മത്സ്യഗന്ധിയും സിസിലി സിസ്റ്ററും: മീൻമണമുള്ള ഒരു പിറവിയുടെ കഥ

matsyagandhi-short-story-by-soju-joshua
വര : ദിലീപൻ ജി. കൃഷ്ണ
SHARE

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. ഗണിച്ചുഗുണിച്ചു പറഞ്ഞാ 1160–ാം ആണ്ട് കുംഭമാസം ഒമ്പതാം തീയതി. അയ്യത്ത് ചേന നടാൻ പൂളുവെട്ടിക്കൊണ്ടു നിൽക്കുകയായിരുന്ന ജവാൻ യോശുവാക്കുട്ടിച്ചായൻ, മുൻവശത്തെ വെട്ടുറോഡിലൂടെ റേഷൻ കടേൽ പോകാനിറങ്ങിയ പൂങ്കിഴാമണ്ണി പാപ്പിച്ചായനോട് വലിയവായിൽ എന്തോ സംസാരിക്കുന്നുണ്ട്. മേടത്തിൽ മുരുപ്പേലെ പള്ളീല് പുണ്യാളച്ചന്റെ പെരുന്നാള് പൂർവ്വാധികം ഗംഭീരമാക്കി നടത്തുന്നതിനെപ്പറ്റിയാവണം.

1971 ൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലദേശ് സ്വതന്ത്രമാക്കി കൊടുത്തതിൽപ്പിന്നെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒന്നും തന്നെ ഏൽപ്പിക്കാൻ ഇല്ലാത്തതിനാൽ യോശുവാക്കുട്ടിച്ചായന് ചോദിച്ചാൽ ഉടൻ ലീവ് കിട്ടുന്ന കാലം കൂടി ആയിരുന്നു അത്. അതായത്, മനേക് ഷാ സാഹബ് എന്തു ചെയ്യണേലും ജോഷ്വാജിയോട് ഒരു സെക്കൻഡ് ഒപ്പീനിയൻ എടുത്തിരുന്ന പിരീഡ്. അതുകൊണ്ടുതന്നെ പുള്ളിയുടെ 75-85 ഡെക്കേഡിലെ യുദ്ധങ്ങളെല്ലാം ഇങ്ങു കുടുംബത്തിലെ ‘ലൈൻ ഓഫ് കൺട്രോളിൽ’ ആയിരുന്നു.

അങ്ങനെയൊരു യുദ്ധത്തിനൊടുവിലെ സമാധാനകാലത്തായിരുന്നു ആ വ്യാഴാഴ്ച വന്നു ചേർന്നത്. തൊട്ടാൽ പൊട്ടുന്ന പാറ്റൺ ടാങ്കു പോലത്തെ നിറവയറുമായി പെമ്പറന്നോര് അമ്മുക്കുട്ടിയമ്മാമ്മ അയ്യത്തിനരികോളം വന്നുനിന്നു ചെറുതായി ശബ്ദമുണ്ടാക്കി. കാലുമ്മൂട്ടിൽ ചങ്കുവരയൻ കിടന്നു ചീറ്റുവാണെന്നും കരുതി പൊന്തിച്ചാടിയ യോശുവാച്ചായൻ പെണ്ണുമ്പിള്ളേ കണ്ടത് പിന്നെയാണ്. ഇതിനിടെ, ‘കോതമ്പും മണ്ണെണ്ണേം വന്നില്ല, പഞ്ചാരേം അരീം മാത്രമേ ഒള്ളെ’ന്ന് ആരാണ്ട് പറേന്ന കേട്ട് പാപ്പിച്ചായൻ തിരിച്ചു പോയി. ‘മനുഷ്യന്റെ നല്ലജീവനങ്ങു പോയല്ലോടീ.. എന്തുവാടീ..?’ ചാട്ടത്തിനിടെ ഊരിപ്പോയ തന്റെ ലൂണാറ് ചെരുപ്പിന്റെ വാറ് തിരിച്ചിട്ടോണ്ട് അയാൾ തെല്ല് ഈർഷ്യയോടെ ചോദിച്ചു.

