ADVERTISEMENT

പൈലിയുടെ ആദ്യ ക്രൈം (കഥ) 

ടൗണിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയിട്ട് പൈലി ആദ്യം ഓർത്തത് ഒരു ബെൽറ്റ് വാങ്ങിക്കുന്ന കാര്യമാണ്. ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ തന്നെ ഒരാൾ കുറെ സാധനങ്ങളും വെച്ച് ഇരിപ്പുണ്ട്. വില കുറഞ്ഞത് ഒന്നു വാങ്ങി ചുറ്റി. ഇപ്പോൾ ആശ്വാസമായി. വീട്ടിൽ നിന്നും തുടങ്ങിയതാ, ചൂണ്ടുവിരൽ ചൂണ്ടക്കൊളുത്തു പോലാക്കി ഇടവും വലവും മാറി മാറി പാന്റിന്റെ ബെൽറ്റിടാനുള്ള ഹൂക്കിൽ പിടിച്ചുള്ള വലി. മാസങ്ങളായുള്ള മനസ്സിന്റെ ക്ഷീണം ശരീരത്തേയും ബാധിച്ചു. അതു പൂർണ്ണമായും മനസ്സിലാക്കാൻ കുറച്ചു നാളായി ഇടാതെ വെച്ചിരുന്ന പാന്റ് ഇട്ടു നോക്കേണ്ടിവന്നു. 

 

തിരിച്ചു നടന്ന പൈലി ചെന്നു നിന്നത് ഒരു കൂൾ ഡ്രിങ്ക്സ് കടയുടെ മുന്നിൽ. ഒരു സർബത്തും കുടിച്ച് നേരെ സ്റ്റാൻഡിനകത്തേക്ക്. അന്വേഷണങ്ങൾ എന്നെഴുതിയ ചുമരിനു താഴെയുള്ള ജനലിലേക്ക് തല അടുപ്പിച്ചിട്ട് ചോദിച്ചു

 

‘ഈ വട്ടേലക്കാട് വഴിയുള്ള ലാസ്റ്റ് ബസ്...’

 

‘7.10 ന് ...’ മറുപടിയും കിട്ടി.

 

അവിടെത്തന്നെയുള്ള ക്ലോക്കിൽ സമയം നോക്കി, ഇപ്പോൾ 6.55. തിരിഞ്ഞു നടന്ന് തൂണിനടുത്തു വന്ന് ചാരി നിന്നു.

 

ഈ യാത്ര രണ്ടും കൽപിച്ചുള്ളതാണ്. മൂന്ന് പെൺമക്കളുടെ കല്യാണവും ഭാര്യയുടെയും മാതാവിന്റെയും ചികിത്സയും എല്ലാമായി പടുകുഴിയിൽ നിൽക്കുന്ന ഒരു പഴയ പോലീസുകാരന്റെ അവസാനത്തെ കച്ചിത്തുരുമ്പ്. പെൻഷനുണ്ട്, അത് വീതം വെച്ചു വാങ്ങാൻ മൂന്നു പേരെങ്കിലും ട്രഷറിക്കു മുന്നിലുമുണ്ടാകും. രണ്ടു മരുമക്കളും പലിശക്കാരനും. പക്ഷെ, ഈ യാത്ര ഫലവത്താകുമോ? ഒന്നും പറയാനാകില്ല.

 

ഒരു ബസ് വന്നു നിന്നു. പുറകോട്ടെടുത്ത് വരിതെറ്റിക്കാതെ നിർത്തി. കണ്ടക്ടർ വന്നു ബോർഡും മാറ്റിവെച്ചു. ചുവന്ന ചെറിയ അക്ഷരങ്ങളിലേക്കാണ് നോക്കിയത്. മേച്ചേരി, തീമൂർ, വട്ടേലക്കാട് വഴി...അത്രേ വായിച്ചുള്ളു. ഇറങ്ങി നടന്നു. മഴ പെയ്ത് അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഒന്നുകൂടി ബസ്സിലേക്ക് നോക്കി... അതു തന്നെ. പെട്ടെന്ന് മറ്റൊരു ബസ്സും കണ്ണിൽപ്പെട്ടു. തന്റെ വീട്ടിലേക്ക് പോകാനുള്ളത്. ഇപ്പോഴും സമയമുണ്ട്. തിരിച്ചു വീട്ടിലേക്ക് പോകാൻ. മനസ്സൊന്നു പിടച്ചു. കാലുകളിൽ ഒരു തരിപ്പ്. ഇല്ല.. തീരുമാനത്തിനു മാറ്റമില്ല. ഉറച്ച മനസ്സുമായി തുറന്നു കിടന്ന ബസ്സിന്റെ പുറകിലേ വാതിലിനരികിലെത്തി. വലത്തെ കയ്യിലെ നീളമുള്ള ബാഗ് മുറുക്കെ പിടിച്ച് അകത്തേക്ക് കയറി. രണ്ടു സീറ്റ് മുന്നോട്ട് നടന്ന് ജനാലക്കരുകിലെ സീറ്റിൽ ഇരുന്നു. 

 

ഒരു ദീർഘനിശ്വാസത്തോടെ കരുവാളിച്ച മുഖവും കഷണ്ടി തലയും തുടച്ചു. തണുത്ത കാറ്റ് വീശുന്നുണ്ടാ യിരുന്നു. മഴ പെയ്തേക്കാം. ബാഗ് കുറച്ചു തുറന്ന് ഒരു കൈ കടത്തി, കുടയുടെ ശീലയിൽ മുട്ടിയ കൈ ഒന്നൂടെ താഴേക്ക് നീട്ടി. ചുറ്റികയുടെ പിടിയിലാണ് കൈ അവസാനിച്ചത്. കൈ പുറകോട്ട് വലിച്ചു. അയഞ്ഞ പാന്റിനെ ബെൽറ്റിട്ട് മുറുക്കി, ഒരു സർബത്തും കുടിച്ച്, നീണ്ട ബാഗുമായി താൻ പോകുന്നത് കുമ്പസാരിക്കാനല്ല... ഒരു ക്രൈം ചെയ്യാനാണ്. ജോലി ചെയ്തിരുന്ന കാലമത്രയും കൈക്കൂലി വാങ്ങാതെ, എല്ലാവരാലും നല്ലതു പറയിച്ച പൈലി എന്ന ഹെഡ് കോൺസ്റ്റബിളിന്റെ ആദ്യത്തെ ക്രൈം... അവസാനത്തേതും.

 

ബസ് നീങ്ങിത്തുടങ്ങി. യാത്രക്കാർ കുറവായിരുന്നു. കണ്ടക്ടർ അടുത്തുവന്നു ചാരി നിന്നു. എന്നും യാത്ര ചെയ്യുന്ന ആളെപ്പോലെ അനായാസമായി പറഞ്ഞു– 

 

‘‘വട്ടേലക്കാട് ’’

 

ടിക്കറ്റു വാങ്ങി ബാക്കി പൈസയോടെ പോക്കറ്റിലിട്ടു. മുന്നിലേക്കൊന്നു കണ്ണോടിച്ചു. അറിയാവുന്നവർ ആരും തന്നെയില്ല. അല്ലെങ്കിലും ആരറിയാൻ. പോകുന്ന സ്ഥലവും താനും തമ്മിൽ അത്രക്ക് ബന്ധമൊന്നുമില്ല. ശരിക്കും പറഞ്ഞാൽ അവിടെ രണ്ടു പ്രാവശ്യമേ പോയിട്ടുള്ളൂ. തല പതുക്കെ പുറകോട്ട് ചാഞ്ഞു... മനസ്സും.

 

ഏകദേശം മൂന്നു വർഷം മുമ്പാകണം. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് എഴുതിക്കൊടുത്ത് കാത്തിരിക്കുന്ന സമയം. വേണമെങ്കിൽ നേരത്തേതന്നെ മാറാമായിരുന്നു. മാത്യൂ സാറാണ് അന്ന് വിടാതിരുന്നത്. അദ്ദേഹത്തിന്റെ കൂടെ താൻ വേണമെന്നുള്ള നിർബന്ധം. തന്നെ അത്രക്കു വിശ്വാസമുള്ള വേറെ ആരും തന്നെ ഡിപ്പാർട്ടുമെന്റിലില്ല. അങ്ങനെ നാട്ടിലേക്കുള്ള മാറ്റത്തിനായി ഇരിക്കുമ്പോഴാണ് ആ ഫോൺ കോൾ.

 

അങ്ങേ തലക്കൽ മാത്യൂ സാർ.

