ADVERTISEMENT

ഇംഗ്ലണ്ടിലെ ജോലി (കഥ)

മാറഞ്ചേരി കരുണാകരമേനോൻ ഇന്ദുചൂഡനോട് ചോദിച്ച ചോദ്യം നിരന്തരമായെന്നെ  ‘പരേശാൻ’ ചെയ്തുകൊണ്ടിരിക്കുന്ന കാലം. പ്രായപൂർത്തിയാവുന്നത് വോട്ട് ചെയ്യാനും  ബുൾഗാൻ താടിവെക്കാനും സിഗരറ്റ് വലിക്കാനും മാത്രമല്ലെന്ന് സ്വയം വിശ്വസിപ്പിക്കുകയും ഉപദേശിക്കാൻ വരുന്ന നാട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പരമപുച്ഛം പ്രകടിപ്പിക്കാനായുള്ള കഠിന ശ്രമവുമായി കാലത്ത് കുളിച്ച്  കുറീം തൊട്ടിറങ്ങീരുന്ന ഞാൻ വൈകീട്ട് വീട്ടിൽ വരുമ്പോളേക്കും ഒന്നുരണ്ട് ഏടാകൂടങ്ങളിൽ ഓട്ടോമാറ്റിക്കായി ചെന്ന് പെടുകയും സന്ധ്യക്ക്‌ വീട്ടിലെത്തുന്നതിന് മുൻപ് ഏതെങ്കിലും നാട്ടുകാരായ റിപോർട്ടർമാർ സാലറി വാങ്ങാതെ തന്നെ ചാനലുകാരേക്കാൾ വേഗതയിൽ അത് റിപ്പോർട്ട് ചെയ്യുകയും പതിവായിരുന്നു.

 

 

‘‘ സാമൂഹ്യ വിരുദ്ധർക്കും തോന്ന്യവാസികൾക്കും  ഈ കുടുംബത്ത് എൻട്രിയില്ല പഠിപ്പ് നിർത്തി ഗുജറാത്തിലേക്കോ ബോംബെക്കോ എവിടെക്കാച്ചാൽ സ്ഥലം വിട്ടോ’’ ഞാനിതും കേട്ട് തുറക്കാത്ത ഇരുമ്പ് വാതിലിന് പുറത്ത് മുറ്റത്തെ തിണ്ണയിലിരുന്ന് പലപ്പോളും ഉറക്കം  തൂങ്ങിയിരുന്നു. ‘അതെന്താ ഇങ്ങനെയുള്ളോരാണോ ബോംബെലും ഗുജറാത്തിലുമൊക്കള്ളത്’ ന്ന് ഉറക്കെ ചോദിക്കാൻ പേടിയാണെങ്കിലും മനസ്സിൽ മന്ത്രിച്ച് ആ തിണ്ണയിൽ വീണ്ടും വീണ്ടും ചുരുണ്ട് കൂടിയിരുന്നു.

 

 

