ADVERTISEMENT

അറിവില്ലായ്മ തന്ന തിരിച്ചറിവ് ( അനുഭവക്കുറിപ്പ്)

ഏതൊരു സാധാരണക്കാരെ പോലെയും എന്റെ ജീവിതത്തിലും ബാല്യവും കൗമാരവുമെല്ലാം ഒരു പാടു നല്ലതും കുഞ്ഞു കുഞ്ഞു സങ്കടങ്ങളുമൊക്കെ തന്നു വളരെ വേഗം കടന്നു പോയി. കരഞ്ഞു നിലവിളിച്ചു കയറിയ സ്കൂൾ, കോളേജ് പടികളെല്ലാം അതിന്റെ നൂറിരട്ടി സങ്കടത്തോടെ തിരിച്ചിറങ്ങി. വിദ്യാഭാസ കാലഘട്ടമാണ്  ഏറ്റവും സുന്ദരമായ കാലഘട്ടമെന്ന് വളരെ വൈകിയാണ് മനസ്സിലായത്.  (ഒരു വട്ടം കൂടി ഒരു സ്കൂൾ വിദ്യാർത്ഥിയാവാൻ ഒരു അവസരം കിട്ടിയാൽ ചെയ്യാൻ നൂറു, നൂറു കാര്യങ്ങൾ മനസ്സിലോർത്ത് ആ നഷ്ടപ്പെടുത്തിയ കാലങ്ങളെ ഓർത്തു വളരെ ഏറെ വിഷമിക്കുന്നു). ഇപ്പോൾ ഒരു ബസിൽ കയറിയാൽ ബാഗ് തൂക്കി കുട്ടികൾ കയറുന്നതും, അവരുടെ സംസാരവുമെല്ലാം കാണുമ്പോൾ എനിക്കു വരുന്ന ഒരു നോസ്റ്റാൾജിയ ഉണ്ടല്ലോ. ഹോ!.. പഠനമാണ് കഠിനം എന്നു കരുതിയ കാലം കഴിഞ്ഞ് വേഗം ഒരു ഭാര്യാ റോളിലേക്ക് മാറി.ഒരു ജോലി നേടാനുള്ള സമയം അവിടെ കിട്ടിയില്ല.

 

 

സെക്കന്റ് റോൾ ഒരു അമ്മ ആകുക എന്നതാണല്ലോ. ഈശ്വരന്റെ  അനുഗ്രഹം കൊണ്ട് ഒരു പാട് വൈകാതെ അതും സാധിച്ചു. ഒരു കുഞ്ഞു വന്നാൽ പിന്നെ നമ്മുടെ ലോകം അവരായി മാറി. അതിനിടയിൽ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. എങ്കിലും കാര്യമാക്കിയില്ല. കാര്യങ്ങൾ കുറച്ചു സങ്കീർണ്ണമാകുന്നു എന്നു തോന്നിയപ്പോൾ ആശുപത്രി യിൽ പോയി.

 

 

കാലിൽ വെരിക്കോസിസിന്റെ വേദന നല്ല രീതിയിൽ ഉണ്ടായി. എനിക്കു തരുന്ന മെഡിസിൻ മുലപ്പാലിലൂടെ കുഞ്ഞിലെത്തും എന്നു പറഞ്ഞു കുഞ്ഞിനു മുലപ്പാൽ കുറച്ചു ദിവസത്തേക്കു നിർത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഉണ്ടായിട്ട് അധിക ദിവസമാകാത്ത കുഞ്ഞിനെ  എന്റെ ഒപ്പം ആശുപത്രിയിൽ കിടത്താൻ വീട്ടുകാർ സമ്മതിച്ചില്ല. അവന്റെ ഉത്തരവാദിത്വം അവർ സന്തോഷത്തോടെ ഏറ്റെടുത്തു.

 

 

 

അവനെ വിട്ട് ഞാൻ ആശുപത്രിയിൽ. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഈ ജീവിച്ച 26 വർഷം കൊണ്ടു  ചെറിയ പനി, ജലദോഷം എന്നിവയ്ക്ക് മാത്രം ആശുപത്രിയെ   ആശ്രയിച്ചിരുന്ന  എനിക്ക് ആശുപത്രിയിൽ കിടപ്പും മരുന്നുമെല്ലാം പുച്ഛമായിരുന്നു. എനിക്ക് ഒരു അസുഖവും വരില്ല എന്ന ചെറിയ ഒരു അഹങ്കാരവുമുണ്ടായിരുന്നു.

