അമ്മയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ പരാതികളുടെ ചെറു കൂമ്പാരമാണ് ഓർമ വരിക; യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ കണ്ണുകൾ...

കൊറോണക്കാലത്തെ വീട് (കഥ)
SHARE

കൊറോണക്കാലത്തെ വീട് (കഥ)

ഷവറിനു കീഴിൽ വെള്ളത്തുള്ളികൾക്കു ശരീരം വിട്ടുകൊടുക്കുമ്പോൾ മനസ്സ് മുഴുവനും ഇനിയുള്ള ദിവസങ്ങളെക്കുറിച്ചായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ  ഭയം ഒട്ടും തീണ്ടുന്നേയില്ല. പക്ഷേ ചിന്തകളെ ഇഴ കീറി പരിശോധിക്കുന്തോറും  മുമ്പെങ്ങുമില്ലാത്ത വിധമാണ്   ഭാരം.  കുട്ടിക്കാലത്തെ  ആ പഴയ  അഞ്ചു വയസുകാരനെ ബാധിച്ച വിക്കലുകൾ  ഇപ്പോഴും അരൂപിയായി  വേട്ടയാടുന്നുണ്ടോ? അന്ന് വാക്കുകൾക്കായിരുന്നെങ്കിൽ ഇന്ന് ചിന്തകളിലാണ്  മന്ദിപ്പ്  പരുങ്ങി ഒളിക്കുന്നത്.  നാരങ്ങ മണമുള്ള സോപ്പ് കൊണ്ട് കുമിളകൾ ഉണ്ടാക്കി വായുവിൽ  പറത്തി കളിക്കവെ അയാൾ ഓർത്തു. 

കുളിമുറിയിൽ നിന്നും പുറത്തേക്കു വരുന്നതിനിടെയാണ്‌ അയാൾ കർട്ടൻ വീണ്ടും ശ്രദ്ധിച്ചത്.  ജനൽ കമ്പികളുടെ ഇടുപ്പിലേക്കു ആരോ കർട്ടൻ കോതി വച്ചതിനാലാൽ പുറത്ത് മുറ്റി നിറഞ്ഞ നിലാവിന്റെ നേർത്ത ഇതളുകൾ പാതി  തുറന്നിട്ട ജനാലയിലൂടെ മുറിയിലേക്ക് എത്തുന്നുണ്ടായിരുന്നു. താൻ ഉറങ്ങുന്നതിനു മുൻപ് മുറിയിലേക്ക് അമ്മ വന്നിരിക്കാമെന്നു  അയാൾ ഊഹിച്ചു. ജനൽ കട്ടിളകൾക്കു മീതെ നന്നേ ഉയരത്തിൽ സ്ഥാപിച്ച കർട്ടൻ ഇനി എന്ന് മാറ്റി തൂക്കിയിടാനാണ്. ഇന്ന് പോയാൽ ഇനി ഒരു മടക്കം എന്നാണെന്നു പോലും  അറിയില്ല. അഥവാ അങ്ങനൊന്ന് ഇനി സംഭവിച്ചില്ലെങ്കിൽ....

മുറിഞ്ഞ  വാചകം എന്തോ പൂർത്തിയാകാൻ അയാളുടെ മനസ് സമ്മതിച്ചില്ല. നരച്ചു പിന്നിത്തുടങ്ങിയ കർട്ടൻ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നത് അമ്മയുടെ ദീർഘ കാല ആവശ്യം ആയിരുന്നു. അല്ലേലും വർഷങ്ങളുടെ പഴക്കമുള്ള  പഴയ കർട്ടൻ മുഴുവനും ഓർമകളുടെ ചെറു  കനലുകളാണ്. ചെറിയ ഇതളുകളുള്ള വയലറ്റ് പൂക്കൾ അങ്ങിങ്ങായി ചിതറി കിടക്കുന്ന ആ പഴയ കർട്ടൻ... അതിന്റെ ഭംഗി.. ഓർക്കുമ്പോൾ ഹൃദയത്തിനെന്തോ ചെറു ഭാരം വന്നടിച്ചതു പോലെ അയാൾക്കു തോന്നി.  അല്ലെങ്കിലും പകൽ തോന്നാത്ത സങ്കടപ്പരലുകൾ ആണ് രാത്രിയുടെ കട്ടക്കറുപ്പ് കോരി ഒഴിക്കുന്നത്. ഓർമകളുടെ ഉളി കൊണ്ടു ഒരു ശിൽപം തന്നെയാണ് രാത്രി ചെത്തി ഒരുക്കുന്നത്. 