ദേശത്തെ കല്യാണവീട്ടിൽ തലേന്ന് സഹായിക്കാനെന്ന പേരിൽ ചെന്ന്  തൊട്ടടടുത്ത കരിമ്പന്റെ വളപ്പിൽനിന്ന് അർദ്ധരാത്രിയിൽ അറുപതോളം  ഇളനീർ വെട്ടിയിറക്കി നേരം വെളുക്കുന്നതിന് മുന്നേ അവസാനിപ്പിക്കാൻ ശ്രമിക്കുകയും തിന്ന് തീരാതെ ബാക്കി വന്നത് രണ്ടോ മൂന്നോ തുണ്ടമാക്കി  മുന്നിലെ തിയന്നൂരെ വലിയ വളപ്പിലേക്ക് വലിച്ചെറിയുകയും ചെയ്തേന്റെ പേരിൽ നെക്സ്റ്റ് ഡേ ഞങ്ങൾ അഞ്ചാറ് പേരെ നാട്ടുകൂട്ടത്തിന് മുന്നിൽ ഹാജരാക്കിയിരുന്നു.  ഞങ്ങളത് ചെയ്തിട്ടില്ല്യ , കണ്ടിട്ടില്ല്യ , ഇളനീര് ജീവിതത്തിൽ കഴിച്ചിട്ടില്ല്യ അതിലെ വെള്ളം കുടിച്ചിട്ടില്ല്യ, ഓഹോ അതില് വെള്ളവും ഉണ്ടായിരുന്നോ ന്നൊക്കെ  ഒരുളുപ്പുമില്ലാതെ വാദിച്ചു കൊണ്ടിരുന്നു. ഇളനീർമോഷണത്തിന് ഞങ്ങളെ പ്രേരിപ്പിച്ച കിഴക്കേലെ കുട്ടൻ നാളെ നടക്കാനിരിക്കണ  അവന്റെ എത്രാമത്തെയോ തവണത്തെ ഹിന്ദി പരീക്ഷടെ പേരും പറഞ്ഞ് മാപ്പുസാക്ഷിയായ കാര്യമറിയാതെ പരീക്ഷയിൽ ഇത്തവണയെങ്കിലും ഓൻ ജയിക്കട്ടെ ന്ന് കരുതി  എത്ര ഇടികൊണ്ടാലും പേരുപറയാത്ത കല്ലൻ ചാക്കോകളെപോലെ ഞങ്ങൾ സഹിച്ച് നിന്നു. 

 

 

അതുവഴി വന്നവരുടേം പോയവരുടേയുമൊക്കെ ചോദ്യശരങ്ങൾക്ക് മുന്നിൽ  തലകുനിച്ചു നിന്ന് നിവൃത്തിയില്ലാതെ അവസാനം നാട്ടുകൂട്ടത്തിലെ പ്രമാണിയുടെ മുഖത്തുനോക്കി  രണ്ടാം പ്രതിയായ മേലൂട്ട് പ്രബിൻ “ഷാൾ ഐ റിമൈൻഡ് യു സംതിങ്. ഇറ്റ് ഈസ് ക്വയറ്റ് അൺബികമിങ് ഏൻ ഓഫീസർ. ഐ  പിറ്റി യു ഫോർ ദി ഗെയിം പ്ലേയ്‌ഡ്‌ ഇൻ ദിസ് കേസ് ദാറ്റ് ഓഫ് എ മാനിപ്പുലേറ്റർ’’ ന്ന് പറഞ്ഞതോട് കൂടി ആ കോടതി  പിരിച്ചു വിടുകയും കേസ് തള്ളിയതായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. അപ്പോളേക്കും  ഒന്നാം പ്രതിയായ കുട്ടന്റെ ജനലിലൂടെ അവൻ പഠിച്ചതിന്റെ ബാക്കി വന്ന ഹിന്ദിയക്ഷരങ്ങളെല്ലാം കൂടി ഒരു നാണവുമില്ലാതെ ചിന്നിച്ചിതറി തെറിച്ചു. ഹിന്ദിയായാലും,  കെമിസ്ട്രിയായാലും കുട്ടൻ നന്നായി വരുമെന്ന് നാലാം പ്രതിയായ ചാലിശ്ശേരി മണി പ്രാർത്ഥിച്ചതിന്റെ ഗുണഫലമായി അത്തവണ അവൻ ഹിന്ദിയിൽ മാത്രം തോറ്റു, സിലബസും മാറി. 

