പാര അയ്യപ്പൻ രഹസ്യം പുറത്തുവിട്ടു; മേലുദ്യോഗസ്ഥന് കൊറോണക്കാലത്ത് കിട്ടിയ പണിയോർത്ത് തൊഴിലാളികൾ ഊറിച്ചിരിച്ചു...

കൊറോണ കൊടുത്ത എട്ടിന്റെ പണി ( കഥ)
SHARE

കൊറോണ കൊടുത്ത എട്ടിന്റെ പണി ( കഥ)

‘‘പോരാ പോരാ, ഇനിയും താഴ്ത്തണം’’. ജേക്കബ് സാറ് പറഞ്ഞാൽ താഴ്ത്താതെ മറ്റ് പോംവഴി ഇല്ല. മിനിമോളുടെ തല പുകഞ്ഞു. ഭാവനയിൽ കുറേ നേരം മുങ്ങി തപ്പി. പിന്നെ വർദ്ധിത വീര്യത്തോടെ തലക്കെട്ട് തയ്യാറാക്കി. 

‘‘ ഭർത്താവിന്റെ ജാരയെ ഭാര്യ കുടുക്കി. ഭാര്യയുടെ കാമുകന് വിഷം കൊടുത്ത് ജാര പ്രതികാരം വീട്ടി’’

സാർ....ഇങ്ങനെ മതിയോ? മിനിമോൾ ആത്മവിശ്വാസത്തോടെ ചോദിച്ചു.

‘‘ മതി. ഇത് മതി. പെട്ടന്ന് കൊടുത്തോ’’ ജേക്കബ് തിടുക്കം കൂട്ടി. ചൂടുള്ള വാർത്തകൾ ശരവേഗത്തിൽ പബ്ലിഷ് ചെയ്യുന്ന കേരളത്തിലെ നമ്പർ വൺ വാർത്താധിഷ്ഠിത യൂട്യൂബ് ചാനലാണ് സ്പീഡ് ന്യൂസ്‌. മുൻനിര പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും പ്രവർത്തി പരിചയമുള്ള ജേക്കബ് ജോണാണ് സ്പീഡ് ന്യൂസിന്റെ എഡിറ്ററും ഉടമസ്ഥനും. അദ്ദേഹത്തിന്റെ കീഴിൽ നാല്‌ മാധ്യമ തൊഴിലാളികളും ഒരു ക്യാമറാമാനും വിഡിയോ എഡിറ്ററും ജോലി ചെയ്യുന്നുണ്ട്. വിപണി സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് വാർത്താധിഷ്ഠിത യൂട്യൂബ് ചാനൽ എന്ന സങ്കൽപവുമായി ജേക്കബ് മുന്നിട്ടിറങ്ങിയത്.

ഖദർ ജുബ്ബയും, വട്ട കണ്ണാടിയും, കഷണ്ടിത്തലയും, നരച്ച താടിയും, മാന്യനായ കുടുംബസ്ഥനുമായ ജേക്കബ് ജോണിനെ മാധ്യമ തൊഴിലാളികൾ വിനയത്തോടെ ജേക്കബ് സാറേ.....എന്ന് നീട്ടി വിളിക്കും. ആ വിളി കേൾക്കുമ്പോൾ ജേക്കബ് രൂക്ഷമായൊന്ന് മൂളും.‘‘മര്യാദക്ക് പണിയെടുക്കാത്ത ഒരുത്തനെയും ഞാൻ വെച്ചു പൊറുപ്പിക്കില്ല’’. ഗർജ്ജനത്തോടെയുള്ള ജേക്കബിന്റെ ഈ താക്കീത് ഭയന്ന് തൊഴിലാളികൾ മാട്‌ പോലെ ജോലി ചെയ്യും. തന്റെ തൊഴിലാളികൾക്ക് ജേക്കബ് കൃത്യമായി വേതനം നൽകുന്നുണ്ട്. അതും മെച്ചപ്പെട്ട വേതനം. അതിനാൽ വിശപ്പെന്ന സത്യത്തിന് മുന്നിൽ ശിരസ്സ് നമിച്ച് തങ്ങളുടെ ബുദ്ധിയും സമയവും ജേക്കബിന് വേണ്ടി തൊഴിലാളികൾ സമർപ്പിക്കും.

