ADVERTISEMENT

വീട്ടുമുറ്റങ്ങൾക്കും പറമ്പുകൾക്കും പാടങ്ങൾക്കും അതിർ വരമ്പുകളില്ലാത്ത കാലം. മാങ്ങയും ചാമ്പങ്ങയും പെറുക്കി നടന്ന കുട്ടിക്കാലം. വർഷങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ ആ കാലത്തിന്റെ ഓർമകൾക്കു മൂർച്ചകൂടി വരും. മടങ്ങിയെത്താത്ത അക്കാലത്തിന്റെ ഓർമകൾക്ക് എന്തു സുഖവും രസവുമാണെന്നോ.. പോയകാലത്തിന്റെ ഓർമകളാണ് ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. 

 

ഓർമകൾ അന്നും ഇന്നും (കുറിപ്പ്)

അമ്മ വീടിനടുത്തുള്ള സെന്റ് ലൂയിസ് യുപി സ്കൂളിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്.  അതുകൊണ്ടുതന്നെ ബാല്യത്തിന്റെ നല്ലൊരു പങ്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു. അവരായിരുന്നു എനിക്കെല്ലാം. എന്റെ അച്ഛനും അമ്മയും കൂട്ടുകാരുമൊക്കെ അവരായിരുന്നു. കൂട്ടുകാരൊക്കെ അച്ഛനാണ് റോൾമോഡൽ എന്നു പറയുമ്പോൾ എന്റെ റോൾ മോഡൽ മുത്തച്ഛനായിരുന്നു. അധ്വാനിയായ, എല്ലാവരെയും സ്നേഹിക്കാൻ മാത്രംമറിയുന്ന എന്റെ മണി അച്ഛൻ. സ്കൂളിനോട് ചേർന്നുള്ള വൈക്കം ഫൊറോന പള്ളിയിലെ ചെറിയ പെരുന്നാളും വലിയ പെരുന്നാളുമൊക്കെ ആഘോഷമാക്കുന്ന കാലം, പെരുന്നാളു കൂടാനും ഉൽസവങ്ങൾക്കുമൊക്കെ ഇരുവരും എന്നെ കൊണ്ടു പോകും. ബലൂണും ഐസ്ക്രീമുമൊക്കെ വാങ്ങിത്തരും, പെരുന്നാളിനു കണ്ട പ്രദക്ഷിണത്തിന്റെ ഓർമകളും കഴിച്ച ഐസ്ക്രീമിന്റെ മധുരവും ഇന്നുമുണ്ട്. 

 

ഓർമകൾ അന്നും ഇന്നും (കുറിപ്പ്)

അടുത്ത വീട്ടിലെ വിഷ്ണു ചേട്ടനും ബിബിൻ ചേട്ടനും ചിന്നപ്പനും ആതിരയും ഉണ്ണി ചേട്ടനും ചിക്കു ചേച്ചിയും അഞ്ചുവും ആയിരുന്നു എന്റെ കൂട്ടുകാർ. ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. സ്കൂളിൽ പോകുന്നതും കളിക്കുന്നതുമൊക്കെ ഒരുമിച്ച്. മറ്റു കുട്ടികളൊക്കെ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന സമയം ഞങ്ങൾ ചൂണ്ട ഇട്ടും, തോട്ടിലെ  വെള്ളം വറ്റിച്ചു മീൻപിടിച്ചും നടക്കും. ചെറിയ മരക്കൊമ്പുകൾ വെട്ടി വീടുണ്ടാക്കുന്നതു ഞങ്ങളുടെ വിനോദമായിരുന്നു. പള്ളിയെന്നോ അമ്പലമെന്നോ വേർതിരിവ് ഇല്ലാതെ കൂട്ടുകാരെ സ്വന്തം കൂടപ്പിറപ്പായി കണ്ട നല്ലകാലം. സെന്റ് ലൂയിസ് യുപി സ്കൂളിലെ ആ നല്ല ഓർമകൾ, ഒരിക്കലും മറക്കാത്ത കുറെയേറെ നിമിഷങ്ങൾ. മറ്റുളളവർക്ക് ഉപദ്രവമില്ലാത്ത ചെറിയ നുണകളും കള്ളത്തരങ്ങളും ഒക്കെ നിറഞ്ഞ കാലം.

ഓർമകൾ അന്നും ഇന്നും (കുറിപ്പ്)

 

ഓർമകൾ അന്നും ഇന്നും (കുറിപ്പ്)

വേമ്പനാട്ടു കായലിന്റെ തീരത്താണ് സ്കൂൾ. അതിനാൽ അവിടുത്തെ കാറ്റിനുമുണ്ടായിരുന്നു പ്രത്യേക സുഖം. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന് ഹൃദയത്തിൽനിന്നും ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചൊല്ലി പിരിഞ്ഞ സ്കൂൾ അസംബ്ലികൾ. വെള്ളിയാഴ്ച ദിവസം ഞങ്ങൾക്ക് വളരെ വളരെ പ്രിയപ്പെട്ടതായിരുന്നു. അന്നത്തെ അവസാനത്തെ പിരീഡ് പിറ്റി ആണ്. നാലു ദിവസത്തെ കാത്തിരിപ്പിന്റെ അവസാനം, വെള്ളിയാഴ്ച ദിവസം സ്കൂളിൽ പോകാൻ വളരെ ഇഷ്ടമായിരുന്നു രാവിലെ ക്ലാസിൽ ഇരിക്കുമ്പോൾത്തന്നെ എന്തു കളിക്കണം, ആരൊക്കെയാണ് ടീം അംഗങ്ങൾ എന്നൊക്കെ തീരുമാനിക്കും. അങ്ങനെ മണിക്കൂറുകൾ കഴിഞ്ഞ് പിറ്റി പിരീഡിന്റെ ബെല്ല് ഒന്നച്ചൻചേട്ടൻ എന്നു ഞങ്ങൾ വിളിക്കുന്ന പ്യൂൺ ചേട്ടൻ മണിയടിക്കുമ്പോൾ ഗ്രൗണ്ടിൽ പോകാനുള്ള ആവേശമാണ് ഞങ്ങൾക്ക്. 