 

 

ഞാൻ അഡ്മിറ്റ് ആയ ആശുപത്രിയിൽ  നിന്നും എന്നെ കൂടതൽ  ചികിത്സാ സൗകര്യമുള്ള മറ്റൊരു പേരുകേട്ട പ്രെവറ്റ് ഹോസ്പ്പിറ്റലിലേക്ക് റഫർ ചെയ്തപ്പോൾ ഉള്ളിന്റെയുള്ളിൽ നിന്നൊരു ആളൽ

സാധാരണ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി എന്നു കേട്ടാൽ ആദ്യമേഎന്തോ സീരിയസ് കേസാണ് എന്നാണല്ലോ മനസ്സിൽ വരിക.

 

 

സ്വന്തം ചോരയിലുണ്ടായ ഒരു കുഞ്ഞാവ. അതിനെ കണ്ണു നിറഞ്ഞൊന്നു കണ്ടതുപോലുമില്ല. കൂടെ എന്റെ നിഴലായി, ശ്വാസമായി ഇടംവലം തിരിയാതെ എന്റെ അച്ഛനും ഭർത്താവും ഇവരുടെയൊക്കെ മുഖം കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന. എനിക്കെന്താ?. ആകെ പറയാൻ ഉള്ള വിഷമം കാലിനുള്ള വേദനയാണ്. വെരികോസിന്റെ പ്രശ്നം കൂടി പോയി നല്ല രീതിയിൽ കാലിനെ ബാധിച്ചു. രക്തയോട്ടമില്ലാതെ കാൽ ഒരു പരുവമായി തുടങ്ങി എന്നു  മാത്രമാണ് നിലവിലുള്ള പ്രശ്നം. അതിനവർ എന്തിനു എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി എന്നു മനസ്സിലായതേ ഇല്ല.

 

ധൃതിയിൽ  ഡിസ്ചാർജായി അടുത്ത ആശുപത്രിയിലേക്കുള്ള യാത്രയിൽ  കാറിന്റെ സീറ്റിൽ ചാരിയിരുന്നു ആലോചിച്ചു കൂട്ടിയത് എന്തെല്ലാമാന്നു എനിക്ക് തന്നെ അറിയില്ല. അച്ഛന്റെ മുഖത്തൊന്നു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ആ മുഖം സങ്കടപ്പെടുന്നതു കാണാൻ എനിക്കാവില്ല. പുതിയ രണ്ടു മൂന്നു ഡോക്ടർമാരെ കാണെണ്ടി വന്നു. ഓരോ ഒപിയിൽ ചെല്ലുമ്പോഴും എന്റെ കാലിന്റെ പ്രശ്നം സാരമുള്ള കേസല്ല എന്നും പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട  എന്നും ഇപ്പോൾ ഉള്ള ട്രീറ്റ്മന്റ് തു‌ടർന്നാൽ മതിയെന്നു പറയുമെന്നും മനസ്സിൽ തോന്നിക്കൊണ്ടേയിരുന്നു. എത്രയും വേഗം ഡിസ്ചാർജ് ആകാനുള്ള വഴിയാണ് ഞാൻ തിരഞ്ഞത്. ഇതിനിടെ അവർ എന്നെ ECG ,ECHO റൂമിലേയ്ക്ക് കൊണ്ടുപോയി.....

 

 

ആ റൂമിന്റെ മുൻപിൽ കുറച്ചു നേരം വെയ്റ്റ് ചെയ്യേണ്ടി വന്നു. അവിടെ വെച്ച് കൂടെ നിൽക്കുന്നവരുടെ മുഖഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു. എല്ലാവർക്കും ചെറിയ ടെൻഷൻ ഉണ്ട്. എങ്കിലും ചിരിക്കുന്നു. കുഞ്ഞിന്റെ കളിയും ചിരിയും പറഞ്ഞു എന്നെ സമാധാനിപ്പിക്കുന്നു. എന്റെ കൈകളിൽ മുറുകെ പിടിച്ച് എന്റെ ഭർത്താവ് എന്നെ തലോടിക്കൊണ്ടിരുന്നു.

