പാത്തുമ്മയുടെ ആടും ‘കിബ്‌റത്തി’ ഇത്തയുടെ അവിലും കഞ്ഞിയും...

ഹലാക്കിന്റെ അവിലും കഞ്ഞി (കഥ)
SHARE

1994 ജൂൺ മാസത്തിലെ ഒരു സായാഹ്നം, സ്കൂൾ വിട്ട് വീട്ടിലെ കുട്ടികളെല്ലാവരും അടുക്കളയിലെത്തി. ചെറുപയർ മണമുള്ള അവന്റെ ഷർട്ട് ഉമ്മ അഴിപ്പിച്ച് അലക്കാനിട്ടു. വീട്ടിലെ മക്കളിൽ ചെറുത് അവനായത് കൊണ്ട്  കൂട്ടത്തിൽ അവന് മാത്രമേ സ്‌കൂളിൽ കൊണ്ടുപോവാൻ ഒരു കുട ഉണ്ടായിരുന്നുള്ളൂ, അത് ചൂടിയാലും പകുതിമുക്കാലും  നനഞ്ഞിരിക്കും. പിന്നെ കൂട്ടുകാരോടൊത്ത് കാലുകൊണ്ട് വെള്ളം തേവലും  അഞ്ചാറ് കൂട്ടുകാർ തിക്കിത്തിരക്കി ഒരു കുടയിൽ തന്നെ ആടി നടക്കുന്നതിനാൽ കുട ചൂടുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവാറില്ല. 

പത്താം ക്ലാസ്സുകാരി ഇത്തയുടെ നനഞ്ഞ പുസ്തകങ്ങൾ ഉമ്മ ഉണങ്ങാൻ വേണ്ടി കരിപിടിച്ച വിറകടുപ്പിന്റെ വീതനയിൽ  വാഴയില വിരിച്ച് അതിന് മീതെ വെച്ചിട്ടുണ്ട്. കുട്ടികളെല്ലാവരും അവരുടെ ചെറിയ വീട്ടിലെ ഇടുങ്ങിയ അടുക്കളയിലെ പഴയ മഞ്ചക്കു മീതെയിരുന്ന് വറുത്ത  അരിമണിയും ചിരണ്ടിയ തേങ്ങയും കൂട്ടിക്കുഴച്ച്  സ്റ്റീൽ ടെംപ്ലറിലെ  മധുരമുള്ള കടും ചായയിലിട്ട്  കുടിക്കുകയായിരുന്നു. 

അവരുടെ മുറ്റത്തെ  പൊടിമണ്ണിൽ  മഴ ചുവന്ന മൺവിളക്കുകളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. കാറ്റിന്റെ തണുപ്പും ഇടിമിന്നലും മുഴക്കവുമൊന്നും കലപില ബഹളത്തിനിടയിൽ അവർ അറിയുന്നേയില്ല! ഓരോ അരിമണിയും തേങ്ങാപ്പീരയിൽ തട്ടി പാൽ രുചിയുള്ള കറുമുറു മുത്തുകളായി മാറിയിട്ടുണ്ട്. അര വയർ പട്ടിണിയിൽ അവരത് ആസ്വദിച്ച് ചവക്കുകയും ചെയ്യുന്നു. ഉമ്മ പുസ്തകങ്ങൾ ഉണക്കുന്ന തിരക്കിലാണ്. 