ചിന്തകൾ മനസിനെ  തൊട്ടു തൊട്ടു പോകുമ്പോഴും   പ്ലേ ലിസ്റ്റിൽ  ഒഴുകുന്ന യോഷിക്കോ യമുഗിച്ചിയു ടെയും സ്റ്റെഫാനി സണിന്റെയും പാട്ടുകൾ വന്നും പോയും കൊണ്ടിരുന്നു. തനിക്കു ഇന്ന് എല്ലാക്കാര്യ ത്തിലും വല്ലാത്ത സൂക്ഷ്മത ഉണ്ടെന്നു അയാൾ അപ്പോഴാണ് ശ്രദ്ധിച്ചത്. വീണ്ടും അയാളുടെ ചിന്തകൾ ചുറ്റി പ്പറ്റി  അമ്മയിലേക്ക് തന്നെ ചെന്നടിഞ്ഞു.  അമ്മയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ പരാതികളുടെ ചെറു കൂമ്പാരമാണ് ഓർമ വരിക. കാലത്ത് കിച്ചൺ വൃത്തിയാക്കാൻ വരുന്ന ആഫ്രിക്കക്കാരി ചിനുബേക്ക് വൃത്തി പോരാ, ബാൽക്കണിയിൽ അപ്പടി ബുൾ ബുൾ കാഷ്ഠമാണ്. നാറിയിട്ടു അങ്ങോട്ടേക്ക് ഒരാൾക്കും പോകാൻ വയ്യ,  തൂക്കിയിട്ട ചെടിച്ചട്ടികൾ ചിലതൊക്കെ പൊട്ടി,  ചിലത്  മാറ്റാനുള്ള സമയം അതിക്രമിച്ചു. പുസ്തകങ്ങൾ എല്ലാം വാരി വലിച്ചു നിലത്തിട്ടിരിക്കയാണ്,   ചുമര് നിറച്ചും കുട്ടികളുടെ കലാ  ഗോഷ്ടികൾ കൊണ്ടു  വൃത്തികേടാക്കിയിരിക്കയാണ്‌,  കർട്ടൻ തൂക്കിയത് നന്നേ ഉയരത്തിലാണ്,  അത് മാറ്റി സ്ഥാപിക്കണം. 

അടുത്ത വീട്ടിലെ    മാറ്റിച്ചോ ബെനുവിന്റെ  മകന്റെ ഭാര്യാ  സഹോദരൻ രണ്ടാമതും കെട്ടി. കുട്ടികൾ ഇപ്പോ തന്നെ തീരെ അനുസരിക്കാറില്ല തുടങ്ങി പരാതികളുടെ പൊതിക്കെട്ട് അഴിക്കുമ്പോഴേക്കും അയാൾ കിടക്കയിലേക്ക് വീണു കഴിഞ്ഞിട്ടുണ്ടാവും. അല്ലേലും ഒരായുസ്സ് മുഴുവനും തനിക്കായി നീക്കി വച്ച അമ്മയോട് എന്ത് തർക്കിക്കാനാണ്. അയാൾ ഞൊടിയിടെ ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റി. 

കുട്ടികളെക്കുറിച്ച് ഓർക്കുമ്പോഴാണ്  വേദനകൾ  പൊടിയുന്നത്. ‘‘നോക്ക് ഡാഡി,  ദേ നമ്മുടെ വീട്ടിൽ ഒരു കിളി കുറേയായി വട്ടം കറങ്ങുന്നു. തലയിൽ രണ്ടു കൊമ്പുള്ള പക്ഷി നമ്മുടെ വീട്ടിൽ കൂടു കൂട്ടി വട്ടം ചുറ്റുന്നു. അതുങ്ങൾക്കു കുട്ട്യോളും  ഉണ്ട്’’. ‘‘പകലന്തിയോളം തുറന്നിട്ട ജനാലകൾ നമ്മുടെ വീട്ടിൽ മാത്രം ഉള്ളത് കൊണ്ടായിരിക്കാം’’  ഞാൻ മകനോട്  പറഞ്ഞു. അഞ്ചു വയസ്സുകാരൻ  യുവാന്റെ   സംശയങ്ങൾക്കു പരിധികൾ ഇല്ല. അമ്മ അത്താഴത്തിനു  മീൻ നന്നാക്കുമ്പോൾ അവനു മീനിന്റെ  അച്ഛനെയും മുത്തശ്ശിയേയും കുറിച്ച് അറിയണം.

