സ്റ്റീഫൻ ഹോക്കിങ്സിന്റെ പിൻമുറക്കാരെന്ന് അഹങ്കരിച്ചിരുന്ന എന്നെ അമ്പരപ്പിച്ച മുക്കാൽപ്പാവടക്കാരി; അവളുടെ മുന്നിൽ...

വെറോണിക്ക (കഥ)
SHARE

വെറോണിക്ക (കഥ)

അയൽപക്കത്തെ പുതിയ താമസക്കാരിലൊരാളാണ്  വെറോണിക്ക.  വെറോണിക്കയെ   ആദ്യം കണ്ടപ്പോൾ എനിക്കത്ര ഇഷ്ടമായില്ല. വെറോണിക്ക എന്ന പേരു കേട്ടപ്പോൾ എനിക്കാദ്യം  ഓർമ്മവന്നത് ഞങ്ങളുടെ ഗ്രാമത്തിലെ തറവാട്ടിൽ രണ്ട് കാതിലും ഓടയിട്ട്, ചട്ടയും, മുണ്ടും ധരിച്ചു വന്നിരുന്ന  വെറോണിക്ക ചേടത്തിയെയാണ്.  വെറോണിക്ക ചേടത്തിയെ എനിക്കിഷ്ടമായിരുന്നു.  പക്ഷേ  അയൽവീട്ടിലെ പുതിയ താമസക്കാരിയായ  മുക്കാൽ പാവാടക്കാരിയ്ക്ക് വെറോണിക്ക എന്ന പേര് എന്തോ ചേരില്ല  എന്നെനിക്ക് തോന്നി.  വെറോണിക്ക എന്ന് പേരുള്ളവരൊക്കെ  ആ ചേടത്തിയെ പോലെയാവണമെന്നൊരാഗ്രഹം എന്റെയുള്ളിലുള്ളത് പോലെയായിരുന്നു മുക്കാൽ പാവാടക്കാരിയോടുള്ള  എന്റെ പെരുമാറ്റവും. 

ഇന്നത്തെ കാലത്ത് ഇങ്ങനെയും പേരുള്ള  പെൺകുട്ടികളുണ്ട് എന്ന് വിശ്വസിക്കാൻ ഞാനിഷ്ടപ്പെട്ടില്ല  എന്നതായിരിക്കും  സത്യമെങ്കിലും അത് അംഗീകരിക്കാൻ എനിക്കായില്ല .  എത്ര സ്റ്റൈലൻ പേരുള്ള കുട്ടികളാണ്  എൻജിനിയീറിംഗ്  ക്ലാസിലെ സഹപാഠികൾ.  ഇത് വേറൊരു രൂപം. ഒരു  മുക്കാൽ പാവാടയും  പുള്ളിപുള്ളിയുള്ള ബ്ലൗസും. തനി കുഗ്രാമം. വന്ന് രണ്ട് ദിവസത്തിനകം തന്നെ വീട്ടിലോട്ട് വന്നു. അമ്മയോട് എന്തോ ചോദിച്ച് വാങ്ങി. തെക്ക് പുറത്തൂടെ തിരിയെ പോകുമ്പോൾ എന്നെ കണ്ടു. മുഖം  നിറഞ്ഞൊരു  ചിരി  എനിക്ക് നൽകി. പിന്നെ  ഉണ്ണിച്ചേട്ടാ   ഏത് കോളേജിലാണ്? എന്താ പഠിക്കുന്നത് അങ്ങനെ ഒരു നൂറ് ചോദ്യങ്ങൾ.  അമ്മ ഉണ്ണീ  എന്ന് വിളിക്കുന്നത് കേട്ടാവാണം ധീരജ് എന്ന എന്റെ പേരുപോലും  വെറോണിക്ക ചോദിക്കാതിരുന്നത് . ഒരിക്കൽ വെറോണിക്ക വന്നപ്പോൾ ഞാൻ പടിഞ്ഞാറെ വരാന്തയിലിരുന്ന് വായിക്കുകയായിരുന്നു. ഉണ്ണിച്ചേട്ടാ  ‘ടോൾസ്റ്റോയിയുടെ വാർ ആൻഡ് പീസ്‘ ഉണ്ടോ?. ഞാനൊന്ന് ഞെട്ടി. 

