ADVERTISEMENT

തിരയൊളിപ്പിച്ച കടൽ  (കവിത)

ചലിക്കുന്നത് ക്യാമറയല്ല, 

 

നിങ്ങളല്ല. 

 

കണ്ണോ കരവിരുതോ അല്ല, 

 

രസകാമനകളായ ആയിരം കണ്ണുകൾ..

 

അവയെ ഒന്നാകെ ഒരു ഭാവത്തിൽ ഒളിപ്പിച്ചു തുടുപ്പിക്കുകയാണല്ലോ ഭവാൻ... 

 

അലസതാവിലസിതമെന്നു ചിലർ.. 

 

മോഹനലാലസമെന്നു മറ്റു ചിലർ... 

 

വാക്കിൽ നിങ്ങൾ താളം കൊട്ടുന്നുണ്ടല്ലോ. 

 

നടപ്പിൽ ഒരു മയിൽപ്പീലി മിന്നുന്നുണ്ടല്ലോ. 

 

നോക്കിന് ഇമ്പം തോഴിയാണല്ലോ.. 

 

ഭവാന്റെ മുടിയിഴയും പാടും പോലും... 

 

എന്താണ് മോഹനം?  നിങ്ങൾ ഭാവത്തെ തൊടുക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം.. 

 

ചിരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം.. 

 

ഒരു ഇമയനക്കത്തിൽ തരംഗമാല.. 

 

കൈത്തുമ്പിൽ കഥാലീലയുടെ മാൻപേട.. 

 

ജലത്തിൽ വെയിൽ വന്ന് ചായും പോലെ ഭാവം ലയത്തെ ചുംബിക്കുന്ന ആത്മശൈലി.. 

 

ഏത് അഭാവത്തിൽ നിന്നാണ് ഭവാന്റെ ഭാവ സഞ്ചാരം? !

 

അങ്ങ് ഒന്നും മെനയുന്നില്ലല്ലോ.. 

 

വന്നുദിക്കാനിരിക്കുന്ന ചാരുതയെ അങ്ങ് വിളിച്ചുകൊണ്ടുവരുന്നു.. 

 

ഭവാനും ഭാവവും തമ്മിൽ സംസാരിക്കുന്ന ഭാഷ തേടിയാണ് എല്ലാ ദേവതകളും രസിക്കുന്നത്.. 

 

ആയിരം ജന്മങ്ങൾ ഒരാളിലേയ്ക്ക് വന്നാൽ അയാൾ ഒരു കല്പമായി മാറും. 

 

ആ ഇമ്പകല്പനകളുടെ ദേവാസുരം ആരറിയും? 

 

ഭവാനും അറിയുന്നില്ല.. 

 

എല്ലാം സംഭവിക്കുകയാണല്ലോ.. മയങ്ങിയ മെയ്ത്താളത്തിന്റെ മദനിശ്വാസത്തിന് എന്തു പേര്? 

 

വിലയവികാരങ്ങളുടെ പ്രതീയമാനത്തിനു എന്തു പേര്? 

 

എന്റെ ഉള്ളിൽ അമർന്നു കിടക്കുന്ന ഉൾപ്പുലികളെ യാണല്ലോ ഭവാൻ വേട്ടയാടുന്നത്.. 

 

ജീവിതത്തിന്റെ ഉൾക്കാടിളക്കമാണ് കലയെങ്കിൽ, നിങ്ങളാണല്ലോ കാടും കടലും. 

 

ഇനിയൊരു കാടിളക്കിവേട്ടക്കാരനോ 

 

തിരകൾ തൂവുന്ന ഒറ്റയാനോ ഈ വഴി വരാനില്ല. ഒളിപ്പിച്ചുവെച്ച 

 

തിരകൾ നീർത്തി നീർത്തി കടലായതും 

 

പുലിക്കണ്ണുകൾ കാടിന്റെ ഇരമ്പമായതും എങ്ങനെയെന്നു ആരും അറിഞ്ഞില്ല.. 

 

നിങ്ങൾ പോലും.. നെടുരേഖയെ വളച്ചുവളച്ചു പൂർണതയാക്കുന്നവൻ 

 

ദാ, ഉള്ളിലിരുന്ന് ചിരിക്കുന്നു... 

 

English Summary : Thirayolippicha Kadal Poem About Mohanlal By Dr. Suresh Madhav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com