ADVERTISEMENT

കൊതി (കഥ)

മങ്ങിയ  വെളിച്ചത്തിന്റെ  നിഗൂഢതയിൽ നിന്ന്  എന്റെ  ശ്രദ്ധയെ ക്ഷണിച്ചത്  പ്രകാശിച്ചുനിൽക്കുന്ന എൽഇഡി  ട്യൂബിന്റെ വെളിച്ചമായിരുന്നു.

 

‘‘ ഇത്രയും കാലം  ഞാൻ എവിടെയായിരുന്നു ?’’

 

‘‘ഇന്നാണോ എന്റെ ജനനം’’

 

‘‘ അതോ ബോധരഹിതനായ എന്നെ ഉണർത്തിയതാണോ ?’’

 

എന്തെന്നില്ലാത്ത സന്തോഷം  എന്നെ  അലട്ടുന്നു.

 

‘‘ സന്തോഷത്തെ  ഭയക്കേണ്ടതുണ്ടോ?’’ 

 

ആരാണെന്റെ മുന്നിൽ നിൽക്കുന്നത്?

 

ഒന്നും വ്യക്തമല്ല. ഒരു നിഴൽ മാത്രം. മേലാസകലം എണ്ണ പുരട്ടിയിട്ടുണ്ട്. ശരീരം പഞ്ഞിക്കെട്ട് പോലെ അനുഭവപെട്ടു. പുതപ്പിച്ച തുണി മാറ്റിയിരിക്കുന്നു. അതൊരു സ്ത്രീയാണ്. മുഖം വ്യക്തമായി കാണാം. ഉറക്കത്തിന്റെ ആലസ്യം അവരുടെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. എനിക്ക് ഈ നിമിഷം മാത്രമാണ് ഓർമയുള്ളത്. മുൻപ് ആരായിരുന്നെന്നോ എവിടെയായിരുന്നെന്നോ ഓർത്തെടുക്കാൻ സാധിക്കുന്നില്ല.

 

 

‘‘ ഈ സ്ത്രീ എന്തിനാണ് എന്നെ തൊടുന്നത്?’’

 

അവരുടെ കൈകൾ പരുപരുത്തതാണ്. ആദ്യം ആസ്വദിച്ചിരുന്ന തലോടൽ എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. സ്നേഹിച്ചു തുടങ്ങേണ്ടിയിരുന്ന മുഖം വെറുക്കാൻ തുടങ്ങിയിരിക്കുന്നു. പ്രവർത്തികൾ വല്ലാതെ വേദനപ്പെടുത്തുന്നുണ്ട്.

 

‘‘ഈ സ്ത്രീയോട് ഞാനെന്ത് തെറ്റാണു ചെയ്തത് ?’’

 

‘‘ എന്റെ ശരീരം അവർ മുതലെടുക്കുകയാണോ..?’’

 

രൂപവും ഭാവവും എന്നെ ഞാനല്ലതായിരിക്കുന്നു. ഞാൻ നീളം വെച്ചിരിക്കുകയാണ്. എന്നിൽ നിന്ന് അകന്നു പോയ സ്ത്രീ തിരികെ വന്നത് ഒരു കറുത്ത പിടിയുള്ള കത്തിയുമായിട്ടാണ്. ശരീരത്തിൽ മുറിക്കുന്നത് അറിയാൻ കഴിയുന്നു. വേദന അനുഭവിക്കാൻ കഴിയുന്നുണ്ട്. പ്രകടിപ്പിക്കാൻ കഴിയുന്നില്ല. മുന്നോട്ടുണ്ടായി രുന്ന വേദനകളും രുപമാറ്റവും എന്നെ സഹിക്കാൻ പഠിപ്പിച്ചിരിക്കുന്നു. എന്നെപ്പോലെ തോന്നിപ്പിക്കുന്ന നിരവധി ശരീരങ്ങളേയും ചുറ്റും കാണാൻ സാധിക്കുന്നുണ്ട്. ഞാൻ വീണ്ടും ചെറുതായിരിക്കുന്നു.

 

‘‘എന്റെ ശരീരഭാഗങ്ങളാണോ ചുറ്റുമുള്ളത്?’’

 

‘‘ അതോ എന്നെപ്പോലെ വേദന മാത്രം അനുഭവിക്കുന്നവരാണോ അവരും’’

 

 വീണ്ടും ഒരു തണുത്ത തുണികൊണ്ട് മൂടിയിരിക്കുന്നു.ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ്. ചേർന്നിരിക്കുന്ന വരോട് സംസാരിക്കാൻ കഴിയുന്നില്ല. ശരീരപ്രകൃതവും രൂപവും വളരെ സാമ്യമുണ്ട്. വേദനയെ ശമിപ്പിക്കാൻ വേണ്ടിയായിരിക്കണം തണുത്ത തുണി ഞങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. തുണി കൊണ്ട് മൂടുമ്പോൾ അവരുടെ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു.

 

 

‘‘സംതൃപ്‌തിയില്ലാത്ത മുഖം’’

 

കണക്കു കൂട്ടലുകൾ പിഴച്ചില്ല. കൂട്ടത്തിൽ നിന്ന് മാറ്റിയ എന്നെ കൈ കൊണ്ട് അമർത്തി ആസ്വദിക്കുകയാണ്.