ഇല്ല..

‘‘ഒരത്യാവശ്യത്തിനായിരുന്നു. എന്റേത് ഒരു കൂട്ടുകാരീടെ കൈയിലാണ്. അവൾ വയനാട്ടിലാണ്.. എന്റെ കൈയിൽ ആ പുസ്തകം ഇല്ലല്ലോ. എന്താ വായിക്കുന്നത്  ഉണ്ണിച്ചേട്ടാ. ഒരു സയൻസ് ബുക്കാണ്. എന്റെ കൈയിൽ ഇമ്മോർട്ടൽസ് ഓഫ് മെലൂഹയുണ്ട്. മെലൂഹയിലെ ചിരംജീവികൾ. ഞാൻ വെറോണിക്കയെ  ഒന്നൂ കൂടി നോക്കി. പച്ച മുക്കാൽ പാവാട. ഗവണ്മെന്റ് സ്കൂളിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്നവൾ.. എന്നോട് പറയുന്നു.. എന്തൊരെഴുത്താണത്. അമേസിങ്’’

അവളുടെ മുന്നിൽ ചെറുതാകാതിരിക്കാൻ ഞാൻ പറഞ്ഞു. അത് ഞാൻ വായിച്ചിട്ടുണ്ട്. ഭാഗ്യത്തിന് അവളുടെ അമ്മ അവളെ മതിലിനരികിൽ വന്ന് വിളിച്ചു.അത് കൊണ്ട് മെലൂഹയെന്തെന്നുള്ള ചർച്ചയ്ക്ക് അവൾ നിന്നില്ല. അമീഷ് ത്രിപാഠിയെന്ന എഴുത്തുകാരനെ  ഞാൻ കേട്ടിണ്ടായിരുന്നില്ല. മെലൂഹയും, നാഗന്മാരുടെ രഹസ്യവും, വായുപുത്രന്മാരുടെ ശപഥവും എന്നീ മൂന്ന് പുസ്തകങ്ങളെക്കുറിച്ചും എനിക്കറിവുണ്ടായിരുന്നില്ല. എന്റെ ഷെൽഫിൽ സയൻസ് പുസ്തകങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. സയൻസ് ആണ് ലോകത്തിന്റെ ശാസ്ത്രം എന്ന് വിശ്വസിച്ച ഒരച്ഛന്റെ മകനാണ്  ഞാൻ. ഫിസിക്സ് എന്ന ഭൗതികശാസ്ത്രം ദ്രവ്യം ഊർജ്ജം, ഊർജ്ജസ്രോതസ്സുകൾ ഇവയ്ക്കപ്പുറം ഒരു മെലൂഹയും അന്ന് വരെ എന്നെ ആകർഷിച്ചിരുന്നില്ല.

  

സാധാരണക്കാരിൽ   നിന്ന് ഒരു പടി ഉയർന്ന് നിൽക്കുന്ന ഐൻസ്റ്റിൻ   ക്ലബിലാണ് ഞാനെന്ന് വിശ്വസിക്കാനായിരുന്നു   എനിക്കിഷ്ടം.  കോസ്മിക് ലോകത്തിലെ ദൈവകണം കണ്ട് പിടിച്ച സ്റ്റീഫൻ ഹോക്കിംഗ്സിന്റെ പിൻതലമുറക്കാരനെന്ന് അഭിമാനിച്ചിരുന്ന എന്നെയാണ് ഒരു  ഗവണ്മെൻ്റ് സ്കൂൾ  ഒമ്പതാംക്ലാസുകാരി  മുക്കാൽപ്പാവാടക്കാരി  നരുന്ത് പെൺകുട്ടി  തൂവൽ പോലെ പൊക്കിയെടുത്ത് മലർത്തിയടിച്ചത്.  

