വാങ്ങിയ സാധനങ്ങൾ അഹങ്കാരത്തോടെ ഭാര്യയുടെ മുന്നിലേക്കിട്ടു; അഭിനന്ദനം പ്രതീക്ഷിച്ച എന്നോടവൾ ചോദിച്ചു, നിങ്ങൾക്ക് എന്തിന്റെ കേടാ മനുഷ്യാ?...

വീണ്ടും ചില വീട്ടുകാര്യങ്ങൾ (കുറിപ്പ്)
SHARE

വീണ്ടും ചില വീട്ടുകാര്യങ്ങൾ (കുറിപ്പ്)

‘‘ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി’’  പ്രിയതമയുടെ ആ ആവശ്യം കേട്ട് എനിക്ക് ദേഷ്യം അരിച്ച് കയറി. രണ്ട് തവണ മാർക്കറ്റിൽ പോയി വന്നതേയുള്ളൂ. ഒന്ന് നടു നിവർത്തി ഇരിക്കാന്ന് വച്ചപ്പോഴാണ് അവളുടെ ഒരു ഉള്ളി. പണ്ട് അമ്മയ്ക്കായിരുന്നു ഈ സൂക്കേട്. എല്ലാം കൂടെ ഒരുമിച്ചോർത്ത് പറയില്ല. വെയിലും കൊണ്ട് പോയി സാധനങ്ങൾ വാങ്ങി വരുമ്പോഴായിരിക്കും എന്തേലും മറന്ന് വീണ്ടും വേണമെന്ന് ആവശ്യപെടുന്നത്. അമ്മയിൽ നിന്ന് ആ അസുഖം ഇവൾക്ക് കിട്ടീന്നാ തോന്നണത് അതോ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നാണാവോ...

‘‘എനിക്ക് സൗകര്യമില്ല. വേണേൽ പോയി വാങ്ങിക്ക്’’ ഞാൻ മുഖം തിരിച്ചു.

‘‘പ്ലീസ് ചേട്ടാ. ഉള്ളി ഇല്ലേൽ കറിക്ക് ഒരു ടേസ്റ്റും ഉണ്ടാവില്ലാട്ടാ. പിന്നെ എന്നെ കുറ്റം പറയരുത്’’

അതവളുടെ സ്ഥിരം നമ്പർ ആണ്. എന്റെ  വീക്ക്നെസ്സ് അവൾക്കറിയാം. എന്തേലും ടേസ്റ്റ് കുറഞ്ഞാ അപ്പോ പറയും മാങ്ങ കിട്ടീല, കാശ്മീരി മുളകാണേൽ നന്നായേനെ എന്നൊക്കെ. അല്ലെങ്കിലേ അവൾ വക്കുന്ന കറികളൊക്കെ ഒരു കണക്കാ. ഇനി ഉള്ളി ഇടാണ്ട് കുളമാക്കണ്ട. 

‘‘നാശം. വേറെ വല്ലോം വേണോന്ന് നോക്ക്. ഇത് അവസാനത്തെ പോക്കാ ഇനി എന്റെ പട്ടി പോകും’’

‘‘വേറെ ഒന്നും വേണ്ട ഏട്ടാ. പെട്ടെന്ന് കൊണ്ട് വരണേ. വഴിയില് കൂട്ടുകാരുടെ ഒപ്പം സൊറ പറഞ്ഞ് നിന്ന് സമയം കളഞ്ഞാൽ ഉച്ചക്ക് ഉണ്ണാൻ വരുമ്പോൾ കറി ഉണ്ടാവില്ലാട്ടാ’’ അവൾ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ തലചൊറിഞ്ഞുകൊണ്ട് ഞാൻ മാർക്കറ്റിലേക്ക് വേഗത്തിൽ നടന്നു. മാർക്കറ്റിൽ ചെന്ന് ഉള്ളി വാങ്ങിക്കുന്നതിനിടെയാണ് ‘‘ഇഞ്ചി’’ എന്നെ നോക്കി എന്തോ പറയുന്നത് പോലെ എനിക്ക് തോന്നിയത്..

ഇഞ്ചി വാങ്ങിയിട്ട് കുറച്ച് ദിവസം ആയല്ലോ. അവൾ വീണ്ടും മറന്ന് കാണും. കയ്യോടെ വാങ്ങിച്ചേക്കാം. ഇനി അവിടെ ചെല്ലുമ്പോഴാവും ഇഞ്ചി ഇല്ലാന്ന് പറഞ്ഞ് ഓടിക്കുന്നത്.

‘‘ചേട്ടാ കുറച്ച് ഇഞ്ചി കൂടെ പൊതിഞ്ഞേക്ക്’’ കടക്കാരനോടായി ഞാൻ പറഞ്ഞു.

‘‘പച്ചമുളക് വേണ്ടേ ചേട്ടാ. നല്ല നാടൻ പച്ചമുളക് ഉണ്ട്’’

അയാൾ ചോദിച്ചത് കേട്ട് എനിക്ക് സംശയമായി.

‘‘ എന്തായാലും കുറച്ച് എടുത്തേക്ക്. പിന്നെ കുറച്ച് വെളുത്തുള്ളിയും കൂടെ വച്ചോ’’ ഇനി വെളുത്തുള്ളി ഇല്ലാന്ന് പറയണ്ട...

‘‘എന്നാ സാമ്പാർപൊടി കൂടെ വച്ചോ ചേട്ടാ.. എന്തായാലും ആവശ്യം വരും’’ അയാൾ വീണ്ടും എന്നെ പ്രലോഭിപ്പിച്ചു.

