അവൾ മെസേജ് തുറന്നതും അതു ഡിലീറ്റ് ചെയ്യപ്പെട്ടതും ഒരുമിച്ചായിരുന്നു; ഫുൾ സ്ലീവ് ചുരിദാറിലിരുന്ന് അവളുടെ മുറിവ് നീറി...

സ്വതന്ത്ര ജീവിയെ പ്രണയിച്ച പെൺകുട്ടി (കഥ)
SHARE

സ്വതന്ത്ര ജീവിയെ പ്രണയിച്ച പെൺകുട്ടി (കഥ)

അവൾ വാടക മുറിയിലെ നിരാശയുടെയും ഏകാന്തതയുടേയും കട്ടിലിലിൽക്കിടന്ന് പതിവുപോലെ തന്റെ ഉറക്കമില്ലായ്മയിലേക്ക് കണ്ണടച്ചു. മീനച്ചൂടിനേക്കാൾ ഉരുകിയാണവൾ കിടക്കുന്നത്. അവളുടെ ആകാശം ശൂന്യമായിമായിക്കഴിഞ്ഞിരുന്നു. നക്ഷത്രങ്ങളെല്ലാം കത്തിയെരിഞ്ഞു. കുറച്ച് നാളായി അവളുടെ ദിവസങ്ങളെല്ലാം ഇരുണ്ട നിശബ്ദമാത്രമുള്ള അമാവാസിയാണ്. പാതിയുറക്കത്തിൽ  നഷ്ടസ്വപ്നളുടെ തേർവാഴ്ച്ച കണ്ട് അവളുടെ കൈയ്യിലിരുന്ന് ചോര കുടിച്ചുറങ്ങിപ്പോയ കൊതുകുകൾ പോലും ഞെട്ടിയുണരും...

ആ മുറിയിൽ അവളെക്കൂടാതെയുള്ള രണ്ട് ഏകാന്ത ജീവികളിലൊന്നാണ് കട്ടിൽ. പിന്നെ ഒരു അലമാരയും. 

അവന്റെ മെസേജുകളും ഫോൺ വിളികളും  നിറഞ്ഞു നിന്ന നക്ഷത്ര ദിനങ്ങളെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു. അവളുടെ ചിരിയും കൊഞ്ചലുകളും കേൾക്കാതെ അലമാരയുടെ കണ്ണാടിക്കും കട്ടിലിനും വരെ അവൾ അപരിചിതയായി കഴിഞ്ഞു.

ഇനിയൊരിക്കലും അവൻ വിളിക്കില്ലന്ന് അവൾക്ക് തോന്നി. തോൽവി സമ്മതിച്ചുവെന്ന് പറഞ്ഞ് ഒരിക്കൽ കൂടി അവന് മെസേജ് അയക്കാനായി അവൾ കട്ടിലിൽ നിന്നും ഫോൺ കണ്ടെത്തി.  എണീറ്റ് ചാരിയിരുന്നു. ഉറക്കത്തിലായിരുന്ന തലയിണ അവൾക്ക് പിന്നിലിരുന്ന് ആശ്ചര്യ ചിഹ്നത്തോടെ നോക്കി.

അവൾ ഫോണിന്റെ ലോക്കഴിച്ച് രഹസ്യങ്ങളെയെല്ലാം സ്വതന്ത്രയാക്കി. അപ്പോളാണവൾ അവന്റെ മെസേജ് നോട്ടിഫിക്കേഷൻ കാണുന്നത്. പതിവില്ലാതെ വന്ന അവന്റെ മെസേജ് അവളെ ഒന്ന്  ഞെട്ടിച്ചു.  തനിക്ക് സന്തോഷമുണ്ടാക്കുന്ന ഒന്നുമല്ല അതിനുള്ളിലെന്ന് അവളുടെ നെഞ്ചിലിരുന്ന് ആരോ പെരുമ്പറ കൊട്ടികൊണ്ടിരുന്നു. അവളുടെ കൈ വിറച്ചു. പക്ഷെ,അവൾ മെസേജ് തുറന്നതും അത് ഡിലീറ്റ് ചെയ്യപ്പെട്ടതും ഒരുമിച്ചായിരുന്നു. ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ആദ്യത്തെ രണ്ട് വരി ഒരു മിന്നായം പോലെ അവൾ കണ്ടു. 