ലിവിങ് റൂമിൽ വച്ചിരുന്ന നിയോൻ ടെട്രെ  ഫിഷിന്റെ അച്ഛനെക്കുറിച്ച് അറിയണം. ചിനുബേയുടെ ചുരുളൻ മുടിയിൽ കടലാസ് കഷ്ണങ്ങൾ ഇട്ടു  കളിക്കണം. പൂമ്പാറ്റയുടെ ചിറകുകൾ നുള്ളണം,  ചേച്ചിയുമായി വഴക്കു കൂടുമ്പോൾ അവളുടെ നീണ്ട  മുടി വലിച്ചു അടുക്കളയിൽ മുത്തശ്ശിയുടെ പിന്നിൽ ഒളിക്കണം.  മൂന്ന് നാലു ദിവസങ്ങൾക്കു  മുൻപ് അവൻ കാലിലും കയ്യിലും  തേച്ച മജന്ത നിറത്തിലുള്ള നെയിൽ പോളിഷ് അപ്പോഴും മാഞ്ഞില്ല എന്നത് കാലിലേക്ക് നോക്കി  അയാൾ ഉറപ്പു വരുത്തി. കണ്ണുകൾ ഇറുക്കി പൊട്ടിച്ചിരിക്കുമ്പോൾ അവന്റെ ചുവന്നു തുടുത്ത കവിളിലെ നുണക്കുഴി കാണേണ്ടതാണ്.  യുവാനേക്കാൾ  മൂന്ന്   വയസ്  മൂപ്പുള്ള   സിയോഫന്  സംഗീതമാണ് ഹരം,  അവളുടെ അമ്മയെ പോലെ. അതിനെ പറ്റി ചിന്തിച്ചപ്പോൾ അയാളുടെ ഉള്ളൊന്നു ആളി. പിന്നെ ചുവരിലെ ചിത്ര പണികൾ, പിയാനോ. അവളുടെ ഇഷ്ടങ്ങൾക്ക് പരിധികൾ ഇല്ല. മക്കളെക്കുറിച്ച് ആലോചിച്ചപ്പോൾ അയാളുടെ മനസ്സിൽ ഒരിളം വെയിൽ പൊട്ടിത്തൂവി പടർന്നു. 

ഇന്ന് ഡ്യൂട്ടിക്കു പോയിക്കഴിഞ്ഞാൽ വീണ്ടും തിരിച്ചു വുഹാനിൽ നിന്നും  വീട്ടിലേക്ക്  തിരിച്ചെത്തുമോ എന്ന് നിശ്ചയമില്ല. അത്രത്തോളം ഭീതികരമാണ് വരുന്ന വാർത്തകൾ മിക്കതും. ഏറെക്കുറെ വാർത്തകളുടെ ഗൗരവം  അമ്മയ്ക്കും മനസിലായിട്ടുണ്ടെന്നു തോന്നുന്നു. ചിനുബേ അമ്മക്ക് കാര്യത്തിന്റെ ഗൗരവം മനസിലാക്കി കൊടുത്തിരിക്കണം. ചടപട ചൈനീസ് സംസാരിക്കുന്ന ആ ചുരുള മുടിക്കാരി ഭാഷയുടെ പേരിൽ  തന്നെ  പലപ്പോഴും  അമ്പരപ്പെടുത്തിയിട്ടുണ്ടെന്ന്   ചൂട് ചായ കപ്പിലൊഴിച്ചു മൊത്തുന്നതിനിടയിൽ അയാൾ ഓർത്തു.  