 

അന്നും  

 

സാമൂഹ്യ വിരുദ്ധർക്കും തോന്ന്യവാസികൾക്കും  ഈ കുടുംബത്ത് എൻട്രിയില്ല പഠിപ്പ് നിർത്തി ഗുജറാത്തിലേക്കോ ബോംബെക്കോ എവിടെക്കാച്ചാൽ സ്ഥലം വിട്ടോ’’ ഞാനിതും കേട്ട് തുറക്കാത്ത ഇരുമ്പ് വാതിലിന് പുറത്ത് മുറ്റത്തെ തിണ്ണയിലിരുന്ന്  ഉറക്കം തൂങ്ങികൊണ്ടിരുന്നു. ‘അതെന്താ ഇങ്ങനെയു ള്ളോരാണോ ബോംബെലും ഗുജറാത്തിലുമൊക്കള്ളത്’ ന്ന് ഉറക്കെ ചോദിക്കാൻ പേടിയാണെങ്കിലും മനസ്സിൽ മന്ത്രിച്ച് ആ തിണ്ണയിൽ വീണ്ടും വീണ്ടും ചുരുണ്ട് കൂടി..

 

അല്ലലില്ലാതെ ജീവിതം അങ്ങനെയിങ്ങനെ  മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോളാണ്  മൂന്നാല് കിലോമീറ്റർ മാത്രം അകലത്ത് താമസിക്കുന്ന സ്വന്തം കസിൻ രാജേഷേട്ടൻ കാഞ്ഞിരശ്ശേരിയിൽ ‘പതിവില്ലാതെ സ്ഥിരമായി പലപ്പോളായി’ സന്ദർശനം നടത്തുകയും  ഞാനുമായി ഇരുപത് വർഷമായില്ലാത്ത പ്രത്യേക ചങ്ങാത്തമുണ്ടാക്കുന്നതും ഒരുമിച്ചായിരുന്നു. എന്റെ നേരെ മുന്നിലെ വീട്ടിൽ ഒന്നാംക്ലാസ്സ് മുതൽ കൂടെ പഠിച്ചവളും ഞാൻ പ്രീഡിഗ്രി തോറ്റിട്ട് അവള് ജയിച്ചപ്പോൾ റിസൾട്ട് വന്ന മാതൃഭൂമി പേപ്പറും കൊണ്ട് മുറ്റത്ത്നിന്ന് ഉയരത്തിൽ  തുള്ളിച്ചാടിയ സഹപാഠിയുമായി അവരിരുപേരും തപം ചെയ്തു ഈയമ്പല കൽപടവിൽ ദാറ്റ് മീൻസ് ഭീകരമായ അവരുടെ പ്രേമം തുടങ്ങിയിട്ട് കുറച്ചായിരിക്കുന്നുവെന്നും ഇന്നത് മൊട്ടിട്ട് പടർന്ന് പന്തലിച്ച്  പാകമായിരിക്കുന്നുവെന്നുള്ള സീക്രട്ട് ഞാനറിഞ്ഞത് ഇരുണ്ടവെളിച്ചമുള്ള അക്വേറിയാത്താൽ ചുറ്റപ്പെട്ട  തൃശ്ശൂരിലെ ഹോട്ടലിരുന്ന് രാജേഷേട്ടന്റെ പൈസക്ക് വയറ് നിറയെ പൊറോട്ടേം ചിക്കനും കഴിക്കുമ്പോളായിരുന്നു.  

 

 

അതി ശക്തമായി പല്ലും നഖവുമെടുത്ത് അവരുടെ പ്രേമത്തെ എതിർക്കണമെന്ന് എനിക്ക് അപ്പോൾ തന്നെ തോന്നിയെങ്കിലും ഇരുണ്ട വെളിച്ചത്തിലെ സപ്ലയർമാരുടെ നിറഞ്ഞ പുഞ്ചിരിയും സ്നേഹവും ടേബിളിലി ലിരിക്കുന്ന ബാക്കിയുള്ള വെളുത്ത പ്ലേറ്റിലെ   മൊരിഞ്ഞ ഇതളിതളായ പൊറോട്ടടേം അതിനെയലിയിക്കാൻ മുകളിലൊഴിച്ച ചിക്കൻചാറിന്റേം സുഗന്ധവുമൊക്കെ ആ ഉദ്യമത്തിൽനിന്നും വിലക്കിയെന്നുമാത്രമല്ല എല്ലാം കടിച്ചമർത്തി രണ്ട് പൊറോട്ടേം ഒരു പ്ലേറ്റ് ചിക്കനുംകൂടി ഓർഡർചെയ്യാൻ അതിക്രൂരമായി പ്രേരിപ്പിക്ക യാണുണ്ടായത്.