‘കൂട്ടാൻ വെക്കാൻ ഇച്ചിരി മത്തി വാങ്ങിക്കാമോ..?’ 

‘ഞാനിത് ചെയ്തോണ്ട് നിക്കുന്ന നീ കണ്ടില്ലിയോ.. ഇന്നലത്തെ ഇറച്ചി പറ്റിച്ചത് ഇരുപ്പില്ലിയോടീ’

‘ഉണ്ട്.. എന്നാലും...’ 

‘നീയൊരു കാര്യം ചെയ്യ്.. ഒണക്കമീനൂടെ വെച്ച് ഒരു അടച്ചേറ്റിച്ചമ്മന്തി ഒടയ്ക്ക്.. അല്ലേ ദാണ്ടീ, പച്ചമാങ്ങായും ഒണക്ക കൊഞ്ചൂടെ ഇട്ടൊരു തീയല് വെക്ക്..’

‘എന്തോ ഒണ്ടേലും രണ്ടു നെയ്മത്തി പച്ചക്കുരുമൊളകരച്ച് വറത്തതിനു പകരം ആകുമോ..?’ അമ്മൂസമ്മാമ്മ നിലപാട് മാറ്റുന്ന ലക്ഷണമില്ല.

‘ശ്ശെടാ.. എടീ ഞാനിനി ചന്തേവരെപ്പോയിട്ടിനി എപ്പ വന്നിത് തീർക്കാനാ..’ കയ്യിലിരുന്ന ചേനപ്പൂളിൽ ചാമ്പല് വാരിപ്പൊത്തിക്കൊണ്ട് അയാൾ നീരസം പ്രകടമാക്കി.

‘ഒന്നു പോയിട്ടുവാ മനുഷ്യാ.. മത്തി തിന്നാനൊരു കൊതി തോന്നിയോണ്ടല്ലിയോ..’ അവർ ചിണുങ്ങി.

യോശുവാക്കുട്ടിച്ചായൻ അതിൽ വീണു.. ‘അവളുടെ ഒരു വ്യാക്കം.. ആദ്യ പേറിനില്ലല്ലോ ഇത്രേം പത്രാസും, ഡിമാന്റും..’ 

അമ്മുക്കുട്ടിയമ്മാമ്മ അതുകേട്ടു കിലുങ്ങിച്ചിരിച്ചു.. കണവന്റെ തോളിൽ പിടിച്ചു തിരിച്ചു നടക്കുന്നതിനിടയിൽ, സന്തോഷം വരുമ്പോൾ ഇടയ്ക്കിടെ പാടാറുള്ള ആ പാട്ട്  അവർ ഈണത്തിൽ മൂളി, സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ടു സ്വർഗം നാണിക്കുന്നൂ.. എന്നും, സ്വർഗം നാണിക്കുന്നൂ...

‘കൊച്ചുങ്ങള് രണ്ടുമെന്തിയേടീ..’ അതിനിടയിൽ ഒരു പുഞ്ചിരിയോടെ അയാള് ചോദിച്ചു.

‘ഓ.. അതുണ്ടള് രണ്ടൂടെ കൊറേ കഥപൊസ്തകോം എടുത്തോണ്ട് കൊച്ചുവെളുപ്പാംകാലത്ത് ആ ചാമ്പേടെ മണ്ടേ കേറിയതാ.. രണ്ടിനും ദാഹോമില്ല വെശപ്പുമില്ല..’

‘നീ അവരെ ഒന്നൂടെ ശ്രദ്ധിക്കണം.. പെങ്ങള് ഇന്നലെ ജർമ്മനീന്ന് വിളിച്ചപ്പഴും അത് പറഞ്ഞു..’

‘ഓ പിന്നേ... നാത്തൂനങ്ങ് ജർമ്മനീലിരുന്ന് ഓരോന്നങ്ങ് പറഞ്ഞാ മതി. ഞാൻ നോക്കാഞ്ഞിട്ടാന്നോ..? ഞാൻ പിള്ളാരേം നോക്കാതെ, കണ്ട കടപ്പലഹാരോം തീറ്റിപ്പിച്ചേച്ച് കണ്ടെടം നെരങ്ങി നടന്നാരുന്നേ, മേലേപ്പെരേലെ സൂസമ്മേടെ പുള്ളാരുടെ കൂട്ട് എല്ലും ഉന്തി ചന്തീം തേമ്പി നടന്നേനെ രണ്ടും..’