അതോടെ അവൾക്ക്  പെട്ടന്ന് തന്റെ ഭ്രമണ പഥം നഷ്ടമായി. കാറ്റത്ത് പറന്നു. തിരയിൽ ആടിയുലഞ്ഞു. അവളുടെ ഹൃദയം വിങ്ങി നീറി. അവൾ വീണ്ടും ഫോണിലേക്ക് നോക്കി. സെക്കന്റുകളുടെ വ്യത്യാസത്തിൽ മാഞ്ഞു പോയ  വാക്കുകൾ ഓരോന്നും അവളുടെ കൺമുന്നിൽ കിടന്ന് പിടയുന്നു.

‘‘ഞാൻ ഒരാളെ ചുംബിച്ചു. ഇത് നിന്നോട് പറയണമെന്ന് കുറച്ചായി വിചാരിക്കുന്നു’’ മരണമടയുന്നതിന് മുന്നേ തന്റെ ഹൃദയം നിലപ്പിച്ച വാക്കുകൾ. അവൾ കരയാൻ പോലും മറന്നു. വീർത്തു കെട്ടി എങ്ങോട്ടെ ല്ലാമോ സഞ്ചരിക്കുന്ന തന്റെ ഹൃദയത്തിലേക്കൊരു അമ്പ് തറച്ചിരുന്നെങ്കിൽ. ഒരു കൊള്ളിയാൻ വന്ന് കണ്ണുകളിലേക്ക് തുളച്ച് കയറിയിരുന്നെങ്കിൽ. തല പൊട്ടിത്തെറിച്ചിരുന്നെങ്കിൽ. അവൾ കട്ടിലിൽ നിന്നും ചുഴലിക്കാറ്റുപോലെ അലമാരിക്കടുത്തേക്ക് പറന്ന് ചെന്നു. എന്നിട്ട്, മാലയും പൊട്ടുമെല്ലാം വച്ച ചെറിയ പെട്ടിയുമായി അവൾ തിരികെ കട്ടിലിൽ വന്നിരുന്നു.

അതേ ഒടുവിൽ അവൻ ആരെയോ  ചുംബിച്ചിരിക്കുന്നു. ചിലപ്പോൾ അവൻ പ്രണയത്തിലായിട്ടുണ്ടാകും.

അവർ ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നിട്ടുണ്ടാകും. വിറക്കുന്ന കൈയുമായി അവൾ ഒന്നു കൂടെ ഫോണെടുത്തു.

ഫോണിൽ അവൾ കാണുന്നതിന് മുന്നേ മരിച്ചു പോയ അക്ഷങ്ങൾ അവളെ നോക്കി നിസംഗമായി നിന്നു.

അവൾ ഫോൺ മാറ്റിവച്ചു. 

അവളുടെ കണ്ണിലെ കൃഷ്ണമണികൾ  മുറിയിൽ നിർത്താതെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരുന്നു.

‘‘അപ്പോൾ ഞാനാരാണ്’’ അവൾ ഫോണെടുത്ത് രണ്ടു വട്ടം മറുപടി ടൈപ്പ് ചെയ്തു. പക്ഷെ അയച്ചില്ല.

അല്ലങ്കിലും അവന്  ഞാനാരാണ്. അവൾ സ്വയം ഒന്നുകൂടി തന്നെ പോസ്റ്റ് മോർട്ടം ചെയ്തു. എനിക്ക് ഞാനായി ജീവിക്കണമെന്ന് പറഞ്ഞ് ഒരിക്കൽ അവൻ വേറെ വഴി തേടി പോയതാണ്. സ്നേഹത്തിനായി പുറകെ നടന്നത് ഞാനാണ്.  എന്നിട്ടും അവന് മറ്റൊരാളെ കണ്ടെത്തിയിരിക്കുന്നു. അപ്പോൾ അവന്, ഞാനാരായിരുന്നു...