 

സൈക്കിൾ മാത്രം ഓടിച്ചിരുന്ന ഞാൻ രാജേഷേട്ടന്റെ  സ്‌പ്ലെൻഡർ ഓടിക്കാൻ പഠിക്കുന്നു. ഞങ്ങൾ പരസ്പരം കാണുമ്പോളൊക്കെ രാജേഷേട്ടൻ തന്റെ  പ്രിയപെട്ടവളെക്കുറിച്ച് മാത്രം സംസാരിച്ചോണ്ടിരുന്നു. തിരിച്ചൊന്നും പറയാതെ ഞാൻ പൊറോട്ട തിന്നോണ്ടുമിരുന്നു. പശുവിന്റെ ഇക്കിളിയും മാറും കാക്കയ്ക്ക് പൊറോട്ടേം തിന്നാം.

 

പേര് കേട്ടാൽ തന്നെ പ്രണിയിക്കാൻ തോന്നുന്ന ഈസ്റ്റ്‌ കോസ്റ്റിൻ്റെ  ‘നിനക്കായ്‌, ആദ്യമായ്, ഓർമ്മക്കായ്, സ്വന്തം എന്നൊക്കെള്ള പ്രണയാൽബ കാസറ്റുകൾ എന്റെ  കണ്മുന്നിലൂടെയും ഞാനറിയാതെയുമോക്കെ അങ്ങേര് പ്രിയ കാമുകിക്ക് സമ്മാനിക്കുന്നു. പ്രദീപ് സോമസുന്ദരത്തിന്റെ ശബ്ദത്തിൽ ‘എണ്ണകറുപ്പിൻ ഏഴഴകൊക്കെ  ഞങ്ങടെ ഇട്ടാവട്ടത്തെ മുഖരിതവും പ്രേമസുരഭിലവുമാക്കിതീർത്തു. യേശുദാസിന്റെ  ഹിന്ദി ആൽബം ‘ചമക് ചംചം’  ഞാനൊന്ന് കേട്ടിട്ട് തന്റെ പ്രിയതമക്ക് കൊടുത്താൽ പോരേന്ന് ചോദിച്ചപ്പോൾ  ബൈക്കിന്റെ ചാവി ഓഫാക്കി ഏതാണ്ട് പത്തെൺപത് കിലോയുള്ള സോളമൻ സ്വന്തം സോഫിയയെ മനസ്സിൽ ധ്യാനിച്ച് ‘‘നമുക്ക് കുഗ്രാമങ്ങളിൽ ചെന്ന് താമസിക്കാം. നേരം വെളിച്ചാമ്പോ എണീറ്റ് വടക്കേട്ട്യത്തെ പ്രസാദിന്റെ പള്ളിഞ്ഞാലിൽ പോയി നേന്ത്രക്കായ പാകമായോന്ന് നോക്കാം, അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും” ന്ന് പറഞ്   ബൈക്ക് എടുത്ത് സ്പീഡിൽ ഓടിച്ചു പോയി. 

 

 