പാതി രാത്രിയിലെ ചായ കുടി ശീലം അത് ഇടയ്ക്കുള്ളതാണ്. ഡ്യൂട്ടി  കഴിഞ്ഞു വീട്ടിൽ എത്തി ഉറക്കം വരാതിരിക്കുമ്പോൾ ഏതെങ്കിലും പുസ്‌തകച്ചോട്ടിലോ പെയിന്റിംഗ് ബ്രഷിനു കീഴിലോ ഇരിക്കുമ്പോൾ ഇഞ്ചിയും ഏലക്കയും  ഇട്ടു തിളപ്പിച്ചെടുത്ത ചൂട് കട്ടൻ അയാൾക്കു രാത്രിക്കു കൂട്ടാണ്. എയ്ലീൻ ലാങ്ങിന്റെ ‘ലവ് ഇൻ എ ഫാലൻ സിറ്റി’ ഇത് വരെയും വായിച്ചു തീർന്നിട്ടില്ല.  മാർക്യുസിന്റെ ‘ഓട്ടം ഓഫ് ദി പാർലിമെന്റ്’ ‘മീറ്റിംഗ് ഇൻ ഓഗസ്റ്റ്’ എന്നിവ ഷെൽഫിൽ ഭംഗിയിലിരുന്നു അയാളെ നോക്കി കോക്രി കാട്ടി ചിരിച്ചു.  ഈയടുത്താണ് മാർക്വിസ് ആരാധന പൂർണതയിൽ എത്തിയത്.  ‘കോളറക്കാലത്തെ പ്രണയം’ വായിച്ചെങ്കിലും ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ വായിക്കാൻ വൈകിയതിൽ അയാൾക്കു നിരാശ തോന്നി. 

വാച്ചിലെ സമയം അപ്പോൾ മൂന്ന്  ആയിരുന്നു.  ഹ്യൂബയിൽ  നിന്നും ഏകദേശം 250 കിലോമീറ്റർ ദൂരത്തുള്ള വുഹാനിലാണ്  താൻ ഉൾപ്പടെയുള്ള  മൂന്നംഗ സംഘം ഇന്ന് യാത്ര തിരിക്കുന്നത്.  അത്രത്തോളം വഷളാണ് കാര്യങ്ങൾ.  മുൻ ദിവസങ്ങളെ പോലെ അല്ല ജനങ്ങൾക്ക്   മഹാരോഗത്തിന്റെ കെടുതി നന്നേ  ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.  തെരുവുകളും മാർക്കറ്റുകളും ഇപ്പോൾ   ശൂന്യമാണ്. പരേത്മാക്കളുടെ ശാപം ആണെന്ന്  മുതിർന്നവർ കുശു കുശുക്കുന്നു. ചിലർ ലോകാവസാനമെന്നും.

പരേതരുടെ ആത്മാക്കലെ അനുസ്മരിക്കുന്ന   ‘‘കിങ് മിങ്’’ ദിനങ്ങൾ ആചാരിക്കുന്നതിനോട് ഇന്ന് മിക്ക യുവാക്കൾക്കും  പുച്ഛമാണെന്ന്  അയാൾ ഓർത്തു.  മാർക്കറ്റിൽ മീൻ നിരത്തിയത് പോലെ  അടുക്കി  കൂട്ടിയ ശവ ശരീരങ്ങളുടെ  വാർത്തകൾ  കേട്ട മാത്രയിൽ ഞെട്ടിത്തരിച്ചതാണ് പലരും. ഇപ്പോൾ മിക്കവരും  പകൽ കിളിവാതിലുകൾ മാത്രമേ തുറന്നിടാറുള്ളു. അതും നന്നേ ശങ്കിച്ചാണ്.  ചൈനക്കാരുടെ ഇഷ്ട വിഭവമായ ഹോട്ട്  നൂഡിൽസ് പലരുടെയും തീൻ മേശയിൽ എത്തിയിട്ട് ദിവസങ്ങളായി എന്ന സത്യത്തിലേക്കും  മനസ് അയാളെ കൊണ്ടു ചെന്നെത്തിച്ചു.

