ADVERTISEMENT

കാലൻ കണ്ട കോടതി (പശ്ചാത്തലം: 1990) 

എന്നാലും ഇതൊക്കെ എന്ത് ഹലാക്കിലെ നിയമങ്ങളാണ്, കല്ലെറിഞ്ഞവന്മാരൊക്കെ സുരേന്ദ്രന്റെ കടയിൽ രാവിലെ ചായേൽ മുക്കി മനോരമ വിഴുങ്ങുമ്പം ഹർത്താലിന് വണ്ടീംകൊണ്ടെറങ്ങിയ സർക്കാർ ഡ്രൈവറെ ഉപദേശിച്ച ഞമ്മളെ മാത്രം മൂന്നിന്റന്ന്  കോടതീലേക്കുവിളിപ്പിച്ചേക്കുന്നു. ഹർത്താലിന് മീൻ മേടിക്കാൻ ഇറങ്ങിയതിനെ മനസില് പ്രാകിക്കൊണ്ട് കാലൻ മമ്മദിക്ക കോടതിയുടെ പടികൾ കേറി.  ആകെപ്പാടെയുള്ള പരിചയം പോലീസ് സ്റ്റേഷനിൽ ചക്കരക്കഞ്ഞി കൊണ്ടക്കൊടുക്കാൻ വരാന്തേൽ വരെ പോയിട്ടുള്ളതാ,  ആ ഞാനാണ് കോടതീടെ മുന്നേ നിക്കുന്നത്. 

 

‘എന്താ കാർന്നോരെ,  എന്നതാ കേസ്?’  കാലൻ കൊച്ചോമ്മദിക്ക തിരിഞ്ഞു നോക്കി.

 

‘ഇന്ന് രാവിലെ  വന്ന് ജഡ്‌ജിയെക്കാണാണമെന്നാ  ഇതു വായിച്ചിട്ട്  റേഷൻ കടേലെ തോമാച്ചൻ പറഞ്ഞത്. ഞമ്മളാകപ്പാടെ വർഷത്തിൽ മൂവാറ്റുപുഴയാറ് പെരേ കേറുമ്പഴേ സ്കൂളിന്റെ ചായ്പ്പിൽ കേറീട്ടുള്ളൂ,  അതുകൊണ്ട് എഴുത്തും വായനേം ഒന്നും അറിയത്തില്ല സാറേ’.  കാലൻ കൊച്ചോമ്മദിക്ക തന്റെ ജന്മനാ കിട്ടിയ മാരുതികാറ് സ്റ്റാർട്ടാക്കുന്ന കി കി  കി ക്കി ചിരിയും പാസ്സാക്കി കയ്യിലിരുന്ന കടലാസ്സു കഷ്ണം വക്കീലിന് നേരെ നീട്ടി. 

 

‘ഇതെന്തോ പിഴ അടക്കാനാണല്ലോ കാർന്നോരേ, എന്നതേലും കന്നംതിരിവുകൾ കാട്ടിവച്ചിട്ടുണ്ടോ?’. 

 

‘എന്റെ പൊന്നു സാറേ, അയലക്കറീം കൂട്ടി ചോറു തിന്നാനുള്ള പൂതികൊണ്ട് പറ്റിപ്പോയതാ സംഗതി നടന്നത് മൂന്നാല് ദിവസം മുന്നത്തെ ഹർത്താലിന്റന്നാ.  ഞമ്മക്ക് തലയോലപ്പറമ്പ് ചന്തേല്  ചന്ത ദിവസമായ ശനിയാഴ്ചേം തിങ്കളാഴ്ചേം അടയ്ക്കക്കച്ചോടമാണ് പണി,  നാട്ടിലെന്തെങ്കിലും ചെറിയ പരുപാടികളൊ ണ്ടെങ്കിൽ ദേഹണ്ണവും ഉണ്ട്. അന്ന് ഞായറാഴ്ച സുലൈമാന്റെ മോൾടെ കല്യാണത്തിന് ഞാൻ ആയിരുന്നു ദേഹണ്ണം. പത്തു മുന്നൂറാളെ കല്യാണം വിളിച്ചിട്ട് ആ പഹയൻ എന്നോട് പറഞ്ഞു 150 ആളേ ഉണ്ടാകുള്ളൂ, അയിനുള്ള അരിയിട്ടാമതീന്നു, സംഗതി രണ്ടാമത്തെ പന്തിക്ക് ഇറച്ചിക്കറി  തീർന്നു,  മൂന്നാമത്തെ പന്തിക്കു പരിപ്പും തീർന്നപ്പം എനിക്ക് കാര്യങ്ങള് പിടികിട്ടി. 

