ADVERTISEMENT

കൊറോണക്കാലത്തെ മൊട്ടപൊരിച്ചത് (കഥ)                                  

നാരായണൻ ചേട്ടൻ സ്ഥിരം മദ്യപാനിയാണെങ്കിലും മറ്റാരുടേയും കാശുകൊണ്ടല്ല കുടിക്കുന്നത് . കട്ടിട്ടും ഇരന്നിട്ടുമല്ല. അല്ലറ ചില്ലറ നാട്ടുപണികൾ ചെയ്തു കിട്ടുന്ന കാശ് കൊണ്ടാണ് കുടി .

 

പണ്ടൊക്കെ ഷാപ്പിൽ കയറി ചെത്ത് കള്ളും പാലക്കാടൻ വരവു കള്ളുമാണ് കുടിച്ചിരുന്നതെങ്കിൽ , കുറെക്കാലമായി ആ വഴിക്ക് പോവാറില്ല . പകരം ബിവറേജ് ഷോപ്പിലെ വരിനിന്ന് വാങ്ങുന്ന വിദേശമദ്യം അന്നന്ന് തരപ്പെടുന്ന സ്ഥലത്തും തണ്ടിക്കും പലതരക്കാർക്കുമൊപ്പമിരുന്നുമാണ് കുടി. എന്നു കരുതി നാളെയെക്കുറിച്ച് ഒരുകരുതലുമില്ലാത്തയാളാണ് നാരായണൻ ചേട്ടൻ എന്ന് കരുതരുത് .നാളെയും മറ്റന്നാളും പണിയൊന്നും ഒത്തില്ലെങ്കിലും കുടി മുടങ്ങാതിരിക്കുവാനുള്ള കരുതലൊക്കെയുള്ള ആളാണ്. അത് അരക്കുപ്പി മദ്യമായോ അതിനുള്ള പണമായോ ബാക്കി വയ്ക്കും.

 

ഒരു രൂപ പോലും വീട്ടുചിലവിന് കൊടുത്ത ചരിത്രം അദ്ദേഹത്തിനില്ല . ഇതേക്കുറിച്ച് ഏത് കോണിൽ നിന്നും ചോദ്യമുണ്ടായാലും ഒറ്റ മറുപടിയാണ് .

 

‘‘ഇരുന്ന് തിന്നാനുള്ള വകയൊക്കെ എന്റെ വീട്ടിലുണ്ട്.അത് ഞാനുണ്ടാക്കിയതുമാണ്’’

 

വിശദീകരിച്ച് ചോദിച്ചാൽ ഒരു ഡയനിങ് ടേബിളിന്റെ കാര്യം പറയും. കുറേക്കാലം മുൻപ് നാട്ടിലെ ആർട്ട്സ് ആൻഡ് സ്പോട്സ് ക്ലബ് പ്രവർത്തകർ ധനശേഖരണാർത്ഥം ‘‘ ബോംബെ മോഡൽ ലേലം നടത്തി’’ക്ലബ്ബിന്റെ അഭ്യുദയകാംഷിയായ നാട്ടിൽത്തന്നെയുള്ള ഫർണീച്ചർ കടക്കാരൻ സംഭാവന നൽകിയ ചില്ലിട്ട ഡയനിങ്ങ് ടേബിളും 4 കസേരയുമായിരുന്നു ലേലം.

 

 

വെള്ളപ്പുറത്ത് വാശികേറി കൈവശമിരുന്ന പണവും കടം മേടിച്ച പണവും ഒക്കെച്ചേർത്ത് കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന വിലയേക്കാളും  1000 രൂപയെങ്കിലും അധികം കൊടുത്താണ് ഡൈനിങ് ടേബിൾ കഥാനായ കൻ തലയിൽ താങ്ങിയത്. അന്നത്തെ നഷ്ടത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ തന്നോടന്ന് വാശി വച്ച് പണമെറിഞ്ഞ് പണവും മാനവും പോയ രണ്ട് പേരുടെ പേര് പറയും. ധനശേഖരണത്താൽ പണിതുയർത്തിയ ക്ലബ്ബിന്റെ ഓഫീസിനെക്കുറിച്ചു കൂടിപറയും. ആ വകയിൽ തനിക്കെന്തെങ്കിലും നഷ്ടമുണ്ടോ എന്ന് കൂടി ചോദിക്കും .