 

‘‘സാർ’’

 

‘‘പൈലി സാറേ, സുഖമാന്നോ’’

 

‘‘ഓ’’

 

‘‘എന്നെയൊന്ന് സഹായിക്കണം, നാട്ടിലേക്ക് മാറ്റം ആയി എന്നറിയാം, എന്നാലും ഒരു രണ്ടു മാസം എനിക്ക് വേണം’’

 

‘‘സാർ പറ.. എന്താ വേണ്ടത്’’

 

‘‘ എനിക്കിപ്പോൾ രണ്ടു സ്റ്റേഷന്റെ ചാർജുണ്ട്.. അവിടുത്തെ ആൾ എന്തോ ലോങ്ങ്‌ ലീവ്’’ 

 

‘‘ഉം’’

 

‘‘ പൈലി ആ സ്റ്റേഷനൊന്നു നോക്കണം. രണ്ടു മാസം വേണ്ട, അപ്പോഴേക്കും വിടാം. അതൊരു മലമൂട്ടിലാ, അടുത്തടുത്ത സ്‌റ്റേഷനെന്നൊക്കെ പറച്ചിലേയുള്ളൂ. അങ്ങ് മല കേറണം’’

 

 

പൈലിക്ക് കാര്യം മനസ്സിലായി താൻ അവിടെയുണ്ടെങ്കിൽ സാറിനങ്ങോട്ട് വരണ്ട. എല്ലാം നോക്കാൻ താൻ ഉണ്ടല്ലോ. റെക്കോഡിൽ രണ്ടു സ്റ്റേഷനിലും പോകുന്നതായും കാണും. മാത്യൂ സാറിനെ തനിക്കറിയാലോ.

 

‘‘ശരി സാർ’’

 

പേപ്പർ വർക്കൊക്കെ മാത്യൂ സാറ് നോക്കിക്കോളുമെന്നറിയാം. മൂന്നു ദിവസത്തിനകം എല്ലാം ശരിയായി. നേരെ മലമുകളിലെ സ്റ്റേഷനിലേക്ക്. തന്നെ കൂടാതെ രണ്ടു പേർ ഉണ്ട്. വാതം വന്ന കാൽ പൊക്കി വെച്ച് ഇരിക്കുന്ന ശശിധരനും, പ്രസവം അടുക്കാറായ ഭാര്യയുടെ പ്രസവവേദന സദാ സമയവും മുഖത്തു കൊണ്ടു നടക്കുന്ന ബിനോയിയും. ചുരുക്കിപ്പറഞ്ഞാൽ അവിടെ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറ്റവും ആരോഗ്യവാൻ അത്യാവശ്യം കറുത്തു കുറുകി പെൻഷനാവാറായ താൻ തന്നെ. 

 

കള്ളു ഷാപ്പിലെ കശപിശയും, വിളവു നശിപ്പിക്കുന്ന കന്നുകാലി ശല്യവുമൊക്കെയായിരുന്നു അവിടുത്തെ പ്രധാന കേസുകൾ. താൻ ചെന്നപ്പോൾ അതും ഇല്ലാതായപോലെ. മാത്യൂസാർ സ്ഥലം വാങ്ങലും ഗോഡൗൺ പണിയൊക്കെയായി തിരക്കിലാണ്. ബിനോയ് എന്നും വീട്ടിൽ പോകും. സ്റ്റേഷനിൽ ആകെയുള്ള ഒരു ഹീറോ ഹോണ്ടയിൽ. താനും ശശിധരനും താമസം അവിടെത്തന്നെ.

 

രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഒരു വൈകുന്നേരം ആ വിളി വന്നത്. വിളിച്ചത് മാത്യു സാർ. 

 

‘‘പൈലീ, ഇങ്ങോട്ടൊന്നും പറയണ്ട. അവിടെ ഒരു മോഷണ കേസുണ്ട്. ഒന്നു പോയി നോക്ക്. പള്ളിയും പ്രാർത്ഥനയുമായിട്ടുള്ളവരാ. തൽക്കാലം കൂടെയുള്ളവരോട് പറയണ്ട. നേരിട്ടല്ലെങ്കിലും വേണ്ടപ്പെട്ട കുടുംബാ. എഴുതാൻ നിക്കണ്ട. നമുക്കു നോക്കാം. അഡ്രസ്സ് എഴുതിക്കോ.. പിന്നെ, ട്രാൻസ്ഫോമറിന്റെ സൈഡിലൂടെ ഇടത്തേക്കുള്ള റോഡിൽ ഇടതു വശത്ത് രണ്ടാമത്തെ വീട്. ഗേറ്റിന് ഇരുവശവും എന്തോ ഉണ്ട ലൈറ്റും കാണും ’’

 

ഫോൺ കട്ടായപ്പോൾ എഴുതിയെടുത്ത വിലാസത്തിൽ ഒന്നൂടെ നോക്കി. 

ദേവസ്യ

......

......

വട്ടേലക്കാട്

 

ബിനോയ് പോയിക്കഴിഞ്ഞു. ശശിധരനോട് ഒരാളെ കാണാനുണ്ടെന്നു പറഞ്ഞിറങ്ങി. മുറിയിൽ വന്ന് യൂണിഫോം മാറ്റി. പൊലീസാണെന്ന് മറ്റുള്ളവർ അറിയണ്ട. നേരെ ബസ്റ്റോപ്പിലേക്ക്. ഇരുപത് മിനിറ്റോളം നിന്നു കാണണം. സെന്റ് തോമസ് ബസ് വന്നു നിന്നു. ടിക്കറ്റെടുത്തിട്ട് സ്റ്റോപ്പെത്തുമ്പോൾ പറയണമെന്ന് പറഞ്ഞ് ഇരിപ്പായി. പെട്ടെന്നാണ് ഓർമ വന്നത്.

 

‘‘തിരിച്ച് എപ്പോഴാ ബസ്സുള്ളത്’’

 

‘‘ 7.15 നും, 8 മണിക്കും കാണും. പിന്നെ ഇവിടെവരെ എത്തിയാമതിയെങ്കി 9.15 ന് ലാസ്റ്റ് ബസ്. ഹൈവേ വരേ പോകൂ ’’

 

 

പിന്നെ പുറത്തേക്ക് നോക്കി ഇരിപ്പായി. ആരാണീ ദേവസ്യ. എന്തായിരിക്കും മോഷണം പോയത്. പഴയ കേസുകളൊക്കെ മനസ്സിലൂടെ ഒന്നു മിന്നി മറിഞ്ഞപ്പോഴേക്കും ഡ്രൈവറോട് സംസാരിച്ചുനിന്ന കണ്ടക്ടർ തിരിഞ്ഞു നോക്കീട്ട് വിളിച്ചു പറഞ്ഞു.

 

‘‘വട്ടേലക്കാട് ’’

 

പുറത്തിറങ്ങി. ചുറ്റും നോക്കി. അപ്പുറത്തെ വശത്തായി രണ്ടു കടകളുണ്ട്. ആരൊക്കെയോ അവിടെ നിൽപ്പുണ്ട്. ഒരാൾ ചായ കുടിക്കുകയാണ്. ആ കടയിൽ ചായ കിട്ടുമായിരിക്കും. വേണ്ട, വന്ന കാര്യം നടക്കട്ടെ. മുന്നോട്ടു നോക്കിയപ്പോൾ ഒരു ട്രാൻസ്ഫോമർ കണ്ടു. നേരെ നടന്നപ്പോഴേക്കും ഇടത്തേക്കുള്ള വഴിയും. അവിടെ ഒരു ധ്യാനകേന്ദ്രത്തിന്റെ ബോർഡും കണ്ടു. അപരിചിതനായിട്ടും അവിടെ ആരും തന്നെ ശ്രദ്ധിക്കാത്തത് അതു കൊണ്ടാവും. പലരും വന്നു പോകുന്ന ഏതോ സ്ഥാപനം അവിടെയുണ്ട്. ബീഡി കത്തിച്ച പുക ദീർഘനിശ്വാസത്തോടെ പുറത്തേയ്ക്കു പോയി.