ശത്രുതയുള്ള രാഷ്ട്രീയക്കാരുടെയും പൊതു പ്രവർത്തകരുടെയും വാചകങ്ങളെ വികലമായി വ്യാഖ്യാനിക്കുക. യോജിപ്പില്ലാത്ത മതവിശ്വാസങ്ങളെ താറടിക്കുക. മോശമായ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യുക. കോടതിക്ക് മുന്നേ കുറ്റവാളികളെ തീരുമാനിക്കുക. ഒട്ടുമിക്ക സ്ത്രീ പുരുഷ ബന്ധങ്ങളെയും അവിഹിതങ്ങളായി ആരോപിക്കുക. അങ്ങനെ ഭൂമി മലയാളത്തിലെ എല്ലാ തിന്മകൾക്കെതിരെയും വിരൽ ചലിപ്പിക്കുക. ഇതായിരുന്നു ജേക്കബ് കിനാവ് കണ്ട മാധ്യമ ലോകം. 

ആ ലോകം കെട്ടിപ്പടുക്കാനായി ജേക്കബും തൊഴിലാളികളും അഹോരാത്രം ജോലി ചെയ്തു. സ്പീഡ് ന്യൂസ്‌ വമ്പിച്ച ലാഭം കൊയ്തു. ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. സ്പീഡ് ന്യൂസിനൊപ്പം ജേക്കബും വളർന്നു. വലിയ വീടും കാറുമൊക്കെ ജേക്കബ് സ്വന്തമാക്കി. ഉത്തരവാദിത്വം വർധിച്ചപ്പോൾ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അയ്യപ്പൻ എന്ന ഡ്രൈവറെയും കൂടെക്കൂട്ടി. വീട്ടിലായാലും ഓഫീസിലായാലും യാത്രയിലായാലും ഒരു നിഴൽ പോലെ അയ്യപ്പൻ ജേക്കബിനൊപ്പമുണ്ടായിരിക്കും. 

അറുപത്തഞ്ച് വയസ്സായ ജേക്കബിന് അതാവശ്യം ബിപിയും ഷുഗറുമൊക്കെയുണ്ട്. അതിനാൽ മരുന്നുക ളുടെ ഒരു ചെറിയ പെട്ടി അയ്യപ്പൻ കൂടെ കരുതും. മുപ്പത് വയസ്‌ പ്രായമുള്ള അയ്യപ്പൻ ചുറുചുറുക്കോടെ യാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. തൊഴിലാളികൾ കൃത്യ സമയത്ത് ജോലിയിൽ പ്രവേശിച്ചിരിക്കണം. ജോലി കഴിഞ്ഞാൽ ഓഫീസിൽ കറങ്ങി നടക്കാതെ സ്ഥലം വിടണം. ഇത്തരം കാര്യങ്ങൾ കണിശമായി നടക്കുന്നുണ്ടോയെന്ന് അയ്യപ്പൻ പരിശോധിക്കും. എന്തെങ്കിലും പിഴവുണ്ടായാൽ നിശബ്ദമായി അയ്യപ്പൻ ജേക്കബിന്റെ കാതിലെത്തിക്കും. അതിനാൽ ‘പാര അയ്യപ്പോ’ എന്ന് തൊഴിലാളികൾ പരിഹാസത്തോടെ വിളിക്കാറുണ്ട്. ഇതു കൊണ്ടൊന്നും അയ്യപ്പനെ തളർത്താനാവില്ല മക്കളേ എന്ന മട്ടിൽ അയ്യപ്പൻ പരിഹാസങ്ങൾക്ക് നേരെ മുഖം തിരിക്കും.

ആരംഭത്തിൽ പുരുഷന്മാർ മാത്രമായിരുന്നു ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്. മുഖ്യധാര ടെലിവിഷൻ ചാനലിൽ അവസരം ലഭിച്ചതിനെത്തുടർന്ന് സ്പീഡ് ന്യൂസിൽ നിന്നും ഒരു പുരുഷ തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആ ഒഴിവിലേക്കായിരുന്നു മിനിമോൾ കടന്ന് വന്നത്.