 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്കൂൾ കുട്ടികളായ 2 പെൺമക്കളും ഭാര്യയും പട്ടിണി കിടക്കുക യോ  വിദ്യാഭ്യാസ കാര്യങ്ങൾക്ക് തടസമുണ്ടാവുകയോ ചെയ്തിട്ടില്ല .അതിനുള്ള വകയും നാരായണൻ ചേട്ടൻ തന്നെ കണ്ടെത്തിയതാണ് . ‘‘ശോഭന ചേച്ചിയെ’’ ഭാര്യയായ ശോഭന ചേച്ചിക്ക് ആരോഗ്യമുള്ളിട ത്തോളം വീട്ടിലെ കാര്യങ്ങളും നാട്ടുമര്യാദയ്ക്കൊത്ത ജീവിതവും ചേട്ടൻ വീട്ടിലുള്ള നേരത്തൊക്കെ ടിയാന്റെ ഭക്ഷണ കാര്യവും ചേച്ചി ഉറപ്പാക്കും.

 

 

 

തൊഴിലുറപ്പും കുറച്ച് താറാവുകളും കൂട്ടിലിട്ട് വളത്തുന്ന കരിം കോഴികളും അയൽക്കൂട്ടത്തിലെ കടമെടുപ്പും തിരിച്ചടവു മൊക്കെയായി കാര്യങ്ങൾ മുടക്കമില്ലാതെ ശോഭന ചേച്ചി നോക്കും. 2 വർഷം മുൻപൊരിക്കൽ കരിംകോഴികളിലെ പൂവൻകോഴിയെ 1000 രൂപയ്ക്ക് ഒരാളെക്കൊണ്ട് വാങ്ങിപ്പിക്കാൻ ഇടനിലനിന്നതാണ് ശോഭന ചേച്ചിക്ക് അനുഭവവേദ്യമായ ചേട്ടനെക്കൊണ്ട് ആ വീട്ടിലുണ്ടായ ഏക സാമ്പത്തിക ഉപകാരം.300 ഓ ഏറിയാൽ 500 ഓ രൂപ മാത്രം വില പ്രതീക്ഷിച്ചിരുന്ന കരിങ്കോഴി വിലപേശാതെ വലിയ വില നൽകി വാങ്ങിയ 24 വയസ്സുകാരന്റെ ആവശ്യം ഇപ്പോഴും ചേച്ചിയുടെ യുക്തിക്ക് ബോധ്യമായിട്ടില്ല .

 

 

തണ്ണീർമുക്കത്തുള്ള കാമുകിയുടെ കല്ല്യാണം മുടക്കാൻ വെച്ചൂരുള്ള ദുർമന്ത്രവാദി പറഞ്ഞ് വാങ്ങിപ്പിച്ചതാണീ കരിം കോഴിയെ . കരിങ്കോഴിത്തലയ്ക്ക് പുറമെ എരുമത്തലയും വേണമെന്ന് പറഞ്ഞ് ഇറച്ചിവെട്ടുകാരെയും തിരക്കുന്നുണ്ടായിരുന്നു അന്ന് ആ കൊച്ചൻ. ഇക്കാലത്തും ഇതിനൊക്കെ ആളുണ്ടല്ലോ, എന്തായോ എന്തോ ?

 

ക്ഷണിക്കാതെ വന്ന കൊറോണ രോഗം ലോകത്തെ മൊത്തത്തിൽ വിഷമത്തിലാക്കിയതിൽ ഞാനും എന്റെ ഗ്രാമവും ഗ്രാമവാസികളും ഉൾപ്പെടാതെ വയ്യല്ലോ ? ഏറെ വിഷമിച്ചവരുടെ മുൻനിരയിൽത്തത്തെ  നമ്മുടെ നാരായണൻ ചേട്ടന്റെ പേര് വായിക്കാനാവും. ജനങ്ങളുടെ കൂട്ടം കൂടൽ ഒഴിവാക്കുവാൻ ബിവറേജസ് ഉൾപ്പടെ ബാറും കള്ളുഷാപ്പുകളും സർക്കാർ അടച്ച് പൂട്ടിയത് കുടിയന്മാരെ സംബന്ധിച്ചിടത്തോളം ശരീരവും മനസും ഒരേ പോലെ വേദനിപ്പിക്കുന്നതായിരുന്നു.

