ADVERTISEMENT

വലിയ രോഗം ( കഥ)

ഉച്ച വെയിലിന് ചൂട് കൂടുന്നു. സമയം ഇപ്പോൾ ഒന്നരയിലേക്ക് എത്തിയിരിക്കും. ഇന്നലെ രാത്രി കഴിച്ച കിഴങ്ങ് നൽകിയ ഊർജം തീർന്നു തുടങ്ങുന്നു. തലക്ക് മുകളിൽ കത്തുന്ന സൂര്യന്റെ ചൂടിൽ റോഡിലെ ടാർ വരെ ഉരുകിപോകും. തേഞ്ഞ ചെരുപ്പിന്റെ ഭാഗത്തിലൂടെ കാലിലേക്കും ചൂട് കേറി തുടങ്ങുന്നു.

 

 

നൂറ് സെക്കന്റിന് താഴെ ദൈർഘ്യത്തിൽ കറങ്ങുന്ന ചുവന്ന വെളിച്ചത്തിൽ ലഭിക്കുന്ന കച്ചവടമാണ് ആ പത്തുവയസ്സുകാരന്റെ ഉപജീവന മാർഗം. കയ്യിലെ തളികയിൽ വ്യത്യസ്തമായ കളിപ്പാട്ടങ്ങൾ നിരത്തി വെച്ചിട്ടുണ്ട്. സിഗ്നലിൽ വിശ്രമിക്കുന്ന വണ്ടികളിലെ കുട്ടികൾക്ക് ആ കളിപ്പാട്ടം ഇഷ്ടമാവാണം, അതിന് വേണ്ടി അവർ വാശിപിടികണം, ദയ തോന്നി അവരുടെ പിതാവ് അത് വാങ്ങിക്കാൻ തയാറാവണം. ശീതീ കരിച്ച കാറിൽഇരുന്ന് അയാൾ നടത്തുന്ന വിലപേശലുകൾക്ക് ശേഷം കച്ചവടം നടക്കണം. ഇതെല്ലാം ആ ചുവന്ന പൊട്ട് മായുന്ന സമയത്തിൽ നടക്കണം. ഇങ്ങനെ നടക്കുന്ന കച്ചവടത്തിന്റെ ഒരു ശതമാനം അവന് ലഭിക്കും.

 

 

വാഹനത്തിലെ മുൻ സീറ്റിൽ ഇരിക്കുന്ന സ്ത്രീയെ കാണുമ്പോൾ അവന്റെ അമ്മയുടെ മുഖമാണ് അവന്റെ മനസിൽ തെളിയുക. കിലോമീറ്ററുകൾക്ക് അപ്പുറത്ത് തന്റെ കൊച്ചു ഗ്രാമത്തിലെ മൺകുടിലിൽ രോഗ കിടക്കയിൽ കിടക്കുന്ന അമ്മയുടെ മുഖം ഓർമ വരുമ്പോൾ തളർച്ചയും വിശപ്പും മറന്ന് സൂര്യന്റെ ചൂടിനെ തോൽപ്പിച്ച് അവൻ പിന്നെയും ജോലി തുടരും.

 

കൃഷിഭൂമിയിലെ തൊഴിലാളി ആയിരുന്നു അവന്റെ അമ്മ. വർഷങ്ങളായി തോൽപ്പിച്ചിരുന്ന രോഗം ഇപ്പോൾ അവന്റെ അമ്മയെ ജയിച്ചു. മൂർച്ഛിച്ച രോഗവുമായി കിടപ്പിലായ അമ്മയ്ക്ക് കൂട്ടായി ആ കുടിലിൽ 10 വയസ്സുകാരൻ മാത്രമായിരുന്നു. അമ്മയുടെ നിർത്താതെയുള്ള ചുമ കേട്ട് പേടിച്ച് അവൻ കരയും. കിടപ്പിലായ അമ്മക്ക് മരുന്ന് വാങ്ങാനും ഭക്ഷണം കൊടുക്കാനും വേണ്ടി അവൻ അമ്മ ചെയ്തിരുന്ന ജോലിക്ക് ഇറങ്ങി. 

 

രോഗം നാട്ടു വൈദ്യത്തെയും തോൽപിച്ചു. വലിയ ആശുപത്രിയിൽ കൊണ്ടുപോയാൽ അസുഖം മാറുമെന്ന് അവനോട് വൈദ്യൻ പറഞ്ഞു. രോഗം മാറി അമ്മ എണീക്കണം. പഴയപോലെ കഥ കേട്ട് അമ്മയുടെ മടിയിൽ കിടന്ന് ഇനിയും ഉറങ്ങണം. അവന് അമ്മയും അമ്മക്ക് അവനും മാത്രമാണ് ഉള്ളത്. സമ്പാദിക്കാൻ ഗ്രാമത്തിന് പുറത്ത് വലിയ പട്ടണത്തിൽ പോവണം. അയൽ ഗ്രാമത്തിലെ ആളുകൾ അങ്ങനെ പോകുന്നുണ്ട്. ഗ്രാമത്തിലെ ആളുകളിൽ നിന്ന് അവൻ കേട്ട വാർത്തഇതാണ്.