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ  അവൻ അവളുടെ കൈവിടുവിച്ച്  ഇറങ്ങിപ്പോയത്. സ്ഥിരമായി അവർ നടക്കാറുള്ള വഴിയിൽ വച്ചായിരുന്നു ആ വേർപിരിയൽ. ഒരു രാത്രിയിൽ. ബസ് വരുന്നതിനെ മുന്നേ അവളെ അവൻ ഒറ്റക്കാക്കി നടന്ന് പോയി. അവന് അവനായി ജീവിക്കണമെന്ന് പറഞ്ഞ്, യാത്ര പോലും പറയാതെയുള്ള വേർപിരിയൽ. കുറച്ച് ആഴ്ചകളായി നീണ്ടു നിന്ന അസ്വാരസ്യ ങ്ങളും നിശബ്ദതക്കും അന്നവൾക്ക് ഉത്തരം കിട്ടി. അവന് മടുത്തിരിക്കുന്നു.

അന്ന് ആ രാത്രിയിലാണ് അവൾക്ക് ആദ്യമായിട്ട് ഭൂമിയുമായിട്ടുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടതായി തോന്നിയത്. രണ്ടു രൂപയുടെ ബ്ലെയ്ഡിന്റെ മൂർച്ചയിൽ ജീവിതം അവസാനിപ്പിക്കാനും അവൾ അന്നാണ് തീരുമാനിച്ചത്. പക്ഷേ അത് ചെയ്യാൻ അവൾക്ക് ദിവസങ്ങളുടെ തയാറെടുപ്പ് വേണ്ടി വന്നു. മുറിയിലൂടെയും റോഡിലൂടെയും അവൾ മിഠായി കടലാസ് പോലെ  മണിക്കൂറുകളോളം പറന്നു നടന്നു. ഓരോ മിനിറ്റിലും ഫോണെടുത്ത് പ്രതീക്ഷയോടെ നോക്കി. 

മരിക്കുന്നതിന് ജീവിക്കുന്നതിനേക്കാൾ പത്തിരട്ടി ധൈര്യം വേണമെന്ന് അവൾക്ക് മനസിലായി. ഭൂമിയിൽ നിന്നും വെറുതെ രണ്ട് കാലടിപ്പാടുകൾ ഇല്ലാതാക്കാനാകില്ല. ആലോചിച്ച് ഉറപ്പിച്ച് തീരുമാനിക്കുന്ന മരണം പ്രസവം പോലെയാണ്. അതിന് നീണ്ട തയാറെടുപ്പുകൾ വേണം. കടുത്ത വേദനയിലൂടെയും പിറവിയുടെ ഉന്മാദത്തിലൂടെയും സഞ്ചരിക്കേണ്ടതുണ്ട്. ഒടുവിൽ ഒരു രാത്രിയിൽ അവഗണയുടേയും ഒറ്റപ്പെടലിന്റേയും ദ്വീപിൽ വച്ച് കൈയിലേക്ക് അവൾ ബ്ലെയ്ഡുകൊണ്ട് പെട്ടന്ന് കോറി.  സിനിമയിൽ കാണുന്ന പോലെ കൈ മുറിച്ചാൻ മരിക്കില്ലന്ന സത്യവും അവൾ അന്നാണറിഞ്ഞത്.

അങ്ങനെ മരണത്തിലും അവൾ  പരാജയപ്പെട്ടു. പക്ഷെ ആ രാത്രി അവൾ സുഖമായിട്ടുറങ്ങി. കൈയിൽ നിന്നും വാർന്നു പോയ ചോര അവളെ ഭൂമിയിലേക്ക് വീണ്ടും മടക്കിക്കൊണ്ടു വന്നു. ഉള്ളിൽ കെട്ടിക്കിടന്ന ചോരയാണ് തന്റെ ഹൃദയത്തിനിത്ര ഭാരമുണ്ടാക്കിയതെന്ന് അവൾ തിരിച്ചറിഞ്ഞു. അലമാരയിൽ പൊട്ടിനും മാലക്കുമൊപ്പം അവൾ ആ ബ്ലേഡും സൂക്ഷ്മതയോടെ പൊതിഞ്ഞ് വച്ചു. 