ആദ്യമൊക്കെ തനി കുഗ്രാമമെന്ന് കരുതിയെങ്കിലും അവളെ അൽപം ഭയത്തോടെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടിരുന്നത്.  ക്ലാസിൽ കാണാപ്പാഠം പഠിച്ച് എല്ലാ വിഷയങ്ങളിലും ഒന്നാം സ്ഥാനം തേടുന്ന ധീരജ് മേനോൻ ഒരു പുസ്തകപ്പുഴു മാത്രമാണെന്ന് ഒരു  കുഗ്രാമപ്പെണ്ണിന് തോന്നാതിരിക്കാൻ അന്നാദ്യമായി  ലോകസാഹിത്യത്തിലെ പുസ്തകങ്ങൾ തിരഞ്ഞു. വെറോണിക്ക ഒരിക്കൽ ചോദിച്ചു 

‘മൈ നെയിം  ഈസ് റെഡ്’ വായിച്ചിട്ടുണ്ടോ?

‘മൈ നെയിം ഈസ് റെഡ്..’

യെസ്..

എന്താ എഴുത്തല്ലേ

അതെയതെ..

ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്തെ പുസ്തകങ്ങളൊക്കെ അറിയാമെന്ന് ഭാവിക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. മുക്കാൽ പാവാടയുമിട്ട് എന്റെ മുന്നിൽ ആളാവുന്ന അവളോട് വെറുപ്പായിരുന്നു.  സത്യത്തിൽ അവൾ ആളാകാനായി സംസാരിക്കുന്നതല്ലെന്ന്  എനിക്കറിയാമായിരുന്നു. അവൾ കരുതിയത്   വലിയ ബുദ്ധിമാനായ ഞാൻ വളരെയധികം പുസ്തകങ്ങൾ വായിച്ചുണ്ടാകും എന്നായിരുന്നു.

മാക്സിം ഗോർക്കിയുടെ അമ്മയുണ്ടല്ലോ.. അത് വായിച്ച് വായിച്ച് എനിക്ക് സങ്കടം വന്നൂട്ടോ.. അതെന്തിനാ സങ്കടപ്പെടുന്നത്. വിപ്ലവോം, യുദ്ധോമൊക്കെ ലോകത്ത് നടക്കുന്നതല്ലേ. ഭാഗ്യം .. ഈ നോവൽ ചർച്ച കോളേജിൽ നടന്നിരുന്നു. അതുകൊണ്ട്  വായിച്ചില്ലെങ്കിലും രണ്ട് വാക്ക് പറയാനായി.‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ഞാൻ വായിച്ചിട്ടുണ്ട്.  പിന്നെ ആ സിനിമയും കണ്ടു, ‘തിയറി ഓഫ് എവരിതിംഗ്..’ ഹിഡൺ ഫിഗേഴ്സ്.. ആ സിനിമയും കണ്ടു  അതിലെ കാതറിൻ ജോൺസനെ എനിക്കിഷ്ടമായി.ദൈവമേ ഇതെന്താ വിശ്വവിഞ്ജാനകോശമോ.  മുക്കാൽ പാവാടയുമിട്ട് ചെരിപ്പ് പോലും ഇടാതെ   ഇടയ്ക്കിടെ അമ്മേടടുത്ത് വന്ന് അരിയോ, പഞ്ചസാരയോ കടം വാങ്ങി പോകുന്നവൾ.. ഇവരെന്താ  ഇങ്ങനെ. സിറ്റിയിലെ  ഒരു  പെരുമാറ്റരീതിയും അറിയാത്തവർ. അന്ന് അമ്മയോട് ചോദിക്കയുണ്ടായി, എന്താ അമ്മേ ആ വീട്ടുകാർ അങ്ങനെ. നല്ല നിലേലിരുന്ന കുടുംബാ ണ്.  ഇപ്പോൾ എന്തോ പ്രശ്നങ്ങളുണ്ട്. ഞാൻ കൂടുതല് ചോദിച്ചൂല്ല.. പുതിയ താമസക്കാർക്ക് എന്തൊക്കെ യോ പ്രയാസങ്ങളുള്ളവരാണെന്നറിഞ്ഞപ്പോൾ  വെറോണിക്കയോടുള്ള  ഇഷ്ടക്കേട് അല്പം കുറഞ്ഞു തുടങ്ങിയിരുന്നു.