 

 

 

കരുതൽ ധനവുമായി കള്ളവാറ്റ് കിട്ടുന്ന സ്ഥലം തിരക്കിപ്പോയി കുടി തുടരണം എന്ന ആഗ്രഹമുണ്ടായിരു ന്നു എങ്കിലും അതിനുള്ള ധൈര്യവും കൂട്ട് കെട്ടും പുള്ളിക്കാരന് ഉണ്ടായിരുന്നില്ല . അങ്ങനെ ലഹരി തൊട്ടു തീണ്ടാനാവാത്ത ദിനരാത്രങ്ങളിലൂടെ കടന്നുപോകുവാൻ സാഹചര്യങ്ങൾ നാരായണൻ ചേട്ടനെ പരുവപ്പെടുത്തി. അങ്ങനെ പലരെയും. വരുമാനത്തിന്റെ കാര്യത്തിലാവട്ടെ, കൊറോണ മഹാമാരിയുടെ ആക്രമണത്തിൽ പലവമ്പന്മാരും വൻമരങ്ങളും കടപുഴകി വീണപ്പോഴും പകച്ച് നിന്നപ്പോഴും നാരായണൻ ചേട്ടന്റെ ചൊറുകുപണികൾക്കും മോശമല്ലാത്ത ദിവസ വരുമാനത്തിനും തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല.

 

 

 

പല പല വീട്ട് വളപ്പുകളിലെ ചെറിയ ചെറിയ പണികൾ മണ്ണെടുത്ത് നിരത്തലും കാടും പടലും പറിക്കലും ചവറ് ചുമന്ന് മാറ്റലും മറ്റുമായി നാരായണൻ ചേട്ടന്റെ ജോലികൾ തുടർന്ന് കൊണ്ടേയിരുന്നു. കൂലിവേല ചെയ്ത് കിട്ടുന്ന പണം അന്നന്ന് ചിലവാക്കാൻ നാരായണൻ ചേട്ടന് വഴികളൊന്നുമില്ലതാനും .

 

വീട്ട് ചിലവിനിരിക്കട്ടെ എന്ന് പറഞ്ഞ് ഭാര്യയെ ഏൽപ്പിക്കാം എന്ന് വച്ചാൽ ഇരുവർക്കും അത് ശീലമില്ല . കൊടുത്തും വാങ്ങിയും. അങ്ങനെ നാരായണൻ ചേട്ടന് ഈയിടെ കിട്ടുന്ന പണമെല്ലാം നാളേയ്ക്കുള്ള കരുതൽ ധനമായി എന്ന് വേണം കരുതാൻ. എന്നെങ്കിലും ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കുമ്പോൾമുൻ കാല പ്രാബല്യത്തോടെ മദ്യം വാങ്ങാനുള്ള കരുതൽ ധനം. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ കുറവുകളേറെയുണ്ടെ ങ്കിലും മറ്റുള്ളവരുടെ ജീവിതങ്ങളെ സൂഷ്മദർശനി കൊണ്ട് നിരീക്ഷിക്കുന്ന ഗ്രാമീണ വാസന ഏറെയുള്ള എനിക്ക് ,കൊറോണ - ലോക്ക് ഡൗൺ കാലത്ത് മറ്റുള്ളവരുടെ ജീവിതം മാറിയതെങ്ങനെയൊക്കെയെന്ന് 10 പേരോടെങ്കിലും തിരക്കി അറിയാതെ കിടന്നുറങ്ങാൻ വയ്യെന്നായി.