ഹൃദയം ശൂന്യമായതോടെ  അവനെക്കാണാനായിട്ടുള്ള വെമ്പൽ എവിടെ നിന്നോ ചിറകടിച്ച് പറന്ന് അവൾക്ക് മുന്നിൽ വന്നു നിന്നു. എന്നിട്ടും ദിവസങ്ങൾക്ക് ശേഷമാണ് അവൾ അവനെ തേടിയിറങ്ങിയത്. നഷ്ടപ്പെട്ടു പോയ കാലടികൾ തേടിയുള്ള അലച്ചിലായിട്ട്  അവൾക്ക് അന്ന് ആ യാത്രയെ തോന്നിയത്.

തന്റെ പ്രണയം ഒരിക്കലും അവന്  നിഷേധിക്കാനാകില്ലന്നും, സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയാത്തതൊന്നുമില്ലന്നും അവൾ ഓരോ ചുവട് വെപ്പിലും പറഞ്ഞ് പഠിച്ചു. ഒടുവിൽ പതിവ് മരച്ചോട്ടിൽ ശരീരമില്ലാത്ത നിഴലുകളായി അവർ ഇരുന്നു. പ്രണയകാലത്തിന്റെ ഒരു രശ്മി പോലും അവന്റെ കണ്ണിൽ അവശേഷിക്കുന്നില്ലന്ന് അറിഞ്ഞിട്ടും അവൾ അവന് മുന്നിൽ കെഞ്ചി.

‘‘ നീ എങ്ങനെ വേണമെങ്കിലും ജീവിച്ചോ. എന്നെ മാത്രം ഇങ്ങനെ, ഒറ്റക്കാക്കല്ലേ. എന്റെ കൂടെ ഒന്ന് നിൽക്ക്... ഞാനീ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് നിന്നോടല്ലാതെ ആരോടാണ് പറയേണ്ടത്. അവൾ പലവട്ടം കാലിൽ വീണു.  ഓരോ ദിവസവും അവൾ അവന് വേണ്ടി സമയം കണ്ടെത്തി. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു വരുമെന്നും, അവൻ തന്നെ കേൾക്കുമെന്നും അവൾക്കുറപ്പായിരുന്നു. അപ്പോൾ മാത്രം അവനോട് വാർന്നു പോയ ചോരയെക്കുറിച്ച് പറയണം. അവൻ അപ്പോൾ ആ മുറിവുകളിൽ ചുംബിക്കുമായിരിക്കുമെന്നവൾ സ്വപ്നം കണ്ടു.

 പക്ഷേ അയാൾക്കൊരിക്കലും പഴയ പോലെ ആകാൻ കഴിഞ്ഞില്ല. ‘‘ എനിക്ക് നിന്നോട് ഒരിഷ്ടക്കുറവുമില്ല. എറ്റവും നല്ല സുഹൃത്ത് നീ തന്നെയാണ്.... പക്ഷെ എന്റെ ലോകം നിന്റെയടുത്ത് മാത്രം കെട്ടിയിടാൻ കഴിയുന്നില്ല, അത്രേയുള്ളൂ. എനിക്ക് ഞാനായി കുറച്ച് നാളെങ്കിലും ജീവിക്കണം’’ അയാൾ ഒരിക്കൽ പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞവസാനിപ്പിച്ചു.

വെള്ളത്തിൽ വീണ് ചിതറിയ സൂര്യവെളിച്ചം അവളുടെ ചെന്നിയിലേക്ക് അഴ്ന്നിറങ്ങി. അവൾക്ക് തല വിങ്ങാൻ തുടങ്ങി. ഫുൾ സ്ലീവ് ചുരിദാറിലിരുന്ന് അവളുടെ മുറിവ് നീറി. 

‘‘ അപ്പോൾ ആ ലോകത്ത് ഞാനില്ലേ" - അവൾക്ക് പക്ഷെ അത് ഉറക്കെ ചോദിക്കാനായില്ല.  അവൾ വീണ്ടും വാക്കുകൾക്ക് മുന്നിൽ പരാജയപ്പെട്ടു. 

വാക്കുകളുടെ കനമുള്ള മൗനത്തിലേക്ക് രണ്ടു പേരും എടുത്തറിയപ്പെട്ടു.

