ADVERTISEMENT

സതീശന്റെ സുകൃതജപം (കഥ)

കുടിയില്ല, വലിയില്ല, പെണ്ണുപിടുത്തമില്ല. പിന്നെ എന്താ സതീശന് ഒരു കുറവ് ?  വല്യ കുറവൊന്നും പറയാനില്ലെങ്കിലും നാഴികക്ക് നാൽപതുവട്ടം ‘‘എന്റെ ജോലിഉള്ളതുകൊണ്ടാ  നീയും പിള്ളേരും ജീവിച്ചുപോകുന്നത് എന്ന്  പറയും’’ അതിലെന്താ ഒരു തെറ്റ്? നേരെ നോക്കിയാൽ തെറ്റൊന്നും  കാണാനില്ലെങ്കിലും  ആ ഒരു പുരുഷ അഹംഭാവം ഒട്ടും ശരിയല്ലെന്ന് ഫെമിനിസ്റ്റ് അല്ലെങ്കിലും പെമ്പ്രന്നോത്തി പ്രമീള പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. 

 

 

എന്നാലും ചോറ് വെട്ടിവിഴുങ്ങുമ്പോഴും കടയിൽ സാധനങ്ങൾ വാങ്ങാൻ  പോകുമ്പോഴും വെറുതെ പണിയില്ലാതെ ഇരിക്കുമ്പോഴും ‘‘എന്റെ ജോലിഉള്ളതുകൊണ്ടാ  നീയും പിള്ളേരും ജീവിച്ചുപോകുന്നത്’’ എന്ന സുകൃതജപം പല വട്ടം ഉരുക്കഴിച്ചുകൊണ്ടിരുന്നു. പലതരം മാനസിക അസുഖമുള്ളവരെക്കുറിച്ച് വാരികയിൽ എപ്പോഴും  വായിച്ചിട്ടുണ്ടെങ്കിലും ഈ തരത്തിൽ സുകൃതജപം ഉരുക്കഴിക്കുന്നവരെക്കുറിച്ച്   പ്രമീള ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല. 

 

 

കൂട്ടുകാരി ശാരിയുടെ ഭർത്താവിനും ഈ അസുഖമുണ്ടോയെന്നു ചോദിക്കണമെന്ന് പലവട്ടം വിചാരിച്ചെ ങ്കിലും  ‘‘ഏയ് എന്റെ ഭർത്താവു ആള് ഡീസന്റാ’’ എന്ന ഉത്തരമെങ്ങാൻ കിട്ടിയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നുവിചാരിച്ച് പ്രമീള ചോദ്യത്തെ ഉള്ളിലൊതുക്കി. പരിചയക്കാർക്ക് ആർക്കെങ്കിലും ഇതേ അസുഖമുണ്ടോയെന്നറിയാൻ പ്രമീള പല ക്വിസുകളും  സാധാ കുശലനേഷണത്തിനിടക്ക് നടത്തിയെങ്കിലും, അതെല്ലാം പാതിവഴിയിൽ അലസിപ്പോയി. സതീശേട്ടന്റെ അസുഖമാണോ അല്ലെങ്കിലിൽ വെറും അഹങ്കാരം മാത്രമാണോ എന്ന ചിന്ത പ്രമീളയെ കടുത്ത മനസിക സംഘർഷത്തിലാഴ്ത്തി. എല്ലാ ആണുങ്ങൾക്കും ഈ അസുഖമുണ്ടോയെന്ന സംശയവും പ്രമീളയിൽ ശക്തമായിട്ടുണ്ട്. 

 

 

അയൽവക്കത്തെ ജോസപ്പേട്ടന് പ്രതേകിച്ചു ജോലിയൊന്നുമില്ല. ജോസപ്പേട്ടന്റെ ഭാര്യയ്ക്ക് ഗവണ്മെന്റ് ഗുമസ്തപ്പണിയുണ്ട്. ഭാര്യയെ ആശ്രയിച്ചാണ് ജോസപ്പേട്ടന്റെ സാമ്പത്തിക നിലനിൽപ്പെങ്കിലും അധികാര ത്തിന്റെ കടിഞ്ഞാൺ ഒരിക്കൽപോലും വിട്ടുകൊടുക്കില്ല. അങ്ങനെയൊരവസ്ഥയിൽ ജോസപ്പേട്ടന്റെ സുകൃതജപം എന്താണാവോ എന്ന ചിന്ത പ്രമീളക്ക് ഒരു പ്രഹേളികയായിരുന്നു (സുകൃതജപം  ഉണ്ടെന്നുള്ള കാര്യം ജോസപ്പേട്ടന്റെ ഭാര്യയുടെ നിത്യരോഗം വിളിച്ചുപറഞ്ഞിരുന്നു).