അമ്മയുടെ  ഹൃദയം അവരുടെ സങ്കടങ്ങൾ അറിഞ്ഞപ്പോൾ അച്ഛൻ മനസ്സ് കൊണ്ട് അളന്നു. ‘അത്ര അടുപ്പോന്നും വേണ്ട,  ഇക്കാലത്ത് ആരേം വിശ്വസിക്കാൻ കൊള്ളില്ല.’ അച്ഛനങ്ങനെ പറഞ്ഞപ്പോഴും ചിരിച്ചോണ്ട് മുന്നിൽ വന്ന് നിന്ന് ‘ഇൻ ഹെറിറ്റൻസ് ഓഫ് ലോസ്സ് വായിച്ചിട്ടുണ്ടോ ഉണ്ണിച്ചേട്ടാ അതെനിക്കത്ര  ഇഷ്ടായില്ലട്ടോ’ എന്ന് പറയുന്ന വെറോണിക്കയെ വിശ്വസിക്കാമെന്ന് എനിയ്ക്ക് തോന്നി.

കാഞ്ഞിരപ്പള്ളിലായിരുന്നപ്പോൾ താമസിക്കാൻ ക്വാർട്ടേഴ്സുണ്ടായിരുന്നു. അതിനരികിൽ  നാസയിൽ പോകാൻ പഠിക്കുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ആ ചേച്ചിയാണ്  പഴയ ലാപ്ടോപ്പ് തന്നത്,  അങ്ങനെയാണ് സയൻസ് സിനിമകൾ കണ്ടത്. സിസ്റ്റർ മാഗ്ദലിന ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഫ്രീ അഡ്മിഷൻ കൊടുത്തത്,  അഞ്ചുവരെ കോൺ വെൻ്റിൽ പഠിച്ചത്, പിന്നെ വല്യ അങ്കിൾ മരിച്ചപ്പോൾ  ബംഗ്ലാവ് വിൽക്കേണ്ടി വന്നത്, ക്വാർട്ടേഴ്സ് ഒഴിയേണ്ടി വന്നത്, വാടകവീടുകളിൽ താമസിച്ചത്, രണ്ട് വർഷം സ്കൂളിൽ പോകാതിരുന്നത്, പിന്നെ സർക്കാർ സ്ക്കൂളിൽ ചേർന്നതുമായ  കഥയൊക്കെ ഇടയ്ക്കിടയ്ക്ക് വെറോണിക്ക എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

അതിനിടയിൽ എനിക്കൊരു കോൺഫറൻസിനും വർക്ക് ഷോപ്പിനും അവസരമൊത്തു വന്നു.  ഏതെങ്കിലും പുസ്തകം വായിച്ചോന്ന് ചോദിച്ചെന്നെ വെള്ളം കുടിപ്പിച്ചിരുന്ന  വെറോണിക്കയിൽ നിന്ന്  മൂന്ന് മാസം മോചനം കിട്ടുമല്ലോ എന്നോർത്ത് എനിയ്ക്കൽപം സന്തോഷമുണ്ടായി  കോൺഫറൻസിനും മൂന്ന് മാസത്തെ ഗവേഷണ വർക്ക് ഷോപ്പിനും  എന്നെ നിർബന്ധിച്ച് അപേക്ഷ അയപ്പിച്ച അച്ഛനോട് സ്നേഹവും തോന്നി. 