വന്നും പോയും കൊണ്ടിരിക്കുന്ന ചിന്തകളും  പേറി കുട്ടികളുടെ മുറിയിലേക്ക് പോകുന്നതിനിടെയാണ്‌ അയാൾ അടുക്കളയിൽ വെട്ടം കണ്ടത്. അമ്മ...അമ്മ ഇന്ന്  ഇത്ര നേരത്തെ എഴുന്നേറ്റോ? അയാൾ അത്ഭുദം കൂറി.  ഒരു പക്ഷെ ഹോസ്പിറ്റലിൽ നിന്നു കോൾ വന്നത് അമ്മ കേട്ടുകാണും. എന്നിട്ടും  അയാൾക്ക്‌ എന്തോ അടുക്കള പരിസരത്തേക്കു പോയി അമ്മയെ അഭിമുഖീകരിക്കാൻ  വല്ലായ്മ തോന്നി. മുറിയിൽ എത്തിയപ്പോൾ കുട്ടികൾ ശാന്തരായി ഉറങ്ങുകയായിരുന്നു.  ഉറങ്ങുമ്പോൾ    യുവാന്റെ നിഷ്കളങ്കമായ  കണ്ണുകൾ പാതി തുറന്നു കിടന്നിരുന്നു. 

മത്സ്യ ദേവൻ എന്നാണ് അവനെ അമ്മയും അത് കേട്ടു  സിയോഫനും  കളിയാക്കാറുള്ളത്. യുവാനോട്  ഷെന്നോങ്  അരുവിയുടെ കഥ പറഞ്ഞതിന് ശേഷം അവിടെ  കാണാൻ കൊണ്ടു പോകാമെന്ന്  വാക്ക് കൊടുത്തതാണ്.  കട്ടിലിന്റെ സൈഡിൽ ഇരുന്നു  അവന്റെ മുടി ഇഴകൾ തഴുകവേ അയാൾ ഓർത്തു. മകളുടെ പുതപ്പു ഒന്നു കൂടെ നേർക്കു വിരിച്ചതിനു ശേഷം തൊട്ടടുത്തുള്ള മേശയിൽ കുട്ടികൾ  വാരി വലിച്ചിട്ട പുസ്‌തകങ്ങളും കളർ പെൻസിലുകളും  അടുക്കിപ്പെറുക്കി വച്ചു.   പിന്നെ അയാൾ   അമ്മയ്ക്ക്  പിറ്റേന്ന് കഴിക്കേണ്ട  ഗുളികകൾ ഡബ്ബയിൽ നിന്നും പുറത്തേക്ക്  എടുത്തു വച്ചു . മക്കളുടെ നിഷ്കളങ്കത ഒന്നുകൂടെ നോക്കി  അവർക്കു ചുംബനം നൽകി  മുറിയിൽ  നിന്നും പുറത്ത് കടന്നു.  അപ്പോഴേക്കും പുറത്തു  കാർ ഡ്രൈവർ ഹോണടിക്കാൻ  തുടങ്ങിയിരിന്നു.  

എത്ര വേഗമാണ് സമയത്തെ ക്ലോക്ക്  കറന്നെടുത്തത്.  അമ്മയോട് യാത്ര  പറയാനായി അടുക്കളയിലേക്ക് തിരിക്കുമ്പോഴേക്കും അമ്മ തൊട്ടു  മുന്നിലുണ്ടായിരുന്നു.  ചുളിവുകൾ വീണിട്ടും ഭംഗി ചോരാത്ത കൈയിൽ ചൂട് ‘‘ഡിം സം’’ ഉണ്ടായിരുന്നു. അതിനായിരിക്കും അമ്മ ഓടിച്ചാടി നേരത്തെ  അടുക്കളയിൽ എത്തിയത്. ചൂടുള്ള ‘‘ഡിം സം’’ ഒന്നു രണ്ടെണ്ണം  വായിലാക്കുമ്പോഴേക്കും ഹോണടി ഉച്ച സ്ഥായിലെത്തി. ഡ്രൈവറെ വെയ്റ്റ് ചെയ്യിക്കുന്നത് ശരിയല്ലെന്ന് തോന്നി ഡിം  സം  പ്ലേറ്റിൽ തന്നെ തിരികെ വച്ചു. 

ടവ്വൽ  കൊണ്ട് വായ  തുടക്കുമ്പോഴേക്കും അമ്മ ഒരു ബോക്സ്‌ മുന്നിലേക്ക്‌ നീട്ടി.  കഴിക്കാനുള്ളതാണെന്ന്  പറഞ്ഞു.  അല്ലേലും മക്കളുടെ മനസ് അമ്മമാർക്കേ മനസ്സിലാവൂ. ബോക്സ്‌ താഴെ വച്ചു  അമ്മയുടെ കൈകൾ   തന്റെ കൈ കുമ്പിളിൽ ഒതുക്കി അയാൾ ചുംബിച്ചു.  അമ്മയുടെ ആശീർവാദത്തോടെ  പടി കടക്കാൻ തുടങ്ങുമ്പോഴേക്കും  വാർദ്ധക്യ അവശതകളെ പാടെ മാറ്റി ഗാർഡനിലേക്ക്  ഓടിച്ചെന്ന് തനിക്കു ഏറെ ഇഷ്ടപ്പെട്ട വയലറ്റ് പൂവുകൾ   ഇറുത്ത്  കൈയിലേക്ക് വച്ചു തന്നു.  