‘‘ നിങ്ങൾ എങ്ങനെ വേണമെങ്കിലും ജീവിച്ചോ, എന്നെയീ കുഴിയിൽ നിന്നും ഒന്ന് കരകയറ്റണം’’ ഒടുവിൽ അവളുടെ കണ്ണുകൾ  ആദ്യമായി പ്രണയമൊഴിഞ്ഞ കൈകൾ   അയാൾക്ക് നേരെ നീട്ടി. 

‘‘എന്നെ നിന്നിൽ നിന്നും മോചിപ്പിക്കണം’’ അവളുടെ കണ്ണുകൾ പറഞ്ഞു കൊണ്ടിരുന്നു.

അയാൾ അപ്പോഴും നിശബ്ദനായി തന്നെയിരുന്നു. ശബ്ദങ്ങൾക്കൊണ്ട് നിറഞ്ഞ നിശബ്ദത അവർക്കിടയിൽ നിശ്ചലമായി.

‘‘ നിനക്ക് അതിനും കഴിയില്ല അല്ലേ.... ശരി, നിങ്ങൾ നിങ്ങളായി ജീവിച്ചോളു. എനിക്ക് സ്പേസ് ഇല്ലാത്ത ലോകത്ത് എനിക്കും  നിൽക്കാനാവില്ല’’

ഒടുവിൽ അവൾ നഷ്ടപ്പെട്ട് പോയ  വാക്കുകളെല്ലാം കണ്ടെത്തി.

‘‘ ഞാനെന്താണ് വേണ്ടത്. എനിക്ക് ഇങ്ങനെ അല്ലാതെ നിലനിൽപ്പില്ല’’ അയാൾ നിസഹായനായി.

‘‘അവരവർക്ക് വേണ്ടി മാത്രം ജീവിക്കുന്നവരോട് എല്ലാം പറഞ്ഞ് മനസിലാക്കാനാകില്ല. പിന്നെയും ഞാൻ തന്നെയാണ് തോൽക്കുന്നത്. ഇനി നമ്മൾ കാണില്ല. ഞാൻ പോകുന്നു’’  അവൾ നടന്നകന്നു.

അന്ന് രാത്രിയിൽ അവളുടെ കൈയിൽ രണ്ടാമത്തെ മുറിപ്പാട് വീണു. കുളിമുറിയിലും കിടക്കവിരിയിലും വീണ ചോരത്തുള്ളികൾ അവളെ നോക്കി വാ പെത്തി നിലവിളിച്ചു...

കൈയ്യിലെ മുറിപ്പാടുകൾ ഉണങ്ങിയതോടെ  അയാളുടെ മുഖം അവളെ പിന്നെയും വേട്ടയാടി. പ്രണയത്തിന്റെ ലോകത്ത് നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും അയാൾ അവളുടെ ഹൃദയത്തിലിരുന്ന് വിങ്ങിക്കൊണ്ടിരുന്നു. അവൾ പിന്നെയും ഫോണെടുത്തു. എന്ത് ചോദിക്കണമെന്നറിയാതെ ഫോൺ തിരിച്ചു വച്ചു.

 ഈ ലോകത്ത് നിന്നും തനിക്ക് മോചനമില്ല - അവൾ ഉറപ്പിച്ചു.

ആ രാത്രിയിൽ അവനും നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന് താഴെയിരുന്ന് അവളെ വിളിക്കാൻ ഫോണെടുത്ത് പരാജയപ്പെട്ടു. എപ്പോൾ മുതലാണ് തങ്ങൾക്കിടയിൽ വിടവുകൾ പ്രത്യക്ഷപ്പെട്ടതെന്ന് അവനും ആലോചിച്ചു കൊണ്ടിരുന്നു. നിർത്താതെ സംസാരിച്ച രാപ്പകലുകൾ എത്രപ്പെട്ടന്നാണ് നഷ്ടമായത്. 

അവൾ  നടന്നകന്നു പോകുമ്പോൾ  തനിക്ക് നഷ്ടമാകുന്നത് എന്താണന്ന് അവന്  തിരിച്ചറിയാനാകുന്നുണ്ട്.

അവളെ ഒന്ന് വിളിക്കാൻ പോലും കഴിയാത്തതിൽ  അവൻ സ്വയം ശപിച്ചു.