 

 

 

പ്രത്യേകിച്ച് ഒന്നും ചെയ്യാനാനില്ലാത്തതിനാൽ വൈകി എഴുന്നേറ്റ് ബ്രഷും പേസ്റ്റും കൊണ്ട് പല്ലുതേച്ച ശേഷം ഇന്നും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ലാത്ത നാക്കുവടിക്കായി ഈർക്കിലി ശ്രദ്ധയോടെ പിളർന്ന് കൊണ്ട് നിൽക്കുമ്പോഴാണ് വേലിക്കരികിലെ നടവഴിയിലൂടെ നാരായണൻ ചേട്ടൻ നടന്ന് എന്റെ മുന്നിൽ പെട്ടത് . കള്ളിമുണ്ടുടുത്ത് കൈയ്യിൽ ഒരു വെട്ടരിവാളുമായി . 

 

‘‘രാവിലെ തന്നെ അരിവാളുമായിട്ടെങ്ങോട്ടാ ചേട്ടാ ,പണിയുണ്ടോ?’’

 

ഉണ്ട്.

 

‘‘ആ ഒലക്ക ദിവാകരന്റെ വീട്ടിലെ മാവേക്കേറണം ഇത്തിക്കണ്ണി പറിക്കണം’’

 

‘‘അരുവാ മാത്രം പോരാതെ വരും മാവിൽ ഉറുമ്പ് കാണും. ഉറുമ്പ് പൊടി കൂടി സംഘടിപ്പിക്കണം. ഇവിടെ കാണത്തില്ലല്ലോ അല്ലേ?’’

 

 ഇല്ല. ഇവിടെ ആ വക വിഷങ്ങൾ ഒന്നും ഇല്ല’’ .

 

‘‘ഈ ദിവാകരൻ ചേട്ടനെ എന്താണെല്ലാവരും ഒലക്കേന്ന് വിളിക്കണത് ?’’

 

‘‘അങ്ങേർക്ക് ഒലക്കേടെ ബിസിനസായിരുന്നോ ?’’

 

‘‘അല്ലല്ല. അതൊന്നുമല്ല’’.

 

‘‘അയാക്ക് ചുറ്റ് തടുക്ക് നെയ്ത്താരുന്നു. ഒലക്ക എന്ന ഇരട്ടപ്പേര് അയാടച്ചൻ ഭാസ്കരൻ വാപ്പന്റതാണ്’’ ,

 

‘‘അതൊരു കഥേണ്. ഭാസ്ക്കരൻ വാപ്പന് ചെറുപ്പത്തിൽ വട്ട് വന്നു ചെറിയ ഭ്രാന്ത്. ചെറുപ്പത്തിലെന്ന് പറഞ്ഞാൽ കല്ല്യാണോക്കക്കഴിഞ്ഞിട്ടാണേ’’.

 

‘‘എന്നിട്ട് ’’?

 

‘‘എന്നിട്ടെന്നാ ഊളമ്പാറേൽ കൊണ്ടുപോയി ചികിത്സിച്ചു’’ .

 

‘‘മൂന്നാല് മാസം ചികിൽസിച്ചു നാട്ട്കാർക്ക് പോയി കാണാനോ രോഗവിവരം തിരക്കാനോ ഒക്കെപ്പറ്റുന്ന കാലമാണോ അന്ന്. ചികിത്സ കഴിഞ്ഞ് വീട്ടിൽ കൊണ്ട് വന്ന ശേഷമാണ് അയൽവക്കത്ത്കാരാരോ വീട്ടിൽ ചെന്ന് സുഖവിവരം തിരക്കിയത്’’ .

 

‘‘അസുഖോക്കെ മാറിയോ? മുഴുവൻ മാറീട്ടാണോ കൊണ്ട് വന്നത്’’? എന്നാരോ ചോദിച്ചു .

 

ഭാസ്ക്കരൻ വാപ്പന്റെ ഭാര്യ അതായത് ഈ ദിവാകരന്റെ അമ്മ കൊച്ചു കാളിമാമ്മയാണ് മറുപടി പറഞ്ഞത് .

 

‘‘പിന്നെ അസുഖം എല്ലാം മാറി , ആളകത്തുണ്ട്.’’