‘‘അയ്യപ്പോ, ആ പെണ്ണിന്റെ ഫോട്ടോ വല്ലതും ഉണ്ടോ’’ മിനിമോളുടെ വരവിനു മുൻപേ അടക്കാനാവാത്ത ആകാംക്ഷയോടെ പുരുഷ തൊഴിലാളികൾ കാര്യങ്ങൾ തിരക്കിയിരുന്നു. ‘‘അതൊന്നും അങ്ങനെ കാണിക്കാൻ പറ്റില്ല’’ ഗൗരവത്തോടെ അയ്യപ്പൻ മറുപടി നൽകി. പുരുഷ തൊഴിലാളികൾ ഇളിഭ്യരായി. എങ്കിലും മരുഭൂമിയിലെ മരുപച്ചയെ അവർ ക്ഷമയോടെ കാത്തിരുന്നു. എല്ലുന്തിയ ശരീരം, പരന്ന മാറിടം, ഉന്തിയ പല്ലുകൾ, ചപ്പിയ മൂക്ക്, ദാരിദ്ര്യത്തിന്റെ ഗന്ധം. അതായിരുന്നു മിനിമോൾ. അവളുടെ രൂപം കണ്ടപ്പോൾ പുരുഷ തൊഴിലാളികൾ വാടിക്കരിഞ്ഞ പൂവിതൾ പോലെയായി. അവർ മരുഭൂമിയിൽ തന്നെ തുടർന്നു. 

ചില സായാഹ്‌ന പത്രങ്ങളിലൊക്കെ മിനിമോൾ മുൻപ് ജോലി ചെയ്തിട്ടുണ്ട്. ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെ ശുപാർശ പരിഗണിച്ചാണ് ഇരുപത്തെട്ടു വയസ്സുള്ള മിനിമോൾക്ക് സ്പീഡ് ന്യൂസിൽ ജേക്കബ് സാറ് ജോലി നൽകിയത്. തന്റെ സ്ഥാപനത്തെ പ്രണയത്തിന്റെ പൂങ്കാവനമാക്കുന്നതിനോട് ജേക്കബിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും മൊഞ്ചുള്ള പെണ്ണുങ്ങൾ വാർത്ത അവതരിപ്പിച്ചാൽ പ്രേക്ഷകർ ഇരട്ടിക്കില്ലേ എന്ന സഹ പ്രവർത്തകരുടെ സിദ്ധാന്തത്തിനോടും ജേക്കബ് യോജിച്ചില്ല. 

മിനിമോൾക്ക് ഒരു സ്പാർക് ഉള്ളതായി ജേക്കബിന് തോന്നി. ആ തോന്നൽ തെറ്റിയതുമില്ല. പ്രേക്ഷകരിൽ ജിജ്ഞാസ ഉളവാക്കുന്ന തലക്കെട്ടുകൾ തയ്യാറാക്കുക. പിന്നീട് പ്രധാനപ്പെട്ട കാര്യങ്ങൾ വാർത്തയുടെ മധ്യത്തിലായി പറയുക. അങ്ങനെ ആ വാർത്ത മുഴുവനായും കാണുവാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുക. ഇപ്രകാരം ഒടിച്ചും വളച്ചും വാർത്തകൾ ശരവേഗത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ മിനിമോൾ അത്യധികമായ സാമർത്ഥ്യം പ്രകടിപ്പിച്ചു. അങ്ങനെ ജേക്കബിന്റെ സങ്കൽപ്പത്തിലുള്ള മാധ്യമ ലോകത്തിന് അനുയോജ്യയായ തൊഴിലാളിയായി മിനിമോൾ മാറി. ജേക്കബിന്റെ പിൻഗാമി പട്ടത്തിലേക്ക് അവൾ പതിയെ മുന്നേറി. ആ മുന്നേറ്റത്തിൽ സഹ തൊഴിലാളികൾ മുറുമുറുത്തു. എന്നാൽ വിഷ ജല്പനങ്ങളെ മിനിമോൾ തഞ്ചത്തിൽ അവഗണിച്ചു.