 

 

നാലാമത്തെ പന്തി തൊടങ്ങണതിനു മുന്നേ തീരാൻപോണ നെയ്‌ച്ചോറ് അച്ചാറും കൂട്ടി കഴിച്ചകൊണ്ട് കഴിച്ചിലായി. ന്തായാലും നാളെ ചന്ത ദിവസമല്ലേ, കച്ചോടം കഴിഞ്ഞ് ഇച്ചിരി അയല  മേടിച്ചു ചോറും കൂട്ടി ഇതിന്റെ ക്ഷീണം മാറ്റാന്ന് ഞമ്മൾ കരുതി.  ചന്തേൽ പോണ വഴി സുകുമാരന്റെ ചായക്കടേന്ന് ഒരു ചായ പതിവുള്ളതാ,  കൂട്ടത്തിൽ കുട്ടൻ മാഷിന്റെ ഒറക്കെലുള്ള വാർത്ത വായനേം കേൾക്കണം, എഴുതാൻ കളരിയിലെങ്കിലും  പോയിരുന്നെങ്കി ഓനെ കൂടാതെ പത്രൊങ്കിലും വായിക്കാരുന്നു. 

 

 

കുട്ടൻ മാഷൊരു കറ തീർന്ന കോൺഗ്രസ്സ്കാരനാണ്,  അതോണ്ട് ചെല വാർത്തകളൊന്നും കാണുന്നതല്ലാ ണ്ട് പുറത്തേക്കു ശബ്ദമായിട്ടു വരത്തില്ല,  ഞമ്മളൊക്കെ വോട്ട് മാറ്റി കുത്തിയാലോ. അങ്ങനെ ആ തിങ്കളാഴ്ചേം പതിവ് പോലെ സുകുമാരന്റെ ചായക്കഴായം ലക്ഷ്യമിട്ടു ചന്തേൽ എത്തിയപ്പം ദാണ്ടെ കട അടച്ചിട്ടേക്കുന്നു,  ഇന്ന് ഹർത്താലായിട്ടു കാലൻ കൊച്ചോമ്മദിക്ക എങ്ങട്ടാ ഈ ചാക്കും കൊണ്ട്,  ഇന്ന് വെളുപ്പിനെ കേരള ഹർത്താൽ ആണ്.’ 

 

‘അപ്പം കാർന്നോരുടെ പേര് മമ്മദെന്നാണ്, പേരിന്റെ മുന്നേ എങ്ങനാണ് ഈ കാലൻ വന്ന് പെട്ടത്?’  വക്കീൽ ഇടക്കിട്ടു ചോദിച്ചു.  

 