‘‘എന്നാ പിന്നെ കുറച്ച് ഉപ്പും,പുളിയും, കറിവേപ്പിലയും കൂടെ ആയിക്കൊട്ടെ’’ മല്ലിപ്പൊടിയും മറ്റ് സാധന ങ്ങളും കഴിഞ്ഞ രണ്ട് വരവിലായ് വാങ്ങിയതോടെ ഞാനവ മാത്രം ഒഴിവാക്കി... 

ഇനി എന്തേലും മറന്നോ എന്ന് ആലോചിച്ച് നിൽക്കുകയാണോ ഞാൻ...

‘‘ കുറച്ച് കർപ്പൂരം കൂടെ ആയാലോ ചേട്ടാ’’ കടക്കാരൻ ചിരിച്ച് കൊണ്ട് ചോദിച്ചു..

‘‘അതെന്തിനാടോ കർപ്പൂരം’’

‘‘അല്ല ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നാണല്ലോ ചൊല്ല്’’ അയാൾ പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു. 

എല്ലാം വാങ്ങി വരാൻ നേരം ആണ് പപ്പടത്തിന്മേല് എന്റെ കണ്ണ് ചെന്നെത്തിയത്.. 

പപ്പടമില്ലാതെ ഊണിറങ്ങാത്ത ഞാൻ അരക്കെട്ട് പപ്പടം കൂടെ വാങ്ങി സഞ്ചിയിലാക്കി നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു. 

മാർക്കറ്റിലേക്ക് വീട്ടിൽ നിന്ന് അല്പം നടക്കാനുണ്ടായിരുന്നു.. വണ്ടി കേടായതിനാൽ നടത്തം തന്നെ ശരണം. നല്ല ചൂടുകൂടെ ആയതിനാൽ വിയർത്ത് കുളിച്ചാണ് ഞാൻ വീട്ടിലേക്ക് എത്തിയത്. ഉമ്മറത്ത് തന്നെ മൊബൈൽ പിടിച്ച് അവൾ നിക്കുന്നുണ്ടായിരുന്നു...

‘‘ നിങ്ങള് ഫോണെടുത്തില്ലേ മനുഷ്യാ എത്ര നേരായി വിളിക്കുന്നു. അത്യാവശ്യമായി ഒരു കൂട്ടം കൂടെ വാങ്ങാനുണ്ടാരുന്നു.

അവളുടെ ആ പരാതിക്ക് മറുപടി എന്നോണം ഞാൻ സഞ്ചി ഉമ്മറത്തോട്ട് ചൊരിഞ്ഞു.

‘‘ ദാ നീ വാങ്ങാനുദ്ദേശിച്ചത് ഇതിലേതോ സാധനമല്ലേ? എനിക്കറിയാം നീ ഇതിലേതേലും മറക്കുമെന്ന് അതുകൊണ്ട് ഇതൊക്കെ ഞാൻ മുൻകൂട്ടി വാങ്ങി.. എങ്ങനുണ്ട് എന്റെ ഐഡിയ’’

സ്വൽപം അഹങ്കാരത്തോടെയായിരുന്നു ഞാനത് പറഞ്ഞത്...

അവൾ ഞാൻ കുടഞ്ഞിട്ട സാധനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു..

‘‘ നിങ്ങൾക്ക് എന്തിന്റെ കേടാ മനുഷ്യാ? ഇവടെ ഇഷ്ടം പോലെ ഇഞ്ചിയും വെളുത്തുള്ളിയും ഉണ്ടല്ലോ? പച്ചമുളക് ആണേൽ പിന്നാമ്പുറത്ത് ഇഷ്ടം പോലെ നിൽക്കുന്നു.. കഴിഞ്ഞാ ആഴ്ച്ച വാങ്ങിയതടക്കം പൊട്ടിക്കാത്ത രണ്ട് പായ്ക്കറ്റ് സാമ്പാർപൊടി ഷെൽഫിലുണ്ട്. പിന്നെ കഴിഞ്ഞ ആഴ്ച  ഗുരുവായൂര് പോയപ്പം വാങ്ങിയ മൂന്ന് കെട്ട് പപ്പടത്തിന്റെ കാര്യം നിങ്ങള് മറന്നാ. ഇതൊന്നുമല്ല മനുഷ്യാ ഇവിടെ ആവശ്യം’’

അവൾ പറഞ്ഞത് കേട്ട് അമ്പരന്ന് കൊണ്ട് ഞാൻ ചോദിച്ചു.

‘‘പിന്നെന്തുവാ?’’

‘‘വെളിച്ചെണ്ണ...  ഒരു തുള്ളി വെളിച്ചെണ്ണ ഇല്ല ഈ വീട്ടിൽ. പപ്പടം കാച്ചണേൽ വെളിച്ചെണ്ണ വേണ്ടേ? അതിനാ ഞാൻ വിളിച്ചിരുന്നത്. അപ്പോ നിങ്ങൾ ഫോണും എടുത്തില്ലാ’’

മനസ്സിലാരെയൊക്കെയോ പ്രാകികൊണ്ട് ഞാൻ കടയിലേക്ക് വച്ച് പിടിച്ചു. ആ ഊളക്കടക്കാരൻ വെളിച്ചെണ്ണ എന്ന് എന്നെ ഓർമ്മിപ്പിക്കാഞ്ഞത് വെളിച്ചെണ്ണ അയാളുടെ കടയിൽ ഇല്ലാത്തതോണ്ട് ആണെന്ന സത്യം എനിക്ക് ബോധ്യമായി. എന്നാലും അതുമാത്രം എന്തേ മറന്നത് എന്നാലോചിക്കുകയായിരുന്നു ഞാൻ... 

English Summary : Veendum Chila Veettukaryangal Story By Praveen Chandran

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;