ADVERTISEMENT

അക്ഷയതൃതീയ ( കഥ )

അടുക്കളയിൽ നിന്നുള്ള   പൊരിപ്പിന്റെ ഗന്ധം നാസാരന്ധ്രങ്ങളിൽ  തുളച്ചു കയറിയപ്പോഴാണ് രാമേശൻ നിദ്രയിൽ നിന്നും ഉണർന്നത്. പൂരിമസാല ആയിരിക്കും. രമേശിന്റെ കാലുകൾ അടുക്കള ഭാഗത്തേക്ക് നടന്നു നീങ്ങി. ഊണുമുറിയിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന ഭാഗത്ത് രണ്ട് ഇരുമ്പ് സ്റ്റൂളുകൾ വഴി തടസ്സപ്പെടുത്തി വെച്ചിരിക്കുന്നു.

 

ശ്യാമളേ.... ഇതെന്തുവാണ് കർണ്ണാടകം   വഴി മുടക്കിയതുപോലെ. ഇന്ന് മുതൽ അടുക്കള   ഹോട്ട് സ്പോട്ട് ആണ്. ഇതെന്താ എന്റെ പൊന്നേ. ഹോട്ട് സ്പോട്ടും  വഴി തടയലും ഒക്കെ. ഒരു ചായ  കിട്ടിയാൽ.

 

പൊന്നേ വിളിയൊന്നും വേണ്ട. ഇന്നു മുതൽ ചായ പ്രാതലിന്റെ കൂടെ മാത്രമേ കിട്ടുകയുള്ളു.   ഈ വേനൽക്കാലത്ത്,  ഈ ചൂടത്ത് അടുപ്പിന്റെ  അടുത്ത് നിന്ന്  ഞാൻ മടുത്തു..... അതു കൊണ്ടാണ് ഹോട്ട് സ്പോട്ട് ആക്കിയത്. നിങ്ങൾക്ക് വർക്ക് അറ്റ് ഹോമിന്റെ പേരും പറഞ്ഞ്  ഗ്രീൻ സോണിൽ ഇരുന്ന്   ഗ്രീൻ ആപ്പ് കളിച്ചു കൊണ്ടിരുന്നാൽ മതിയല്ലോ.

 

 

ഇതെന്തുവാ  ശ്യാമൂ. ഗ്രീൻ സോണും    ഗ്രീൻ ആപ്പും നീ അൽപം   ദേഷ്യത്തിലാണല്ലോ. ദേഷ്യം വരാതെ പിന്നെ. സോഫയിൽ ഫാനിന്റെ കാറ്റും കൊണ്ടിരുന്ന് വാട്സപ്പിൽ വരുന്ന കണക്കിലെ കളികൾ സോൾവ് ചെയ്യലാണല്ലോ നിങ്ങളുടെ  പ്രധാന തൊഴിൽ.

 

എന്റെ ശ്യാമേ...  ഏതു സമയത്ത് വിളിച്ചാലും ഫോൺ അറ്റന്റ് ചെയ്യണമെന്നാണ്  ചീഫ്  പറഞ്ഞിരിക്കുന്നത്.    പിന്നെ ഇടയ്ക്ക് കുട്ടുകാരെ മുഷിപ്പിക്കാൻ  പറ്റില്ലല്ലോ അതാ.... വാട്സപ്പ്......

 

‘‘ ഇടയ്ക്ക് എന്ന് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് 10.30 നും   3 മണിക്കും ഉള്ള  ഇടച്ചായ  ഇന്നു 

മുതൽ നിർത്തി’’ ശ്യാമള കട്ടായം പറഞ്ഞു.

 

ഓഫീസ് വർക്കിന് ഉത്തേജനം നൽകുന്നതാണീ ഇടവേളകളിലെ ചായകൾ.  അതു നിർത്തിയാൽ  എനിക്ക് ഉറക്കം വരും   ശ്യാമേ....

 

‘‘ ഉറക്കം വരുമ്പോൾ ഫാൻ ഓഫാക്കിയാൽ മതി. പിന്നെയിരുന്നങ്ങ് വിയർക്കും. ഉറക്കം മാറിക്കിട്ടുകയും ചെയ്യും. ഒരു ഉത്തേജന ചായ !!   നല്ല ദിവസമായിട്ട് എന്റെ വായിൽ  നിന്നും കൂടുതൽ  ഒന്നും കേക്കണ്ട.   പൂര വെടിക്കെട്ടിന്റെ പെരുക്കം പോലെ ശ്യാമള കത്തിക്കയറി.