 

ECG, ECHO ഒക്കെ എടുത്ത് കാശ് പിഴിയാൻ  ആശുപത്രിക്കാരുടെ ഓരോ പണികൾ എന്നു മനസ്സിലോർത്തു ഞാൻ കിടന്നു. വേറെ പ്രശ്നമൊന്നുമില്ലല്ലോ വേഗം Test ചെയ്ത് ഇറക്കി വിടാമോ എന്നു എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. ടെസ്റ്റിനിടയിൽ  അതു ചെയ്യുന്ന ചേച്ചി  വേഗം ഡോക്ടറെ വിളിക്കുന്നതും സ്ക്രീനിൽ ചുവപ്പു നിറത്തിൽ എന്തൊക്കെയോ കാണിച്ചപ്പോൾ പണി പാളിയെന്നു മനസ്സിലായി. പുറത്തിറങ്ങിയപ്പോൾ ചിത്രം പതിയെ തെളിഞ്ഞു വന്നു. ഹൃദയത്തിൽ ചെറിയ രണ്ട് ദ്വാരം. കൂടെ നിന്നു എന്നെ ചതിച്ചു കളഞ്ഞല്ലോ എന്റെ ഹൃദയമേ.

 

 

ഡോക്ടറുമായി സംസാരിച്ചപ്പോൾ കാര്യത്തിന്റെ കിടപ്പു മനസ്സിലായി. ആദ്യത്തെ ഹോസ്പ്പിറ്റലിൽ വെച്ച് തന്നിരുന്ന മെഡിസിൻ, ഇതുപോലെ  കാർഡിയാക് പ്രശ്നങ്ങൾ ഉള്ളവരിൽ ഉപയോഗിക്കാൻ പാടില്ലായിരുന്നു. ആർക്കോ എന്തോ വെളിപാടുണ്ടായി  ആ മെഡിസിൻ പെട്ടെന്നു നിർത്തിയ കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. കഥയിൽ ഇതുവരെ ഇല്ലാതിരുന്ന ഈ പുതിയ അസുഖം  ജന്മനാ എന്റെ കൂടെ കൂടിയതായിരുന്നു. പക്ഷേ എന്റെയൊപ്പം അവൻ വളർന്നില്ല. നിലവിലെ കാര്യങ്ങൾ പൂർണ്ണമായൊന്നും അമ്മയെ അറിയിച്ചിട്ടില്ല. കുഞ്ഞിനെയും നോക്കി അമ്മ വീട്ടിലാണ്. കുറച്ചു ദിവസങ്ങൾ എനിക്കാശുപത്രി യിൽ കിടക്കേണ്ടി വന്നു.

 

 

 

അങ്ങനെ ഒരു ദിവസം എന്റെ മുഖത്ത് നിറഞ്ഞു നിന്ന സങ്കടവും ടെൻഷനും എല്ലാം കണ്ടു ഡോക്ടർ എന്നോട്  അടുത്തു വന്നിരുന്നു സംസാരിച്ചു.‘‘ ജന്മനാ ഇതുപോലെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ തനിയെ മാറേണ്ടതായിരുന്നു. എന്തോ അതുണ്ടായില്ല. എന്നു കരുതി ജീവിതം ഇവിടെ തീരുകയില്ല. ഇതു വരെ സന്തോഷത്തോടെ ജീവിച്ചില്ലേ?. ദിവസങ്ങൾക്ക് മുൻപ്  അല്ലേ ഇതൊന്നും അറിയാതെ നല്ല സ്ട്രെ‌യിനെടുത്ത് നോർമർ ഡെലിവറിയിലൂടെ ഒരു കുഞ്ഞിനെ കിട്ടിയത്. വെറും ഒരു മാസം മുൻപ് ഇതറിഞ്ഞിരുന്നെങ്കിൽ ഡെലിവറി ഇങ്ങനെ ഒക്കെ നടക്കുമായിരുന്നോ? ഈ കൂടെ നിൽക്കുന്നവരുടെ പ്രാർത്ഥന മതിയല്ലോ ഒരു കുഴപ്പവും ഉണ്ടാവില്ല. അപ്പോൾ ചെറിയ ഒരു അറിവില്ലയ്മ കൊണ്ട് നല്ലതു മാത്രമേ സംഭവിച്ചിട്ടുള്ളു എന്നു കരുതി സമാധാനിക്കാം.

 

English Summary : Arivillayma Thanna Thiricharivu Experience By Maya J.P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com