ADVERTISEMENT

തുന്നിയ ചെരുപ്പ് (കഥ)

സുഗന്ധഗിരി മലകൾ പഴമയുടെ പ്രൗഢിയും ഹൃദ്യമായ ഗന്ധവും വന്ദനയുടെ മനസ്സിലേക്ക് വർഷങ്ങൾക്കു ശേഷം വീണ്ടും നിറച്ചു. നഷ്ടപ്പെട്ട പ്രതാപത്തെക്കുറിച്ച് മൗനം സംസാരിക്കുന്ന ആ ഏലം സംസ്ക്കരണ ഫാക്ടറി അവൾ വെറുതെ ചുറ്റിനടന്നു.

 

‘‘ ഇനിയങ്ങോട്ടു വണ്ടി പോവില്ല. ഒരു നല്ല ഞായറാഴ്ച്ച ഇങ്ങനെ കളഞ്ഞപ്പോൾ തൃപ്തിയായല്ലോ അമ്മയ്ക്ക്. നല്ല പോലെയുറങ്ങാൻ പോലും പറ്റാതെ’’

 

മകന്റെ മുറുമുറുപ്പ്കേൾക്കാൻ നിൽക്കാതെ ഇടുങ്ങിയ പാതയിലൂടെ മലയുടെ മുകൾത്തട്ടിലെ അമ്പലത്തി നോടു ചേർന്ന ചെറിയ കൂര ലക്ഷ്യമാക്കി വന്ദന നടന്നു. കൊല്ലങ്ങൾ പത്തു കടന്നു പോയെങ്കിലും അന്നു കൊണ്ട അട്ടയുടെ കടിയോർത്ത് അവൾ കാലുകൾ ഷൂവിൽ ഭദ്രമാക്കിയിരുന്നു.

 

 

ഓലയും ഷീറ്റും മറച്ച ആ കൊച്ചു കൂര ചെറിയ വ്യത്യാസങ്ങളോടെ നിന്നു. പെട്ടെന്ന് അവൻ അവിടേക്കു വന്നു. കയ്യിലെ പണിയായുധങ്ങളും കാട്ടുചേമ്പും തേനും ഇറയത്തു വച്ച് അവൻ വന്ദനയെ ചോദ്യഭാവത്തിൽ നോക്കി. വന്ദനയുടെ നോട്ടം മുഴുവൻ അവന്റെ ശൂന്യമായ കാലുകളിലായിരുന്നു.

 

 

ഓർമകളിൽ വിഷാദഭരിതമായ അവന്റെ മുഖവും തുന്നിക്കൂട്ടി ചേർത്ത അവന്റെ ചെരുപ്പും എന്റെ നോട്ടത്തിൽ നിന്ന് അതിനെ ഒളിപ്പിക്കാനുള്ള അവന്റെ ശ്രമവും നിറഞ്ഞു. Nടട ക്യാംപിനോടനുബന്ധിച്ചുള്ള  ആദിവാസി കോളനി സന്ദർശനത്തിനു ശേഷം ഇപ്പോൾ മാത്രമാണ് തനിക്കിങ്ങോട്ട്........ വന്ദനയ്ക്കു ലജ്ജ തോന്നി.

 

‘‘ഇരിക്കൂ’’

 

അവൻ പറഞ്ഞത് പിന്നിലായെത്തിയ മകൻ കിഷനോടുകൂടിയാണ്. കാലിൽ പിടികൂടിയ അട്ടകളെ പറിച്ചു മാറ്റാനാവാതെ ദേഷ്യത്തോടുകൂടി നോക്കുന്ന കിഷന്റെ കാലിലെ അട്ടകളെ ശ്രദ്ധയോടെ അവൻ എടുത്തു മാറ്റുന്ന നേരത്താണ് അവൾ ആ ബാഗ് അവനു നേരെ നീട്ടിയത്. അതു നിറയെ പലപ്പോഴായി അവൾ വാങ്ങിവച്ച ഒരു 15 വയസ്സുകാരനു പറ്റിയ ചെരുപ്പുകളായിരുന്നു.

 

 

‘‘ ഓ, ചെരുപ്പോ, അതൊന്നും വേണ്ട ചേച്ചി. അതിനോടൊക്കെ വെറിയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊന്നും... കഴിഞ്ഞ വർഷം അച്ഛൻ പോയി. അന്നുതൊട്ട് അമ്മ കിടപ്പിലായി. എന്റെ താഴെയുള്ളവരുണ്ട്. മറ്റൊന്നുമില്ലേ, ബിസ്ക്കറ്റോ..., മറ്റോ...?

 

പെട്ടെന്നാണ് അവന്റെ പിന്നിൽ അതേ ഛായയിൽ മൂന്നാലു തളർന്ന കണ്ണുകൾ അവൾ കണ്ടത്. നിന്ന നിൽപ്പിൽ വന്ദനയും മകനും പരസ്പരം അവരുടെ ഇല്ലായ്മയുടെ അന്തരം തീർത്ത സമുദ്രങ്ങളിൽ ഇല്ലാതായി.

 

English Summary : Thunniya Cheruppu Short Story By Indu Sudeesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com