സമ്പന്ന രാജ്യങ്ങളെ കിടുകിടാ വിറപ്പിച്ച കൊറോണ ഇപ്പോൾ ഇന്ത്യയിലേക്കും പടർന്നിരിക്കുന്നു. പ്രവാസികളിൽ നിന്നും കേരളത്തിലേക്കും വൈറസ് പടർന്ന് പന്തലിച്ചു. കൊറോണ വാർത്തകളെ എങ്ങനെ കൈകാര്യം ചെയ്യണം? ജേക്കബും മിനിമോളും മറ്റ് മാധ്യമ തൊഴിലാളികളും തലപുകഞ്ഞാലോചിച്ചു. പ്രായമായവരാണ് കോറോണയെ കൂടുതലായി ഭയക്കുന്നത്. രോഗപ്രതിരോധ ശേഷി കുറവായതിനാൽ മരണ സാധ്യത പ്രായമായവരിൽ കൂടുതലാണ്. അതിനാൽ അത്തരക്കാരെ ഭയപ്പെടുത്തുന്ന വാർത്തകൾ സൃഷ്ടിക്കണം. കോറോണയെ പ്രതിരോധിക്കുവാനുള്ള മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ കോറോണയ്ക്കെതിരെ മരുന്ന് കണ്ടെത്തിയെന്ന വിധത്തിലുള്ള വാർത്തകളും നൽകണം. 

ചൈനയിലെ വുഹാനിൽ നിന്നുമാണ് ഈ വൈറസ് ഉദ്ഭവിച്ചിരിക്കുന്നത്. ശത്രു രാജ്യങ്ങൾക്കെതിരെയുള്ള ചൈനയുടെ ജൈവായുധമാണ് ഈ വയറെസ്സെന്ന പ്രചാരണങ്ങൾ നടക്കുന്നുമുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ നിഗൂഢമായ ചില ബന്ധങ്ങൾ ഉണ്ടെന്നും ആ ബന്ധത്തെ കോറോണയുമായി കൂട്ടിയിണക്കിയും വാർത്തയെ വളച്ചൊടിക്കണം. അങ്ങനെ ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളെ ക്രോഡീകരിച്ച് കൊണ്ട് തൊഴിലാളികൾ വാർത്ത തയ്യാറാക്കുവാൻ ആരംഭിച്ചു. മിനിമോൾക്കായിരുന്നു മേൽനോട്ട ചുമതല. തൊഴിലാളികൾ ഭാവനയുടെ വാതായനങ്ങൾ തുറന്നിട്ടു.

‘‘ പ്രായമായവർ സൂക്ഷിക്കുക: കൊറോണ നിങ്ങളെ നക്കി കൊല്ലും’’

‘‘ കോറോണയെ തുരത്താൻ ബാബു വൈദ്യരുടെ സിദ്ധ ഔഷധ പ്രയോഗം’’

‘‘ ഈ ഗുളിക അഞ്ച് നേരം കഴിച്ചാൽ കോറോണയെ പറപ്പിക്കാം’’

‘‘ചൈന യാത്രയിൽ ദുരൂഹത, മോദിയുടെ കറുത്ത പെട്ടിയിൽ വൈറസ് ആയിരുന്നോ?’’

അങ്ങനെ ഭാവനാ സമ്പന്നമായ വാർത്തകൾ മിനിമോളും സംഘവും പടച്ചുവിട്ടു. ചാനൽ കുതിച്ചുയർന്നു. ജേക്കബ് സന്തുഷ്ടനായി. എന്നാൽ സർക്കാർ വിഷയത്തിൽ ഇടപെട്ടു. വ്യാജ വാർത്തകൾക്കെതിരെ പോലീസ് കേസെടുത്തു. പക്ഷെ പണത്തിനു മീതെ പരുന്തും പറക്കാത്തതു കൊണ്ട് കേസെല്ലാം ജേക്കബ് ഒതുക്കി തീർത്തു.

രണ്ട്‌ ദിവസമായിരിക്കുന്നു. ജേക്കബ് സാർ ഇപ്പോൾ ഓഫീസിൽ വരുന്നില്ല. ഫോണിലും കിട്ടുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെ ലീവ് എടുക്കുന്ന ആളല്ല ജേക്കബ്. അദ്ദേഹം ഉത്തരവാദിത്വ ബോധത്തിന്റെ മകുടോദാഹരണമാണ്. എന്നാൽ ഡ്രൈവർ അയ്യപ്പനെയും കാണാതായതോടെ തൊഴിലാളികൾക്കിടയിൽ ആശങ്ക ഇരട്ടിച്ചു. ഏതായാലും മിനിമോൾ താത്കാലികമായി ജേക്കബിന്റെ ചുമതലകൾ ഏറ്റെടുത്തു.

ദിവസങ്ങൾ പിന്നിട്ടു.

‘‘ഹലോ’’

‘‘ഹയ്യോ! ഇതാരാ ..... അയ്യപ്പനോ?’’ തൊഴിലാളികൾക്കിടയിൽ നേരിയ ആശ്വാസം ഉണർന്നു.