‘എടീ പെങ്ങള് നേഴ്സാ.. ലോകവെവരമൊണ്ട്... സ്നേഹം കൊണ്ട് പറയുന്നതല്ലിയോ..’

‘പിന്നേ ഒരു നേഴ്സ്.. ഞാൻ പഴേ എൻസിസിയാ. എന്റെ അപ്പനോട് ഞങ്ങടെ ഹെഡ്മാസ്റ്ററ് നൂറുവട്ടം പറഞ്ഞതാ, ഇവളെ പോലീസി ചേർക്കാൻ... അന്നപ്പൻ പൊലീസിലാരുന്നോണ്ട് സുഖമായിട്ട് പറ്റുമാരുന്നു.. പക്ഷേ ചെയ്തില്ല. നേഴ്സന്നൊക്കെ പറയുമ്പം ചുമ്മാ രോഗികളെ മയക്കി കെടത്തിട്ട് മനോരമേം മംഗളോം വായിച്ചോണ്ടിരുന്നാ മതിയല്ലോ.. മേലനങ്ങണ്ടായല്ലോ.. കനക്കെ ശമ്പളോം കിട്ടും..’

‘ദൈവദോഷം പറയാതെടീ.. ജർമ്മനീലെവിടാടീ മനോരമാ വീക്കിലി..? പെങ്ങളൊന്നും പറഞ്ഞിട്ടുമില്ല.. മിണ്ടിയിട്ടുമില്ല.. നീ എങ്ങനാന്നു വെച്ചാ വളത്ത്..’ അയാൾ മുഖം കനപ്പിച്ചു.

‘പൂ... ഹൊയ്.’ ആ സംസാരത്തെ മുറിച്ചുകൊണ്ട് മുന്നിലെ വെട്ടുറോഡിന്റെ കിഴക്കേ അറ്റത്തു നിന്ന് മീൻകാരന്റെ വിളിയുയർന്നു.

സ്വർണ്ണക്കടയിൽ കൊണ്ടുപോയി നിർത്തി ‘നീ ഇഷ്ടമൊള്ളത് വാങ്ങിച്ചോ..’ എന്നത് കേട്ടാലെന്നപോലെയോ, നിന്ന നിൽപ്പിൽ സ്വർഗരാജ്യം കിട്ടിയതു പോലെയോ അമ്മൂസമ്മാമ്മയിൽ നിന്ന് ഒരു സന്തോഷശബ്ദം വിടർന്നുയർന്നു. 

‘ദോണ്ടച്ചാ.. മീൻകാരൻ വിളിക്കുന്നു... ഓടിപ്പോ..’ എന്നു പറഞ്ഞ് അവർ അയാളെ മുന്നോട്ട് തള്ളി.

കല്യാണ സൗഗന്ധികം പറിച്ചോണ്ട് വരുന്നതായിരുന്നു ഇതിലും എളുപ്പമെന്ന് ഉടുത്ത കൈലീം വാരിപ്പിടിച്ച് ഓടുന്നതിനിടയിൽ യോശുവാക്കുട്ടിച്ചായൻ ഓർത്തു.

കടൽമണം മാറാത്ത നല്ല പെടയ്ക്കുന്ന മത്തി! ഒന്നും നോക്കിയില്ല.. കൊട്ടയോടെ വെല പറഞ്ഞങ്ങു വാങ്ങിച്ചു കളഞ്ഞു. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടിൽ, ഇതുവരെ കണ്ടുപിടിക്കപ്പെട്ട എല്ലാ റൊമാന്റിക് ഭാവങ്ങളും തന്റെ മുഖത്തേക്ക് സന്നിവേശിപ്പിച്ച്, ആ മീൻകൊട്ട അപ്പാടെ ചുമ്മി തന്റെ കാൽച്ചുവട്ടിലേക്ക് കൊണ്ടുവയ്ക്കുന്ന പ്രിയതമനെ കണ്ട് അക്ഷരാർഥത്തിൽ അദ്ഭുതസ്തബ്ധയായി നിൽക്കുകയായിരുന്നു അമ്മൂസമ്മാമ്മ.