ഏതാണ്ട് പണി പാളാൻ ചാൻസ് ഉണ്ട് എന്ന് മനസ്സിലാക്കിയ സെൽഫിഷും, പൊറോട്ടപ്രേമിയും തികഞ്ഞ അവസവരവാദിയുമായ ഞാനെന്ന യുവാവ് കയ്യിലെ ചിക്കന്റെ മണം പോകുന്നത്‌ വരെ സോപ്പിട്ട് കഴുകി ഇനിയീ പ്രേമം തുടർന്നാൽ വീട്ടിലറിയിക്കുമെന്ന് രാജേഷേട്ടനെ സ്നേഹത്തോടെ താക്കീത് ചെയ്തതോട് കൂടി ഞാനുമായുള്ള ഒന്നൊന്നര വർഷം നീണ്ടുനിന്ന ഓപ്പണിങ്  കൂട്ടുകെട്ട് അവസാനിപ്പിച്ച് ഗാലറിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. എനിക്ക് പൊറോട്ട തിന്നാൻ കൊതിയാവുമ്പോളൊക്കെ ഞാൻ കയ്യിലുള്ള ഹെർക്കുലീസ് സൈക്കിളിൽ ഇല്ലാത്ത ഗിയറിനെ പ്രാകികൊണ്ട് റേഷൻ കടയിലേക്ക് മണ്ണെണ്ണ വാങ്ങാൻ പോയി ദേഷ്യം തീർത്തു.

 

അധികം വൈകാതെ  നാട്ടാരേം വീട്ടുകാരേം ഞെട്ടിച്ചുകൊണ്ട് കഥയിലെ രാജകുമാരനും രാജകുമാരിയു മൊന്നായി.  അവരിരുപേരും ആരോടും പറയാതെ ഗുരുവായൂര് പോയി താലികെട്ടി എവിടക്കോ പോയി. 

ഞങ്ങടെ കുടുംബക്കാരുടെയിടയിൽ ഞാൻ  പ്രേം നസിറിനേം ജയഭാരതിയെം ചാടിച്ചു കൊണ്ട് വരാൻ സഹായിക്കുന്ന അടൂർ ഭാസിയായ്‌  മാറി. പലരും സംസാരിക്കാതെ മുഖം തിരിച്ച് നടക്കാൻ തുടങ്ങി. അവരുടെ പ്രേമം തുടങ്ങീട്ട് കുറെയായി, ഞാനറിഞ്ഞത് ഈയടുത്താണ്. ഞാനല്ല ഞാൻ വെറും പൊറോട്ടയെ കഴിച്ചിട്ടുള്ളു  വെറും സ്പ്ലെൻഡർ ഓടിക്കാൻ വേണ്ടിയാ. ഹലോ അമ്മാവാ , ചേട്ടാ ഞാൻ അയാളെ നിരുത്സാഹപ്പെടുത്തിയതാണ്. പക്ഷേ  കേൾക്കണ്ടേ. ആത്മാർത്ഥമായി ജീവൻ കൊടുത്ത് പ്രണയിക്കുന്നവരെ പിരിച്ചാൽ നാട്ടിൽ ദുരന്തങ്ങളുണ്ടാവും, മണ്ണിടിയും, ഭൂമി കുലുങ്ങും പ്രണയത്തിന് പ്രളയംവരെ സൃഷ്ടിക്കാൻ കഴിയുമെന്നൊക്കെ പറഞ്ഞോണ്ട്  ഞാനെങ്ങനെയൊക്കെയോ പിടിച്ചുനിന്നു.

 

അന്നും 

 

‘‘സാമൂഹ്യ വിരുദ്ധർക്കും,  തോന്ന്യവാസികൾക്കും, കുല  ദ്രോഹികൾക്കും  ഇവിടെ എൻട്രിയില്ല പഠിപ്പ് നിർത്തി ഗുജറാത്തിലേക്കോ ബോംബെക്കോ എവിടെക്കാച്ചാൽ സ്ഥലം വിട്ടോ’’ ഞാനിതും കേട്ട് തുറക്കാത്ത ഇരുമ്പ് വാതിലിന് പുറത്ത് മുറ്റത്തെ തിണ്ണയിലിരുന്ന്  ഉറക്കം തൂങ്ങികൊണ്ടിരുന്നു. ‘അതെന്താ ഇങ്ങനെയുള്ളോരാണോ ബോംബെലും ഗുജറാത്തിലുമൊക്കള്ളത്’ ന്ന് ഉറക്കെ ചോദിക്കാൻ പേടിയാണെങ്കിലും മനസ്സിൽ മന്ത്രിച്ച് ആ തിണ്ണയിൽ വീണ്ടും വീണ്ടും ചുരുണ്ട് കൂടി..