‘‘ നിങ്ങളോടൊക്കെ ഒരു കാര്യം പറയാൻ ഉണ്ട്’’

എന്തായിരിക്കും അയ്യപ്പൻ പറയുവാൻ പോകുന്ന കാര്യം? തൊഴിലാളികൾ ചെവി കൂർപ്പിച്ചു.

‘‘ അതേ....സാറിന് കൊറോണ പിടിച്ച്‌. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലുണ്ട്’’ ആ വാക്കുകളിൽ വേദനയോ നൈരാശ്യമോ നിഴലിച്ചില്ല. അനായാസമായി അയ്യപ്പൻ കാര്യങ്ങൾ അവതരിപ്പിച്ചു. എന്നാൽ ഇടിവെട്ടേറ്റത്‌ പോലെ തൊഴിലാളികൾ വാ പൊളിച്ച് നിന്നു.

‘‘ അയ്യപ്പാ....അപ്പൊ നിങ്ങൾക്കും കൊറോണ വരില്ലേ’’ ഒരു തൊഴിലാളി വിറയലോടെ ചോദിച്ചു.

‘‘ ഇല്ല.....രണ്ടാഴ്ചയായി സാറ് തനിയെയാണ് വണ്ടി ഓടിക്കുന്നത്. ഞാൻ അങ്ങേരുടെ കൂടെ ഇല്ലാര്ന്ന്’’ സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എന്ന മട്ടിൽ അയ്യപ്പൻ പറഞ്ഞു.

‘‘ അയ്യപ്പൻ എങ്ങോട്ട് പോയതാ...എപ്പോഴും സാറിന്റെ കൂടെ ഉണ്ടായിരിക്കുന്നതാണല്ലോ’’ ദുരൂഹത നിഴലിക്കുന്ന മട്ടിൽ മിനിമോളുടെ ചോദ്യം ഉയർന്നു.

‘‘ എന്റെ ഇളയമ്മയ്ക്ക് വയ്യായിര്ന്ന്‌. ഞാൻ മലപ്പുറത്തായിര്ന്ന്’’ അയ്യപ്പൻ തിടുക്കത്തിൽ പറഞ്ഞൊപ്പിച്ച് പുകയ്ക്കാനായി ഓഫിസിന്റെ പുറത്തേക്കിറങ്ങി. ഓഫീസിലാകെ മുറുമുറുപ്പ്. എന്നാൽ മിനിമോൾ വല്ലാതെ വേദനിച്ചു. അവൾക്ക് ഗുരു സമാനനാണ് ജേക്കബ് സാർ. തന്നെ പോലൊരു സാധാരണക്കാരിയായ പെണ്ണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ജേക്കബ് സാറിനെ മിനിമോൾ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. 

അസുഖം ഭേദമായി ജേക്കബ് സാർ എത്രയും വേഗം മടങ്ങി വരണമെന്ന് അവൾ നിശബ്ദമായി പ്രാർഥിച്ചു. എങ്കിലും അയ്യപ്പന്റെ വാക്കുകളിൽ ചില പൊരുത്തക്കേടുകൾ ഇല്ലേ? അയ്യപ്പനെ കൂടാതെ ജേക്കബ് സാർ എങ്ങോട്ടും പോകില്ല. മാത്രമല്ല ബിപിയുടെ പ്രശ്‌നമുള്ളതിനാൽ സ്വന്തമായി ഡ്രൈവ് ചെയ്യുവാൻ സാറിന് അൽപം പേടിയുമുണ്ട്. അയ്യപ്പനോട് തന്ത്രപരമായി കാര്യങ്ങൾ ചോദിച്ചറിയുവാൻ മിനിമോൾ പുരുഷ തൊഴിലാളികളോട് ആവശ്യപ്പെട്ടു.

‘പാര അയ്യപ്പനെ’ പാട്ടിലാക്കുവാൻ അൽപം ബുദ്ധിമുട്ടാണ്. എങ്കിലും പുരുഷ തൊഴിലാളികൾ കഠിനമേറിയ ആ ഉദ്യമം ഏറ്റെടുത്തു. പുകച്ചതിന് ശേഷം ഓഫീസിൽ മടങ്ങിയെത്തിയ അയ്യപ്പനെ തൊഴിലാളികൾ ബഹുമാനത്തോടെ വിളിച്ചു.