 

ഇടത്തേക്ക് തിരിഞ്ഞു കുറച്ചു നടന്നു. രണ്ടാമത്തെ ഗേറ്റ് പോയിട്ട് ഒന്നു പോലും കണ്ടില്ല. പിന്നേം മുന്നോട്ടു പോയി. രണ്ടു വശങ്ങളിലും തോട്ടങ്ങൾ മാത്രം. ജാതിയും വാഴയും തെങ്ങും പിന്നെ തിങ്ങി നിറഞ്ഞ് ഇലകളുള്ള മറ്റേതൊക്കെയോ മരങ്ങൾ. ചുവടെല്ലാം നനഞ്ഞിട്ടുണ്ട്. അടുത്തുതന്നെ വീടും കാണും. പെട്ടെന്നാണ് മഴയെക്കുറിച്ചോർത്തത്. കുടയെടുത്തിട്ടില്ല. കുത്തിക്കുറിക്കാൻ ഒരു പേനയും പേപ്പറും മാത്രമേയുള്ളൂ കയ്യിൽ, പിന്നെ ബീഡിയും. ആദ്യത്തെ ഗേറ്റ് കടന്നു പോയി. ഉള്ളിലേക്ക് നോക്കിയപ്പോൾ ദൂരെയായി ഒരു രണ്ടുനില വീടു കണ്ടു. വീണ്ടും നടന്നു. നടന്നു വന്നത് അബദ്ധമായെന്ന് തോന്നി. നേരം സന്ധ്യയാവുന്നു. രണ്ടു ബീഡി തീർന്നു. എതിരെനിന്ന് ഒരു വെളുത്ത ജീപ്പ് കടന്നു പോയി. ഉള്ളിൽ വെളുത്ത ളോഹയിൽ രണ്ടു പേർ ഉണ്ടായിരുന്നു. ധ്യാനകേന്ദ്രത്തിൽ നിന്നാവും.

 

അങ്ങനെ രണ്ടാമത്തെ ഗേറ്റിനടുത്തെത്തി. ഇരുവശവും വെളുത്തുരുണ്ട ലൈറ്റുകൾ, കത്തിയിട്ടില്ല. തുറന്ന് അകത്തേക്ക് നടന്നു. രണ്ടു വശത്തും ജാതി മരങ്ങൾ മാത്രം. ഒന്നരയടിപ്പൊക്കത്തിൽ അരമതിലുമുണ്ട്. അതും കടന്ന് ചെന്നപ്പോൾ അത്രക്ക് വിശാലമല്ലാത്ത സിമന്റിട്ട മുറ്റം. പഴയ തറവാടിനെ പുതുക്കിപ്പണിത വീട്. പുതിയതും പഴയതുമായ ഒരു ശൈലിയിൽ ഉള്ളത്. വാതിൽ അടഞ്ഞാണ് കിടന്നിരുന്നത്. ബെൽ അടിച്ചു കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു. വാതിൽ തുറന്നു വന്നയാൾ വാതിൽപടിയിൽ ചാരിനിന്ന് ആരാണെന്ന് ചോദിച്ചു.

 

‘‘ദേവസ്യ സാർ’’ ഒരു ബഹുമാനം കൊടുത്തു.

 

‘‘ഞാനാ’’

 

‘‘ഞാൻ സ്റ്റേഷനീന്നാ. ഒന്നു വന്ന് അന്വേഷിക്കാൻ പറഞ്ഞിരുന്നു’’

 

അദ്ദേഹത്തിന്റെ മുഖത്തൊരു തെളിച്ചം കണ്ടു.

 

‘‘പോലീസാലേ, പേര് ’’

 

‘‘ഉം.. പൈലി’’

 

‘‘കേറിവാ’’

 

 

തല നിറയെ വെളുത്ത മുടിയുള്ള വെളുത്ത മനുഷ്യൻ. ആരോഗ്യവും മോശമല്ല. ചെരുപ്പിട്ടിട്ടുണ്ട്. നന്നായി അലങ്കരിച്ച മുറിയുടെ ജനലരികിലുള്ള കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു കൊണ്ട് ദേവസ്യയും ഇരുന്നു. ചുറ്റും കണ്ണോടിച്ചു. അപ്പോഴേക്കും ഒരു സ്ത്രീയും കടന്നു വന്നു. പകുതി നരയുള്ള വലിയ മുഖമുള്ള ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയാവുമെന്നൂഹിച്ചു.

 

‘‘ഇവിടെ ആരൊക്കെയാണ് താമസം’’

 

‘‘ഞങ്ങൾ രണ്ടു പേർ ’’

 

‘‘മക്കൾ’’

 

‘‘ രണ്ടു പേരും പുറത്താ’’

 

‘‘എന്താ നഷ്ടപ്പെട്ടത്’’

 

‘‘ കുറച്ചു സ്വണ്ണം, കമ്മലും ഒരു മാലയും’’ സ്ത്രീയാണ് പറഞ്ഞത്. പിന്നെയുള്ള ചോദ്യം അങ്ങോട്ടായി. എന്നാ നഷ്ടമായത്?

 

‘‘ഞങ്ങൾ കുറച്ചു ദിവസം ഇവിടില്ലായിരുന്നു. വന്നപ്പോഴാ അറിഞ്ഞത്. മോളുടെ കുട്ടിക്ക് വാങ്ങിച്ചതാ, അത്രക്കു തൂക്കമൊന്നുമില്ല. പോട്ടേന്നു ഞാൻ പറഞ്ഞതാ.. ഇതിയാൻ’’

 

‘‘ അങ്ങനെയാണോ.. പേരു മറന്നു’’

 

‘‘ പൈലി ’’

 

‘‘ ആ.. ഇതൊക്കെ ശരിയാണോ. എന്തിനാ എടുത്തേന്ന് ഒന്നറിയണ്ടേ. രഹസ്യമായിട്ട് മതീന്ന് പറഞ്ഞത് നാണക്കേടോർത്തല്ല.. ആരായാലും ശിക്ഷിക്കണ്ടാന്നു വെച്ചിട്ടാ.. പണം വേണമെങ്കിൽ കൊടുക്ക്യേം ചെയ്യാം’’

 

‘‘ അതൊക്കെ എനിക്ക് തീരുമാനിക്കാവുന്നതല്ല.. സാധനം ഇരുന്ന സ്ഥലമൊന്ന് കാണിക്കാമോ’’

 

ആ ഹാളിൽ നിന്ന് ഇടത്തേക്കുള്ള വാതിൽ അടുക്കളയിലേക്ക്. വലത്ത് മുകളിലേക്കുള്ള പടികൾ. നേരെയുള്ള വാതിലിലൂടെ അകത്തേക്ക് കടന്നു. സ്വർണ്ണമിരുന്ന അലമാര കണ്ടു. താക്കോൽ എപ്പോഴും അലമാരയ്ക്കു മുകളിൽ ഉണ്ടാകുമത്രേ. വീട്ടിൽ സ്ഥിരം പണിക്കാർ രണ്ടു പേർ. പറമ്പിൽ പണിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി നാല് പേർ ഉണ്ടാകും. ചില മാസങ്ങളിൽ പത്തു പേർ വരെ. അതിലും രണ്ടു പേർ മാത്രമാണ് ആ നാട്ടുകാർ. ബാക്കിയെല്ലാം വരുത്തർ. അതും മാറി മാറി പലരും വന്നു പോകും. 

 

‘‘ ഞാൻ ഒന്നു പുറത്തു നിൽക്കാം. എഴുതാനുണ്ട് ’’

‘‘ ഇവിടെ ഇരുന്നോളൂ’’

‘‘വേണ്ട, ഒരു ബീഡിയും വലിക്കണം’’

 

അത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി ഇടത്തോട്ട് നടന്നു. വീടിന്റെ വലതു ഭാഗത്തായി  കുറച്ചു പുറകിലേക്ക് മാറി ഒരു തൊഴുത്തു കണ്ടു. ഒരു ബീഡിയും കത്തിച്ച് അങ്ങോട്ട് നടന്നു. പഴയ തൊഴുത്താണ്. ഇപ്പോൾ വിറകോ മറ്റെന്തൊക്കെയോ വെച്ചിട്ടുണ്ട്. മുഖത്തും കയ്യിലും മഴത്തുള്ളികൾ വീഴാൻ തുടങ്ങി. തൊഴുത്തിന്റെ വാതിലിനരികിലേക്ക് കയറി നിന്നു. മഴ അല്പം ശക്തമായി. അപ്പോഴേക്കും ഒരു കുടയുമായി ദേവസ്യ അങ്ങോട്ടു വരുന്നതു കണ്ടു. ബീഡി മഴയിലേക്കെറിഞ്ഞിട്ട് കുറേക്കൂടി തൊഴുത്തിനകത്തേക്ക് കയറി നിന്നു. 

 

ദേവസ്യയും കുട ചുരുക്കി അകത്തേക്ക് വന്നു. എന്നിട്ട് തന്റെ കൈകൾ പിടിച്ച് എന്തോ ചുരുട്ടി കൈക്കുള്ളിലേക്ക് വക്കുന്നതായി തോന്നി. പെട്ടെന്ന് കൈ വലിച്ചുകൊണ്ട് ചോദിച്ചു.