തങ്ങളുടെ മധുവിധുകാലത്ത്, (വീശുന്ന കാറ്റിനു പോലും ചോരയുടെ മണമുള്ള ബോംബേയിലെ) സാന്താക്രൂസ് മുതൽ സാകിനാകാ വരെ മിലിട്ടറി ബുള്ളറ്റിൽ യൂണിഫോമിൽ തന്നെയും ഇരുത്തി നൂറുക്കുനൂറ് പറപ്പിച്ച് ഞെട്ടിച്ചതും, തന്നെ വായിനോക്കാറുള്ള പട്ടേല് ചെറുക്കൻ അതുകണ്ട് പേടിച്ച് റെജിമെന്റ് വഴി കയ്യാല ചാടി ഓടിയതുമൊക്കെ ഒരു നിമിഷാർധത്തിൽ അവരുടെ മനസ്സിലൂടെ പാഞ്ഞുപോയി.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. അയലോക്കത്തെ വത്സലച്ചേച്ചി വിളിച്ചുടനേ പാഞ്ഞെത്തി. അമ്മൂസമ്മാമ്മയും വത്സലച്ചേച്ചിയും മത്സരിച്ച് മത്തി കഴുകാൻ തുടങ്ങി. കൊരണ്ടിയിട്ട് ഒരു അഡ്ജസ്റ്റുമെന്റിലാണ് നിറവയറുമായി അമ്മാമ്മയുടെ ഇരിപ്പ്. കഴുകിയിട്ടും കഴുകിയിട്ടും തീരാത്ത മീൻകൊട്ട ഒരു അക്ഷയപാത്രമാണോന്നു പോലും അമ്മൂസമ്മാമ്മയ്ക്ക് തോന്നിപ്പോയി. തനിക്ക് സാധാരണയായി റോഡിൽ വച്ചുതന്നെ കിട്ടാറുള്ള പങ്കു കിട്ടാത്തതു കൊണ്ടാകണം.. വടക്കേലെ വാസുപിള്ള കൊച്ചാട്ടന്റവിടത്തെ പൂച്ച തെല്ലു നീരസത്തോടെ അവിടെ കറങ്ങി നടക്കുന്നുണ്ടായിരുന്നു. 

ഇതിനിടയിൽ, കഴുകിയ മത്തിയിൽ എട്ടുപത്തെണ്ണത്തിൽ ഇമ്മിണി പച്ചക്കുരുമൊളകും ഇഞ്ചീം വെളുത്തുള്ളീം മഞ്ഞളും കല്ലുപ്പും അരച്ച് തേച്ചുപിടിപ്പിച്ച യോശുവാക്കുട്ടിച്ചായൻ, അടുപ്പത്ത് വച്ച തവയിൽ നല്ല ആട്ടുവെളിച്ചെണ്ണ ചൂടായി മണം വന്നപ്പോൾ മസാല പുരണ്ട മീൻ ഓരോന്നായി എടുത്തിട്ടു.

പെട്ടെന്ന് പുറത്തുനിന്ന് അമ്മൂസമ്മാമ്മേടെ നിലവിളി ഉയർന്നതു കേട്ട് അയാൾ അടുക്കളപ്പുറത്തേക്കോടി. പ്രതീക്ഷിച്ചതിലും നേരത്തേ ഭാര്യയ്ക്ക് പേറ്റു നോവ് തുടങ്ങിയിരിക്കുന്നു. അവർ വേദനകൊണ്ട് പുളയുന്നതു നോക്കി നിൽക്കാനാവാതെ അയാളവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി. രണ്ട് ഇൻസാസ് റൈഫിളൊക്കെ ഇരുതോളിലുമായി പുഷ്പം പോലെ തൂക്കിയെടുത്തു വച്ച് ഒരേ സമയം നാല് റൗണ്ട് വെടിയുതിർത്താലും ഒരുതുള്ളി വിയർപ്പ് പൊടിയാത്ത യോശുവാക്കുട്ടിച്ചായൻ നിന്നു വിയർത്തു. എങ്ങനെ നോക്കിയിട്ടും പൊങ്ങുന്നില്ല. പെട്ടെന്ന് പിടിവിട്ട് അമ്മൂസമ്മാമ്മ മുന്നിലെ മത്തിക്കൊട്ടയിലേക്ക് കമിഴ്ന്നു വീണു.