 

അമ്മയുടെ നെറ്റിയിൽ മുത്തവും ‘‘കുറേ കാശുമായി ഞാൻ വേഗം വരും’’ എന്ന വാക്കും പറഞ്ഞാണ് ആ കുടിൽ വിട്ട് ഇറങ്ങിയത്. നഗരത്തിലെ ജീവിതം മൂന്ന് മാസം ആകുന്നു. മുമ്പ് ഒരുപാട് വണ്ടികൾ ഉണ്ടായിരുന്ന വഴികൾ ആയിരുന്നു, പക്ഷേ ഇപ്പോൾ അങ്ങനെ അല്ല. റോഡിൽ ആരെയും കാണുന്നില്ല. മുഖം മറച്ചാണ് ആളുകൾ പുറത്ത് ഇറങ്ങുന്നത്. പൊലീസുകാർ അവനെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്നു. ഇപ്പോൾ പുറത്ത് ഇറങ്ങാൻ പാടില്ല എന്നാണ് എല്ലാവരും പറയുന്നത്. ലോകത്ത് എന്തോ വലിയ അസുഖം പിടിച്ചിട്ടുണ്ട് എന്ന് അറിഞ്ഞു. രോഗത്തിന്റെ പേര് മനസിലായില്ല അവന്.

 

രോഗം എന്ന് കേൾക്കുമ്പോൾ അവന് പേടിയാണ്. അമ്മയെ കിടത്തിക്കളഞ്ഞത് ഒരു രോഗം അല്ലേ?. അമ്മയുടെ കൂടെക്കിടന്ന അവനെ ഈ തെരുവിൽ കിടത്തിയതും ആ രോഗം അല്ലേ. കൂട്ടുകാരും കളിയും ഗ്രാമവും എല്ലാം അവനിൽ നിന്ന് തട്ടിക്കളഞ്ഞത് ആ രോഗമല്ലേ?

 

ഇപ്പോൾ അഞ്ച് ദിവസം കഴിഞ്ഞു. തെരുവിലെ ഒറ്റപ്പെട്ട ജീവിതവും പട്ടിണിയും അവനെ തളർത്തി.

‘‘മോനെ, അമ്മയുടെ അടുത്തേക്ക് വാ’’ സ്വപ്നത്തിൽ അവന്റെ അമ്മ വന്ന് പറയാൻ തുടങ്ങിയിട്ട് കുറേ ദിവസമായി.

 

നാട്ടിലേക്ക് പോവാൻ ട്രെയിനോ ബസ്സോ ഇല്ല എന്നറിഞ്ഞ അവൻ ചെറിയ കാലടികൾ വെച്ച് വലിയ ദൂരം മറികടക്കാൻ തീരുമാനിച്ചു. 

 

‘‘ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, 5 കിലോമീറ്റർ അപ്പുറത്ത് വച്ച് പത്തുവയസുകാരൻ മരണപെട്ടു’’

ഒരു ദിവസം കഴിഞ്ഞു പത്രത്തിൽ വന്ന വാർത്ത ഇതായിരുന്നു.

 

ആ കുഞ്ഞു ശരീരം വഹിച്ചു ആദ്യമായി ആ ഗ്രാമത്തിലേക്ക് ഒരു ആംബുലൻസ് പ്രവേശിച്ചു. ആരോഗ്യ പ്രവർത്തകർ ഗ്രാമത്തലവന്റെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു. ലോകത്ത് പിടിപെട്ട മാരക രോഗത്തെ കുറിച്ച് അവർക്ക് അറിവ് കൊടുത്തു. പത്തു വയസ്സുകാരൻ അമ്മയുടെ ചികിത്സക്ക് വേണ്ടി സമ്പാദിച്ച നോട്ടുകെട്ടുകൾ ഒരു ചെറിയ നൂലിൽ കെട്ടി അവൻ അരയിൽ കരുതിയിരുന്നു. ഗ്രാമത്തലവന്റെ കൈകളിൽ ആ പണം വകുമ്പോൾ അയാളുടെ കണ്ണ് അവന്റെ കൂരയിലേക്ക് പതിച്ചു. നിലയ്ക്കാതെ ചുമച്ചിരുന്ന അവന്റെ അമ്മ ഇപ്പോൾ ചുമയ്ക്കാറില്ല. നാല് ദിവസം മുമ്പ് കിളച്ച മണിലെ ഇരുട്ടിൽ അവരുറങ്ങുന്നുണ്ട്. ആ കുഴിമടത്തിന് അടുത്തായി അമ്മയുടെ മറവിനോട് ചേർത്ത് അവർ അവന് ഒരു മെത്ത തീർത്തുകൊടുത്തു.

 

സ്വപ്നങ്ങളെ നൂലിൽ കെട്ടിയ ആ പത്തുവയസുകാരന്റെ സമ്പാദ്യത്തെ കയ്യിൽ തന്ന ആരോഗ്യ പ്രവർത്തകരോട് ആ ഗ്രാമതലവൻ പറഞ്ഞു:

 

‘‘അസുഖം ബാധിച്ചു ഈ ഗ്രാമത്തിൽ കുറെ ആളുകൾ മരിക്കുന്നുണ്ട് സർ. പക്ഷേ ഞങ്ങളെ ബാധിക്കുന്ന അസുഖം വിശപ്പ് മാത്രമാണ്’’

 

English Summary : Valiya Rogam Story By Mohammed Shameel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com