 

ഇപ്പോൾ ‘‘ഒലക്ക കൊണ്ട് കോണാനുടുക്കാമോ എന്ന് നോക്കിക്കൊണ്ടിരിക്കേണ്’’.

 

‘‘അന്ന് തൊടങ്ങിയ ഒലക്ക വിളിയാ. എല്ലാ മക്കളുടേയും പേരിനൊപ്പം ഒലക്ക ചേർത്ത് വിളിക്കും അവരുടെ മക്കളേം ഒലക്കേന്ന് തന്നെ വിളിക്കും നമ്മുടെ നാട്ടുകാരല്ലേ’’

 

നാരായണൻ ചേട്ടൻ പറഞ്ഞ് നിർത്തി. എങ്കിലും എനിക്ക് ചിരി നിർത്താനായില്ല .

 

ഒരു വിധം ചിരി അടക്കി എന്റെ അടുത്ത ചോദ്യമെറിഞ്ഞു.

 

‘‘കുടിയും ഒച്ചയിടലും ഒക്കെ മുടങ്ങിയല്ലോ ചേട്ടാ എങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു  ബീവറേജൊക്കെ പൂട്ടിയല്ലോ’’

 

 

‘‘ ഒന്നും പറയണ്ട കൊച്ചേ ഇപ്പോ കാശാവിശത്തിനുണ്ട് ,പക്ഷേ ഒരു തുള്ളി മദ്യം കിട്ടാനില്ല . എന്ത് പറയാനാ. കോപ്പിലെ കൊറോണ പറ്റിച്ച പണിയേ’’

 

‘‘ അതുകൊണ്ടിപ്പോൾ ചേച്ചിക്കും പിള്ളേർക്കും സന്തോഷായിരിക്കുമല്ലോ ? കൈയ്യിൽ കാശുമുണ്ടല്ലോ ? അത് ശരിയാണ് കേട്ടാ. പറയാതിരിക്കാൻ വയ്യ . പിള്ളേർക്കൊക്കെ എന്നെ ഇപ്പോൾ വലിയ ഇഷ്ടാ , പണി കഴിഞ്ഞ് കുളിച്ചിട്ട് ചെന്നാൽ എനിക്ക് കൈയ്യിൽ മറ്റേ ലോഷൻ ഒഴിച്ച് തരും’’

 

‘‘ഏത് സാനിറ്റൈസറാ’’ 

 

ആ അതൊക്കെ അവള് സംഘടിപ്പിച്ച് വച്ചിട്ടൊണ്ട്. അതു കഴിഞ്ഞാൽ രണ്ടും പിറകേന്ന് മാറിയേല. എട്ടിലാവുമ്പോൾ സൈക്കിൾമേടിച്ച് തന്നോന്ന് മൂത്തവള് ചട്ടം കെട്ടീരിക്കേണ്. രണ്ട് മാസം കഴിഞ്ഞാൽ സ്കൂള് തുറന്നാൽ എട്ടിലാണെ. മേടിച്ച് കൊടുക്കണം. അതിനൊള്ള കാശെന്റേലൊണ്ട്’’

 

‘‘ കള്ള് കുടിക്കാത്ത അച്ഛനേണിഷ്ടം’’ എന്ന് മക്കളെന്നും പറയുവാരുന്നെടാ. ഇനിക്കുടിക്കേലെന്ന് ഞാനും പറയും . പിറ്റേന്നും കുടിച്ചോണ്ടല്ലേ ചെല്ലണത്. പിള്ളേരിട ഇഷ്ടം പോലെ കൊറോണ കാരണമെങ്കിലും കുടി നിർത്തി. ഇനി ബിവറേജ് തുറന്നാലും ചെലപ്പക്കുടിച്ചില്ലെന്നിരിക്കും .

 

‘‘ ഉം നേരാണാ ഇതൊക്കെ. കണ്ടറിയണം’’

 

‘‘കുടി നിർത്തിയപ്പം ഭാര്യ ശോഭനേടെ സന്തോഷം കാണണം . ഇപ്പ ദിവസോം താറാമ്മൊട്ടപൊരിച്ചതും കൂട്ടിയാണ് ചോറ് തരുന്നത്’’ .