അവളുടെ, കണ്ണുകളെ മറികടന്ന് പോകാൻ അവന്  എന്നും, അശക്തനായിരുന്നു. അവളുടെ മുന്നിൽ ഒരിക്കലും മറ്റൊരു മുഖവുമായി നിൽക്കാൻ അവനായില്ല. പ്രണയ ശൂന്യതയോടെ അവളോട് പറയുന്ന ഓരോ വാക്കും, ഓരോ മൂളലും അവനെ അസ്വസ്ഥനാക്കി. അകന്ന് പോകുമ്പോഴും പിടിച്ചടുപ്പിക്കപ്പെടുന്നത് അവനും അറിയുന്നുണ്ട്. ഏത് കൂട്ടത്തിലേക്ക് പറന്നെത്തിയാലും അവന് തിരിച്ച് വരുന്നത് അസ്ഥികൂടം മാത്രമായ അതേ വീട്ടിലേക്കാണ്.

അവളെ കാണുമ്പോഴെല്ലാം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആർത്തിയാണ് തനിക്കെന്ന് അവൻ  നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ആ വാക്കുകളെല്ലാം അവൾ കൂരമ്പ് പോലെ ഏറ്റുവാങ്ങി. ഓരോ കൂടിക്കാഴ്ചയും അങ്ങനെ ചേരപ്പാടുകൾ നിറഞ്ഞതായി. അവഗണയുടേയും ഒറ്റപ്പെടുത്തലിന്റേയും അറ്റത്തേക്ക് അവൾ എറിയപ്പെട്ടുകൊണ്ടിരുന്നിട്ടും, ഒരിക്കൽ പോലും അവളെ കൂടെ നിർത്താൻ കഴിയാതിരുന്നതിൽ അവന് ലജ്ജ തോന്നി.

ഇനി ഇതു കൂടി അറിഞ്ഞാൽ അവൾ ഉരുകി ഒലിക്കും. പക്ഷെ പറയാതിരിക്കാൻ അവനായില്ല. അവളോട് കള്ളത്തരം കാണിച്ചാൽ പിന്നെ ആരോടാണ് സത്യസന്ധനാകുക. വിളിക്കണ്ട മെസേജ് അയക്കാം എന്ന തീരുമാനത്തിലേക്കവൻ ഒടുവിൽ എത്തി. അങ്ങനെയാണ് ആ രാത്രിയിൽ അവൾക്ക് മെസേജ് അയച്ചത്.

എന്നിട്ടും അവൻ എഴുതിയതത്രയും ഡിലീറ്റ് ചെയ്തു. പക്ഷെ അവൾ വായിച്ചിട്ടുണ്ടാകും.അവനുറപ്പായിരുന്നു.

പക്ഷെ മറുപടിയില്ല. അതവനെ പിന്നെയും നീറ്റിച്ചു.

ഒരിക്കൽ  അവളെ കെട്ടിപ്പിടിച്ച് ചുംബിക്കണമെന്നും, കാലിൽ വീണ് ക്ഷമ പറയണമെന്നും അവന് തോന്നിത്തുടങ്ങി...

‘‘നീ എന്താ ഒന്നും മിണ്ടാത്തത്’’  അയാൾ ദീർഘ നേരത്തിന് ശേഷം മെസേജ് ടൈപ്പ് ചെയ്തു. 

അവൾ കട്ടിലിൽ അതേയിരുപ്പിലാണ്. എന്താണ് മിണ്ടേണ്ടതെന്ന് അവൾ ആലോചിച്ചു കൊണ്ടിരുന്നു. ഭൂമിയിൽ തന്റെ സഞ്ചാര പഥം നഷ്ടമായെന്നോ,  ബന്ധങ്ങളെ ഇങ്ങനെ നിസാരമായി കാണരുതെന്നോ...

അവൾ  കിടപ്പ് മുറിയിൽ, എന്ത് മറുപടി അയക്കണമെന്നറിയാതെ ജനാലക്കൊപ്പം അടഞ്ഞുകിടന്നു. ചോര കണ്ടാൽ മാത്രമേ ഇനി തല നിവർന്നു നിൽക്കൂ. പെട്ടിയിൽ നിന്നും ബ്ലേഡ് എടുത്ത് സൂക്ഷമതയോടെ തുറന്നു.