‘അതു പിന്നേ ഞമ്മടെ നാട്ടിൽ പോരേൽ ഒന്ന് വെച്ച് മമ്മദ് മാരുണ്ട്,  അതോണ്ട് നാട്ടുകാര് വിളിക്കാൻ എളുപ്പത്തിന് ഒരോ ഇനിഷ്യൽ അങ്ങ് ചേർക്കും,  ഓന്ത്‌ മമ്മദ്,  ചൂടൻ മമ്മദ് അങ്ങനെ. ഞമ്മക്ക് പാരമ്പരയായിട്ടു നല്ല പൊക്കാവാ, അതിനൊത്ത കാലും,  സാറ് കണ്ടില്ലേ,  അങ്ങനാ ഞമ്മള് നാട്ടില് കാലൻ കൊച്ചോമ്മദ് ആയത്. ‌അപ്പം ഞമ്മളാന്നു രാവിലെ ചന്തക്ക് എത്തിയപ്പളാണ് അന്ന് ഹർത്താലാണെന്നു അറിയുന്നത്. എന്തായാലും അയലക്കറിയും കൂട്ടി ചോറുണ്ണാന്ന് കരുതിയതല്ലേ, ഇച്ചിരി നേരം കാത്തിരിക്കാം,  ജാനകി വാലത്തി വൈക്കത്തുന്നു നടന്നാ വരാറ്,  അതുകൊണ്ട് ചെലപ്പം മീൻ വല്ലതും കൊണ്ടുവരുമാരിക്കും.  

 

 

ഞമ്മടെ പ്രതീക്ഷ തെറ്റിയില്ല. നല്ല പെടക്കണ അയലയുണ്ട് മമ്മദിക്ക,  ഒരു പങ്കെടുക്കട്ടെ.  എന്തായാലും ഹർത്താലല്ലേ ഇയ്യ് രണ്ടു പങ്ക് അങ്ങെടുത്തോ ജാനകി വാലത്തിയെ. അങ്ങനെ ഞമ്മള് 200 രൂപാന്റെ അയല മേടിച്ചു കഴിഞ്ഞപ്പഴാ ഓർത്തത്,  ഹർത്താൽ മറ്റേ ദേശീയ പാർട്ടിക്കാരന്റെ ആണല്ലോ,  അതിനു ഞമ്മടെ ഇവിടൊന്നും വല്യ പ്രവർത്തകരും പ്രേഷണോം ഒന്നും കാണത്തില്ല,  അതോണ്ട് ഇച്ചിരി നേരം ചാക്ക് നിവർത്തി ഇരിക്കാം കച്ചോടം വല്ലോം കിട്ടിയാലോന്ന്. ഞമ്മള് മീൻ എന്ത് ചെയ്യും എന്നു നോക്കിയിരുന്നപ്പോഴാ മമ്മൂഞ്ഞു അതുവഴി വീട്ടിലേക്കു പോകുന്നത് കണ്ടത്.  

 

 

അവൻ ഇച്ചിരി ഉഡായിപ്പും  കൊഴപ്പക്കാരനും ആണ്. എന്നാലും  മീൻ മേടിക്കാൻ പൈസ കൊടുത്തു വിടാനൊന്നും അല്ലല്ലോ സാരമില്ലാന്നു കരുതി.  ഡാ,  മമ്മൂഞ്ഞേ,  നല്ല പച്ചരി പോലത്തെ അയിലയാണ്,  നീ ഇതു പോകുന്ന വഴിക്കു ഞമ്മടെ പോരേൽ നബീസാന്റെ കയ്യിൽ കൊടുത്തിട്ടു മാങ്ങാ ഇട്ടു വറ്റിക്കാൻ പറയണം,  ഞാൻ ഉച്ചക്ക് അങ്ങെത്തിക്കോളാന്ന് പറഞ്ഞേര്. 

 

അങ്ങനെ അന്നാകെ ഒരു കച്ചോടമാ 2 മണി വരെ ഇരുന്നിട്ട് ഞമ്മക്ക് കിട്ടിയത്.  ഉച്ചവെയിലത്ത് അയലക്കറിയുടെ നടുക്കഷണവും സ്വപ്നം കണ്ടു പാലത്തെക്കൂടെ ഞമ്മൾ വീട്ടിലേക്കു നടന്നു. മൂവാറ്റുപുഴയാറിലെറെങ്ങി ഒരു കുളി പാസാക്കാൻ കടവിലിറങ്ങിയപ്പം സമയം കളയേണ്ടെന്നു കരുതി,  ഞാൻ നബീസനോട് ചോറു എടുത്തു വെച്ചേക്കാൻ വിളിച്ചു പറഞ്ഞു. 