മുക്കാൽ പാവാടയിട്ട്  കാറ്റടിച്ചാൽ പറന്നുപോകുന്നപോലെ തോന്നിച്ച  മുന്നിൽ വന്ന് നിന്ന് ഞാനൊരിക്കലും കേട്ടിട്ടോ, കേൾക്കാനാഗ്രാഹിക്കാത്തവരുടെയോ, പേരുകൾ പറഞ്ഞ് എന്നെ എന്നും തോൽപിച്ചു കൊണ്ടിരുന്ന വെറോണിക്കയിൽ നിന്ന് രക്ഷപ്പെട്ടതിൽ ഞാനും സന്തോഷിച്ചു, നോവൽ വായന എന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ ബോറായ ഒന്നായിരുന്നു.

പലരും നിർബന്ധിച്ച് വലിയ സംഭവമാണെന്ന് പറഞ്ഞ രണ്ട് നോവലുകൾ വായിക്കാനെടുത്ത് പത്ത് പേജ് പോലും തികച്ച വായിക്കാനാകാഞ്ഞ് പരാജയപ്പെട്ട വായനക്കാരനാണ് ഞാൻ. അന്ന് വെറോണിക്ക വന്നത്  കുറച്ച് പാല് വാങ്ങനാണ്, ആരോ വന്നിട്ടുണ്ടത്രെ. തിരിയെ പോകുന്നതിന് മുൻപേ കൈയിലിരുന്ന് നാലോ അഞ്ചോ പുസ്തകങ്ങൾ എനിക്ക് നേരെ നീട്ടി. എന്താത്.  

ഇത് ഗീതാഞ്ജലി. ടാഗോറിന് നോബൽ കിട്ടിയതിതിനാണ്. അറിയാം. അത്ര തീർച്ചയില്ലയിരുന്നെങ്കിലും ഞാൻ പറഞ്ഞു. വിംഗ്സ് ഓഫ് ഫയർ.. സ്കൂളിൽ നിന്ന് സമ്മാനം കിട്ടിയതാണ്. കലാമിന്റെ മുഖചിത്രമുള്ള ബുക്ക്. ഗുഡ്.. കലാമിനെ വായിക്കാതിരുന്നതിൽ അൽപം നിരാശ തോന്നി.

വൺ ഹണ്ട്രർഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്... മാജിക്കൽ റിയലിസം എന്ന് ദിവസോം ലാംഗ്വേജ് ക്ലാസിൽ രമേശൻ മാഷ് പുകഴ്ത്തി പുകഴ്ത്തി ആകാശത്തോളം ഉയർത്തിയ  വിദ്വാന്റെ പുസ്തകം.  മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. മാഷിന്റെ ക്ലാസിലിരിക്കുമ്പോൾ ഈ എഴുത്തുകാരൻ പഴയ ജന്മത്തിൽ ഒരു മലയാളി ആയിരുന്നോ എന്നൊരു സംശയം ഉണ്ടായിട്ടുണ്ട്. ഏകാന്തതയുടെ  നൂറുവർഷങ്ങളും വായിച്ചിട്ടില്ല.. ഇനിയുള്ളത് എന്താണാവോ ഞാൻ അമ്പരന്നു. ജെഫ്രി ആർച്ചർ.. ഇയാൾ കുറെ നാൾ ജയിലിലായിരുന്നല്ലോ. ഉണ്ണിച്ചേട്ടാ ‘നോട്ട് എ പെന്നി മോർ നോട്ട് എ പെന്നി ലെസ് ‘ വായിച്ചിട്ടുണ്ടോ. എന്തൊരെഴുത്താ അത്. ഒന്നും തിരികെ പറയാൻ തോന്നിയില്ല. അങ്ങനെയൊരു പുസ്തകത്തെപ്പറ്റി കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. അവസാനം തന്നത് ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രം.. ഒന്ന് മറിച്ചു നോക്കി. നാട്ടുരാജ്യചരിത്രം മുതൽ അഞ്ഞൂറ് പേജോളമുള്ള പുസ്തകം. 