കാറ്റുകയറാതെ കുറ്റിയിട്ട മുറിയിൽ ഇരുന്ന് അവൾ മറുപടി എഴുതി.

‘‘ അപമാനം, കടുത്ത അപമാനം. ഒരാളുടേയും പ്രണയത്തെ ഇത്തരത്തിൽ അപമാനിക്കരുത്’’

ഫോണിലേക്ക് ചോരത്തുള്ളികൾ  തെറിച്ചു വീണു.  അവൾ ദീർഘമായ ഉറക്കത്തിനായി ചരിഞ്ഞു കിടന്നു. നാളെ കൈയിലെ മുറിവു കാണാതിരിക്കാൻ എത് ചുരിദാറിടണമെനവൾ ആലോചിച്ചു. പാടുകൾ അവശേഷിപ്പിക്കാത്ത തന്റെ ശരീരത്തെ ഓർത്തവൾ അഭിമാനിച്ചു. 

അവൻ കണ്ണ് വെട്ടാതെ അവളുടെ മെസേജിലേക്ക് നോക്കിയിരിക്കുകയാണ്. സമയമെത്ര കടന്നു പോയന്നു പോലും അവൻ മറന്നു പോയി. അവളുടെ മറുപടിയിലെ തീക്ഷണത അവനെ പൊള്ളിച്ചുകൊണ്ടിരുന്നു. വാക്കുകളിലെ  ചോരപ്പാടുകൾ അവൻ മണത്തെടുത്തു. ശ്വാസകോശത്തിലിരുന്ന് ആ ചോരമണം അയാളെ ഭ്രാന്തനാക്കി. അയാൾ ഫാനിനൊപ്പം തിരിഞ്ഞും മറിഞ്ഞും കിടന്ന് കറങ്ങി.

നടക്കാനിടമില്ലാത്ത മുറിയിലേക്ക് അയാൾ എണീറ്റ് നിന്നു. കട്ടിലിനും മേശക്കും കസേരക്കുമിടയിലൂടെ അവൻ വഴി കണ്ടെത്തി നടന്നു. പതിയെ പതിയെ   പ്രകാശവേഗങ്ങളെ പിന്നിലാക്കി നടത്തം പുതിയ വഴികൾ കണ്ടെത്തി. മേശയുടെ സ്ഥാനം മാറ്റി. കട്ടിലിന്റെ അതിരുകളിൽ തട്ടി വിരലുകൾ മുറിഞ്ഞു.  അലമാരയുടെ കണ്ണാടികൾ ഒഴിവാക്കാൻ അത് തുറന്നിട്ടു.

വേണ്ട ഈ മുറിയിൽ വേണ്ട. അയാൾ ഓർത്തു... ഇവിടെ വച്ചായിരുന്നു തങ്ങൾ ആദ്യമായി പ്രണയം കൈമാറിയത്.  അവളുടെ ഗന്ധവും ശബ്ദവും നിറഞ്ഞു നിൽക്കുന്ന മുറിയാണിത്. ഇവിടെ വേണ്ട. 

അവൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി. അടുത്ത ബെഡ് റൂമിലേക്ക് ചെന്ന്  അവൻ ഏറെ നേരം നോക്കി നിന്നു. അപ്പുറത്ത്, അവളെ ആദ്യമായി കണ്ട സ്വീകരണ മുറി, അതിനടുത്ത് അച്ഛൻ കണക്കെഴുതി ജീവിതം കൂട്ടിമുട്ടിച്ച മുറി, അമ്മ നിറഞ്ഞ് വെന്ത അടുക്കള... 

ഒടുവിൽ അയാൾ നീണ്ട രാത്രിക്കൊപ്പം പുറത്തേക്കിറങ്ങി ഒറ്റക്ക് നടന്നു. ആകാശത്ത് കത്തിയമർന്ന നക്ഷത്രങ്ങളുടെ പ്രേതസഞ്ചാരം.

English Summary : Swathanthra Jeeviye Pranayicha Penkutty Story By Siju K.M 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;