 

 

ഉച്ചവെയിലത്ത് വേർത്തിറങ്ങിയിട്ടു പുഴയിലെറെങ്ങി മുങ്ങി കേറിയാൽ പിന്നെ വിശപ്പ് പിടിച്ചാ കിട്ടുകേലാ,  പോരാത്തതിന് അയിലേടെ നടുക്കഷണോം. ഒരു പാത്രത്തിൽ കഞ്ഞിയും, കൊറച്ചു മുളകു ചതച്ചതും. അയലക്കറി അന്റെ വാപ്പ ഉണ്ട സുലൈമാന് കഴിക്കാൻ വെച്ചേക്കുവാണോടി,  ഇങ്ങോട്ട് എടുത്തോണ്ട് വാടി,.... ഇങ്ങേരു ഏതു അയിലിനേം കെട്ടിക്കൊണ്ടുവന്ന കാര്യാണ് പറേണത്,  വല്ലതും മേടിച്ചു തന്നാലല്ലേ വെക്കാൻ പറ്റൂ,  അല്ലാണ്ട് ഞമ്മക്ക് വലേം കൊണ്ട് പൊഴേ പോകാനൊന്നും അറിയൂല്ല മനുഷ്യാ... 

 

 

അപ്പം മമ്മൂഞ്ഞ് ഈ വഴിക്കു വന്നില്ലേ.. 

 

മമ്മൂഞ്ഞെന്തിനാ ഈ വഴിക്കു വരുന്നത്,  നിങ്ങൾക്കെന്താ ഉച്ച പ്രാന്താ,  വേണേൽ കഞ്ഞി കുടിച്ചിട്ട് പോയി കെടന്നു ഉറങ്ങു മനുഷ്യാ. 

 

ആഹാ,  അപ്പ ആ ഹറാം പിറന്നവൻ അയല ഇവിടെ കൊണ്ടേ തന്നില്ലേ,  എന്നാൽ ഇപ്പ തന്നെ ചോദിക്കണോ ല്ലോ. എടാ,  മമ്മൂഞ്ഞേ,  ഇങ്ങ് ഏറങ്ങിവാടാ. വിളികേട്ട് മമ്മൂഞ്ഞിന്റെ ഉമ്മാ കുഞ്ഞാമിനത്തായാണ് ഇറങ്ങി വന്നത്. മമ്മൂഞ്ഞിങ്ങു വന്നില്ലേ ഉമ്മാ. 

 

ഒണ്ടല്ലോ,  മമ്മദേ.... അവനെന്തോ മാറ്റമൊക്കെ വന്നിട്ടുണ്ട്,  സാദാരണ കയ്യും കഴുകി കഴിക്കാൻ നേരം കറി അന്വേഷിക്കുന്ന അവൻ ഇന്ന് നല്ല പച്ചരി അയലയും കൊണ്ടാ വന്നത്. എവിടുന്നാടാ ഇതെന്ന് ചോദിച്ചപ്പം,  അപ്പം തിന്നാപ്പോഴേ കുഴിയെന്നാണാ തള്ളേ എന്നും ചോദിച്ചു അവൻ ചന്തക്കു തിരിച്ചു  പോയി. 

എന്തായാലും നല്ല നെയ്യുള്ള മീനാരുന്നു. എന്തായാലും ഇനി കുഴി എണ്ണീട്ടു കാര്യമില്ലല്ലോന്നു കരുതി ഞമ്മള് മമ്മൂഞ്ഞിനേം തപ്പി  ചന്തേലോട്ട് തിരിച്ചു നടന്നു. ചാക്കും വിരിച്ചു അവിടിരുന്നപ്പോഴാണ് ഒരു സർക്കാര് വണ്ടിക്കു നാട്ടിലെ ഏതോ പുള്ളേര് സെറ്റ് കല്ലെറിഞ്ഞിട്ടു ഓടിയത്.  ഞമ്മൾ ഉടനെ ആ ഡ്രൈവറെ വിളിച്ചു പൊറത്തെറക്കിയിട്ടു പറഞ്ഞു, ഹർത്താലിനെന്നതിനാർക്കു വായു ഗുളിക മേടിക്കാൻ പോകുവാ സാറേ,  വീട്ടിലെങ്ങാനും ഇരുന്നാൽ പോരാരുന്നോന്ന്’ 