വത്സലച്ചേച്ചി, കുട്ടാപ്പിച്ചേട്ടന്റെ അമ്പാസിഡർ വിളിക്കാനോടി.

അയാൾ അമ്മാമ്മയെ ആഞ്ഞുവലിച്ചു..

‘എടീ.. എഴുന്നേൽക്ക്.. നിനക്ക് പറ്റും. നീ ഒരു ധീരജവാന്റെ ഭാര്യയാണ്.. പണ്ട് കുഞ്ഞിലേ വലിയതോട്ടിൽനിന്നു വെറും പെറ്റിക്കോട്ടിൽ അമ്പതു പരലിനെ പിടിച്ചിട്ടുള്ളവളാണ് നീ.. പശൂനൊള്ള രണ്ടുകെട്ട് പോച്ച ഒറ്റയ്ക്കു ചുമ്മിയിട്ടുള്ളവളാണ് നീ.. അറുപത്തഞ്ചിലെ യുദ്ധകാലത്ത് കൊട്ടിക്കുന്നേൽ സ്കൂളിനു വേണ്ടി അങ്ങാടിക്കല് മൊതല് കൊടുമണ്ണ് വരേം, ചന്ദനപ്പള്ളി മൊതല് കൈപ്പട്ടൂർ ദേശം വരേം ‘‘പിണ്ടീ പീക്കിങ് ജാ കർത്താ.. ഇന്ത്യ കണ്ടു കൊതിക്കേണ്ടാ.. ഉണ്ടകൾ നിങ്ങൾ പായിച്ചാൽ.. പിണ്ടിയിൽ ഞങ്ങൾ കയറീടും..’’ എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ച് കൊടുത്തവളാണ് നീ.. ഏതും പോരാഞ്ഞ് പണ്ടാരാണ്ടോ പറഞ്ഞപോലെ 'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയാണ് നീ..’ 

തുടർന്ന് യോശുവാക്കുട്ടിച്ചായൻ തികച്ചും നാടകീയമായ ഒരു ഗ്യാപ്പ് കൊടുത്തു.

എവിടെ നിന്നോ വന്ന ഒരു കാറ്റ് തെക്കേ അയ്യത്തെ ആഞ്ഞിലിയിൽ തഴുകിയിറങ്ങി മുറ്റത്തെ കാന്താരിക്കൊല്ലയിൽ തലോടി അമ്മൂസമ്മാമ്മയുടെ മുഖത്തേക്ക് വീശി.. ഒരു നീറ്റൽ.. എവിടെ നിന്നോ സംഭരിച്ച ശക്തിയുമായി കർണ്ണം മല്ലേശ്വരി കണക്കെ അവർ വലിഞ്ഞെഴുന്നേറ്റു..

കുട്ടാപ്പിച്ചേട്ടന്റെ കടുംനീല അമ്പാസിഡർ കാർ മുന്നോട്ടെടുത്തപ്പോൾ പിൻസീറ്റിൽ അയാളുടെ തോളിൽ അള്ളിപ്പിടിച്ച് വേദന ഊതിയകറ്റി കിതയ്ക്കുന്നിതിനിടയിൽ അവർ അലറി.. ‘വണ്ടി നിർത്ത്..’

‘എന്താടീ കൊച്ചേ..?’

‘അച്ചായാ.. അടുപ്പത്തിരുന്ന മത്തി തിരിച്ചിട്ടാരുന്നോ..? കരിഞ്ഞു പോകും..’