‘‘എന്താ ഇത് ’’

‘‘ കുറച്ചു പണമുണ്ട്. വെച്ചോ ’’

‘‘ വേണ്ടാ ’’

‘‘ മറ്റൊന്നും വിചാരിക്കണ്ട. കേസൊന്നുമാക്കാതെ അങ്ങു തീരണം ’’

‘‘ വേണ്ട, ഇതുവരെ വാങ്ങിച്ചിട്ടില്ല.. ഇങ്ങനെ’’

‘‘എന്നാലും ഇത്രടം വന്നതല്ലേ’’

‘‘ ഓ .. അതൊക്കെ ജോലിയുടെ ഭാഗമല്ലേ. എല്ലാം ശരിയാക്കാം സാറെ. ആർക്കും ദോഷമില്ലാതെ. പിന്നെ എന്തൊക്കെയായാലും ഇതൊരു മോഷണമല്ലേ’’ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രണ്ട് മഴത്തുള്ളി തലയിൽ വീണു. 

 

‘‘ ചോർച്ചയുണ്ട്, ഇതിപ്പോ പണിക്കാരുടെ സാധനക്കളൊക്കെ വയ്ക്കുന്ന ഇടമാ’’

അപ്പോഴാണ് താഴേക്കു നോക്കിയത്. പാതി ഉപയോഗിച്ച ഒരു ചാക്ക് സിമൻറ് ഒരു വശത്ത് ചാരി വച്ചിരിക്കുന്നു.

 

‘‘ ഇത് ഇങ്ങനെ വെച്ചാൽ കട്ട പിടിച്ചു പോകും’’

 

ചുറ്റും നോക്കി. വാതിലിനു പുറത്തു കിടന്ന രണ്ട് കല്ലുകൾ എടുത്തു കൊണ്ടുവന്ന് കുറച്ച് അകത്തി വെച്ച് അതിനു മുകളിൽ രണ്ടു പട്ടിക കഷ്ണങ്ങളും നീളത്തിൽ വെച്ച് സിമന്റു ചാക്ക് പൊക്കി വെച്ചു. അപ്പോഴേക്കും നീർച്ചാലുകൾ അതിനിടയിലൂടെ ഒഴുകി എത്തിയിരുന്നു. എല്ലാം നോക്കി നിന്ന ദേവസ്യ പതുക്കെ മനസ്സു തുറന്നു.

 

രണ്ടു മക്കളും അന്യദേശത്ത്. മകൻ കുറച്ചു പണം ഭാര്യയുടെ പേരിൽ അയക്കുന്നുണ്ട്. മരുമകനും ദേവസ്യയുടെ ഭാര്യയും തമ്മിൽ അത്ര രസത്തിലല്ല. മരുമകന് നാട്ടിലുള്ള ജോയിയുമായി ചേർന്ന് എന്തെക്കെയോ ബിസിനസ്സ് ഉണ്ട്. അതിന്റെ വീതവും മകളുടെ വകയുമൊക്കെയായി ഒരു സംഖ്യ ജോയിതന്നെ നേരിട്ട് കൊണ്ടുവന്നു തരും. അത് വീട്ടുകാരിക്ക് ഇഷ്ടവുമല്ല. അതുകൊണ്ട് തന്നെ ആ പണം ഒന്നിനും എടുക്കാതെ അവളെപ്പോലും അറിയിക്കാതെ സൂക്ഷിക്കുന്നുമുണ്ട്.

 

‘‘മഴ കുറഞ്ഞു, വാ’’

 

പുറത്തേക്കിറങ്ങി നടന്ന ദേവസ്യയുടെ പുറകേ നടന്നു വീടിന്റെ വാതിലിനരികിലെത്തിയ തന്നെ നോക്കി ശബ്ദമുണ്ടാക്കല്ലേയെന്ന് ആഗ്യം കാണിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. വീട്ടിനുള്ളിൽ നിന്നും പ്രാർത്ഥന കേൾക്കാം. പടികൾ കയറി മുകളിലേക്ക് പോകുന്ന വെളുത്ത മുണ്ടുടുത്ത വെളുത്ത മുടിയുള്ള ആ മനുഷ്യന്റെ പുറകേ പ്രാർത്ഥനയിലെന്നോണം മനസ്സിൽ ഒരു കുരിശും വരച്ച് പടികൾ കയറി. 

 

മുറിയുടെ അകത്തു കടന്നതും ദേവസ്യ വാതിലടച്ചു കുറ്റിയിട്ടു. ഇടതു വശത്തായി ഒരു മേശ. അതിനപ്പുറത്ത് അലമാര. വലതുവശത്തായി കാഞ്ഞിരത്തിന്റേതെന്നു തോന്നിക്കുന്ന ഒരു കട്ടിൽ. കിടക്കയില്ല. അതിനുമപ്പുറത്ത് രണ്ട് പെട്ടികൾ. ഒന്ന് തകിടിന്റേതും മറ്റേത് മരത്തിന്റേതും. മരമെന്ന് പറഞ്ഞാൽ കാഞ്ഞിരത്തിന്റെ നിറം. മരത്തിന്റെ പെട്ടിയുടെ അടുത്തെത്തി ദേവസ്യ മുട്ടിൽ ഇരുന്നു. 

 

‘‘പെരുന്തച്ചൻ പണിതതാ ’’

 

അത്ഭുതത്തോടെ പെട്ടിയിലേക്ക് നോക്കി. ഇതുവരെ കാണാത്ത ഒരഴക് അതിനുണ്ടായിരുന്നു. വീതിയുള്ള അടപ്പ് ചെറിയ ഒരു താഴിട്ട് പൂട്ടിയിരുന്നു. താക്കോലിട്ട് തുറന്നു കൊണ്ട് ദേവസ്യ പറഞ്ഞു.

 

‘‘ എന്റെ അച്ഛന്റെയാ ഈ പെട്ടി. കുട്ടിയായിരുന്നപ്പോൾ തന്നോട് പറയും ഇത് പെരുന്തച്ചൻ പണിതു തന്നതാണെന്ന്. ഇപ്പോഴും അങ്ങിനെയങ്ങ് വിശ്വസിക്കാനാ എനിക്കും ഇഷ്ടം’’

 

‘‘ തുറക്കണമെന്നില്ല’’

 

ബസ് പോകുമോ എന്നായിരുന്നു മനസ്സിൽ. ഇനി 8 മണീടെ ബസ് നോക്കേണ്ടി വരും. മലർക്കെ തുറന്ന പെട്ടിക്കുള്ളിൽ കുറെ തുണികളും ഒരു ബൈബിളും ഉണ്ടായിരുന്നു. ഇതൊക്കെ തന്നെ കാണിക്കേണ്ട ഒരാവശ്യവുമില്ലെന്ന് പറയണമെന്ന് തോന്നിയെങ്കിലും മിണ്ടിയില്ല. ദേവസ്യ തുണികളും ബൈബിളുമൊക്കെ പുറത്തേക്കെടുത്തു വെച്ചു. അടിയിൽ എന്തോ ഉണ്ടെന്ന് കരുതി നോക്കി നിന്ന തന്റെ മുന്നിലേക്ക് കാലിയായ പെട്ടി കാണിച്ച് ദേവസ്യ പറഞ്ഞു തുടങ്ങി. 