 

വേനൽകാലത്ത് ഉണങ്ങിയ പുല്ല് ചെത്തി വൃത്തിയാക്കിയ പാടത്ത്   കാലിൽ പട്ടീസ് കെട്ടിയ പത്തിരുപത് പേരുടെയിടയിലേക്ക് ഇട്ടുകൊടുത്ത അഞ്ചാം നമ്പർ പന്തിന്റ‌െ പോലായിരുന്നു മ്മടെ അവസ്ഥ. കലാപവും ഭൂകമ്പവുമൊക്കെയായി ഗുജറാത്തും ബോംബേയുൊക്കെ പത്രങ്ങളിലും ടിവിയിലുമൊക്കെ  നിറഞ്ഞു നിൽക്കുന്നോണ്ട് തൽക്കാലം അങ്ങട് പോണ്ട നേരെ ഗൾഫിൽക്ക് കയറ്റി വിടാൻ തീരുമാനിച്ചു. ചേലക്ക രക്കടുത്ത് താമസിക്കുന്ന ഗൾഫീന്ന് രണ്ടുമാസം ലീവിന്  വന്ന കുടുംബ സുഹൃത്തായ കുട്ടമാമനെ കാണാൻ കുടുംബ സമേതം ഓട്ടോറിക്ഷയിൽ യാത്രയാകുന്നു. 

 

ചായയും മിക്സ്ചറും കഴിക്കുന്നതിന്റെയിടയിൽ അമ്മ കാര്യം പറഞ്ഞു   അതുവരെയുണ്ടായ സംഭവങ്ങളൊക്കെ അവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനിടയിൽ അവരെന്നെ അമീബയെ കണ്ടപോലെ  ശ്രദ്ധിക്കാൻ തുടങ്ങി. 

 

എത്തീട്ട് മൂന്നുമണിക്കൂറാവാറായി എന്നെക്കുറിച്ചുള്ള സാമൂഹ്യ വിരുദ്ധതയല്ലാതെ  ആകെ സംസാരിച്ചത്, ബോംബെ മിക്സ്ച്ചർ കുറച്ചു കൂടി തരട്ടേയെന്ന് മാത്രമായിരുന്നു. ആ വീട്ടിലെ എല്ലാവരും ഗൾഫിലാണ്, തൃശൂർജില്ലയില്‍ ആദ്യമായി യൂറോപ്യൻ ക്ലോസറ്റ്   ഫിറ്റ് ചെയ്ത വീടാണ്. അന്നുവരെ ആ സുഖം അനുഭവിക്കാത്ത ഞാൻ ഇതിനിടയിൽ രണ്ടു പ്രാവശ്യം അത് ടെസ്റ്റ് ചെയ്യ്തു വന്നു. ശരിക്കും അതൊരാനന്ദം തന്നെയാണ്.

 

എല്ലാം കേട്ടിരുന്ന അവിടത്തെ ഗൃഹനാഥനായ കുട്ടമാമൻ വളരെ  സീരിയസ് ആയി കാര്യത്തിലേക്ക് കടന്നു . “ഒന്ന് രണ്ട് വിസയുണ്ട് . പക്ഷേ ഇവനെ കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലിയല്ല, നമുക്ക് അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ ബ്രാഞ്ചുകൾ ഉണ്ട്.  എന്തായാലും നോക്കാം. റെസ്യുമെ ഒന്നയക്കണം മെയിൽ ആയിട്ട് “ ബയോഡാറ്റക്കാണ് റെസ്യുമെ എന്ന്പറയുന്നത് എന്ന് തിരിച്ചറിയാതെ  ഞങ്ങൾ പരസ്പരം നോക്കിയിരുന്നു. ഓട്ടോറിക്ഷക്ക് കൊടുത്ത പൈസ വേസ്റ്റ് ആയിന്ന് തോന്നിയ ഞാൻ പുറത്ത് വെയിറ്റ് ചെയ്യുന്ന ഓട്ടോക്കാരന്   ചായയും ഒരു പിടി ബോംബെ മിക്സ്ചറും എത്തിച്ചു കൊടുത്തിരുന്നു അതിന്റെ സ്വാദ് നാവിൽ നിന്ന് പോണേനുമുമ്പ് തന്നെ അയാൾ നേരം വൈകിയതിൻ്റെ സിഗ്നലായ  വാച്ച് നോക്കലും ഹോൺ അടിയും തുടങ്ങി. 