‘‘അയ്യപ്പാ’’

‘‘ ങും....എന്താ?’’ അയ്യപ്പൻറെ ശബ്ദത്തിൽ ഗൗരവം നിഴലിച്ചു.

‘‘സാറെങ്ങനാ.....രക്ഷപ്പെടോ’’?

‘‘ ഓ...സാധ്യത കുറവാ...അങ്ങേർക്ക് ഇപ്പോൾത്തന്നെ അറുപത്തഞ്ച് വയസ്സായില്ലേ. പിന്നെ ബിപിയും ഷുഗറുമൊക്കെയുണ്ട്’’ നിർവികാരതയോടെ അയ്യപ്പൻ പറഞ്ഞു.

‘‘ ഈ സാറ് അടുത്തിടെയൊന്നും വിദേശത്ത് പോയിരിന്നില്ലല്ലോ? ഇയാളുടെ ബന്ധുക്കൾക്ക് ആർക്കെങ്കിലും കൊറോണ വന്നിരുന്നോ?’’

പ്രധാനപ്പെട്ട ചോദ്യം തൊഴിലാളികൾ മുന്നോട്ടു വെച്ചു.

‘‘ അതേ...അകത്ത് ആ പെങ്കൊച്ച് ഇരിക്കുന്നത് കൊണ്ടാ ഞാനൊന്നും പറയാതിരുന്നേ, സംഗതി അല്പം സീക്രട്ടാ’’ ചിരിയൊതുക്കിക്കൊണ്ട് അയ്യപ്പൻ കണ്ണിറുക്കി.

‘‘ അയ്യപ്പോ...നമ്മളാരോടും ഒന്നും പറയാൻ പോകുന്നില്ലന്നെ’’  തൊഴിലാളിക്കിടയിൽ ആകാംക്ഷ വർധിച്ചു.

‘‘ ഓ പിന്നെ പിന്നെ....എനിക്ക് നിന്നെയൊക്കെ അറിയില്ലേ...ഇനി നീയൊക്കെ പറഞ്ഞാലും എനിക്കൊരു കോപ്പും ഇല്ല. അങ്ങേര് രക്ഷപ്പെടാനൊന്നും പോകുന്നില്ല. പിന്നെ അങ്ങേർക്കിത് വേണം! കുറേ ചാണക വാർത്ത കൊടുത്ത് നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങുന്ന കള്ള നാറി...!’’ അയ്യപ്പൻ സടകുടഞ്ഞേണീറ്റു. ജേക്കബ് സാർ നിഴലു പോലെ കൊണ്ടുനടന്ന അയ്യപ്പന്റെ തനിസ്വരൂപം തിരിച്ചറിഞ്ഞ തൊഴിലാളികൾ നിശബ്ദമായി ആനന്ദിച്ചു.

‘‘ അയ്യപ്പാ...ഇനിയെങ്കിലും നീയൊന്ന് കാര്യം പറ’’ തൊഴിലാളികൾ അക്ഷമരായി.

‘‘ ചൈനേന്ന് വന്ന ഒരു നഴ്‌സിനെ കാണാനായിട്ട് അങ്ങേര് അവരുടെ ഫ്ലാറ്റിൽ പോയിരുന്ന്. അവിടുന്നാ യിരിക്കും പണി കിട്ടിയത്. അവര് വന്നതിന് ശേഷം മിക്കവാറും ദിവസങ്ങളിൽ സാറ് അവരുടെ കൂടെ തന്നെയായിരുന്ന്’’  ജേക്കബ് സാറിന്റെ രഹസ്യം കേട്ട തൊഴിലാളികൾക്ക് ചിരി അടക്കാനായില്ല.

‘‘ നേഴ്സ് ചൈനക്കാരിയാണോ’’ ആകാംക്ഷകൾ അണപൊട്ടിയൊഴുകാൻ തുടങ്ങി.

‘‘ അവര് കോട്ടയംകാരിയാ. സാറിന്റെ പണ്ടേയുള്ള കണക്ഷനാ. ഓരോ കള്ളത്തരം പറഞ്ഞ് ചേച്ചിയെ പറ്റിക്കും. എന്നിട്ട് ഇഷ്ടക്കാരിയെ കാണാൻ പോകും. അവരിൽ നിന്നായിരിക്കും സാറിനും കൊറോണ കിട്ടിയത്. അവരും ആശുപത്രിയിലാ’’ അങ്ങനെ കൊറോണ വന്ന വഴികൾ അയ്യപ്പൻ വിശദീകരിച്ചു.