 

‘‘ഇതിന്റെ ഉള്ളിലെ വശങ്ങളിലുള്ള ചില പണികൾ കണ്ടോ’’

 

മൂന്ന് വശത്തും മൂന്നു വരികളിലായി മരത്തിന്റെ ചിത്രപ്പണിയുള്ള പിടിപോലെ എന്തോ ഒന്ന് കണ്ടു. ഇത്ര കാര്യമായിട്ട് കാണിച്ചു തന്നിട്ടും മാറി നിൽക്കുന്നതായി തോന്നണ്ടല്ലോന്നു വിചാരിച്ചു പെട്ടിക്കരുകിലിരുന്നു. ചിത്രപ്പിടികളിൽ പിടിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

 

‘‘അവിടെ ഇരി, ദാ വരുന്നു’’ എന്നു പറഞ്ഞ് ദേവസ്യ എഴുന്നേറ്റ് മേശയുടെ വലിപ്പിൽ നിന്ന് ഒരു ഇരുമ്പിന്റെ ചെറിയ ദണ്ഡുമെടുത്ത് തിരികെ വന്നു. ഇതുവരെ ഇല്ലായിരുന്ന ഒരു ജിജ്ഞാസ വന്നു തുടങ്ങി. ഏറ്റവും താഴത്തെ വരിയിലെ ചിത്രപ്പിടികളുടെ വശങ്ങളിൽ ദണ്ഡു കൊണ്ട് മുട്ടാൻ തുടങ്ങി. അത് നീങ്ങുന്നതായി തോന്നി. തോന്നലല്ല... ആ പിടികൾ പെട്ടിയിൽ നിന്നും വേർപെട്ടു കഴിഞ്ഞു. ഒന്നൊന്നായി താഴത്തെ വരിയിലെ രണ്ട് വശത്തുമുള്ള എല്ലാ പിടികളും പെട്ടിക്കുള്ളിൽ വീണു. ബാക്കിയുള്ള ഒരു വശത്തെ പിടിയിൽ പിടിച്ച് ദേവസ്യ ഉയർത്താൻ തുടങ്ങി. സഹായിക്കാൻ തുടങ്ങിയ തന്നോട് വേണ്ടെന്ന് പറഞ്ഞു. ആ പെട്ടിയുടെ അടിപ്പലക ഒരു വശത്തൂടെ മുകളിലേക്ക് വന്നു. അടിയിൽ ഒരു അറകൂടി ഉണ്ടെന്ന് സ്പഷ്ടം.

 

ആയിരവും അഞ്ഞൂറുമായി കുറെ നോട്ടുകെട്ടുകൾ. അതിനു മുകളിലൂടെ ഒന്നു കൈ ഓടിച്ചിട്ട് പലക അതുപോലെ തന്നെ വച്ചു. ചിത്രപിടികളും ഉറപ്പിച്ച് തുണികളും ബൈബിളും വെച്ച് പെട്ടി താഴിട്ടു പൂട്ടി തന്നോട് താഴേക്കിറങ്ങിക്കോളാൻ പറഞ്ഞു. അപ്പോഴും പ്രാർത്ഥന കേൾക്കുന്നുണ്ടായിരുന്നു. മുറ്റത്തേക്കിറങ്ങിയ തന്റെ പുറകേ ദേവസ്യയും വരുന്നുണ്ടെന്ന് മനസ്സിലായി. 

 

‘‘അതിൽ തൊട്ടിട്ടില്ല. കള്ളനു പോയിട്ട് വീട്ടുകാരിക്കറിയില്ല എന്റെ ആ ബാങ്ക്’’ അതു പറയുമ്പോൾ ദേവസ്യയുടെ സംസാരത്തിൽ അതു വരെ ഇല്ലാതിരുന്ന ഒരു ധൈര്യം കാണപ്പെട്ടു.

 

‘‘എന്തായാലും അത് ഭാഗ്യമായി സാറെ’’

 

 

‘‘ പക്ഷെ ഒന്നുണ്ട് പൈലീ... അമ്പതോ അറുപതോ, എന്തിന് ഒരു ലക്ഷമായാലും അതീന്ന് എടുത്താൽ എനിക്ക് അറിയാനാവില്ല. എന്റെ കയ്യിൽ കണക്കൊന്നുമില്ല. പിന്നെ ഒരു സമ്പാദ്യം. കഷ്ടപ്പെടുന്നവർക്കു കൊടുക്കാനുള്ളതാ അതെല്ലാം. അതിപ്പോ കള്ളനായാലും അങ്ങനെ തന്നെ.. എടുത്തോട്ടെ’’

 

‘‘എന്നാലും നഷ്ടപ്പെട്ടത് നമുക്ക് കണ്ടു പിടിക്കണം ദേവസ്യ സാറെ’’

 

‘‘എന്റെ കൊച്ചുമോൾക്കു വേണ്ടി ആശിച്ച് മേടിച്ചതായതോണ്ടാ. പൈലിക്കറിയോ. എങ്ങോട്ട് പോയാലും വീടു പൂട്ടി നമ്മൾ നിന്ന ആ തൊഴുത്തിന്റെ വാതിൽ പടീൽ വെച്ചിട്ടേ പോകാറുള്ളൂ. അത് ഇവിടുത്തെ പണിക്കാർക്കൊക്കെ അറിയാം. അതിനി മാറ്റാനും പോണില്ല. അങ്ങനൊന്നും പൂട്ടി പോകാറുമില്ല. ഇതിപ്പോൾ സെപ്തംബർ ആയോണ്ടാ’’

 

‘‘ എങ്ങോട്ടാ പോയിരുന്നത്’’

 

‘‘ ലോകത്തെവിടെയായാലും സെപ്തംബർ 23 ന് ഞങ്ങൾ വേളാങ്കണ്ണിയിൽ ആയിരിക്കും. മരിക്കുന്നതുവരെ അങ്ങനെ തന്നെ ’’

 

‘‘ എന്നു പോയി.... വന്നത് ഇന്നാണോ’’

 

‘‘ 21 ന് പോയി തിരിച്ച് ഇന്നു രാവിലെ എത്തി. അഞ്ചു ദിവസം... ല്ലേ’’

 

‘‘ അതെ’’

 

ആ ദിവസത്തിന്റെ പ്രത്യേകതയൊന്നും ചോദിക്കാൻ നിന്നില്ല. മറ്റൊരു കഥക്കു തുടക്കമിടണ്ടന്ന് തോന്നി. പെരുന്തച്ചന്റെ പേടകവും കണ്ട് പടികളിറങ്ങിയപ്പോൾ ക്ലോക്കിൽ സമയം നോക്കിയിരുന്നു. ഇനി താമസിച്ചാൽ ലാസ്റ്റ് ബസ് വരെ നിൽക്കേണ്ടിവരും.

 

ഫോൺ നമ്പറും വാങ്ങി യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു മഹാനായ മനുഷ്യനെയാണ് താൻ കണ്ടുമുട്ടിയ തെന്ന് മനസ്സിൽ തോന്നി. മതിലരികിൽ ചാഞ്ഞു നിൽക്കുന്ന മാവിൽ കല്ലെറിയുന്ന കുസൃതികളായ കുട്ടികളെപ്പോലും പ്രാകി ചീത്ത പറയുന്നവരുള്ള ഈ കാലത്ത് ഇതാ കള്ളൻമാരോടു പോലും ക്ഷമിക്കുന്ന യഥാർത്ഥ ഇടയൻ. 

 

തിരിച്ചുള്ള നടത്തം വേഗത്തിലായിരുന്നു. ബീഡി ഒന്നേ വലിച്ചുള്ളൂ. ചെന്നു നിന്നതും ബസ്സെത്തി. പിറ്റേ ദിവസം രാവിലെ തന്നെ മാത്യൂ സാറിന്റെ വിളിയുമെത്തി. നഷ്ടപ്പെടാനുണ്ടായ സാഹചര്യവും ഉടമസ്ഥന്റെ മനസ്സും മാത്യൂ സാറിനേയും ബോധ്യപ്പെടുത്തി.

 

‘‘ശരി ഞാൻ നോക്കിക്കോളാം. ലോക്കലിൽ ചോദ്യം ചെയ്യൽ വേണ്ട. ജ്വല്ലറികളിലെല്ലാം കുറെയൊക്കെ അറിയിച്ചിട്ടുണ്ട്. പിന്നെ കൂടെയുള്ളവരോടു പറയണ്ട ’’

 

ഒരാഴ്ച കൊണ്ട് കുറച്ചകലെയുള്ള ടൗണിലെ ജ്വല്ലറിയിൽ തൊണ്ടിമുതൽ വിൽക്കാൻ വന്നവനെ പിടിച്ചു. പുതിയതായി പറമ്പിൽ പണിക്കുവന്നയാളായിരുന്നു പ്രതി. അയാളെ എങ്ങനെ നാടുകടത്തീന്ന് മാത്യൂ സാറിനെ അറിയൂ.

 

തൊണ്ടിമുതൽ പോയി വാങ്ങേണ്ടി വന്നു. തിരിച്ചെത്തിയപ്പോൾ ഇരുട്ടായി. അടുത്ത ദിവസം വരാമെന്ന് വിളിച്ചു പറഞ്ഞു. ഞായറാഴ്ച ആയതിനാൽ ബിനോയി വന്നില്ല. ബസ്സിൽതന്നെ പോകേണ്ടി വന്നു. ചെന്നപ്പോഴാകട്ടെ വീടു പൂട്ടി ഇട്ടിരിക്കുന്നു. കുറെ നേരം കാത്തിരുന്നപ്പോഴേക്കും അവർ രണ്ടു പേരുമെത്തി. ഊഹിച്ച പോലെ പള്ളിയിൽ പോയതായിരുന്നു. ദേവസ്യ തന്നോട് സംസാരിക്കുന്ന നേരത്ത് വീട്ടുകാരി വീടിനു പുറകിലേക്ക് പോയി തിരിച്ച് താക്കോലുമായി വന്നു. 