വേദന ഒരു പ്രശ്നമല്ലാതായിരിക്കുന്നു.എന്റെ വണ്ണം കുറയുകയാണ്. വികസിക്കുകയാണ്. അമർത്തലുകൾ ക്കൊടുവിൽ എന്നെ കാറ്റിൽ  പറത്തുന്നു. നിലത്തടിക്കുന്നു. ഇപ്പോഴെനിക്ക് പഴയ രൂപമല്ല.

 

 

‘‘ ഓരോ പ്രഹരങ്ങൾക്കു ശേഷവും എന്തിനാണ് തലോടുന്നത് ?’’

 

ക്രൂരമായ മനസ്സിലെവിടെയോ ഒരൽപം കരുണ അനുഭവിക്കാൻ സാധിക്കുന്നുണ്ട് .വീണ്ടും മുന്നിൽ പ്രത്യക്ഷപ്പെട്ട കത്തി എന്നെ രണ്ടായി ഭാഗിച്ചു. വേദന സഹിക്കാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ടാകണം പകുതി ചുരുട്ടി വെച്ചിരിക്കുകയാണ് മുൻപുണ്ടായിരുന്ന അംഗസംഖ്യ ഇരട്ടിയായിരിക്കുന്നു .വേദനകളെ മറന്നു തുടങ്ങാം എന്ന കരുതിയ മനസ്സിനും ശരീരത്തിനും വീണ്ടും തെറ്റി .എന്നെ മാത്രം മാറ്റി നിർത്തി വികസിപ്പിക്കുകയാണ്. ഒരു ചൂട് പ്രതലത്തിൽ എന്നെ കിടത്തിയിരിക്കുന്നു .ചൂട് കൂടി വരികയാണ് .മരണം പടിവാതിക്കലാണെന്ന് തോന്നിയ നിമിഷം !ജീവൻ ബാക്കി നിൽക്കെ ഞാൻ അടഞ്ഞു കിടക്കുന്ന ഒരു ലോകത്തെത്തി. ചൂട് കുറഞ്ഞതുകൊണ്ടാകണം ജീവൻ  തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു. മേലാസകലം പൊള്ളിയ പാടുകൾ കാണാം. ഒറ്റക്കിരുന്നു എനിക്ക് മുകളിൽ സമാനമായ ഒരു ശരീരം കൂടി വന്നു വീണിരി ക്കുന്നു. ഇടവേളകളിൽ ഭാരം കൂടി വരുന്നതായി അനുഭവപ്പെട്ടു. പുറത്തെത്തിയ ഞങ്ങൾക്ക് പഴയ രൂപങ്ങൾ ഒരു വശത്തായി കാണാം.

 

 

ഞങ്ങളുടെ രൂപം തികച്ചും വ്യത്യസ്തമാണ്. പെട്ടന്ന് തന്നെ ആ സ്ത്രീ ഇരുഭാഗങ്ങളിൽ നിന്നായി വേഗത്തിൽ അടിക്കാൻ തുടങ്ങി . ബാക്കിയുണ്ടായിരുന്ന ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാവാം. ശരീരമാസ കാലം പാളികളായി മാറിയിരിക്കുന്നു . മുറിവുകളുടെ അവശിഷ്ടമായിരിക്കണം ചുറ്റും കാണപ്പെട്ടത്.

ഇതുവരെ ഒറ്റക്കായിരുന്നു സ്ത്രീയുടെ അടുത്തായി ഒരു ചെറുപ്പക്കാരനെ കാണാൻ സാധിക്കുന്നുണ്ട്.

 

‘‘ആരാണാ ചെറുപ്പക്കാരൻ?’’

 

‘‘ഒരു പക്ഷേ സ്ത്രീയുടെ സഹായിയായിരിക്കണം’’

 

ഒരു സ്റ്റീൽ പ്രതലത്തിൽ എന്നെ കിടത്തിയ അയാൾ എങ്ങോട്ടോ നടക്കുകയാണ്. മുകളിൽ നിന്ന് മസാലയുടെ മണമുള്ള ചൂടുള്ള  ദ്രവകം ശരീരത്തിൽ പതിച്ചു. ചുട്ടപൊള്ളുന്ന പ്രതലത്തിന്റെ ചൂടിനേക്കാൾ വലുതായിരുന്നില്ല അത്. 

 

എന്റെ ശരീരത്തിൽ നിന്നും പാളികളായി കിടക്കുന്ന ഒരു ഭാഗം കീറിയെടുത്തു.

 

‘‘ മരണം ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നുണ്ട്’’

 

‘‘ ഞാൻ ഇവിടെ മരിക്കുകയാണ്’’

 

കീറിയെടുത്ത ശരീരഭാഗം വായിലേക്ക് വെച്ചുകൊണ്ട് സ്ത്രീയെ നോക്കി ഇപ്രകാരം പറഞ്ഞു.

 

‘‘നല്ല പൊറോട്ട’’

 

English Summary : Kothi Short Story By Ajas Abdul Salam R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com