വെറോണിക്ക പുസ്തകങ്ങൾ കൈയിലേയ്ക്ക് തന്നിട്ട് പറഞ്ഞു. ഇവിടെ വച്ചാൽ  ഇത് ഷെൽഫിൽ കേടാകാതിരിക്കും. മഴ പെയ്തപ്പോൾ ചോർച്ചയിലൂടെ വെള്ളം അകത്ത് കയറി  തട്ടകവും, ആശ്ചര്യചൂഡാ മണിയും, സുന്ദരികളും  സുന്ദരന്മാരും, യന്ത്രവും കുതിർന്നു പോയി. പറയുന്ന  ഒരു  പേരും എനിക്ക് പരിചിതമല്ല. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവർക്കും  ചില കാര്യങ്ങൾ അറിയാനാവില്ല. സമുദ്രത്തിലെ ഒരു തുള്ളി ജലകണത്തിന്റെ അറിവേ നമുക്കൊക്കെയുള്ളൂ എന്ന് അമ്മ പറയുന്നതെന്താണെന്ന് ഇപ്പോൾ മനസ്സിലായി.. അത് പോലുമുണ്ടോ എന്നൊരു സംശയവും ഇപ്പോഴുണ്ടാകുന്നു.

ആർട്ടിഫിഷ്യലായി കൃത്രിമത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് വലിയ ഭൗതികശാസ്ത്രമെന്ന് പറഞ്ഞഹങ്കരി ക്കുന്ന എനിയ്ക്ക് പലതും അറിയില്ല  എന്ന് മനസ്സിലായി. പിന്നെ ഞാൻ ഡൽഹിയിൽ പോയി.  എയർ കണ്ടീഷൻ ചെയ്ത ഹോളുകളിൽ വല്യ ബുദ്ധിജീവികളെ പോലെയുള്ള ബഹുമാന്യവ്യക്തിത്വങ്ങൾ ഭൗതികശാസ്ത്രത്തിൻ്റെ അനന്തസാദ്ധ്യതകൾ ചർച്ച ചെയ്തു. ബുദ്ധിജീവികളുടെ ഐ ക്യൂ കൂടുതലുള്ള ബ്രയിൻ സെല്ലുകളിൽ പഠിക്കാനാവുന്നതിൽ കൂടുതൽ പഠിച്ച് സ്റ്റോർ ചെയ്ത മെമ്മറി സ്റ്റിക്കുകൾ കണ്ട് എനിക്കത്ഭുതാദരമുണ്ടായി. തിരികെയെത്തിയപ്പോൾ എന്റെ മനസ്സിൽ ശാസ്ത്രതത്വങ്ങളിലൂടെ ലോകം തിരിക്കുന്ന മനുഷ്യരായിരുന്നു കൂടെയുണ്ടായിരുന്നത്. സാധാരണജനങ്ങളെക്കാൾ ചിന്തയിലും പ്രവർത്തിയിലും  ഉയർന്നുയർന്ന് നിൽക്കുന്നവർ.