‘‘ ഹോ! ഇത്രയൊക്കെ അങ്ങേര്‌ ഒപ്പിച്ചോ? കള്ളൻ... എന്നിട്ടാണ് മറ്റുള്ളവന്റെ ബന്ധങ്ങളെ അവിഹിത മെന്നൊക്കെ വിളിച്ചുപറഞ്ഞ് ഇങ്ങേര് നാറ്റിക്കുന്നത്’’ ജേക്കബിനെ ബഹുമാനിച്ചതിലും അനുസരിച്ചതി ലുമുള്ള ഈർഷ്യ തൊഴിലാളികൾ പ്രകടിപ്പിച്ചു. ഏതായാലും വൈറസിനേക്കാൾ വേഗത്തിൽ ആ വാർത്ത സ്പീഡ് ന്യൂസിലാകെ പടർന്നു. അങ്ങനെ മിനിമോളുടെ കാതിലുമെത്തി. വാർത്ത കേട്ടയുടൻ തന്നെ ഓഫീസിലെ ഒഴിഞ്ഞ കോണിലേക്ക് മാറി നിന്ന് മിനിമോൾ പതിഞ്ഞ ശബ്ദത്തിൽ ആരോടോ ഫോണിൽ സംസാരിച്ചു. പിന്നെ കണ്ണടച്ചു കൊണ്ട് എന്തോ പിറുപിറുത്തു. തുടർന്ന് അടിയന്തര കൂടിക്കാഴ്ചയ്ക്കായി മറ്റ് തൊഴിലാളികളെ വിളിച്ചു വരുത്തി.

‘‘ നമ്മൾ ഈ വാർത്ത കൊടുക്കണം’’ മിനിമോൾ നയം വ്യക്തമാക്കി.

‘‘ ജേക്കബ് സാറിന് കൊറോണ വന്ന വാർത്തയാണോ’’?

‘‘അതേ, എന്നാൽ അദ്ദേഹത്തിന് കൊറോണ എങ്ങനെ വന്നു എന്നതായിരിക്കണം വാർത്ത’’ ഉറച്ച ശബ്ദത്തിൽ മിനിമോൾ പറഞ്ഞു.

തൊഴിലാളികൾ നിശബ്ദരായി. അവർ പരസ്പരം നോക്കി.

മിനിമോൾ വിശദീകരിച്ചു. ‘‘ജേക്കബ് സാറും ആ നഴ്‌സും തമ്മിലുള്ള ഇടപാട് വാർത്ത കൊടുത്താൽ നമുക്ക് നല്ല റീച്ച് കിട്ടും’’‌

‘‘ പക്ഷെ സാറ് അസുഖം ഭേദമായി തിരിച്ചു വന്നാൽ പണി കിട്ടില്ലേ’’ ന്യായമായ സംശയം ഒരു തൊഴിലാളി ഉന്നയിച്ചു.

‘‘ അത് അപ്പോഴല്ലേ?. അന്നേരം എന്തെങ്കിലുമൊക്കെ ചെയ്യാം. പിന്നെ അങ്ങേർക്ക് ഇപ്പൊ തന്നെ പ്രായമായില്ലേ, രക്ഷപ്പെടാൻ സാധ്യതയും കുറവല്ലേ’’

മിനിമോളുടെ ന്യായീകരണങ്ങൾ നിശബ്ദമായി അംഗീകരിച്ച്‌ കൊണ്ട് തൊഴിലാളികൾ സമ്മതം മൂളി. അങ്ങനെ ചർച്ചക്ക് ശേഷം വാർത്ത തയ്യാറാക്കുവാനായി മിനിമോൾ തന്റെ മേശയ്ക്ക് മുന്നിലിരുന്നു. കൂലങ്കഷമായ ആലോചനയ്ക്ക് ശേഷം മിനിമോൾ കീബോർഡിൽ തലക്കെട്ട് ടൈപ്പ് ചെയ്തു.

‘‘കൊറോണയിൽ കുടുങ്ങിയ അവിഹിതം മാധ്യമപ്രവർത്തകൻ അത്യാസന്നനിലയിൽ’’

English Summary : Corona Kodutha Ettinte Pani Story By Anupriya Raj 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;