ഇതു കേട്ടതും കുട്ടാപ്പിച്ചേട്ടൻ റിയർവ്യൂവറിലൂടെ പുറകിലേക്ക് നോക്കി തന്റെ സ്വർണ്ണം കെട്ടിയ കോമ്പല്ല് കാട്ടി ഊറിച്ചിരിച്ചു.. 

കാർ കൂടൽ സ്റ്റേഡിയം മുക്കീന്ന് ഇടത്തു തിരിഞ്ഞ്, വകയാറും കടന്ന് പാഞ്ഞു പോയി. മീൻമണം മാറാൻ അയാൾ കത്തിച്ചുവച്ച രണ്ടു സാമ്പ്രാണിത്തിരികളിലൊന്നിന്റെ ചാരം വലത്തേക്കൊടിഞ്ഞ് അടർന്നു വീണ അതേ നിമിഷത്തിൽ കാർ എലിയറയ്ക്കലിലെ ‘ജേക്കബിന്റെ ആശുപത്രി’ ഗേറ്റ് കടന്നു.

ഡോക്ടറുടെ എമർജൻസി ബെൽ മുഴങ്ങുമ്പോൾ ഉച്ചഭക്ഷണത്തിനായി പൊതിച്ചോറു തുറക്കുകയായിരുന്ന സിസിലി സിസ്റ്റർ, ഇട്ട കൈ പിൻവലിച്ച് ലേബർ റൂമിലേക്കോടി. ചെന്നപാടെ അമ്മുക്കുട്ടിയമ്മാമ്മയുടെ മീൻവെള്ളത്തിൽ കുതിർന്ന മാക്സി കട്ടു ചെയ്തു മാറ്റി.. പ്രസവം എടുക്കാനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ ആരംഭിച്ചു. അവസ്ഥ പരിശോധിച്ച ഡോക്ടർ, ‘താനിവിടെ കാണണം.. ഞാൻ പോയി കഴിച്ചിട്ടു വരാം..’ എന്നു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി. ഇതേസമയം, വത്സലയേയും പിള്ളാരേയും പോയി വിളിച്ചോണ്ടു വരാൻ കുട്ടാപ്പിച്ചേട്ടനെ പറഞ്ഞുവിടാൻ വേണ്ടി യോശുവാക്കുട്ടിച്ചായൻ പുറത്തേക്കിറങ്ങിയതായിരുന്നു. ‘പേടിക്കണ്ട... എവരിതിങ് വിൽ ബീ ആൾ റൈറ്റ്..’ എന്ന് തോളിൽ തട്ടി ആശ്വസിപ്പിക്കുവാൻ ലേബർ റൂമിന് പുറത്ത് ആരേം കാണാതെ ഡോക്ടർ നിരാശനായി വിമ്മിഷ്ടപ്പെട്ട് മെസ്സ് റൂമിലേക്ക് പോയി.

അമ്മൂസമ്മാമ്മയുടെ മീൻ ചെതുമ്പലുകൾ പറ്റിപ്പിടിച്ചിരിക്കുന്ന തല തലോടിക്കൊടുത്തുകൊണ്ടും, നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടും സിസിലി സിസ്റ്റർ അടുത്തു തന്നെ ഒരു നിൽപ്പു നിന്നു. ഇടയ്ക്കിടെ അവരുടെ കണ്ണുകൾ കെറ്റിലിൽ തിളയ്ക്കാൻ വച്ച വെള്ളത്തിലേക്കും ഭിത്തിയിലെ സെക്കൻഡ് സൂചി നഷ്ടപ്പെട്ട ക്ലോക്കിലേക്കും പോയി. അന്തരീക്ഷമാകെ മനംമടുപ്പിക്കുന്ന മീൻഗന്ധം തങ്ങി നിന്നിരുന്നു. ഇതിനിടെ ഡോക്ടർ തിരിച്ചു വന്നു.