 

കൂടുതൽ നിന്ന് പ്രതികരിച്ചാൽ  കാര്യങ്ങൾ കൈവിട്ടു പോകും. ഊണും അത്താഴവും മുടങ്ങുമോ എന്ന ഭയത്താൽ ഒന്നും മിണ്ടാതെ രമേശൻ ബ്രഷും പേസ്റ്റുമായ്  കുളിമുറിയിൽ കടന്നു. പ്രഭാത കർമ്മങ്ങൾക്ക് ശേഷം രമേശൻ പമ്മി പമ്മി ഗ്രീൻ സോണിൽ പോയിരുന്നു.

 

കുറച്ചു കഴിഞ്ഞപ്പോൾ ശ്യാമള ഒരു ട്രേയിൽ കുറച്ച് ബിസ്ക്കറ്റും, പപ്പടവും, ചായയുമായ് വന്ന്  രമേശിന്റെ മുൻപിൽ വച്ചു.  

 

അയ്യോ ഇതെന്നതാ ...!!       പൂരിമസാല ഇല്ലയോ. രമേശിന്റെ മുഖം    വേനൽക്കാല കാർമേഘം പോലെയായി.

 നിങ്ങള് സ്വപ്ന ലോകത്താണോ മനുഷ്യാ....? ഇത് ഗോൾഡ് വിന്നർ എണ്ണയിൽ  പൊരിച്ച  പപ്പടമാ.  പിന്നെ മാരി ഗോൾഡ് ബിസ്ക്കറ്റ്  കൂടെ ചക്ര ഗോൾഡ് ചായയും.

 

അപ്പോൾ ഉച്ചയ്ക്കോ..... ? 

 

‘‘ഉച്ചക്ക് ഓൾഡ് ഈസ് ഗോൾഡ് കഞ്ഞി’’ പെട്ടെന്നായിരുന്നു ശ്യാമളയുടെ അടുത്ത അമിട്ട്.

 

എന്റെ ദൈവമെ പഴംകഞ്ഞി. രമേശൻ മനസ്സിൽ മന്ത്രിച്ചു കൊണ്ട്  ബിസ്ക്കറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി.  

 

ശ്യാമള ഗ്രീൻ സോണിൽ നിന്നും   ഹോട്ട്സ്പോട്ടിലേക്ക് പോയി.

 

ഇതെന്നതാ. എല്ലാം ഗോൾഡ് ? നല്ല ദിവസം. ഒന്നും മനസ്സിലാവുന്നില്ലല്ലോ. രമേശന്റെ തല പുകയാൻ തുടങ്ങി.

 

എന്ത് പ്രശ്നം വന്നാലും മുഖ്യ കഥാപാത്രമായ താൻ പ്രകോപിതനാവാൻ പാടില്ല. പപ്പടം എങ്കിൽ പപ്പടം.    പപ്പടവും ചായയും നല്ല കോമ്പിനേഷനാണെന്ന് ഷേണായിയുടെ ഹോട്ടലിൽ വരുന്ന രാജപ്പൻ പറയാറുണ്ട്.   ആഹാരം കഴിച്ച ശേഷം സാവധാനം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം എന്ന്   മനസ്സിൽ കരുതിക്കൊണ്ട്  

രമേശൻ മൊബൈൽ എടുത്ത് വാട്സപ്പ് തുറന്നു.

 

ടൈപ്പിസ്റ്റ് തങ്കമ്മ അയച്ച മെസേജിൽ രമേശന്റെ കണ്ണുകൾ ഉടക്കി.!

 

‘‘രമേശൻ സാറിനും കുടുംബത്തിനും അക്ഷയതൃതീയ ശുഭദിന ആശംസകൾ’’ രമേശൻ കലണ്ടർ പരിശോധിച്ചു. ‘‘26/April അക്ഷയതൃതീയ’’

 

 

പിടി കിട്ടി... പിടി കിട്ടി.... രമേശന് കാര്യം പിടി കിട്ടി. ഗോൾഡിന്റെ കാര്യം പിടികിട്ടി. കഴിഞ്ഞ വിവാഹ വാർഷി കവും വെള്ളപ്പൊക്കവും ഒരുമിച്ചു വന്നതു കാരണം  വിവാഹ വാർഷിക സമ്മാനമായി ഭാര്യ ആവശ്യപ്പെട്ട കമ്മൽ   ‘‘സാലറി ചലഞ്ചിൽ’’  ഒലിച്ചുപോയിരുന്നു. അത് അക്ഷയതൃതീയയ്ക്ക്   വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിരുന്നു. അതിന്റെ ഓർമ്മപ്പെടുത്തലാണീ അഗ്നിപർവ്വത വിസ്ഫോടനം. തങ്കമ്മയ്ക്ക് മനസ്സിൽ ഒരു താങ്ക്സ് പറഞ്ഞുെകാണ്ട്  രമേശൻ പതുക്കെ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു.

 

 English Summary : Akshaya Thritheeya Short Story By Balu D

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com