 

 

നിരാശരായ ഞങ്ങൾ യാത്ര പറഞ്ഞു പുറത്തിറങ്ങി പെട്ടെന്ന് കുട്ടമാമന്റെ വൈഫ് മാമനോട് ഒറ്റ ചോദ്യമായിരുന്നു “ നമുക്ക്  വിനൂന് ആ ഇംഗ്ലണ്ടിന്റെ കൊടുത്താലോ” കുട്ടമാമൻ ഞെട്ടിയെണീറ്റു “ഓഹ് വെരി സോറി ഞാനത് മറന്നു അല്ലെങ്കിൽ നീയാ അമേരിക്കയുടെയെടുക്ക്, ഇംഗ്ളണ്ട് ഇവന് ശരിയാവുമോ ”    പോകാൻ എണീറ്റ ഞങ്ങൾ വീണ്ടുമെവിടെത്തന്നെയിരുന്നു അമ്മ അതുവരെ മുഖത്തുണ്ടായിരുന്ന നിരാശ കലർന്ന വിഷമഭാവം മാറ്റി നന്നായി ചിരി അഭിനയിക്കാൻ  തുടങ്ങിരിക്കുന്നു. ആ വലിയ വീട്ടിലെ രണ്ടാം  നിലയിലേക്ക് അവർ രണ്ടാളും കയറി പോയിരിക്കുന്നു. അമേരിക്കയുടേം ഇംഗ്ളണ്ടിന്റേം ഓരോ വിസ കയ്യിൽ വെച്ചിട്ട് കൂളായി ഇരിക്ക്യാ കുട്ടമാമൻ, ആദ്യ സാലറി കിട്ടിയാൽ മാമന് എന്തേലും കാര്യമായി  ചെയ്യും, ആൾക്കതിന്റെ ആവശ്യമൊന്നുമില്ലെങ്കിലും എന്റെ കടമയാണത്. ഞാൻ വികാരാധീനനായി. ഞാനൊരുവട്ടം കൂടി യൂറോപ്യൻ ക്ലോസെറ്റ് വിസിറ്റ് ചെയ്തു വന്നു. ശരിക്കും അതൊരാനന്ദം തന്നെയാണ്.

 

കുട്ടമാമനും  വൈഫും കോണിയിറങ്ങി വന്നു. സർപ്രൈസ് ആയി  രണ്ടുപേരും കൈ പുറകിൽ വെച്ചിട്ടുണ്ട് “ എനിക്കുറപ്പായിരുന്നു.  ഒരാളുടെ കയ്യിൽ ഇംഗ്ലണ്ടിലെ വിസ മറ്റേത് അമേരിക്ക. “നിനക്കേതാണ് വേണ്ടത്"  മാമനെന്നോട് ചോദിച്ചു “അമേരിക്ക മതി അമേരിക്ക“ അമ്മ പതിഞ്ഞ ശബ്ദത്തിൽ ഞാൻ മാത്രം  കേൾക്കാൻ പാകത്തിന് പറഞ്ഞു. രണ്ടും കൽപ്പിച്ച് ഞാൻ ഉറക്കെ പറഞ്ഞു “ എനിക്ക് . എനിക്ക്‌   ഇംഗ്ലണ്ട് മതി” കുട്ട മാമൻ മുന്നോട്ട് വന്നെന്നെ ചേർത്തുപിടിച്ചു എന്റെ ഉയരവും വണ്ണവുമൊക്കെ ഒന്നുകൂടി അളന്നു “ഇന്നാ പിടിച്ചോ  നിനക്കിഷ്ടപെട്ട ഇംഗ്ലണ്ട് എന്ന് പറഞ്ഞ് കയ്യിലുള്ള കവറിൽ നിന്നും പീറ്റർ ഇംഗ്ലണ്ടിൻ്റെ ടി ഷർട്ട് എനിക്ക് തന്നു .

