ADVERTISEMENT

ആ ഓർമയൊരു സുഖമാണ് ( കുറിപ്പ് ) 

 

എന്തിനാ ഇപ്പോൾ അവളെ ഓർത്തേ ? ..

 

‘‘ മനപ്പൊരുത്തം ഉള്ളവർ തമ്മിൽ ഒരേ സമയം ഓർക്കുമെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്’’

ഇനി അവളെങ്ങാനും ഓർത്തിട്ടുണ്ടാവോ ? അറിയില്ല. പക്ഷെ എന്തോ ? ? .. വല്ലാത്തൊരു സുഖം!

 

ആദ്യമായി അവളെ എവിടെ വെച്ചാ കണ്ടത് ?

 

ഓ.. അന്ന് മെഡിക്കൽ കോളേജിലെ ആർ എസ ബി വൈ ക്കു മുമ്പിൽ മെഡിക്കൽ ഡോക്സിൽ സീൽ ചെയ്യാൻ ഓടിചെന്നപ്പൊ അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു. കണ്ണൊന്നുടക്കി, ആ നിമിഷം മുതൽ ആ മുഖം അകത്തെവിടെയോ പതിച്ചു, ഒരിക്കലും മറക്കാനാവാത്ത പോലെ.

 

ഈ മെഡിക്കൽ കോളേജിനകത്തു എത്രയോ പെൺകുട്ടികളെ ദിനേന താൻ കാണുന്നു, കോഴിക്കോടും വയനാടും മലപ്പുറവും പലതായി മിന്നിമറഞ്ഞു, പക്ഷെ മനസ്സിന് ഇപ്പോൾ മാത്രമെന്താ ഒരനക്കം ?..

അവരിലൊന്നും കാണാത്ത എന്താ ഇവളിൽ കണ്ടേ ?..

 

പല പ്രാവശ്യം സ്വതേ ചോദിച്ചതാ..., ഒന്നൂടെ ചോദിച്ചെന്നു മാത്രം. വൈറ്റ് ലെഗ്ഗിൻസും ബ്ലൂ ജീൻ ഓവർ കോട്ടും മാറിനു കുറുകെ വെളുത്ത ഷാളും, താടിക്കു കയ്യും വച്ചിരിക്കുവാ കക്ഷി.

 

അൽപ നേരം പരസ്പരം കണ്ണിൽ നോക്കി ഇരുന്നു.

 

പിന്നെ ഒരു പതർച്ച ?..

 

നോക്കാനാവുന്നില്ല, കണ്ണ് വെട്ടിച്ചു നോക്കികൊണ്ടിരുന്നു,

 

ആ.. എന്തോ കിളിപോയപോലെ.. ആ മുഖത്ത് നിന്ന് കണ്ണെടുക്കാനാവുന്നില്ല. ആത്മാവിന്റെ ദാഹത്തിനും അൽപം ശമനം വന്ന പോലെ.

 

ഒരുപാട് അലഞ്ഞു അവസാനം കണ്ടു കിട്ടിയതാണെന്ന തോന്നൽ, തലച്ചോറിനകത്തു ചിന്തകളുടെ സംഘർഷം നടക്കുമ്പോഴും നെഞ്ചിനകത്തു പ്രകടിപ്പിക്കാനാവാത്ത ഒരനുഭൂതി.

 

അപ്പോഴാണ് ഉമ്മയും ഉപ്പയും കയറി വന്നത്, അവരവിടെ ഇരുന്നു. അതിനിടെ ഉപ്പാക്ക് ദാഹം ? അവളുടെ കയ്യിൽ മാത്രമേ വാട്ടർ ബോട്ടിൽ കണ്ടുള്ളു, ഉപ്പ ചോദിച്ചു, ഞാൻ വാങ്ങി ഉപ്പാക്ക് കൊടുത്തു,

 

അപ്പോഴാ കണ്ണിനു വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു. ഏതായാലും ബോട്ടിൽ തിരിച്ചു കൊടുത്തു താങ്ക്സ് പറഞ്ഞു അവിടെ വായും നോക്കി ഇരുന്നു. ‘അതായിരുന്നു അവളെ കണ്ടുമുട്ടിയ രംഗം’.

 

 

 

 

പിന്നെ ഓരോ ദിവസവും അവളെ കാണാനുള്ള ശ്രമമായിരുന്നു. പക്ഷേ കണ്ടു കിട്ടണ്ടേ ? എത്ര നടന്നു ..? കണ്ണും കാലും കഴച്ചു.നടന്ന വഴികൾ, കണ്ണുടക്കിയ മുഖങ്ങൾ. ഓർമകളുടെ ഓരത്തു ചാരി നിന്ന മെഡിക്കൽ കോളേജിന്റെ ഇന്നലെകളെ അടക്കം ചെയ്‌ത ചീനിത്തറകൾ. വന്നേക്കാമെന്നു വെറുതെ മോഹിച്ചു ഒഴിച്ചിട്ട കോഫി ഹൗസിലെ തീൻ മേശയിലെ എതിർ കസേരകൾ...