പ്രസവ വേദന അതിന്റെ നെല്ലിപ്പലക ഇളക്കിത്തുടങ്ങി. അമ്മൂസമ്മാമ്മയുടെ നഖങ്ങൾ സിസിലി സിസ്റ്ററുടെ കൈകളിൽ മുറിവുണ്ടാക്കിത്തുടങ്ങി. പിടിക്കാൻ ശ്രമിക്കുംതോറും മാന്തിക്കീറാൻ തുടങ്ങി.. ഇടയ്ക്ക് നാഭിയ്ക്കും നെഞ്ചത്തും ഓരോ ചവിട്ടും കിട്ടി. ഒടുവിൽ ‘പ്ലക്ക്’ എന്ന ശബ്ദത്തോടെ പുറത്തേക്ക് പൂർണ്ണമായി തെറ്റിയിറങ്ങി... ഒരു ആൺകുഞ്ഞ് ! മുഖത്തേക്കും ദേഹത്തേക്കുമായി ആ സ്രവങ്ങൾ തെറിച്ച നിലയിലും പുക്കിൾക്കൊടി മുറിക്കാനായി കത്രിക എടുത്തു നൽകിക്കൊണ്ട് ജാഗ്രതയോടെ, ചെറു പുഞ്ചിരിയോടെ നിൽക്കുകയാണ് സിസിലി സിസ്റ്റർ. ക്ഷീണിച്ചവശയായ അമ്മൂസമ്മാമ്മ ഒരു ആശ്വാസത്തോടെ പാതിമയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അവസാനമായി കണ്ടത് ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന ഒരു ചിത്രമാണ്.. രണ്ടു കുട്ടികൾ ഒരു പാലം കടക്കാൻ വേണ്ടി അവരെ കരുതലോടെ അനുഗമിക്കുന്ന ഒരു മാലാഖയുടെ ചിത്രം. അപ്പോഴും അവരെ ചൂടുവെള്ളം തൊട്ട് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു സിസിലി സിസ്റ്റർ.

അമ്മൂസമ്മാമ്മ കണ്ണുതുറക്കുമ്പോൾ അരികിൽ യോശുവാക്കുട്ടിച്ചായനും രണ്ടു പിള്ളേരും വത്സലയും നിൽപ്പുണ്ട്. വല്യപ്പനും ബന്ധുജനങ്ങളും അറിഞ്ഞുകേട്ട് പുറപ്പെട്ടിട്ടുണ്ട്.

‘ദാണ്ട് മമ്മീ.. മത്തി വറുത്തത് കൊണ്ടുവന്നിട്ടുണ്ട്..’ മൂത്ത പൈതൽ ഒരു ചിരിയോടെ പറഞ്ഞു. അവർ അവനെ പുഞ്ചിരിയോടെ തലോടി. കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി അവിടേക്ക് കൊണ്ടുവരുന്ന സിസിലി സിസ്റ്റർ. പട്ടാളത്തിൽ തനിക്ക് അടുത്ത ‘ഓർഡർ ഓഫ് ഹോണർ’ മെഡൽ കിട്ടിയാലെന്ന പോലെ അയാൾ കുഞ്ഞിനെ എറ്റുവാങ്ങി കുട്ടികളെ കാണിക്കുന്നു. ‘കൊച്ചിനും ഒരു മീൻനാറ്റമൊണ്ടോ..? ഹേയ്.. തോന്നിയതാവും..’ 

ഈ സമയം മറ്റൊരു സിസ്റ്റർ ഓടി വന്നു സിസിലി സിസ്റ്ററുടെ ചെവിയിൽ പറഞ്ഞു.. ‘എടീ.. നിന്റെ ചോറുപൊതി പൂച്ച തിന്നു..’ അവർ ക്ലോക്കിലേക്ക് നോക്കി.. സമയം വൈകിട്ട് നാലുമണി കഴിഞ്ഞിരുന്നു.

‘എന്താ.. എന്തുപറ്റി സിസ്റ്ററേ..?’ യോശുവാക്കുട്ടിച്ചായൻ ചോദിച്ചു.

‘ഏയ് ഒന്നുമില്ല.. ചോറുണ്ണുന്ന കാര്യം പറയുവാരുന്നു..’ 