 

‘‘പണിക്കാരിയുള്ളത് ഉച്ചയ്ക്ക് പോയി’’

 

അതും പറഞ്ഞ് വീടുതുറന്നു. അകത്തു കടന്നയുടനെ കമ്മലും മാലയും ദേവസ്യയുടെ കൈകളിലേക്ക് ഏൽപ്പിച്ചു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. പക്ഷെ ആ സ്ത്രീയുടെ ഭാവത്തിൽ വല്ല്യ മാറ്റമൊന്നും കണ്ടില്ല. നന്ദി പറച്ചിലൊക്കെ കഴിഞ്ഞ് പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി. കൂടെ ദേവസ്യയും.

 

‘‘ഇനി വരുമോ.. ’’

‘‘സാധ്യതയില്ല... വരാതിരിക്കുന്നതല്ലേ നല്ലത് ’’

‘‘കാണുമെന്ന് മനസ്സു പറയുന്നു. താൻ വാടോ ’’

 

ഒരു ചിരി മാത്രം തിരിച്ചു നൽകി തിരിഞ്ഞു നോക്കാതെ നടന്നു. വൈകാരികമായ എന്തോ ഒന്ന് അനുഭവപ്പെടുന്നതായി തോന്നി... ആ മനുഷ്യൻ ഈ അടുത്ത കാലത്തൊന്നും ഇത്രയും മനസ്സു തുറന്നു സംസാരിച്ചു കാണില്ല. ഇനിയും പറായാൻ എന്തൊക്കെയോ ബാക്കി ഉള്ളതുപോലെ. ഇടയ്ക്കൊന്നു വന്നാൽ... ഇല്ല.... ഒരു പൊലീസുകാരന് ഇത്തരം ചിന്തകളൊന്നും ഉണ്ടായിക്കൂട. ഔദ്യോഗിക ജീവിതത്തിനിടയിലെ ഒരു കേസുമാത്രമാണത്. മറ്റു ചിന്തകളിൽ നിന്ന് രക്ഷനേടാൻ പുകച്ചുരുളുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു.. ഒന്നല്ല... രണ്ടല്ല.. മൂന്നെണ്ണം.

 

വീണ്ടും പത്തു ദിവസത്തോളമേ ആ സ്റ്റേഷനിൽ നിൽക്കേണ്ടി വന്നുള്ളൂ. പിന്നെ സ്വന്തം നാട്ടിലേക്ക്.. കല്യാണം, ആധാരം പണയം, ചികിത്സകളുടെ കുത്തൊഴുക്ക്... 98 മുതൽ വറചട്ടിയിലായിരുന്നു. ഇതിപ്പോൾ രണ്ടായിരാം ആണ്ടായി.. ഇപ്പോഴും അങ്ങനെ തന്നെ.

 

‘‘തീമൂർ... തീമൂർ’’ അതു കേട്ട് ഒന്നു ഞെട്ടി ഉണർന്നു. പഴേ സ്റ്റേഷൻ പരിധിയിലാണിപ്പോൾ. പുറത്ത് നല്ല ഇരുട്ടായി. വഴിവിളക്കുകൾ ഇടക്കിടക്ക് മാത്രം. ബാഗിൽ ഒന്നൂടെ മുറുകെ പിടിച്ചു , ഒപ്പം പാന്റിന്റെ പോക്കറ്റിലെ ബീഡിയിലും ലൈറ്ററിലും. ഒന്നു പുറകോട്ട് കേറി ഇരുന്നു.

 

കഴിഞ്ഞ ഈസ്റ്ററിന് അവറാച്ചനോടൊപ്പം രണ്ടെണ്ണം കഴിക്കുമ്പോൾ അയാളാണ് പഴേ ഒരോ കേസുകളെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചുമൊക്കെ ഓരോന്നു ചോദിച്ചു തുടക്കമിട്ടത്. ആ ലഹരിയിൽ ഓർമ്മ വന്ന മുഖമാണ് ദേവസ്യയുടെ. ആ കഥയോ സ്ഥലമോ അപ്പോൾ പറയാൻ തോന്നിയില്ല. പക്ഷേ... ആ നിമിഷം മുതൽ താൻ ഒരു കുറ്റവാളിയാണ്. താൻ പോലുമറിയാതെ ഉള്ളിന്റെയുള്ളിൽ ഒരു ക്രൈം നടന്നു കഴിഞ്ഞിരുന്നു. ചിന്തകൾ കൊണ്ടുള്ള ക്രൈം. അന്നു മുതൽ ഉറക്കം കെടുത്തിയിരുന്നത് വെളുത്ത മുടിയുള്ള വെളുത്ത മുണ്ടുടുത്ത ദേവസ്യയെന്ന വെളുത്ത മനുഷ്യനല്ല... കാഞ്ഞിരത്തിന്റെ നിറമുള്ള ആ പെട്ടിയാണ്.. പെരുന്തച്ചന്റെ പെട്ടി.

 

ഇടക്കിടക്ക് ചെവിയിൽ മുഴങ്ങുന്ന പോലെ ചില വാക്കുകൾ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു. 

‘‘ കള്ളനു പോയിട്ട് വീട്ടുകാരിക്കറിയില്ല എന്റെയാ ബാങ്ക് ’’

‘‘ ഒരു ലക്ഷമെടുത്താലും ഞാനറിയില്ല ’’

‘‘ ലോകത്തെവിടെയായാലും സെപ്തംബർ 23 ന് വേളാങ്കണ്ണിയിലായിരിക്കും ’’

‘‘ താക്കോൽ തൊഴുത്തിനു മുകളിലേ വെക്കാറുള്ളൂ.. ഇനിയും അങ്ങനെ തന്നെ ’’

 

വർഷം മൂന്നായി. ആ പണം എടുത്തു കാണുമോ. ഇപ്പോഴും അങ്ങനെ കൂട്ടി കൂട്ടി വക്കുമോ? കുറെ ഉണ്ടെങ്കി ലും തനിക്ക് കുറച്ചു  പോരെ, എടുത്തു എന്നു പോലും അറിയാതെ കുറച്ച് മാത്രം. 

 

താക്കോൽ അവിടെ ഉണ്ടാകുമോ. ഇത്തരക്കാരുടെ ഒരു സ്വഭാവം വെച്ച് അവർക്ക് മാറാൻ കഴിയില്ല. ശീലങ്ങളിൽ ഒരു വിട്ടു വീഴ്ചയും വരുത്തില്ല. അത് പൊലീസ് ബുദ്ധിയിൽ അറിയാം. പിന്നെ ആ തീയതി. കഴിഞ്ഞ നാല് മാസമായി കലണ്ടർ നോക്കാത്ത ഒറ്റ ദിവസമില്ല. സെപ്തംബർ 22 ആവാൻ. ഇന്നാണാ ദിവസം. നാളെ 23. ഒരു ദിവസം മുമ്പേയെങ്കിലും പോകാതിരിക്കില്ല. ഇപ്പോഴും പോകുമായിരിക്കുമോ? ആരോഗ്യം കാണുമോ അതിനൊക്കെ? എന്തു കൊണ്ടില്ല.. തന്നേക്കാളും ആരോഗ്യവാനല്ലേ.

ഇനി അവിടെ ചെല്ലുമ്പോൾ എല്ലാവരും അവിടെ ഉണ്ടെങ്കിലോ.. 

 

മനസ്സു പല വഴിക്കു സഞ്ചരിച്ചു. ഒന്നു മാത്രം അത്ര കണക്കു കൂട്ടിയിരുന്നില്ല. തിരിച്ചുള്ള യാത്ര. കാര്യം നടന്നാലും ഇല്ലെങ്കിലും അത് വേണമല്ലോ. രാവിലെ അഞ്ചേകാലോടെ ആദ്യ ബസ് ഉണ്ടാകും. ഒന്നുകിൽ അതിൽ വരാം. പക്ഷെ അതുവരെ.

 

കണ്ടക്ടർ അടുത്തെത്തിയതും അറിയാതെ ചോദിച്ചുപോയി

‘‘ തിരിച്ച് ഇങ്ങോട്ട് ഇനി ബസുണ്ടോ?’’

