞു.

 

കുള്ളൻ വന്നു.

 

‘‘ നമ്മൾ അന്താരാഷ്ട്ര രേഖയിൽ എത്താറായി’’

 

‘‘തീരത്ത് അടുപ്പിക്കാൻ പറ്റില്ല.ഇറങ്ങി നീന്തണം’’ അയാൾ പറഞ്ഞു.

 

അപ്പോഴേക്കും ഒരു വെടിയുണ്ട അയാളുടെ ശിരസ്സു പിളർത്തി കടന്നു പോയി.അയാൾ മലർന്നു ആന്റിയയുടെ ദേഹത്തേക്ക് വീണു.

 

അവളുടെ വസ്ത്രം അയാളുടെ രക്തത്തിൽ ചുവന്നു. 

 

പെട്ടെന്ന് പരിസര ബോധം വീണ്ടെടുത്ത ആന്റിയ മീകയുടെ കൈകൾ പിടിച്ചു ബോട്ടിന്റെ ഉൾവശത്തോട്ടു ഓടി. വെടിയുണ്ടകൾ തുരുതുരാ ബോട്ടിനു നേരെ വന്നു. ആന്റിയ ചെറിയ ഒരു ഓട്ട വഴി നോക്കി.

 

തന്റെ സംശയം ശരിയായിരുന്നു. അത് അഹമിയർ പട്ടാളം ആണ്. അവർ അപ്പോൾ തങ്ങളെ പിന്തുടർന്ന് വരുകയായിരുന്നു.

 

ബോട്ടിൽ തുള വീണു വെള്ളം കയറാൻ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വെടിയൊച്ചകൾ നിലച്ചു. അഹമിയരുടെ ബോട്ട് കാണാനില്ല. തങ്ങൾ നയ്‌റോബിയിൽ പ്രവേശിച്ചിരിക്കുന്നു. അതാണ് അവർ തിരിച്ചു പോയത്.

 

അപ്പോഴേക്കും ശക്തമായ ഒരു തിര വന്നു ബോട്ട് മറിച്ചിട്ടു.

 

ആന്റിയയും മീകയും കടലിൽ തെറിച്ചു വീണു.

 

ആന്റിയ നിലവിളിച്ചു ‘‘മീക ,നീയെവിടെ’’

 

‘‘മമ്മ എന്നെ രക്ഷിക്കൂ’’ മീകയുടെ ശബ്ദം കേൾക്കാം.

 

ആന്റിയ വീണ്ടും ശബ്ദം വരുന്ന ഭാഗത്തേക്ക് നീന്തി. മീകയെ കാണുന്നില്ല. പയ്യെ പയ്യെ മീകയുടെ ശബ്ദം കേൾക്കാതായി. ആന്റിയയുടെ ബോധം മറഞ്ഞു.

 

‘‘ നിങ്ങൾ ആരാണ്. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.നിങ്ങൾ ഏത് നാടാണ്’’ ആന്റിയ കണ്ണു തുറന്നപ്പോൾ കടൽത്തീരത്തു ആണ്.

 

ഒരു പട്ടാളക്കാരൻ  തോക്കു ചൂണ്ടി ചോദിക്കുകയാണ്.

 

ആന്റിയ ചുറ്റും നോക്കി. നയ്‌റോബി പട്ടാളം തന്നെ വളഞ്ഞിരിക്കുന്നു.

 

അവൾ തനിക്കു നേരെ ചൂണ്ടിയ തോക്കു മാറ്റി കടലിലേക്ക് നോക്കി നിലവിളിച്ചു.

 

‘‘ മീക, മോളെ’’

 

അവൾ കടലിനു നേരെ ഓടി. 

 

പട്ടാളക്കാരൻ പുറകെയും.

 

ആന്റിയ കണ്ടു.തന്റെ മീക അതാ താന്നും പൊങ്ങിയും തീരത്ത് അടുക്കുന്നു. ആന്റിയ ഓടിച്ചെന്ന് അവളുടെ തണുത്തുറഞ്ഞ ശരീരം കയ്യിൽ എടുത്തു.

 

പട്ടാളക്കാരൻ ചോദിച്ചു ‘‘ഏതാ നിങ്ങളുടെ നാട്’’

 

‘‘ എന്റെ നാട് ഏത് എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മക്കൾക്ക് നാട് കിട്ടി. ദൈവത്തിന്റെ സ്വന്തം നാട്. അവൾ പുലമ്പി കൊണ്ടു കരഞ്ഞു.

 

അന്യരാജ്യത്തു അനുവാദമില്ലാതെ പ്രവേശിച്ചതിനു ആന്റിയയെ നയ്‌റോബി പട്ടാളം അറസ്റ്റ് ചെയ്തു.

 

അവർ  വിലങ്ങു വെച്ചു കൊണ്ടുപോകുമ്പോഴും അവൾ ഒരു ഭ്രാന്തിയെ പോലെ വിളിച്ചു പറഞ്ഞു.

 

‘‘ ഞങ്ങൾ നാടറിയത്തവർ’’. ‘‘ഞങ്ങൾ നാടറിയത്തവർ’’

 

English Summary : Nadariyathavar Story By Rohan Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com