ഉണങ്ങിയ പുസ്തകങ്ങളിൽ നിന്നും ബി-മലയാളം പുസ്തകത്തെ കട്ടിലിന് മീതെയുള്ള ഇത്തയുടെ മാത്രം പുസ്തകങ്ങൾ വെക്കാനുള്ള  തക്കാളിപ്പെട്ടിയുടെ പലകയാൽ ഉപ്പ നിർമിച്ച ‘ബുക്ക് ബോക്സിൽ’  ഉമ്മ കൊണ്ട് വെച്ചു. ഇത്ത മാത്രം ‘പഠിപ്പിസ്റ്റായതിനാൽ’ അവൾക്ക് മാത്രം ആ കുടിലിൽ പല സൗകര്യങ്ങളും നിർലോഭം അനുവദിക്കപ്പെട്ടു. എല്ലാവരും പിശുക്കിപ്പിശുക്കി അരിമണിച്ചായ കുടിക്കുമ്പോൾ അവൾക്ക് മാത്രം പാലൊഴിച്ച ‘അവിലും കഞ്ഞി’യും ശർക്കരയും ഉമ്മ എന്നും നൽകിക്കൊണ്ടിരുന്നു. 

എട്ടാം ക്ലാസ്സുകാരൻ ബക്കർ അവളുടെ ‘ബുക്ക് ബോക്സിൽ’ നിന്നും ബി-മലയാളം പുസ്തകമെടുത്ത് വെറുതെ  മറിക്കാനാരംഭിച്ചു. അവൾ അനിയന്റെ കയ്യിൽ നിന്നും ആ പുസ്തകം ആവശ്യത്തിലധികം ബലത്തോടെ പിടിച്ചുവാങ്ങി. അപ്പോൾ നാലാം ക്ലാസുകാരൻ മോനുവല്ലാത്ത എല്ലാവരും അവളെ ‘കിബ്‌റത്തി’ എന്ന് വിളിച്ച് കളിയാക്കിക്കൊണ്ടിരുന്നു. 

വീട്ടിൽ ഉപ്പ കുറച്ച് ആടുകളെ വളർത്തുന്നുണ്ട്, എല്ലാ ശനിയാഴ്ചയും പുലർച്ചെ തന്നെ അവയെ ചന്തയിലേക്ക് നടത്തും. കറവയുള്ള ആടുകൾക്ക് അതിന്റെ കുഞ്ഞുങ്ങൾ പാല് കുടിക്കാതിരിക്കാൻ വേണ്ടി ശീലയാലുള്ള  ഒരു പ്രത്യേക തരം ബ്രാ അണിയിക്കും. അകിടും മേനിയും കണ്ട്  നല്ല കറവയുള്ള ആടാണെന്ന് തോന്നിപ്പിക്കാനാണിങ്ങനെ ചെയ്യുന്നത്. വീട്ടിലെ ആട്ടിൻ പറ്റത്തിലൊരു തള്ളാടുണ്ടായിരുന്നു. അത് വീട്ടിലെ എല്ലാ കുട്ടികളെയും കുത്തിയോടിക്കുമായിരുന്നു. അതിനെ അവർ ‘കിബ്‌റത്തിയാട്’ എന്നാണ് വിളിച്ചിരുന്നത്. അത് കടമെടുത്താണ് അവർ ഇത്താക്കും പേര് നൽകിയത്.  

തൻറെ കുഞ്ഞനിയൻ മോനുവിനായി അവൾ ബി-മലയാളത്തിലെ ഒരു കഥ ഉറക്കെ വായിച്ച് കൊണ്ടിരുന്നു. ഇക്കാക്കയുടെ അതേ പേരുള്ള  ബഷീർ എന്ന ആളായിരുന്നു ആ കഥ എഴുതിയത്.  അവരുടെ വീട്ടിലേത് പോലെ ആട് ആ കഥ എഴുതിയ ആളുടെ വീട്ടിലും ഉണ്ടായിരുന്നു. ഗൾഫിലുള്ള അവരുടെ ഇക്ക ബഷീറി നോടുള്ള മുഹബ്ബത്തും ആ കഥയിലെ ആടുൾപ്പടെയുള്ള കഥാപാത്രങ്ങളും അതിലെ ഓരോ വരിയുടെ ആഖ്യാനങ്ങളും വള്ളി പുള്ളി വിടാതെ അവരുടെ വീട്ടിലെ സാഹചര്യങ്ങളെ അപ്പടി പിന്തുടരുന്നതിനാൽ കുട്ടികളെല്ലാവരും ശാന്തരായി ആ കഥ കേൾക്കാനായി നിശബ്ദത പാലിച്ചു. തന്റെ എതിരാളികളുടെ നാവിനെ കഥാപാരായണത്തിലൂടെ കെട്ടിപ്പൂട്ടിയ സന്തോഷത്തിൽ അവൾ ഗംഭീരമായി കഥ വായിച്ച് കൊണ്ടിരുന്നു. 