 

കപ്പപുഴുങ്ങലും കാച്ചില് വേവിക്കലും മൊളക് ചമ്മന്തീം വലിയരസമാണ് വീട്ടിലെക്കാര്യങ്ങൾ . എനിക്ക് ആവശ്യത്തിലേറെ പൊതുകാര്യങ്ങൾ കിട്ടിയതുകൊണ്ടും പല്ല് തേച്ചിട്ട് വായ കഴുകാത്തതു കൊണ്ടും ‘‘ശരി ചേട്ടാ താമസിക്കണ്ട പണിക്ക് നിക്കണ്ടതല്ലേ’’ എന്ന് പറഞ്ഞതോടെ ചേട്ടൻനടന്ന് തുടങ്ങി .

 

എന്തോ, കുളിക്കാനോ ഭക്ഷണം കഴിക്കാനോ ഒന്നും തോന്നിയില്ല . ഷർട്ടെടുത്തിട്ട് നാല് വീടപ്പുറത്തുള്ള നാരായണൻ ചേട്ടന്റെ വീട് ലക്ഷ്യമാക്കി നടക്കാനാണ് തോന്നിയത്. താറാമ്മുട്ട വാങ്ങാൻ .

 

100 രൂപാ നൽകി. നാടൻ താറാവിന്റെ 10 മുട്ടകൾ പൊതിഞ്ഞ് തന്ന ശോഭന ചേച്ചി പതിവിലും സുന്ദരിയും സന്തോഷവതിയു മായിരുന്നത് ഞാൻ ശ്രദ്ധിച്ചു . എന്തെങ്കിലും സംസാരിക്കുവാൻ വേണ്ടി ഒരു കുശലം ചോദിക്കണം എന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ .

 

‘‘ ഇപ്പോൾ നാരായണൻ ചേട്ടന് മുട്ട പൊരിച്ചതും കൂട്ടിയാണല്ലേ ചോറ് കൊടുക്കണത് . ചേട്ടൻ പറഞ്ഞായിരുന്നു. ദാ ഇപ്പോൾ കണ്ടതേയുള്ളൂ’’

 

‘‘ ഇപ്പോഴല്ല കുഞ്ഞേ എപ്പോഴും താറാമ്മൊട്ട തേങ്ങാ ഒതുക്കി ഉപ്പും കുരുമുളകും ഒക്കെ ചേർത്ത് പൊരിച്ചത് കൂട്ടിയേചോറ് കൊടുത്തിട്ടുള്ളൂ . എല്ലാ ദിവസോം ,അതിപ്പ തുടങ്ങിയതല്ല. കുടി നിർത്തിയേപ്പിന്നേണ് കഴിക്കണതെന്താണെന്നൊക്കെ ചേട്ടന് മനസിലായത് എന്നേയുള്ളൂ’’ എങ്ങാണ്ടൊക്കെ  കൊറോണ വന്നേപ്പിന്നെ എന്റെ കറിക്കൊക്കെ സ്വാദ് കൂടി എന്നാണദിയാൻ പറയണത് . വെള്ളം കുടി നിർത്തിയതിന്റേതാണന്നേ. കറിയൊക്കെ പഴയ പോല തന്നെ. മറ്റേതൊരു കഴിയല്ലേ മൊട്ടേം കൊട്ടേം തിരിച്ചറിയാത്ത കഴി.

 

കുഞ്ഞു പിള്ളേർ കിണ്ണത്തിലെ അരിയിൽ വിദ്യാരംഭത്തിന് ഹരിവരക്കും പോലെ കാണിച്ചിട്ട് എണീറ്റ് പോവുകയല്ലായി രുന്നോ. ഇനി കുടി തുടങ്ങാതിരുന്നാൽ മതിയായിരുന്നു. ഏതാണ്ടിത് തന്നെ ആവുമല്ലോ എല്ലാ വീട്ടമ്മമാരുടേയും പ്രാർത്ഥന എന്നാലോചിച്ചാണ് തിരികെ നടന്നത് .

 

 English Summary : Coronakkalathe Muttaporichathu Story By R.Sabeesh      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com