 

അങ്ങനെ ഇരിക്കെ ഒരു ദിവസം ഉപ്പയുടെ ഒരു ചെക്ക് അപ്പ് റിപ്പോർട്ട് വാങ്ങാൻ കാർഡിയോളജി ഡിപ്പാർട്ടമെന്റ് മെയിൻ ബ്ലോക്കിലേക്ക് പോയി. ഒരു പാട് വട്ടം കറങ്ങി അവസാനം സ്ഥലം കണ്ടെത്തി. ഗോവണിയും കയറി അങ്ങോട്ട് ചെന്ന് കയറുമ്പോൾ നമ്മുടെ ആളവിടെ അമ്മയുടെ കൂടെ നിൽക്കുന്നു.

ചുമ്മാ ജാഡ കളയേണ്ടെന്നു കരുതി അവൾ നോക്കിട്ടും അവളെ നോക്കാതെ നേരെ ഡിപ്പാർട്മെൻറി നകത്തേക്ക് നടന്നു പോയി. അവിടെ ചെന്ന് റിപ്പോർട്ട് വാങ്ങിച്ചു പുറത്തുവരുമ്പോഴും ആളവിടെ നിൽപ്പുണ്ട്. പക്ഷെ കണ്ട ഭാവം നടിക്കുന്നില്ല.

 

 

കാര്യം പിടികിട്ടി നേരത്തെ ജാഡ കാണിച്ചതിനുള്ള പണിയായിരുന്നു. എങ്കിലും ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചതല്ല. പലവട്ടം ശ്രദ്ധ പിടിക്കാൻ ശ്രമിച്ചെങ്കിലും ആള് വാശിയിലായിരുന്നു. അധികം ഒന്നും ചെയ്യാനും വയ്യ, ഉപ്പ കൂടെയുണ്ട്, എന്താ ചെയ്യുവാ ?..ഉപ്പ ഗോവണി ഇറങ്ങിയതും ഞാൻ ചുമ്മാ ഒന്ന് തിരിച്ചു ഓടിക്കയറി.

 

അപ്പൊ ഒരു ചെറിയ നോട്ടം; അതിൽ പരിഭവമാണോ അതോ യാത്രപറച്ചിലാണോ എന്നറിയില്ലായിരുന്നു. 

 

പിന്നെ പോകുന്നിടത്തെല്ലാം പല തവണ പരതി; ആർ എസ ബി വൈയുടെ മുന്നിൽ, ലാബിനരികെ, വരാന്തകളിൽ ഫാർമസിക്കു പരിസരത്തും, ആൾകൂട്ടത്തിലും, എല്ലാം,,

 

എവിടെ നിന്നെങ്കിലും കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ കണ്ടില്ല പിന്നെ, ഒരിക്കലും... 

 

നാടറിയില്ല ?,  വീടറിയില്ല ?, 

എവിടെ ? 

പേര് പോലും അറിയില്ല ?., 

 

എന്തോ ചോദിക്കാൻ കഴിഞ്ഞില്ലേ ?.

അതോ ചോദിക്കണ്ട എന്ന്  തീരുമാനിക്കുവായിരുന്നോ ?

എന്തോ ?..  അറിയില്ല !

 

ഇനി കാണുമോ, ഇല്ലായിരിക്കാം ?..

എന്നാലും ഓർക്കും,

ജീവിതത്തിൽ സ്വന്തമാക്കണമെന്നു ആദ്യമായി മോഹിച്ചവളെ എങ്ങനാ മറക്കുവാ ...

ആ വേദന അങ്ങനെ കിടക്കണം മായാതെ..

 

‘ഓർമകളാണ് സുഖം’!

 

ആ തിരക്കു പിടിച്ച വരാന്തകളിൽ ഇനിയും പോകണം. ആശങ്കകളെ ചവിട്ടി പ്രതീക്ഷയിലേക്ക് കയറി പോവുന്ന ഗോവണികൾ കയറണം. ജീവൻറെ തുടിപ്പും മരണത്തിന്റെ കാൽപെരുമാറ്റവും കാതോർത്താൽ കേൾക്കാവുന്ന നാലുകെട്ടിനകത്ത്,വെള്ള കോട്ടണിഞ്ഞ മാലാഖമാരുടെയും രക്ഷകരായ ദേവന്മാർക്കുമിടയിലൂടെ മൂകനായി നടക്കണം..

 

വെറുതെ... ഓർമകളെ തേടി മാത്രം !

 

English Summary : aa orma oru sukhamanu memories by Subair Sidheeq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com