 

‘‘ എവിടാ ഇറങ്ങണത്’’

 

‘‘ വട്ടേലക്കാട് ’’

 

‘‘ ദേ.. എത്തി. രണ്ട് വളവ്. തിരിച്ച് ഇന്നില്ല. രാവിലെ 5.10ന്. പിന്നെ 9.40 ന് ഏഞ്ചൽ ഉണ്ട്. ഹൈവേ വരെ’’

അത് വേറെ റൂട്ടാണ്. അതിലേം പോകാമെന്ന് മാത്രം. ഹൈവേ ആയാലും മതി. ഇവിടുന്ന് പോകാമല്ലോ. ഹൈവേന്ന് ഏതെങ്കിലും ഫാസ്റ്റ് കിട്ടും. എങ്ങോട്ടെങ്കിലും യാത്ര ചെയ്ത് സമയം കളയാം.

 

പുറത്തേക്ക് നോക്കി. നല്ല ഇരുട്ടുതന്നെ. എഴുന്നേറ്റ് ഡോറിനടുത്തെത്തി. ബെൽ ഒന്നും ഇല്ലാതെ തന്നെ വണ്ടി നിന്നു. ഇറങ്ങാൻ വേറാരുമില്ല. പുറകിലെ ചുവന്ന രണ്ടു വെളിച്ചം മായുന്നതുവരെ ബസിനെ നോക്കി നിന്നു. പുതിയതായി ഒരു ബസ് സ്റ്റോപ്പ് പണിതിട്ടുണ്ട്. കത്തി നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ട ട്രാൻസ്ഫോമറിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. എതിർവശത്ത് ഒരു ഷട്ടറിട്ട കടമുറി പുതിയതായി വന്നിട്ടുണ്ട്. തുറന്നിട്ടില്ല. അതിനടുത്തുള്ള പഴയ കട ഒരാണും ഒരു സ്ത്രീയും ചേർന്ന് അടച്ചു കൊണ്ടിരിക്കുന്നു. ട്രാൻസ്ഫോമറുവരെ നടന്നപ്പോഴേക്കും രണ്ടു വാഹനങ്ങൾ കൂടി അങ്ങോട്ടും ഇങ്ങോട്ടുമായി പോയി. പണ്ടത്തേക്കാളും റോഡിൽ വാഹനങ്ങൾ കൂടി.  ധ്യാനകേന്ദ്രത്തിന്റെ ബോർഡ് പുതിയതാണ്. എന്നിട്ടും ഇടത്തേക്കുള്ള വഴി ഇരുട്ടു മൂടി തന്നെ കിടന്നിരുന്നു. 

 

പോക്കറ്റിൽ കയ്യിട്ട് ചെയിൻ ഇല്ലാത്ത ഒരു വാച്ചെടുത്ത് സമയം നോക്കി. 8.25. ലാസ്റ്റ് ബസ് 9.40 ന്. അങ്ങോട്ട് നടക്കാൻ 15 മിനിറ്റ്.  ഇങ്ങോട്ടും. വേഗത്തിൽ നടക്കണം. ബാക്കി സമയം കൊണ്ട് ... 

 

നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ബീഡി രണ്ടു പ്രാവശ്യം എടുത്തെങ്കിലും കത്തിച്ചില്ല. ആരും കാണാതിരിക്കുന്നതാ കൂടുതൽ നല്ലതെന്നു തോന്നി. പൈലിക്ക് ഇതുവരെയില്ലാത്ത ഒരു വേഗത ഉള്ളതായി തോന്നി. ദൂരെ ദൂരെയായി സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചമുണ്ടായിരുന്നു. അവിടെ എത്തുമ്പോൾ വേഗത തനിയെ കൂടി. ഇപ്പോൾ ഇരുട്ടാണിഷ്ടം. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലോ.. എന്തു പറയും. ധ്യാനകേന്ദ്രത്തിലേക്കെന്നോ? അതിന് അവിടെ ആരെങ്കിലുമുണ്ടോ? അതോ ദേവസ്യയുടെ വീട്ടിലേക്കെന്നോ? അദ്ദേഹത്തിന്റെ ആരാന്ന് ചോദിച്ചാൽ? ആരാ... 

 

ചുറ്റിലും നോക്കിയില്ലെങ്കിലും ജാതി മരങ്ങളേയും വാഴത്തോട്ടങ്ങളേയും തിങ്ങിനിറഞ്ഞ ഇലകളുള്ള ആ തോട്ടവുമൊക്കെ കടന്നു പോകുന്നത് അയാൾ അറിഞ്ഞു. ആദ്യ ഗേറ്റും കടന്നു പോയി. ഓറഞ്ചു നിറമുള്ള കർട്ടനിട്ട ജനലുകളിൽ വെളിച്ചമുണ്ട്. പുറത്തെ അരണ്ട വെളിച്ചം കണ്ടാൽ അറിയാം, അവർ ആരേയും കാത്തിരിക്കുന്നില്ലെന്ന്. പിന്നെ അവിടെയെങ്ങും അന്നും കേട്ടിട്ടില്ല, ഇന്നും കേട്ടതേയില്ല... ഒരു നായ്ക്കളുടെയും കുര. മനസ്സും ശരീരവും കല്ലാക്കി കണ്ണും കാതും കൂർപ്പിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു പൊലീസുകാരന്റെ വീര്യത്തോടെ അയാൾ നടന്നു... ഒരു ക്രൈം ചെയ്യാൻ.

 

വീണ്ടും ജാതിമരങ്ങൾ.. അതുകഴിഞ്ഞാൽ ഗേറ്റാണ്. മരങ്ങൾക്കിടയിലൂടെ വെളിച്ചം കണ്ടില്ല. പക്ഷെ പറയാറായില്ല. ചിലപ്പോൾ ഇപ്പോൾ നേരത്തേ ഉറങ്ങിയതുമാകാം. ഭാഗ്യം.. ഗേറ്റിനു മുന്നിൽ വെളിച്ചം കുറവാണ്. തളളി നോക്കി. കുറ്റിയിട്ടിട്ടുണ്ട്. അതും അകത്തുനിന്ന്. കയ്യിട്ട് ശബ്ദമുണ്ടാക്കാതെ തുറക്കാൻ കുറച്ചു സമയമെടുക്കേണ്ടി വന്നു. അകത്തുകടന്ന് ഗേറ്റ് അടച്ചു കുറ്റി ഇട്ടു. പെട്ടെന്ന് തുറക്കാവുന്നപോലെ. ഇരുട്ടു നിറഞ്ഞ വീടിനെ ലക്ഷ്യമാക്കി ഒരു വശം ചേർന്ന് നടന്നു. മുറ്റത്തെത്തിയപ്പോൾ വലതുവശം ചേർന്ന് ജാതി മരങ്ങളുടെ ഇലകളിൽ തൊട്ടുരുമി വീടിന്റെ വലതു വശത്തേക്ക് കടന്നു. 

 

ആരും ഉള്ളതായി തോന്നിയില്ല. അതുറപ്പിക്കണമെങ്കിൽ താക്കോൽ അവിടെത്തന്നെ ഉണ്ടാകണം. തൊഴുത്തിനു മുന്നിലെ ആറടി പൊക്കത്തിലുള്ള ആ കഴുക്കോൽ പോലുള്ള പടിയിൽ ആണ് താക്കോൽ. പതുക്കെയാണ് നടന്നത്. താഴെയുള്ള ഒന്നിലും കാല് തട്ടരുത്. തൊഴുത്തിനെ ലക്ഷ്യമാക്കി നടന്നു. അടുത്തകാലത്ത് കുമ്മായം പൂശിയതുകൊണ്ടാകാം ഇരുട്ടിലും തൊഴുത്ത് ചെറിയ വെള്ള നിറത്തിൽ കാണാം. താക്കോൽ അവിടെ കാണുമോ.. ഇല്ലെങ്കിൽ എന്തു ചെയ്യും. തിരിച്ചു പോകണോ. ഒന്നുമില്ലാതെ എങ്ങിനെ പോകും. വാതിൽ പൊളിച്ച് കയറിയാലോ... അതിന് താൻ കള്ളനാണോ? അല്ലേ?