 

തോമസർ വന്നു വരിയായി ഇറക്കും. പെൺകുട്ടികൾ മുന്നിലും ഞങ്ങൾ പിറകിലും. വരി ആയി ഇറങ്ങുമ്പോൾ സർ പറയും, എല്ലാവരും ലൈൻ ആയി വരിക, അല്ലാത്തവരെ കൊണ്ടുപോകില്ല എന്ന്. അതുകൊണ്ട് എല്ലാവരും വളരെ അച്ചടക്കത്തോടെ ഗ്രൗണ്ടിലേക്ക് നീങ്ങും. ഗ്രൗണ്ടിൽ എത്തിയാൽ എല്ലാവർക്കും സന്തോഷമാണ്. പെൺകുട്ടികൾ അവരുടെ കളികളിലും ഞങ്ങൾ ഞങ്ങളുടെ ലോകത്തും ആയി തീരും. 

 

ആൺകുട്ടികൾ അന്ന് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞാനും ബിബിനും മനുവും ജിഷ്ണുവും എബിന്നും കൂടി ആരോടും പറയാതെ പള്ളിയിലേക്ക് പോകും. പള്ളിയുടെ അകത്ത് ഒരു ചെറിയ മാവ് ഉണ്ടായിരുന്നു. അതാണ് ഞങ്ങളുടെ ലക്ഷ്യം. പറഞ്ഞ് ഉറപ്പിച്ചതു പോലെ മനു ഉപ്പും മുളകും കൊണ്ടുവരും. ഞങ്ങൾ പള്ളിയുടെ അകത്തു കയറി കപ്പിയാരും അച്ചനും ഇല്ലെന്ന് ഉറപ്പ് വരുത്തും. പിന്നെ എബിൻ മാവിൽകയറി മാങ്ങാ പറിക്കും. മാങ്ങ കൈക്കലാക്കി കായലിന്റെ തീരത്തേക്ക് ഒരൊറ്റ ഓട്ടമാണ്. അവിടെ ചെന്നിരുന്നു ചുന കളഞ്ഞ് മാങ്ങ കല്ലിൽ അടിച്ചു പൊട്ടിക്കും. എന്നിട്ട് എല്ലാവർക്കും ഒരുപോലെ വീതിച്ചെടുക്കും. മനുവിന്റെ കീശയിൽ നിന്നും ഉപ്പും മുളകും എടുത്ത് ഒരു പിടിപിടിക്കും. ഉപ്പും എരിവും പുളിയും ചേർന്ന ആ സന്തോഷം ഞങ്ങൾ പരസ്പരം നോക്കി, ചെറുപുഞ്ചിരിൽ ഒതുക്കും. അപ്പോഴേക്കും ജിഷ്ണു പറയും, എടാ നമ്മുടെ ബസിന്റെ സമയം ആകുന്നു, പോകേണ്ട എന്ന്. ഞങ്ങൾ അവിടെ നിന്നും ഓടി. ഒന്നും സംഭവിക്കാത്ത പോലെ തിരിച്ചു വരും.

 

മനുവും എബിനും ജിഷ്ണുവും ബാലഭവനിൽനിന്നാണ് പഠിക്കുന്നത്. അവർ സ്കൂൾ ബസിലാണ് പോകന്നത്. ബസ് നേരത്തെ എത്തും. അവർ മൂവരും ക്ലാസിൽ പോയി ബാഗ് എടുത്ത് ബസ് ലക്ഷ്യമാക്കി നീങ്ങും. ഞാനും ബിബിനും ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാർക്കൊപ്പം കൂടും, അന്നു കൂട്ടുകാർക്കൊ പ്പം പള്ളിയിൽ നിന്നു കട്ടുതിന്ന മാങ്ങയുടെ രുചി പിന്നീട് കഴിച്ച മാങ്ങയ്ക്കൊന്നും ഉണ്ടായിട്ടില്ല. മനുവും എബിനും ജിഷ്ണുവും ഇന്ന് എവിടെയാണോ ആവോ? അവരിന്നും ഓർക്കുന്നുണ്ടാവുമോ ആ ക്ലാസും പള്ളി മുറ്റവും വെള്ളിയാഴ്ചകൾക്കായുള്ള കാത്തിരിപ്പുമൊക്കെ? ഇനിയും മാങ്ങ പറിക്കണം, ഓടികളിക്കണം, തല്ലുകൂടണം. തിരിച്ചു വരാത്ത ആ നല്ല ദിനങ്ങൾക്കായി വീണ്ടും വെറുതെ മോഹിച്ചു പോകുന്ന ഓർമകൾ മാത്രമാണ് എന്നറിഞ്ഞിട്ടും വെറുതെ വെറുതെ.......

 

English Summary : Ormakal Annum Innum Memories By Sreekuttan Sreenivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com