 

‘അപ്പം അതാണ്‌ കാര്യം,  കാർന്നോർ ഒരു  കാര്യം ചെല്ല് ആ വരാന്തേൽ പോയിരുന്നോ,  കേസ് എടുക്കുമ്പം വിളിക്കും. അപ്പം അകത്തേക്ക് ചെന്നാൽ മതി.’  അങ്ങനെ കാലൻ മമ്മദിക്ക കോടതി വരാന്തയിൽ ഊഴവും കാത്തിരുന്നു. 12 മണിയായപ്പൊ കാണാഞ്ഞു ഡ്രൈവർ കുഞ്ഞുമോൻ വരാന്തയിൽ മമ്മദിക്കാനേ അന്വേഷിച്ചെത്തി.‘ കാലൻ കൊച്ചോമ്മദിക്ക,  ഇതിപ്പം മണിക്കൂർ മൂന്നായി,  വണ്ടിക്കൂലി ഒരു 600 രൂപയെങ്കിലും ആകും.’ 

 

‘എത്രയാണെങ്കിലും താരാടാ ഉവ്വേ,  നീ പെടക്കണ്ടു അവിടെ നിക്ക്.’

 

കൊച്ചുമുഹമ്മദ്,  തോട്ടുവക്കം,  തലയോലപ്പറമ്പ് – കോടതി വാരാന്തയിൽ പാതി ഉറക്കത്തിൽ ഇരുന്ന കൊച്ചോമ്മദിക്ക ഓടി കോടതിയിൽ കയറി. അവിടെ ഇരുന്ന ജഡ്ജിയെക്കണ്ടു കൊച്ചോമ്മദിക്ക ഞെട്ടി. അന്ന് കല്ലേറു കൊണ്ടപ്പം ഉപദേശിച്ച ഡ്രൈവറുടെ കാറിൽ പിൻസീറ്റിൽ ഇരുന്നയാൾ. 

 

‘എന്താ മമ്മദേ ഇപ്പം വായു ഗുളികക്ക് വില,  കൊറെച്ചെണ്ണം മേടിച്ചു വെക്കാനാരുന്നു’. 

 

‘ക്ഷെമിക്കണം സാറേ,  ഒരു കൈയബദ്ധം പറ്റിപ്പോയതാണ്’,  കാലൻ കൊച്ചോമ്മദിക്ക കൈ കൂപ്പി പറഞ്ഞു.  

‘എന്തായാലും ഇനി ഇതാവർത്തിക്കാതിരിക്കാൻ ഒരഞ്ഞൂറു രൂപ പെഴയടച്ചിട്ടു പോയാ മതി.’  

 

ഹാവൂ കാലൻ കൊച്ചമ്മദ് ഇക്കാക്ക് സന്തോഷം അടക്കാനായില്ല,  തന്റെ സ്വതസിദ്ധമായ ട്രേഡ്മാർക്ക് കി കി കിക്കി ചിരി ചിരിച്ചോണ്ട് മുണ്ട് പൊക്കി കുന്നത്താന്റെ അണ്ടെർവെയറിന്റെ പോക്കറ്റിന്ന് അഞ്ഞൂറ് രൂപ എടുത്തു ജഡ്ജിക്ക് നേരെ നീട്ടിയിട്ടു പറഞ്ഞു– ‘ഇത്രേം ഒള്ളാരുന്നോ, അന്നേരെ ചോയിച്ചിരുന്നെങ്കി ഓട്ടോക്കാശു ലാഭിക്കാറുന്നു’. 

 

English Summary : Kaalan Kanda Kodathi Story By Anees T.M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com