 

ഒരു ദിവസം എത്ര പ്രാവശ്യം ‘‘എന്റെ ജോലിഉള്ളതുകൊണ്ടാ നീയും പിള്ളേരും ജീവിച്ചുപോകുന്നത്’’ എന്ന ഔദ്യോഗിക പ്രസ്താവന നടത്തുന്നുണ്ടെന്ന  കണക്കെടുപ്പ് പ്രമീള സതീശനറിയാതെ നടത്തുവാൻ തീരുമാനിച്ചു. ഇതിനെകുറിച്ചാലോചിച്ചിരുന്നപ്പോഴാണ് ടിവിയിൽ ഓരോ ദിവസത്തേയും കൊറോണ കണക്കിന്റെ ഗ്രാഫ് കാണിച്ചത് ശ്രദ്ധയിൽപെട്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, സതീശന്റെ സുകൃതജപത്തിന്റെ ഗ്രാഫ് ഉണ്ടാക്കാൻ ഉറപ്പിച്ചു. കടലാസും പെൻസിലുമെടുത്തു കാര്യസാധ്യത്തിനിരുന്നപ്പോഴേ  ആദ്യ സുകൃതജപം വന്നു.

 

 

പക്ഷേ കുറച്ചൊരു ജനിതക പരിഷ്കരണം കൂടി അതിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്നു. ‘‘ പഠിപ്പിക്കാൻ വിട്ട സമയത്തു പഠിച്ചില്ല എന്നിട്ടിപ്പോൾ കടലാസും പെൻസിലുമായിട്ടിറങ്ങിയിരിക്കുന്നു’’ ഈ പ്രസ്താവന ജനിതകമാറ്റം വന്ന കോറോണേയെപോലെയാണോ എന്ന ചിന്ത പ്രമീളയ്ക്കുണ്ടാകാതിരുന്നില്ല. എന്തൊക്കെ യായാലും ഗ്രാഫ് ഉണ്ടാക്കുന്ന പണി തുടരാൻ പ്രമീള തീരുമാനിച്ചു. രണ്ടാംദിവസം സതീശന്റെ ഒരോ വാചകങ്ങൾക്കും പ്രമീള കാതോർത്തു. പക്ഷെ സുകൃതജപം മാത്രം വരുന്നില്ല. 

 

കൊറോണ ബാധിച്ച് ഉത്പന്നങ്ങൾ കെട്ടികിടക്കുന്നതിനാൽ   കമ്പനി ആളുകളെ പിരിച്ചു വിടുന്നുവെന്ന കാര്യം പലരേയും  ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ട്. പിന്നീടങ്ങോട്ട്  മിണ്ടാട്ടം മുട്ടിയ ദിവസങ്ങളാ യിരുന്നു. സുകൃതജപം പറയാൻ പറ്റാത്തവണ്ണം സതീശന്റെ ഉദ്യോഗത്തിന്റെ കഴുത്തിൽ കൊറോണ പിടിമുറുക്കിയിരിക്കുന്നു എന്ന കാര്യം വൈകിയവേളയിലാണെങ്കിലും പ്രമീള തിരിച്ചറിഞ്ഞു.

 

 

പിന്നീടുള്ള ദിവസങ്ങളിൽ മാനസിക ക്ലേശംമൂലം നന്നായി വിനയാന്വിതനായ  ഭർത്താവിന്റെ;   അഹങ്കാര ത്തിനും, സുകൃതജപങ്ങൾക്കും വിഘ്‌നം വരുത്തിയ കൊറോണയെ മനസ്സറിഞ്ഞു സ്തുതിക്കുവാൻ  പ്രമീള  പ്രസന്നവതിയായി സമയംകണ്ടെത്തിക്കൊണ്ടിരുന്നു. പക്ഷേ കുറച്ചുദിവസങ്ങൾകഴിഞ്ഞപ്പോഴേക്കും വേനൽമഴക്കു മുൻപുള്ള മിന്നലുകൾ സാധാരണയെക്കാൾ ശക്തിപ്പെട്ടു തീ നിറത്തിൽ തലങ്ങും, വിലങ്ങും മാനത്തു  തീച്ചൂളകൾ തീർക്കുവാൻതുടങ്ങി . 

 

English Summary : Satheeshante Sukrutha Japam Story By Suma Sunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com