‘അയ്യോ.. ഇതുവരെ ഉണ്ടില്ലേ..’ അമ്മൂസമ്മാമ്മയ്ക്ക് ഒരു വിഷമം തോന്നി. ‘ദോണ്ടിന്നാ.. മത്തി വറുത്തതാ.. കൊണ്ടുപോയി നല്ല രുചിയ്ക്ക് ഉണ്ണ്..’ അവർ മത്തി വറുത്തു കൊണ്ടുവന്ന പാത്രത്തിലേക്ക് ചൂണ്ടി.

‘അയ്യോ.. വേണ്ട.. ഞാൻ മീൻ കഴിക്കില്ല.. ഇഷ്ടമല്ല.. മനംപിരട്ടും..’ 

‘അവൾക്ക് മീൻ മണം അടിച്ചാൽ പോലും അലർജിയാ..’ വന്ന സിസ്റ്റർ പറഞ്ഞു.

അമ്മൂസമ്മാമ്മ വല്ലാതെയായി.. ‘അയ്യോ... എന്നിട്ടാന്നോ ഈ നേരമത്രയും ഈ മീൻവാടയ്ക്കകത്ത് എന്നെ ചുറ്റിപ്പിടിച്ച് നിന്നത്..?’

‘ഞാൻ മീൻ ഇഷ്ടമല്ല, കഴിക്കില്ലെന്നല്ലേ പറഞ്ഞുള്ളൂ.. എന്റെ ജോലി ഇഷ്ടമല്ല, ചെയ്യില്ലാന്ന് പറഞ്ഞില്ലല്ലോ.. ഞാനൊരു നേഴ്സാണ് ചേച്ചീ.. എന്തുവന്നാലും മാറിനിൽക്കാൻ പാടില്ല ; അറച്ചുനിൽക്കാനും പാടില്ല..’ സിസിലി പാതിനിറഞ്ഞ കണ്ണിലൂടെ പുഞ്ചിരിച്ചു.. 

സിസിലിയുടെ കയ്യും മുഖവുമാകെ ചുവന്നു തെണർത്തിരിക്കുന്നത് അമ്മൂസമ്മാമ്മ നോക്കുകയായിരിരുന്നു. മീനിന്റെ അലർജി കാരണമാകണം.. അവർ സഹതാപത്തോടെയും ഇതുവരെയില്ലാത്ത സ്നേഹത്തോടെയും നേഴ്സായ സിസിലിയെ നോക്കി. അവരത് ആരിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാറില്ലാത്തതു കൊണ്ട്, കുഞ്ഞിനെ ഒന്നു വാത്സല്യത്തോടെ തലോടി പുറത്തേക്കു നടന്നു പോയി.

കട്ടിലിൽ കിടന്നുകൊണ്ട് തന്റെ രണ്ടു മുൻ പ്രസവങ്ങളും പല ആശുപത്രി വാസങ്ങളും ഓർത്തെടുക്കാൻ ശ്രമിച്ചു അമ്മൂസമ്മാമ്മ.. ആശുപത്രി വാതിൽ കയറുമ്പോൾ മാത്രം ഓർക്കുകയും ഒടുവിൽ പുറത്തേക്കിറങ്ങുമ്പോൾ മറന്നുപോകുകയും ചെയ്യുന്ന ഓർമകൾ ! 

അവരുടെ മനസ്സിൽ ഒരുപാട് പേരറിയാത്ത വെള്ളമാലാഖമാർ നനുത്ത ചിറകുവീശി പാറി നടന്നു..

NB: കുറച്ചൊക്കെ ഭാവനയാണെങ്കിലും പ്രതിപാദിച്ചിരിക്കുന്നത് എന്റെ ജനനമാണ്. മത്സ്യഗന്ധത്തോടു കൂടി എന്നെ ആദ്യമായി കയ്യിലെടുത്ത പേരറിയാത്ത അജ്ഞാതയായ ആ നഴ്സിന് പ്രണാമം. എന്തു വന്നാലും മാറിനിൽക്കാതെ, അറച്ചുനിൽക്കാതെ ആളുകളെ പരിചരിച്ചു കൊണ്ടേയിരിക്കുന്ന എല്ലാ നഴ്സുമാർക്കും ആദരവും നന്ദിയും അർപ്പിക്കുന്നു.

English Summary : Matsyagandhi - Short Story by Soju Joshua

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;