ചായയുടെയും അരിമണിയുടെയും രുചിയും മഴയുടെ കുളിരും ആസ്വദിച്ച് കൊണ്ട് അവർ കൂനിപ്പിടിച്ചിരുന്ന് ആ സായാഹ്നത്തെയും സചേതനമാക്കി. കഥയുടെ വീര്യം ചോരാതെ ഇത്തയുടെ പാരായണം മുന്നേറി ക്കൊണ്ടിരുന്നു. അതിനിടയിലെപ്പഴോ പൊന്നുവിൻറെ കുഞ്ഞാട് അകത്തേക്ക് കയറിവന്നിരുന്നു. ഇത്ത കഥയിലെ പാത്തുമ്മയുടെ ആട് പ്രസവിച്ചു ഡും .... എന്ന വരി വായിച്ച് നിർത്തിയപ്പോഴാണ് ‘അവളുടെ മണ്ഡത്തിലെ അവിലും കഞ്ഞി മുഴുവൻ ആട്ടിൻ കുട്ടി വലിച്ച് കുടിച്ച്  അകത്താക്കിയത്’ കണ്ടത്.  പിന്നെ അവൾ അലറിക്കരഞ്ഞു- ‘‘ഇൻറെ ഔലും കഞ്ഞിമ്മാ’’... അവരുടെ വീട്ടിലെ ഒട്ടും പഠിപ്പിസ്റ്റുകളല്ലാത്ത ആൺകുട്ടികൾ ഊറിച്ചിരിച്ച് ‘‘ആടും കുട്ടി സിന്ദാബാദ്’’ എന്ന് മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനം നടത്തി. മുദ്രാവാക്യം വിളിയും ഇത്തയുടെ കരച്ചിലിന്റെ ധ്വനിയും ചേർന്ന്   അവരുടെ വീടിനകത്ത് ഇടിയും മിന്നലും തുടർന്നപ്പോൾ, ഗതികെട്ട്  ഉമ്മ പുസ്തകമുണക്കുന്നയിടത്ത് നിന്നും ഇത്തയുടെ പക്ഷം പിടിച്ച് ആൺകുട്ടികളെ ചീത്തവിളിക്കാൻ വന്നപ്പോഴേക്കും വീതനയിലെ ‌സിവിക്‌സിനും ഗണിതത്തിനും തീപിടിച്ച് അടുപ്പിന് മുകളിലെ കെട്ടിത്തൂക്കിയ ചേവിലുള്ള ഉണങ്ങാനിട്ട വിറകിനും തീപിടിച്ച് മേൽക്കൂരയിലേക്ക് തീ പടരാൻ തുടങ്ങിയിരുന്നു. 

ഉമ്മ ‘ബദ്‌രീങ്ങളെ കാക്കണേ’ എന്ന് വിളിച്ച് നിലവിളിച്ചപ്പോഴേക്കും പഠിപ്പിസ്റ്റുകളല്ലാത്ത ആ വീട്ടിലെ ബാക്ക്ബെഞ്ചേഴ്‌സ് ബക്കറ്റിലും കുടത്തിലും കലത്തിലുമെല്ലാം വെള്ളമെടുത്ത് തീയണച്ചു. അവസാനം ഇത്തയെ നോക്കി ബക്കർ പറഞ്ഞു -‘ ഓളൊരു ഹെലാക്കിന്റെ ഔലും കഞ്ഞി’’.     

English Summary : Halakkinte Avilum Kanji  Shukoor Ugrapuram                                                

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;