ആ കണ്ണുകൾ പൊടിഞ്ഞിരുന്നോ? അല്ലെങ്കിലും ഹോങ്കോങ് സമരത്തിൽ  വീര മൃത്യു വരിച്ച നേതാവിന്റെ വിധവ  ഒരിക്കലും തളരില്ല. വീണ്ടും ആ കൂമ്പി അടഞ്ഞ കണ്ണുകളിലേക്ക്  നോക്കാനോ അവരുടെ  ഹൃദയമിടിപ്പിന്റെ വേഗത കണക്കു കൂട്ടാനോ അയാൾക്കു കഴിഞ്ഞില്ല.  വരുമെന്നോ വരാമെന്നോ ഇല്ലെന്നോ എന്താണ് പറയേണ്ടത്. അറിയില്ല.... തൊണ്ടക്കുഴിയിൽ വാക്കുകൾ കെട്ടിക്കിടക്കുകയാണ്. പുറത്തേക്കു ഒഴുക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. ഒടുവിൽ  മൗനത്തെ ഭേദിച്ചു  ‘‘ശ്രദ്ധിക്കണം’’  എന്ന് പറഞ്ഞത് അമ്മയായിരുന്നു.  

ആശ്ലേഷിച്ച്  തല വെട്ടിത്തിരിച്ചു കാറിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മനസിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. ഒന്നുകൂടെ അമ്മയെ തന്റെ  കണ്ണുകളിൽ ഒപ്പിയെടുത്ത് മുഖത്ത് മാസ്ക് അണിഞ്ഞു  കാറിലേക്കു അയാൾ ഇരുന്നു. അപ്പോഴും നിലാവ് ആകാശത്തു  നിന്നും പെയ്യുന്നുണ്ടായിരുന്നു. അത് നിലാവോ അതോ പരേതരുടെ ആശംസകളോ? മുറ്റത്തെ വയലറ്റ്  പൂവുകൾക്കു തന്നോട് എന്തോ പറയാനുണ്ടെന്ന് അയാൾക്ക്‌ തോന്നി. അതൊരു യാത്ര മൊഴി ആയിരുന്നോ...അറിയില്ല. 

ഡ്രൈവർ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോൾ ഡോർ വിൻഡോയിലൂടെ അയാൾ പുറത്തേക്ക് നോക്കി.  വാതിലിനോട് ചാരി ഒരു രൂപം ഇളകിയാടുന്നുണ്ടായിരുന്നു. അയാളുടെ കൈയിലുള്ള വയലറ്റ് പൂവുകൾക്കു ഒരു പ്രത്യേക തരം ചൂടുണ്ടെന്നു അയാൾ അറിഞ്ഞു.   അത് മെല്ലെ മെല്ലെ അയാളുടെ ശരീരത്തിലേക്ക് പടർന്നു കയറാൻ തുടങ്ങിയിരുന്നു.  അപ്പോഴേക്കും  തണുത്തു ആറിയ മണ്ണിനെ ഇളക്കി  മറിച്ചു  ചീറിപ്പായാൻ ഒരുങ്ങിയ കാറിനെ നോക്കി  ആകാശം ഭൂമിയുടെ ചെവിയിലേക്ക്  എന്തോ മന്ത്രിച്ചുകൊണ്ടേയിരുന്നു......... 

*കിങ് മിങ് - പരേതരുടെ ആത്മാക്കളെ  അനുസ്മരിക്കുന്ന ദിനം. പൂർവികരുടെ കല്ലറകൾ വൃത്തിയാക്കി കറൻസി നോട്ടുകൾ കത്തിക്കുന്നതാണ് ആചാരം

*ഡിം സം - ഒരു തരം  ചൈനീസ് ഫുഡ്‌

English Summary : Coronakkalathe Veedu Short Story By  Arshika Suresh 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;