ADVERTISEMENT

നിയോഗം (ചെറുകഥ)

പുലരിവെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. കെ എസ് ആർ ടി സി  ബസ്  സ്റ്റാൻഡിൽ  കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് മിനിറ്റായി. ഇന്നലത്തെ  ആ വിളി , കൗമാര പ്രണയത്തേക്കാൾ തീക്ഷ്ണമാണ് .യൗവ്വന  പ്രണയം എന്നറിയിച്ച ആ ഗാംഭീര്യമുള്ള ശബ്ദം. ഇപ്പോഴും. ഇടർച്ചയുണ്ടെന്നൊഴിച്ചാൽ അതേ പോലെ .

 

ഫോൺ കുറേയായി എന്നെ പോലെ തന്നെ . പ്രായാധിക്യത്താൽ കേടുവന്നിരിക്കുന്നു. കേടുവരുമ്പോഴെല്ലാം  നേരെയാക്കി അങ്ങനെ  നീങ്ങുകയാണ്. ഒരു പുതിയത്  വാങ്ങണമെന്ന് മോനോട് പറഞ്ഞതാ.

 

‘‘ അമ്മക്കെന്തിനാ ഇപ്പോ ഫോൺ ? ആവശ്യത്തിന് എന്റെ ഫോൺ ഉപയോഗിക്കാലോ’’. മറുപടി ഒന്നും പറയാൻ തോന്നിയില്ല .പണ്ടത്തെ ശൗര്യമൊക്കെ പോയിരിക്കുന്നു.

 

ഇന്നലെ... പാതിചത്ത ഫോണിന്റെ നേരിയ ശബ്ദം. ആര് വിളിക്കാനാണ് ഈ നേരത്ത്. ചെറിയ മോൾ  ആയിരിക്കുമോ?. കണ്ണട എടുത്ത് നോക്കുമ്പോഴേക്കും റിങ് നിലച്ചിരുന്നു. പിന്നേയും ഞരക്കത്തോടെ അത് വീണ്ടും എടുത്തു. 

 

അപ്പുറത്തു നിന്ന്  ‘‘ഹലോ’’ എന്ന ശബ്ദം മാത്രമേ കേട്ടുള്ളൂ. ചുക്കിച്ചുളിഞ്ഞ ഞരമ്പുകളിലൂടെ രക്തയോട്ടം കുതിച്ചു കയറിയോ?. മഞ്ഞനിറമാർന്ന കുഴിഞ്ഞ കണ്ണുകളിൽ ഒരു ശോഭ മിന്നി മാഞ്ഞുവോ?.

 

‘‘സുഖമാണോ’’

 

ഒറ്റ വാചകം. വർഷങ്ങളായി കേൾക്കാൻ കൊതിച്ചിരുന്ന ആ വാചകം. വിറയ്ക്കുന്ന  കൈകളാൽ ഫോണിൽ പിടിച്ച് ഒന്നും പറയാനാവാതെ നിന്നു.

 

‘‘ ഒന്നു കാണണം. ഒരു യാത്ര പോണം. നാളെ രാവിലെ 6.30 ന് കെ എസ് ആർ ടി സി  ബസ്  സ്റ്റാൻഡിൽ എത്തണം’’ പിന്നെ ഒന്നും പറഞ്ഞില്ല. ഫോൺ കട്ടായതാണോ നിർത്തിയതാണോ എന്നൊന്നും അറിഞ്ഞില്ല.

 

 ഒരു പാടു കാലം പറഞ്ഞു കൊതിച്ചിരുന്ന യാത്ര. ഈ അവസാന യാമങ്ങളിൽ പോയേ തീരൂ. മരുന്നുകൾ എടുത്ത് വെച്ചു.കുറച്ചു ദിവസം കൂടി ജീവനെ പിടിച്ചു നിർത്തണം. രാത്രി ഉറങ്ങിയില്ല. ചിന്തകൾ ആയിരുന്നു . അപ്പുറത്തും എന്നും ചിന്തകൾ തന്നെയായിരുന്നല്ലോ. ഫ്ലാറ്റിൽ നിന്ന് സ്റ്റാൻഡിലേക്ക്  അഞ്ച്  മിനിറ്റേ നടക്കാനുള്ളൂ. ഒറ്റക്കു പോവാറില്ല. വേച്ചു വേച്ചു പതറിയ കാലുകളുമായി നടന്നു .

 

കാത്തിരിപ്പ് അസഹ്യമായി തോന്നിയില്ല. അതാ വരുന്നു. എന്റെ ഗന്ധർവ്വൻ. തന്റെ എല്ലാമെല്ലാമായവൻ. വാർദ്ധക്യത്തിന്റെ അവശതയിലും  ഊർജ്ജസ്വലമായ നീണ്ട കൈകൾ വീശിക്കൊണ്ട്. ഒന്നും പറഞ്ഞില്ല. എന്റെ തണുത്ത വിറയാർന്ന കൈകൾ പിടിച്ച് എഴുന്നേൽപ്പിച്ചു. വിറയ്ക്കുന്ന  വലതു കൈകളാൽ അവനിലേക്ക്  എന്നെ ചേർത്തുപിടിച്ചു. എവിടേയ്‌ക്കെന്നറിയാത്ത യാത്ര. നിയോഗം ഇതാവും .

 

English Summary : Niyogam Short Story By SKN 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com