 

മറ്റേ കയ്യിൽ അമേരിക്കടെ  വിസയൊന്നുമല്ല പാൻ അമേരിക്കടെ  ടി ഷർട്ടാവും ന്ന് മനസ്സിലാവാത്ത അമ്മ വീട്ടിലെത്തുന്ന വരെ അമേരിക്ക ചോദിക്കാത്തേന്   ചീത്ത പറഞ്ഞു.

 

 അന്നും 

 

‘‘സാമൂഹ്യവിരുദ്ധർക്കും,  തോന്ന്യവാസികൾക്കും, കുടുംബ ദ്രോഹികൾക്കും, അമേരിക്കടെ വിസ കിട്ടാത്തവർക്കും  ഇവിടെ എൻട്രിയില്ല പഠിപ്പ് നിർത്തി ഭൂകമ്പമുള്ള ഗുജറാത്തിലേക്കോ കലാപമുള്ള ബോംബെക്കോ എവിടെക്കാച്ചാൽ സ്ഥലം വിട്ടോ’’ ഞാനിതും കേട്ട് തുറക്കാത്ത ഇരുമ്പ് വാതിലിന് പുറത്ത് മുറ്റത്തെ തിണ്ണയിൽ പീറ്റർ ഇംഗ്ലണ്ടിന്റെ നീല ടി ഷിർട്ടുമിട്ട്   ഉറക്കം തൂങ്ങികൊണ്ടിരുന്നു. ‘അതെന്താ ഇങ്ങനെയുള്ളോരാണോ ബോംബെലും ഗുജറാത്തിലുമൊക്കള്ളത്’ ന്ന് ഉറക്കെ ചോദിക്കാൻ പേടിയാണെങ്കിലും മനസ്സിൽ മന്ത്രിച്ച് ആ തിണ്ണയിൽ വീണ്ടും വീണ്ടും ചുരുണ്ട് കൂടി.. 

 

വീണ്ടും വീണ്ടും ചുരുണ്ടുകൂടി.

 

പണ്ട് ഇളനീർ മോഷ്ടിച്ച കരിമ്പന്റെ വളപ്പ്  വിൽക്കാനുണ്ടെങ്കിൽ വാങ്ങാൻ റെഡിയാണെന്ന് നാലാം പ്രതി ചാലിശ്ശേരി മണി  സ്ഥലത്തിന്റെ ഇപ്പളത്തെ മുതലാളിയെ വിളിച്ച് പറഞ്ഞിട്ടുണ്ട്.

 

രാജേഷേട്ടൻ ഭാര്യയും പതിനെട്ട് വയസ്സുള്ള ചുള്ളൻ മകനോടുമൊപ്പം തൃശ്ശൂരിൽ സുഖമായി ജീവിക്കുന്നു.

 

കുട്ടമാമനും കുടുംബവും ചേലക്കരക്കടുത്ത്  സ്ഥിരതാമസമാക്കി. ആ സന്തോഷത്തിൽ തൃശ്ശൂർ ജില്ലയിൽ ആദ്യത്തെ അമേരിക്കൻ  മൾട്ടിയൂസബിൾ ക്ലോസറ്റ് ഫിറ്റ്‌ ചെയ്തിട്ടുണ്ട്.  

 

ശരിക്കും അതൊരാനന്ദം തന്നെയാവും.

 

English Summary : Englandile Joli Story By Vinod Neetiyathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com