തിരികെയെത്തി ഒരാഴ്ച്ച  കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. വെറോണിക്ക വീട്ടിലേയ്ക്ക് വരുന്നില്ല. സ്പന്ദമാപിനി കളും, ദേശത്തിന്റെ കഥയുമായി വെറോണിക്ക ഒരിക്കൽ പോലും  വന്നില്ല. അമ്മയോട് ഒരു വൈകുന്നേരം ചോദിച്ചു. അമ്മേടെ അരീം സാമാനോം കടം വാങ്ങുന്ന വെറോണിക്കയെ കാണുന്നില്ലല്ലോ ഇപ്പോൾ.ഓ അതാണോ അതിന്റെ കല്യാണം കഴിഞ്ഞു. മുക്കാൽ പാവാടേമിട്ട് ഒമ്പതാംക്ലാസിൽ പഠിച്ചിരുന്ന ഒരാളെ ഇത്ര വേഗം കല്യാണം  ചെയ്തയച്ചന്നോ.

എന്റെ അമ്പരപ്പ്  കണ്ടാവണം അമ്മ പറഞ്ഞു. വെറോണിക്ക  ആ വീട്ടിലെ കുട്ടിയല്ല. അവർക്ക് വ്യവസായൊ ക്കെയുണ്ടായിരുന്ന കാലത്ത് ജോലിയ്ക്ക് നിന്നിരുന്ന സ്ത്രീയുടെ മകളാണ്. അവര് മരിച്ചു. ഇനീം ആരും നോക്കാനില്ലാതെ വന്നാൽ കഷ്ടാണല്ലോ എന്ന് കരുതി അവരുടെ അമ്മേടെ വീട്ടിന്ന് ആരോ വന്ന് കല്യാണോം നിശ്ചയിച്ച് കൊണ്ട് പോയി. ഷെൽഫിലിരുന്ന വെറോണിക്കയ്ക്ക് സ്കൂളിൽ നിന്ന് സമ്മാനം കിട്ടിയ .. ‘വിങ്സ് ഓഫ് ഫയർ’  ഞാനെടുത്തു. അതിലെ ആദ്യപേജിൽ ഇങ്ങനെയെഴുതിയിരുന്നു.ശാസ്ത്രലേഖനം ഒന്നാം സമ്മാനം സാറ മറിയം ജോർജ്ജ്. വെറോണിക്കയുടെ യഥാർഥ പേര് ഞാനും എന്റെ ധീരജ് എന്ന പേര് വെറോണിക്കയും ഒരിക്കലും ചോദിച്ചിരുന്നില്ല. എന്നത് എങ്ങനെ സംഭവിച്ചു എന്നൊരാലോചന എന്നിലുണ്ടായി. അബ്ദുൾ കലാം എഴുതിയ  വിങ്സ് ഓഫ് ഫയറിലെ ആദ്യ അധ്യായം തുടങ്ങുന്നതിന് മുൻപുള്ള പേജിലെ ചെറിയ കുറിപ്പ് ഞാൻ വായിച്ചു.

This earth is His, to him belong to those vast and boundless skies. 

Both seas  within him rest  and yet in that small pool He lies. 

(Atharva Veda Book 4 Hymn 16)

ഈ ഭൂമി അവന്റേതാണ്, വിശാലവും അതിരുകളില്ലാത്തതുമായ ആകാശങ്ങൾ അവന്റേതാണ്. അവന്റെ ഉള്ളിൽ  രണ്ട് സമുദ്രങ്ങളും വിശ്രമിക്കുന്നു, എന്നിട്ടും അവൻ കിടക്കുന്നത് ആ ചെറിയ കുളത്തിലാണ്. എന്റെ മുന്നിൽ വന്ന് മുഖം നിറയെ ചിരിയുമായി വെറോണിക്ക ചോദിക്കും പോലെ തോന്നി..

ഹ്യൂമാനിറ്റി. മനുഷ്യത്വശാസ്ത്രമെന്നൊരു പുസ്തകമുണ്ട്... വായിച്ചിട്ടുണ്ടോ   ഉണ്ണിച്ചേട്ടാ?

പലരും  വായിച്ചിട്ടുണ്ടാവില്ല. പലർക്കും സമയോമുണ്ടാവില്ല.. എന്നെപ്പോലെ.. 

English Summary : Veronica Short Story By Rema  Pisharody

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;