 

ഇതുവരെ ഉണ്ടായിരുന്ന വീര്യമെല്ലാം കുറച്ചു ചോർന്നു പോയ പോലെ. ഇതാ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആറടി മുകളിൽ മാത്രം. അയാൾ വിറയ്ക്കുന്ന കൈകൾ ഉയർത്തി.. നീണ്ടു നിന്ന മരപ്പലകയുടെ മുകളിലേക്ക്. ഇല്ല... ഇല്ല... തനിക്ക് തെറ്റിയിട്ടില്ല. താക്കോൽ ഇന്നും അവിടെത്തന്നെ ഉണ്ട്. അതിപ്പോൾ തന്റെ കൈക്കുള്ളിലാണ്. മനസ്സിലിപ്പോൾ ഒന്നു മാത്രം. കാഞ്ഞിരത്തിന്റെ നിറമുള്ള പെരുന്തച്ചന്റെ പേടകം. 

 

വീടിന്റെ വാതിൽ തുറന്ന് അകത്തു കടന്ന് വാതിൽ അകത്തുനിന്ന് പൂട്ടി. പതുക്കെ മുന്നോട്ട് നടന്നു. പെയ്ന്റിന്റെ ചെറിയ മണം തങ്ങി നിന്നിരുന്നു. ഹാളിൽ കസേരകൾ ഉണ്ടായതായി തോന്നിയില്ല. ഇരുട്ടിൽ പതിയെ പടികൾ കയറി മുകളിലെ വാതിൽ തുറന്നു. ഒരു മേശ, അലമാര, കട്ടിൽ... പിന്നെ ആ പെട്ടി. പണ്ടുകണ്ടതെല്ലാം മനസ്സിലുണ്ട്. പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് കത്തിച്ചു. ഇല്ല മേശയില്ല... കട്ടിലില്ല... ഒന്നും തന്നെയില്ല. മുറിയിൽ മുഴുവൻ നടന്നു. ഒന്നും തന്നെയില്ല. എല്ലാം വെറുതെയായി. നെഞ്ചിടിപ്പോടെ വിഷമത്തോടെ മുറിയിൽ നിന്നും പുറത്തിറങ്ങി. മുകളിൽ ഒരു മുറി കൂടി ഉണ്ടായിരുന്നു. അതിലും ഒന്നും കണ്ടില്ല. 

 

തിരിച്ച് തപ്പിത്തടഞ്ഞ് പടികളിറങ്ങി. അവസാന പടികൾക്ക് മുമ്പ് ഒന്നൂടെ ലൈറ്റർ കത്തിച്ചു. താഴെയുള്ള മുറിയുടെ വാതിൽ കാണാൻ. പെട്ടെന്ന് വലതു വശത്തൊരു രൂപം. ചിരിച്ചു കൊണ്ടു ദേവസ്യയുടെ വലിയ രൂപം. ഞെട്ടലോടെ ഇടത്തേക്ക് മാറി. തലയും മുഖവും വിയർത്തു. കെട്ടുപോയ ലൈറ്റർ ഒന്നൂടെ കത്തിച്ചു. പാതി കത്തിച്ച മെഴുകുതിരിക്കു പുറകിൽ ദേവസ്യയുടെ ചിരിക്കുന്ന മുഖം മാലയിട്ടു വെച്ചിരുന്നു.

 

ഇനിയൊന്നും അന്വേഷിക്കേണ്ടതില്ല. അദ്ദേഹം പോയി.. പണവും. വാതിൽ പൂട്ടി ഇറങ്ങുമ്പോൾ മഴ തുടങ്ങിയിരുന്നു. തൊഴുത്തിനടുത്തെത്തിയപ്പോൾ മഴ ശക്തമായി. വാതിലിൽ നിന്നും കുറച്ച് അകത്തേക്ക് കയറി നിന്നു. തലയിൽ നിന്നും മഴവെള്ളം ഊർന്ന് വീണു. ഒപ്പം കണ്ണുനീരും. ബീഡിയെടുത്ത് കത്തിച്ചു വലിച്ചു. ഒന്നു കഴിഞ്ഞപ്പോൾ മറ്റൊന്നുകൂടി. മഴ കുറവുണ്ട്. കുടയെടുത്തു. പെട്ടെന്നാണ് ചുറ്റികയും ചില ആയുധങ്ങളും ബാഗിൽ ഉള്ളത് ഓർത്തത്. ഇനി ഇതു കൊണ്ട് നടക്കേണ്ട. തൊഴുത്തിനുള്ളിൽ പലവിധ സാധനങ്ങൾ കുത്തിനിറച്ചു കിടന്നിരുന്നു. അതിനിടയിലേക്കിടാനായി ഒന്നൂടെ ലൈറ്റർ കത്തിച്ചു. മൂന്നുവർഷം മുമ്പ് താൻ കൊണ്ടു വച്ച കല്ലുകൾ, അതിനു മുകളിൽ രണ്ടു പലകകൾ. അതിനും മുകളിൽ ആ പഴയ സിമന്റ് ചാക്കില്ല, പകരം ഒരു പെട്ടി... പെരുന്തച്ചന്റെ പെട്ടി.

 

വശങ്ങൾ കുറെയെല്ലാം ചിതൽ തിന്നതിന്റെ പാടുകൾ. അതു കൊണ്ടാകാം ആരോ ഇതിനു മുകളിൽ വെച്ചത്. ആവേശത്തോടെ തുറന്നു. പഴയ പ്ലേറ്റുകളും ചില ചില്ലു പാത്രങ്ങളും. വീണ്ടും ലൈറ്റർ കെടുത്തി. എല്ലാം പുറത്തെടുത്തു. താഴെയുള്ള ചിത്രപ്പിടികളിൽ ചുറ്റിക കൊണ്ട് മുട്ടി... വെളിച്ചമില്ലാതെ തന്നെ ചെയ്തു.. നീങ്ങുന്നുണ്ട് ... അടിപ്പലക പുറത്തേക്കെടുത്തു. ലൈറ്റർ പെട്ടിക്കകത്തേക്ക് താഴ്ത്തിപ്പിടിച്ച് കത്തിച്ചു. നോട്ടുകെട്ടുകൾ.. പണ്ടു കണ്ടതിലും ഒരുപാട് ഒരുപാട് കൂടുതൽ. എല്ലാം വാരി ബാഗിൽ നിറച്ചു. പെട്ടി പഴയതുപോലെ അടച്ചു. കുടയും നിവർത്തി പുറത്തേക്കിറങ്ങി. നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ.

 

എല്ലാം ഒരു നിമിത്തമാണ്. പണ്ടു താൻ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഈ പണം ആർക്കും ഉപകരിക്കാതെ പോകുമായിരുന്നില്ലേ. മഴവെള്ളം തട്ടാതെ താൻ വെച്ച കല്ലുകൾക്ക് മുകളിൽ തന്നെ അതു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എല്ലാം ഒരു നിയോഗം പോലെ. ഈ പണം തനിക്കു മാത്രമുള്ളതല്ല. ദേവസ്യയുടെ ആഗ്രഹം പോലെ പലരേയും സഹായിക്കണം.

 

ബസ് സ്റ്റോപ്പ് എത്തിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു. ഹൈവേയിൽ വന്നിറങ്ങിയിട്ട് രാത്രി മുഴുവൻ KSRTC ബസ് മാറിക്കയറി സമയം കളഞ്ഞു. വീട്ടിലേക്കെത്തുമ്പോൾ 7.30 ആയിരുന്നു. മകളും മരുമകനും തലേ ദിവസം വൈകിട്ട് എത്തിയിരുന്നു. സെപ്തംബർ 23 ന് കുറച്ചു പൈസ കിട്ടാനുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നത് അവർ മറന്നിട്ടില്ല. അകത്തു കയറി ബാഗ് അലമാരയിൽ വെച്ചു പൂട്ടി. കുളിയും ചായ കുടിയും കഴിഞ്ഞ് ഒരു പഴയ ഷർട്ടും എടുത്തിട്ട് വാതിൽക്കൽ നിന്ന് ചോദിച്ചു.

 

‘‘ ഓട്ടോറിക്ഷക്കുള്ള ആദ്യ ഗഡു എന്നാ അടക്കേണ്ടത്’’

‘‘എന്നു വേണമെങ്കിലും ’’

‘‘ എന്നാൽ നാളെ അടച്ചോ.. ഇന്നെന്തായാലും ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ചിട്ട് പോയാൽ മതി’’

 

എല്ലാ മുഖങ്ങളിലും പുഞ്ചിരി വിടർന്നു. ആ കറുത്തു കുറുകിയ മനുഷ്യൻ ഒരു സഞ്ചിയും കുടയുമായി പുറത്തേക്ക് നടന്നു. ഇനിയും ഒരുപാട് മുഖങ്ങളെ പുഞ്ചിരിപ്പിക്കാനായി.

 

English Summary : payiliyude Aadhya Crime Story By Premci

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com